ഡോൾഫിനുകളുടെ കണ്ണഞ്ചിക്കുന്ന പ്രകടനം കാണാനാവുന്ന ഒരിടമുണ്ട് യുക്രൈനിലെ ഒഡേസയിൽ. അതാണ് ഒഡേസ ഡോൾഫിനാരിയം നെമോ.  ടിക്കറ്റെടുത്ത് അകത്തേക്ക് പോകാം. നമ്മുടെ 900 രൂപയാണ് ടിക്കറ്റ് നിരക്ക്. അകത്തേക്ക് കയറുമ്പോൾ ഒരു കുളം കാണാം. ​ഗ്യാലറി നിറയും വരെ കാത്തിരുന്നേ മതിയാവൂ. പൂളിൽ നീന്തിത്തുടിക്കുന്ന ഡോൾഫിനുകളെ ഇവിടെ മതിയാവും വരെ കാണാം. ഡോൾഫിനുകളുടെ പരിശീലകർ എത്തിക്കഴിഞ്ഞാൽ കലാപരിപാടികൾ ആരംഭിക്കുകയായി.

ആദ്യത്തെ ഊഴം സീലുകൾക്കായിരുന്നു. പരിശീലകന്റെ അം​ഗചലനങ്ങൾക്കനുസരിച്ച് അവയും ശരീരമിളക്കും. ട്രെയിനറുടെ നിർദേശങ്ങൾക്കനുസരിച്ച് അവർ കൗതുകങ്ങൾ തീർക്കും. ഇടയ്ക്ക് മീൻ കാണിച്ച് സീലുകളെ കൊതിപ്പിക്കുകയും ചെയ്യും പരിശീലകൻ. അതുതന്നെയായിരിക്കാം അവരുടെ പ്രചോദനം. ഇടയ്ക്ക് ഇവർ കാണികൾക്കിടയിലേക്കുമെത്തും. ചിട്ടയായ പരിശീലനത്തിന്റെ ഫലമാണ് ഈ പ്രകടനങ്ങളെല്ലാം. ഓരോ പ്രകടനത്തിന് ശേഷവും അവർ പങ്കിടുന്നുണ്ട് സ്നേഹസമ്മാനങ്ങൾ. ബോൾ കിക്കിങ്, ബോൾ ബാലൻസിങ് തുടങ്ങി എല്ലാം ഏകാ​ഗ്രതയോടെ അവർ ചെയ്യുന്നു. ഒരർത്ഥത്തിൽ സീലുകളും പരിശീലകരും തമ്മിലുള്ള ബന്ധം തന്നെയാണ് അവിടെ കാണാനാവുക. 

സീലുകൾ പിൻവാങ്ങിയാൽപ്പിന്നെ ഡോൾഫിനുകളുടെ ഊഴമാണ്. പത്ത് ഡോൾഫിനുകളാണ് കുളത്തിൽ ആകെയുള്ളത്. ട്രെയിനർമാരെറിയുന്ന പന്തുകൾ പിടിച്ച് കുട്ടികളെപ്പോലെ അവർ കരയിലേക്കെത്തും. ബഹുരസമാണ് കാണാൻ. ഇടയ്ക്കവർ വായുവിലേക്ക് ഉയർന്ന് ചാടും. പൂളിന് മുകളിലായി കെട്ടിയിരിക്കുന്ന വലിയ പന്തിൽ മുത്തം കൊടുക്കാനുള്ള ശ്രമവും ഇടയ്ക്കുണ്ട്. പ്രദർശനത്തിന്റെ ഇടവേളകളിലാണ് തീറ്റ. അവർ അച്ചടക്കത്തോടെ വന്ന് ഭക്ഷണം കഴിക്കും. മീൻ തന്നെയാണ് ഡോൾഫിനുകളുടേയും മുഖ്യഭക്ഷണം.ഓരോ നിമിഷത്തിലും വ്യത്യസ്തമായ പ്രകടനങ്ങളിലൂടെ ഡോൾഫിനുകൾ നമ്മെ അദ്ഭുതപ്പെടുത്തും. പ്രദർശനത്തിലെ പ്രകടനങ്ങൾക്ക് പുറമേ അവരുടേതായ ചില നിമിഷങ്ങളും ഇതിനിടയിൽ കാണാം.

ലോകത്ത് സിം​ഗപ്പൂരിലും ദുബായിലും ജോർജിയയിലും ഓസ്ട്രേലിയയിലും അമേരിക്കയിലുമെല്ലാം ഡോൾഫിൻ സർക്കസെന്നോ ഷോയെന്നോ വിളിക്കാവുന്ന ഇതുപോലുള്ള പ്രദർശനങ്ങളുണ്ട്. 

 

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: Mathrubhumi Yathra, Ukraine Travel, Dolphinarium, Odessa