നാട്ടിലേക്കു മടങ്ങുന്നതിന് കുറച്ചുനാള്‍ മുന്‍പാണ് മദര്‍ മീരയെക്കുറിച്ച് തോമസ് സൂചിപ്പിച്ചത്. അങ്ങനെയൊരു ആളെക്കുറിച്ചു ഞാന്‍ കേട്ടിട്ടില്ല എന്നറിഞ്ഞ തോമസിന് ആശ്ചര്യമായി. ആന്ധ്രപ്രദേശില്‍നിന്നുള്ള കമലാ റെഡ്ഡിയെന്ന മദര്‍ മീര ജര്‍മനിയിലെ Balduitnsein ഗ്രാമത്തിലെ മധ്യകാലഘട്ടത്തില്‍ നിര്‍മിച്ച വലിയൊരു ദുര്‍ഗത്തിലാണ് ദര്‍ശനം നല്‍കുന്നതെന്ന് തോമസ് പറഞ്ഞു. മദര്‍ മീരയെ സന്ദര്‍ശിക്കാന്‍ തോമസിന് ആഗ്രഹമുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ കൂടെവരാമെന്നും സൂചിപ്പിച്ചപ്പോള്‍ അറിയാനുള്ള ആഗ്രഹത്താല്‍ ഞാനും തയ്യാറായി. സന്ദര്‍ശനത്തിനായി ഇരിപ്പിടങ്ങള്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ ബുക്കിങ് നടത്തി.

കോബ്ലെന്‍സ് (Koblenz) നഗരത്തിന് കിഴക്കായുള്ള ഗ്രാമത്തിലേക്കുള്ള യാത്ര വീതികുറഞ്ഞ ഗ്രാമീണ പാതയിലൂടെയായിരുന്നു. വിശാലമായ പുല്‍ത്തകിടിയും കൃഷിയിടങ്ങളും വലിയ കളപ്പുരകളും വീടുകളും പിന്നിട്ട് SCHLOSS schaumburg ദുര്‍ഗത്തിന് മുന്‍പിലെത്തി. ദുര്‍ഗത്തിന് പുറത്തുള്ള വഴിയോരത്ത് മധ്യവയസ്‌കരായ ഗ്രാമീണദമ്പതികള്‍ തേന്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളും മറ്റും വില്‍പ്പനയ്ക്കായി കൊച്ചുമേശമേല്‍ നിരത്തിവെച്ചിട്ടുണ്ടായിരുന്നു. ഗാംഭീര്യമുള്ള പഴയ വലിയദുര്‍ഗത്തിന് പുറത്ത് പലയിടങ്ങളിലുമായി ദൂരയിടങ്ങളില്‍ നിന്നെത്തിയ സന്ദര്‍ശകര്‍ ചെറു കൂട്ടങ്ങളായി നിന്നു.

അകത്ത് എന്താണ് കാണാന്‍ പോകുന്നത് എന്ന ആകാംക്ഷയിലായിരുന്നു ഞാന്‍. ചുകപ്പ് പരവതാനി വിരിച്ച വലിയൊരു ഹാളില്‍ ഒരു വശത്തായി ഒരുക്കിയ ഉയരംകുറഞ്ഞ സ്റ്റേജില്‍ സിംഹാസന സദൃശമായ ഇരിപ്പിടത്തിനരികില്‍ സന്ദര്‍ശകര്‍ നിശബ്ദരായി ഇരിക്കുന്നുണ്ടായിരുന്നു. മദര്‍ മീരയുടെ ദര്‍ശനരീതിയെക്കുറിച്ചു തോമസ് ചെറുവിവരണം യാത്രയില്‍ നല്‍കിയിരുന്നതിനാല്‍ അതൊന്നു നേരിട്ട് കാണാനുള്ള ജിജ്ഞാസ കൂടിവന്നു.

