ച്ചപ്പട്ടു വിരിച്ചതുപോലുള്ള കുന്നിന്‍ ചരിവുകളും, മെതാനങ്ങളും. താഴ് വരകളിലേക്ക് നോക്കിയാലോ കണ്ണെടുക്കില്ല. കാല് കഴുകി കയറേണ്ട വനങ്ങള്‍, മഞ്ഞുമലകള്‍, ഐസുമൂടിക്കിടക്കുന്ന തടാകങ്ങള്‍. തിളച്ചു മറിഞ്ഞ് ആവി പൊങ്ങുന്ന തടാകം, ചൂടുകൊണ്ട് ഉരുകി തിളക്കുന്ന ഭൂപ്രദേശങ്ങള്‍, പാമ്പുകളും ചിതലും ഇല്ലാത്ത ഒരു രാജ്യം..ന്യൂസീലന്‍ഡിലെ കാഴ്ചകള്‍ യാത്രികരെ ശരിക്കും വിസ്മയിപ്പിക്കും .

പച്ചകമ്പിളി പുതപ്പിച്ച മാതിരി തോന്നിക്കുന്ന വലിയ മലകളുണ്ട് ഇവിടെ. കൂറ്റന്‍ പൈന്‍മരക്കാടുകളും. ശുദ്ധ വായുവും നല്ല വെള്ളവും. വസന്തകാലത്ത് ചെറു ചെടികളും വലിയ മരങ്ങളും കാണാന്‍ എന്തു ഭംഗിയാണെന്നോ! വഴിയോരത്ത് പൂത്ത് നില്‍ക്കുന്ന മരങ്ങളിലെ പൂക്കള്‍ എത്രമാത്രം മനോഹരമാണ്. 100 മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ 200 മരങ്ങള്‍ നട്ടുവളര്‍ത്തണം, അതാണ് ഇവിടുത്തെ നിയമം. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള ന്യൂസീലന്‍ഡിലേക്കാണ് ഞങ്ങളുടെ യാത്ര. 

നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനം കയറി സിങ്കപ്പൂരിലിറങ്ങി കണക്ഷന്‍ ഫ്‌ളെറ്റ് പിടിച്ചാണ് പോയത്. രണ്ട് അന്തര്‍വാഹിനി കപ്പല്‍ ഒരുമിച്ചു കിടക്കുകയാണെന്നു തോന്നും സിങ്കപ്പൂര്‍ ട്രാവല്‍സിന്റെ വിമാനം കണ്ടാല്‍. എട്ടോ ഒന്‍പതോ മാസം ന്യൂസീലന്‍ഡില്‍ താമസിക്കണം എന്നാണ് പ്ലാന്‍. അതിനുള്ള ഒരുക്കങ്ങളോടു കൂടിയാണ് യാത്ര. ഞങ്ങളുടെ വിമാനം പസഫിക് സമുദ്രത്തിന് മുകളിലൂടെ ന്യൂസീലന്‍ഡ് അതിര്‍ത്തി കടന്നിരിക്കുന്നു. പുറത്തുനോക്കിയാല്‍ മനോഹര കാഴ്ചകള്‍ കാണാം. തീരത്തെ സമതലപ്രദേശങ്ങള്‍ പിന്നിടുമ്പോള്‍ പിന്നെ മഞ്ഞുപുതഞ്ഞു  കിടക്കുന്ന മലനിരകളാണ്.  തെക്കന്‍ ന്യൂസീലന്‍ഡിന്റെ ശക്തി വിളിച്ചറിയിക്കുന്ന, നെടുനീളത്തില്‍ നിലകൊള്ളുന്ന സതേണ്‍ ആല്‍പ്‌സ് പോലുള്ള കൊടുമുടികള്‍. യൂറോപ്യന്മാരുടെ ശ്രദ്ധയെത്താതെ മറഞ്ഞു കിടന്നിരുന്ന ന്യൂസീലന്‍ഡ് ദ്വീപുകളില്‍ അവരുടെ സാന്നിദ്ധ്യമെത്തിച്ച ഇംഗ്ലീഷ് നാവികന്‍ ക്യാപ്റ്റന്‍ കുക്കിന്റെ നാമധേയത്തിലുള്ള കൊടുമുടിയുമുണ്ട് അക്കൂട്ടത്തില്‍. സ്‌കീയിങ്ങ് ഉള്‍പ്പെടെയുള്ള മഞ്ഞുവിനോദങ്ങള്‍ക്ക് പേരുകേട്ട പ്രദേശങ്ങളാണ് സതേണ്‍ ആല്‍പ്‌സിലേത്. യാത്രക്കാരെല്ലാം ജാലകത്തിലൂടെ  മഞ്ഞുപുതഞ്ഞു കിടക്കുന്ന പര്‍വ്വത സൗന്ദര്യം ആസ്വദിക്കുകയാണ്.

