ഡെന്നി വര്‍ഗീസ് - ആന്‍ വര്‍ഗീസിന്റെയും ജോര്‍ജ് വര്‍ഗീസിന്റെയും പ്രിയപുത്രന്‍. പ്രായം 29. എന്‍ജിനീയറിങ് ബിരുദധാരി. ഇന്ത്യന്‍ വംശജനെങ്കിലും ജനിച്ചതും വളര്‍ന്നതും യുഗാണ്‍ഡയില്‍. മലയാളിയും ഞങ്ങളുടെ മുഖ്യ സഹയാത്രികനുമായിരുന്ന അരുണിന്റെ വീട്ടില്‍വെച്ചാണ് ആ ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. ഞങ്ങളുടെ നേരെ നീട്ടിയ കൈയും മുഖം നിറഞ്ഞ പുഞ്ചിരിയുമായെത്തിയ ഡെന്നി നല്ല മലയാളത്തില്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ എന്റെ മുഖത്ത് അദ്ഭുതം നിറഞ്ഞു.

ഡെന്നി കേരളത്തിലെവിടെയാണ് -ഞാന്‍ ചോദിച്ചു. അങ്കിളേ കോട്ടയമാണ് ഞങ്ങളുടെ നാട്. പപ്പയും മമ്മിയും സിസ്റ്ററും കോട്ടയത്തുണ്ട്. ഞാന്‍ മാത്രമാണിവിടെ. ഞാന്‍ ജനിച്ചു വളര്‍ന്ന നാടാണ് യുഗാണ്‍ഡ. നാട് എനിക്കിഷ്ടമാണ്. പക്ഷേ ഇവിടം പൂര്‍ണമായി ഉപേക്ഷിക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് ഞാന്‍ മാത്രം ഇവിടെത്തുടരുന്നു -ഡെന്നിയുടെ വാക്കുകളില്‍ യുഗാണ്‍ഡയോടുള്ള കൂറ് വ്യക്തം.

അപ്പോള്‍ ഈ മലയാളത്തിന്റെ രഹസ്യം. എങ്ങനെ ഇത്ര നന്നായി മലയാളം സംസാരിക്കുന്നു - എന്റെ ചോദ്യം കേട്ട് നാണം നിറഞ്ഞ പുഞ്ചിരിയോടെ ഡെന്നി പറഞ്ഞു. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ പപ്പയ്ക്കും മമ്മിക്കും പിന്നെ ലാലേട്ടനുമാണ്. പപ്പയും മമ്മിയും വീട്ടില്‍ മലയാളം മാത്രമാണ് സംസാരിച്ചിരുന്നത്. അപ്പോള്‍, ഈ ലാലേട്ടനാരാ. ഞാന്‍ ആകാംക്ഷയടക്കാതെ ചോദിച്ചു. എന്തു ചോദ്യമങ്കിളേ... ലാലേട്ടന്‍, നമ്മുടെ മോഹന്‍ലാല്‍. ഞാന്‍ മലയാള സിനിമയുടെ പ്രത്യേകിച്ച് ലാലേട്ടന്റെ പടങ്ങളുടെ വലിയ ആരാധകനാണ്. മലയാള സിനിമ കുത്തിയിരുന്നു കാണും. മുന്‍പ് നാട്ടില്‍ പോയി വരുന്നവരോട് സി.ഡി. പറഞ്ഞേല്‍പ്പിക്കും. ഇപ്പോള്‍ യുട്യൂബൊക്കെയുള്ളതിനാല്‍ ഏതു സിനിമ വേണമെങ്കിലും കാണാമല്ലോ -മലയാള സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഡെന്നിയുടെ വാക്കുകളില്‍ ആവേശം.

എഴുപതുകളുടെ ആദ്യ പകുതിയിലാണ് ഡെന്നിയുടെ പിതാവ് യുഗാണ്‍ഡയിലെത്തുന്നത്. പിന്നീട് വിവാഹശേഷം ഭാര്യയേയും ഇവിടേയ്ക്ക് കൊണ്ടുവന്നു. ഇരുവരും അധ്യാപകരായിരുന്നു. ജോര്‍ജ് വര്‍ഗീസ് ഇംഗ്ലീഷും ആന്‍ കണക്കും പഠിപ്പിച്ചു. മുപ്പതാണ്ടിലേറെ നീണ്ടുനിന്ന യുഗാണ്‍ഡന്‍ ജീവിതം ഇവര്‍ക്ക് സമ്മാനിച്ച അനുഭവങ്ങളേറെ.. പപ്പയും മമ്മിയും പങ്കിട്ട അനുഭവങ്ങള്‍ ഡെന്നി വര്‍ഗീസ് ഞങ്ങളുടെ മുന്നില്‍ തുറന്നു.