രണ്ടു ജര്‍മന്‍കാര്‍ മദര്‍ മീരയുടെ ആഗമനം സൂചിപ്പിച്ചുകൊണ്ട് സിംഹാസനത്തിന് ചുറ്റിലുമായി നടന്നു. കുറച്ചുകഴിഞ്ഞ് പട്ടുസാരിയുടുത്ത മധ്യവയസ്‌കയായ ഇന്ത്യന്‍ വംശജ സന്ദര്‍ശകരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ട് സ്റ്റേജിലേക്ക് കടന്നുവന്നു. അവരോടൊപ്പം പട്ടുസാരിയുടുത്ത് ഉയരം കുറഞ്ഞ മദര്‍ മീര നടന്നുവന്ന് ഇരുന്നു നിശ്ശബ്ദയായി എല്ലാവരെയും വീക്ഷിച്ചു. ജര്‍മന്‍ ഭാഷയില്‍ ഒരാള്‍ അവരെക്കുറിച്ച് ചെറുതായി വിശദീകരിച്ചു. മദര്‍ മീര കണ്ണുകളടച്ചു ധ്യാനനിരതയായി. ഏതാനും മിനിറ്റുകള്‍ ഹാളില്‍ നിറഞ്ഞ നിശബ്ദത മാത്രം.

അല്പസമയത്തിനുശേഷം അവര്‍ കണ്ണുകള്‍ തുറന്ന് ഹാളിലുള്ളവരെ ശ്രദ്ധാപൂര്‍വം നോക്കി. ഏതാനും മിനിറ്റുകള്‍ ഇങ്ങനെ തുടര്‍ന്നതിനുശേഷം സന്ദര്‍ശകരില്‍ ഓരോരുത്തരായി മുട്ടുകാലില്‍ ചുകന്ന പരവതാനിയിലൂടെ വരിയായി മദര്‍ മീരയുടെ ദര്‍ശനത്തിനായി മുന്‍പോട്ടു നീങ്ങി. സംസാരിക്കാത്ത മദര്‍ മീരയുടെ ദര്‍ശനരീതി വ്യത്യസ്തമായിരുന്നു. അവരുടെ മുന്‍പില്‍ മുട്ടുകുത്തി തല കുനിച്ചു നില്‍ക്കുന്ന ഭക്തരുടെ നെറ്റിയുടെ ഇരുവശങ്ങളിലുമായി വിരലുകള്‍ പതിയെ ചേര്‍ത്തുവെച്ചുകൊണ്ട് ഏതാനും നിമിഷങ്ങള്‍ നിശബ്ദമായിരിക്കും. അതിനുശേഷം ഭക്തരുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ കുറച്ചുനേരം സൂക്ഷിച്ചു നോക്കിക്കൊണ്ട് കണ്ണുകള്‍വഴി ഊര്‍ജപ്രസരണം പകരുന്നു.

തീര്‍ത്തും അപരിചിതവും അസാധാരണവുമായ അനുഷ്ഠാനം അനുഭവിച്ചറിയാന്‍ ചുകന്ന പരവതാനിയില്‍ മുട്ടുകുത്തി നടക്കുന്നവരോടൊപ്പം ഞാനും കൂടി. കണ്ണുകള്‍ വഴിയുള്ള ഊര്‍ജപ്രസരണം എന്നില്‍ നടന്നതായി അനുഭവിച്ചില്ലെങ്കിലും മദര്‍ മീരയുടെ കണ്ണുകള്‍ മഞ്ഞകലര്‍ന്ന തവിട്ടുനിറമുള്ള പൂച്ചക്കണ്ണ് ആയിരുന്നു. ഹാളില്‍ സന്നിഹിതരായിരുന്ന ഭൂരിഭാഗം സന്ദര്‍ശകരും മുട്ടുകാലില്‍ നീങ്ങിയുള്ള അനുഷ്ഠാനം നടത്തിയതിനുശേഷം മദര്‍ മീര കണ്ണുകളടച്ച് ധ്യാനനിരതയായി എല്ലാവരെയും വീക്ഷിച്ചുകൊണ്ട് ഹാളില്‍നിന്ന് അകത്തളങ്ങളിലേക്കുപോയി.

Content Highlights: Mother Meera, Balduitnsein Village Germany, Lokantharangalil, SCHLOSS schaumburg