Mirror lake
മിറർ തടാകം

വിമാനം ന്യൂസീലന്‍ഡ് എയര്‍പോര്‍ട്ടിലിറങ്ങി. കേരളത്തില്‍ നിന്നുള്ള ചിലരുടെ കൈയില്‍ ഉണക്കമീന്‍, ഉണക്ക ഇറച്ചി, കുടംപുളി,  അച്ചാറുകള്‍ തുടങ്ങി അല്ലറ ചില്ലറ സാധനങ്ങള്‍ ഉണ്ടായിരുന്നു. എന്തെല്ലാമുണ്ടെന്നു രേഖപ്പെടുത്തിയ പേപ്പര്‍ നേരത്തെ തന്നെ വിമാനത്തില്‍ വച്ചു എഴുതികൊടുക്കണം. അല്ലാത്ത ഒരു കുപ്പി വെള്ളം പോലും കൊണ്ടുവരാന്‍ സമ്മതിക്കുകയില്ല. ഞങ്ങളുടെ തോളില്‍ കിടന്ന ബാഗില്‍ മൂന്ന് മണ്‍ചട്ടികളുണ്ടായിരുന്നു. ഇവിടെവരെ അത്
പൊട്ടാതെ കൊണ്ടുവന്നു.  ഇനി സായിപ്പ് അത് അടിച്ചുപൊട്ടിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു. ചട്ടി പൊട്ടിയാല്‍ തിരികെ കഷണങ്ങള്‍ കൊണ്ടുവന്നാല്‍ മാറ്റി  തരാമെന്ന് കച്ചവടക്കാരന്‍ പറഞ്ഞിരുന്നു. എങ്കിലും ഒരു പേടി. പോലീസ് നായ മണം പിടിച്ചു നോക്കി. ബാഗ് തുറന്നു കാണിക്കേണ്ടിവന്നു. ആ പോലീസുകാരന്‍  ചിരിച്ചു. ഇവിടുത്തെ ഇന്ത്യന്‍ ഷോപ്പില്‍ ഒരു ചട്ടിക്ക് 2500 രൂപ വിലയുണ്ടെന്ന് പിന്നിടറിയാന്‍ കഴിഞ്ഞു. എന്തായാലും സന്തോഷമായി, ചട്ടികള്‍ പൊട്ടാതെ രക്ഷപ്പെട്ടല്ലോ! എയര്‍പോര്‍ട്ടിന് പുറത്തെത്തുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയായി. നല്ല തണുപ്പുണ്ടായിരുന്നു. ജാക്കറ്റും കമ്പിളിവസ്ത്രങ്ങളും ധരിച്ചിരുന്നെങ്കിലും അടിമുടി വിറച്ചു.

ന്യൂസീലന്‍ഡിലെത്തിയ ശേഷമുള്ള പ്രധാന യാത്ര മില്‍ഫോര്‍ഡ് സൗണ്ടിലേക്ക് ആയിരുന്നു. പുലര്‍ച്ചെ ക്വീന്‍സ് ടൗണില്‍ എത്തി കാര്‍ പാര്‍ക്ക് ചെയ്തു. നല്ല തണുപ്പുണ്ടായിരുന്നു. എല്ലുതുളച്ചു കയറുന്നപോലെ തോന്നി. മില്‍ഫോര്‍ഡിലേക്ക് ഇവിടെ നിന്ന് റോഡ്മാര്‍ഗം 291 കിലോമീറ്റര്‍ സഞ്ചരിക്കണം. നാലുമണിക്കൂറിലധികം യാത്രയുണ്ട്. ടൂര്‍ ബസ്സില്‍ പോ കാന്‍ തീരുമാനിച്ചു. ബസ്സിലാണെങ്കില്‍ വിവരങ്ങളെല്ലാം ഗൈഡ് പറഞ്ഞുതരുകയും ചെയ്യും. കുറേയെറെ ബസുകള്‍ പല സ്ഥലങ്ങളിലായി പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പോകേണ്ടത് മൂന്നാമത്തെ സ്റ്റോപ്പില്‍ നിന്നാണ്. പതിനഞ്ച് മിനിറ്റ് കൊണ്ടു ബസ് നിറഞ്ഞുകഴിഞ്ഞു. വണ്ടിയോടിക്കുന്നതും യാത്രക്കാരെ കയറ്റുന്നതുമെല്ലാം ഒരാളാണ്, അയാള്‍ തന്നെയാണ് ഗൈഡും.

