ന്നാൽ ഒരിക്കലും കാണാതെ പോകരുതാത്ത ചിലയിടങ്ങളുണ്ട് യുക്രൈനിൽ. അത്തരത്തിലൊന്നാണ് കരിങ്കടലിന്റെ തീരത്തെ മനോഹാരിത തെളിയുന്ന ലാങ്കെറോൺ ബീച്ച്. ന​ഗരപരിധിയിൽ നിന്ന് അധികം ദൂരമില്ല ഇവിടേയ്ക്ക്. വായിൽ വെള്ളമൂറുന്ന മത്സ്യ വിഭവങ്ങൾക്ക് പ്രസിദ്ധമാണിവിടം. 

തീരത്ത് നിന്ന് അല്പമുയർത്തി ഒരു തട്ടുണ്ടാക്കിയിരിക്കുന്നു. കരയിൽ വേറെയുമുണ്ട് വിനോദങ്ങൾ. ഫുഡ്കോർട്ടും മറ്റുമായി കെട്ടിടങ്ങളുടെ നീണ്ടനിര. അവയ്ക്ക് മുന്നിലായി ചൂടൊന്ന് തണുപ്പിക്കാൻ ഫൗണ്ടനുകളുണ്ട്. നനയാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇങ്ങോട്ട് വരാം. കുട്ടികളാണ് ഇവിടെ താരങ്ങൾ. 

കരിങ്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന തരം റാമ്പുകളുണ്ട് ബീച്ചിൽ. ബോട്ടുകളടുക്കുന്ന വഴിയിലേക്ക് പോയാൽ കടലിനെ കുറച്ചുകൂടി അടുത്തുകാണാം. സഞ്ചാരികൾക്കിത് ഫോട്ടോ സ്പോട്ടാണ്. ഉള്ളിലല്പം സാഹസികത സൂക്ഷിക്കുന്നവർക്ക് കടലിലേക്കിറങ്ങി നീന്തിക്കുളിക്കാം. വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ചയാണിത്. 

ഇടയ്ക്ക് അങ്ങ് ദൂരെ കപ്പലുകൾ പോവുന്നത് കാണാം. ചരക്കുകപ്പലുകളാണ് അധികവും. തീരത്തുനിന്നും അല്പമുയർത്തി സജ്ജീകരിച്ച തട്ടുകൾക്ക് മറുവശം മണൽപ്പരപ്പായി നിലനിർത്തിയിരിക്കുന്നു. ആഴം കുറഞ്ഞ ഭാ​ഗമാണിത്. തീരത്ത് സൂര്യസ്നാനത്തിനുള്ള സൗകര്യവുമുണ്ട്. പൊതുവേ നല്ല തിരക്കുള്ളയിടം.

വിശാലമായ ഫുഡ്കോർട്ട് തൊട്ടടുത്ത് തന്നെയുണ്ട്. വിശാലമായ ഈ ഭക്ഷണശാലയിൽ യുക്രൈന്റെ തനത് രുചികൾക്കൊപ്പം മറ്റുരാജ്യങ്ങളിലെ സ്പെഷൽ വിഭവങ്ങൾ ലഭ്യമാണ്. കടലുപോലെ പടരുന്ന രുചിക്കൂട്ടുകൾ. കരിങ്കടലിന്റെ ഭം​ഗിയാസ്വദിച്ചുകൊണ്ട് കാറ്റും കൊണ്ട് തണൽക്കൂടുകൾക്ക് കീഴെയിരിക്കാം. അതും ഒരനുഭവമാണ്. കരിങ്കടലിനോടു ചേർന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ തീരദേശ പോലീസിന്റെ സേവനം എല്ലായ്പ്പോഴുമുണ്ട്.

കരിങ്കടലും കടൽ രുചികളുമായി വേറിട്ട അനുഭവം തന്നെയാണ് ഇവിടം. രുചിയുടെ ടെന്റുകളും കടന്നെത്തുന്ന കടൽക്കാറ്റിന് മസാലക്കൂട്ടിന്റെ ​ഗന്ധമുണ്ട്.

   

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: Mathrubhumi Yathra, Langeron Beach, Ukraine Travel, Ukraine tourism from India, Roby Das