പഴയ കംപാല സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായിരുന്നു അവര്‍. യുഗാണ്‍ഡയിലെ ഇപ്പോഴത്തെ പല ഭരണാധികാരികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും അവരുടെ ശിഷ്യരായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് മുസ്സേവനിയുടെ മകള്‍ നടാഷയെയും പപ്പയും മമ്മിയും പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല എന്റെ അനിയത്തി ആഞ്ജലയുടെ സഹപാഠിയുമാണ് നടാഷ. ഇതുകൊണ്ടൊക്കെ പലപ്പോഴും ഞങ്ങളുടെ കുടുംബത്തിന് പലയിടത്തും പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. ഈദി അമീന്റെ ഭരണകാലത്തുപോലും യുഗാണ്‍ഡ ഞങ്ങളുടെ കുടുംബത്തിന് സുരക്ഷിത സ്ഥലമായിരുന്നു. അധ്യാപകരോട് മുന്‍ പ്രസിഡന്റിന് വിരോധമൊന്നുമില്ലായിരുന്നു. അവരോട് നാടു വിട്ട് പോകാനും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, അക്കാലത്തെ തെരുവുയുദ്ധങ്ങളെയും കൂട്ടക്കൊലകളെയും കുറിച്ച് പപ്പ ഏറെ പറഞ്ഞിട്ടുണ്ട്. ദിവസങ്ങളോളം വീട്ടിലടച്ചിരിക്കേണ്ടിവന്നത്. ഭക്ഷണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നത്.

പക്ഷേ, എന്റെയും ആഞ്ജലയുടെയും കുട്ടിക്കാലം രസകരമായിരുന്നു. ചെറുപ്പകാലത്തെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മലയാളിയുണ്ട്. കോഴഞ്ചേരിക്കാരനായ പി.കെ. കുരുവിള. കുരുവിളയപ്പൂപ്പന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് എത്ര കഥകള്‍ പറഞ്ഞു തന്നിട്ടുണ്ടെന്നോ... ധാരാളം ചരിത്രസംഭവങ്ങളും അദ്ദേഹം പറഞ്ഞു തന്നു. ആ സംഭവങ്ങള്‍ക്കൊക്കെ അദ്ദേഹം നേര്‍സാക്ഷിയായിരുന്നു. തൊണ്ണൂറു വയസ്സുവരെ യുഗാണ്‍ഡയില്‍ ജീവിച്ച ആ മലയാളി ഈ രാജ്യത്തിന്റെ ചരിത്രമെഴുതാന്‍ തീര്‍ത്തും യോഗ്യനായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്. പപ്പയും മമ്മിയും പറയാറുണ്ട് അവരീ നാട്ടിലെത്തിയ കാലത്ത് ഏറ്റവുമധികം സഹായിച്ച വ്യക്തിയാണ് കുരുവിളയപ്പൂപ്പനെന്ന്. അന്നും ഇന്നും ഇവിടത്തെ മലയാളികള്‍ക്കിടയില്‍ കടുത്ത ആത്മബന്ധമുണ്ട്. ശരിക്കും പറഞ്ഞാല്‍ യുഗാണ്‍ഡയിലെ മലയാളി സാന്നിധ്യം ഈ നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് പുറമേ പഞ്ചാബില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ധാരാളം പേര്‍ ഇവിടുണ്ട്. ഇവിടത്തുകാര്‍ക്ക് അതുകൊണ്ട് ഇന്ത്യക്കാരെന്നു പറഞ്ഞാല്‍ വലിയ ബഹുമാനമാണ്.

എന്നാലും അങ്കിളേ, എന്റെ സുഹൃത്തുക്കളിലധികവും ഇവിടത്തുകാരാണേ...അതുകൊണ്ടാണ് ഒറ്റയ്ക്കാണെങ്കിലും ഞാനിവിടെ ഒറ്റപ്പെടാത്തത്. തൊലിയുടെ നിറത്തില്‍ വ്യത്യാസമുണ്ടെന്നേയുള്ളൂ. ഞാനും അവരും തമ്മില്‍ മറ്റു വ്യത്യാസമൊന്നും തന്നെയില്ല. തന്റെ കൂട്ടുകാരെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡെന്നി വാചാലനായി. ബ്രിട്ടനില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി യുഗാണ്‍ഡയില്‍ ഉന്നത ഉദ്യോഗത്തിലിരിക്കുന്ന സേവിയോ, മക്കരാക്കേ സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകന്‍ ജോണ്‍ ബാപ്ടിസ്റ്റ്, ഡോക്ടര്‍മാരായ ഒലേയാ കെന്നഡിയും ഒകേറ്റയും. ഇവരില്‍ നിന്നകന്ന് തനിക്ക് ജീവിക്കാനാവില്ലെന്ന് ഡെന്നി പറയുന്നു.

നാട്ടില്‍ ഇടയ്ക്ക് പോകാറുണ്ട്, പപ്പയും മമ്മിയും ഇങ്ങോട്ടും വരും. അതുകൊണ്ടുതന്നെ ഇവിടം വിടാന്‍ എനിക്കുദ്ദേശ്യമില്ല. പിന്നെ ദേ അരുണിനെപ്പോലുള്ള മലയാളികൂട്ടുകാരും കുടുംബങ്ങളും എന്നെ മാറിമാറി വിളിക്കും. നല്ല മലയാളി ഭക്ഷണം തരും. ഈ നാട്ടുകാരിലൊരാളായി തുടരുമ്പോഴും ഞാന്‍ എന്നിലെ മലയാളിത്തം കളയില്ല. അതല്ലേ എന്റെ യുഗാണ്‍ഡന്‍ കൂട്ടുകാര്‍ വരെ ലാലേട്ടന്‍ ഫാനാകാന്‍ കാരണം - ഉറക്കെച്ചിരിച്ചുകൊണ്ട് ഡെന്നി പറഞ്ഞു.

Content Highlights: Mohanlal Fan in Kampala, Uganda Yathrakal by CR Das, Uganda Tourism