Milford 3
ചന്ദനം പൂശിയപോലെ മഞ്ഞുമൂടിയ മലനിരകൾ

സീറ്റ് ബെല്‍റ്റ് റെഡിയാക്കി ഇരുന്നു. ക്യാമറ എടുത്ത് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോളാണ് അമളി മനസ്സിലായത്. ബസ്സിന്റെ ജനലുകള്‍ തുറക്കുന്ന രീതിയിലല്ല. വലിയ സണ്‍ഗ്ലാസ് ഇട്ടിരിക്കുകയാണ്. ഓടുന്ന ബസ്സില്‍നിന്ന്  എങ്ങനെ ഫോട്ടോയെടുക്കാനാണ്. വെറുതെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു. സൂര്യന്‍ പ്രകാശം പരത്തി മല കയറിത്തുടങ്ങിയിട്ടുണ്ട്. മഞ്ഞുമൂടിയ മലകള്‍ക്കുമീതെ സൂര്യകിരണങ്ങള്‍ പതിഞ്ഞപ്പോള്‍ ചന്ദനം പൂശിയപോലെ തോന്നി.

ഇരുവശങ്ങളിലും നല്ല  കാഴ്ചകളാണ്. മലയ്ക്ക് താഴെ കണ്ണെത്താദൂരത്തോളം  കൃഷിയിടങ്ങളുണ്ട്. അവിടെ ഉരുളക്കിഴങ്ങ്, കാബേജ് എന്നിവ വിളഞ്ഞുകിടക്കുന്നു. ചെമ്മരിയാടുകളുടെയും പശുക്കളുടെയും ഫാമുകള്‍  അടുത്തുതന്നെയുണ്ട്. പച്ച  പെയിന്റടിച്ചത് പോലെയുള  മലനിരകള്‍. അവിടെ മാത്രം മഞ്ഞ് വീണുകിടക്കുന്നില്ല.  പുറത്ത് ചെറിയ ചാറ്റല്‍മഴയുണ്ടെന്നു തോന്നി. അത്  മഞ്ഞു വീഴുന്നതാണെന്നു ഗൈഡ് പറഞ്ഞു. പിന്നെ കണ്ടത് മാനുകളെ വളര്‍ ത്തുന്ന ഫാമുകളാണ്.

Kea
കിയ തത്ത

മിറര്‍ തടാകം കാണാനാണ് ഞങ്ങളുടെ വണ്ടി  നിര്‍ത്തിയത്. എന്തൊരു കാഴ്ചയായിരുന്നു അത്. മേലെ നീലവാനം, താഴെ പര്‍വതങ്ങളുടെ തുമ്പത്തായി മഞ്ഞ് നിറഞ്ഞു നില്‍ക്കുന്നു. അതിനും താഴയായി പച്ചപിടിച്ച മലനിര. ഈ മൂന്നു ദ്യശ്യങ്ങളും ഒറ്റയടിക്ക് തടാകത്തില്‍  നിഴലിക്കുകയാണ്, ശരിക്കും കണ്ണാടിച്ചിത്രം പോലെ. ഇവിടെ മാത്രം കാണുന്ന  കിയ തത്തയെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു,  കാരണം അതൊരു അത്ഭുതപക്ഷിയാണ്. ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്ന് ഗൈഡ്  പറഞ്ഞു. ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്, കിയ തത്ത അതാ പറന്നു നടക്കുന്നു. കാറുകളുടെയും ബസ്സിന്റെയും മുകളിലൂടെ അതങ്ങനെ പറക്കുകയാണ്. കുട്ടികള്‍ അതിനെ പിടിക്കാനായി അടുത്ത് എത്തിയ  പ്പോള്‍ കൊത്താന്‍ വന്നു.

ബുദ്ധിശക്തിക്ക് പേരുകേട്ട പക്ഷികളാണ് ഇവ. മരങ്ങളുടെ വേരുകള്‍ക്കിടയിലെ വിള്ളലുകളിലാണ് കിയ തത്ത കൂട് കൂട്ടാറുള്ളത്.  കഠിനമായ പര്‍വത പരിസ്ഥിതിയെ ഇവ അതിജീവിക്കുന്നത് സാമര്‍ഥ്യവും  ബുദ്ധിശക്തിയും കൊണ്ടാണ്. കടുത്ത കാലാവസ്ഥയെ അതിജീവിച്ച് പര്യവേക്ഷണം  ചെയ്യാന്‍ ഇവയ്ക്ക് കഴിയും. മിറര്‍ തടാകക്കരയില്‍ നിന്ന്  മില്‍ഫോര്‍ഡ് സൗണ്ട് എന്ന പ്രകൃതിവിസ്മയത്തിലേക്കാണ് യാത്ര, ന്യൂസീലന്‍ഡിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്  മില്‍ഫോര്‍ഡ്. മിക്ക സഞ്ചാരികളും ഒന്നോ രണ്ടാ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ബോട്ടുകളിലാണ് ഇവിടേക്ക് എത്തുക. ഒരു ക്രൂയിസ് ബോട്ടിലാണ് ഞങ്ങള്‍ മില്‍ഫോര്‍ഡ് സൗണ്ടിലേക്ക് തിരിച്ചത്.

Milford Mountain
മിൽഫോർഡ് സൗണ്ടിന്റെ മറ്റൊരു ദൃശ്യം

നദിയും പര്‍വതവും  വെള്ളച്ചാട്ടവും കൂടിച്ചേര്‍ന്ന ത്രിമാനവിസ്മയമാണ് ഇത്. മാനം തൊടുന്ന പര്‍വതശിഖരങ്ങള്‍, പച്ചപിടിച്ചുനില്‍ക്കുന്ന പുറംപാളികള്‍, അതിലൂടെ താഴേക്ക് പതിക്കുന്ന നീര്‍ച്ചാലുകള്‍. പാറക്കെട്ടുകളില്‍ നിന്ന് പാല്‍നുര ഉറവെടുക്കുന്നതുപോലെ തോന്നും കണ്ടാല്‍. ഹിമയുഗങ്ങളില്‍ ഹിമാനികള്‍ കൊത്തിയെടുത്ത അദ്ഭുത പ്രതിഭാസം തന്നെയാണ് ഇത്. റുഡ്യാര്‍ഡ് കിപ്ലിംഗ് 'ലോകത്തിലെ  എട്ടാമത്തെ അത്ഭുതം' എന്ന് ഇതിനെ വിശേഷിപ്പിച്ചത് വെറുതെയല്ല. മഴ പെയ്യുമ്പോള്‍ ഈ ദൃശ്യഭംഗി ഇരട്ടിക്കും,

സൂര്യപ്രകാശം വെള്ളത്തെയും മറികടന്ന് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. താഴെ തടാകത്തിന്റെ ആഴത്തിലുള്ള കാഴ്ച കാണാം. നദിയുടെ കരയില്‍ സഞ്ചാരികളെ ഗൗനിക്കാതെ വെള്ളത്തിലിറങ്ങി കളിക്കുന്ന നീര്‍നായക്കുട്ടങ്ങള്‍. ബോട്ടില്‍ ആ പ്രക്യതിവിസ്മയത്തെ പ്രദക്ഷിണം ചെയ്ത് കഴിയുമ്പോഴേക്ക് സഞ്ചാരിയുടെ കണ്ണും മനസ്സും നിറഞ്ഞിട്ടുണ്ടാകും. 

Yathra
യാത്ര വാങ്ങാം

രസകരമായ ചരിത്രമുണ്ട് മില്‍ഫോര്‍ഡ് സൗണ്ടിന്. ഈ പ്രകൃതി വിസ്മയത്ത യൂറോപ്യന്‍ പര്യവേക്ഷകര്‍  ആദ്യം അവഗണിക്കുകയാണ് ചെയ്തത്. ഭീമാകാരമായ പര്‍വതക്കെട്ടുകളില്‍ തട്ടി കപ്പല്‍ തകര്‍ന്നാലോ എന്ന ചിന്ത ക്യാപ്റ്റന്‍ കുക്ക് ഉള്‍പ്പെടെയുള്ളവരെ മില്‍ഫോര്‍ഡ് സൗണ്ടില്‍ നിന്നും അകറ്റി. സഞ്ചാരിയായിരുന്ന ക്യാപ്റ്റന്‍ ജോണ്‍ ലോര്‍ട്ട് സ്റ്റോക്‌സ് ആണ് ഈ പ്രദേശത്തെ മില്‍ഫോര്‍ഡ് സൗണ്ട് എന്ന് പുനര്‍നാമകരണം ചെയ്തത്. ഇന്ന് ഇതിന്റെ പേര് മില്‍ഫോര്‍ഡ് സൗണ്ട് / പിയാ പിയോട്ടാഹി എന്നാണ്.

(മാതൃഭൂമി യാത്ര 2019 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Milford, New Zealand travel, kea parrot, Milford Sound