മാളുകളുടെ നഗരമാണ് അബുദാബി. ഇതില്‍ നഗരമധ്യത്തില്‍ത്തന്നെയാണ് അബുദാബി മാളിന്റെ സ്ഥാനം. അബുദാബിയില്‍ പ്രധാനമെന്ന് കരുതാവുന്ന പത്തിലേറെ മാളുകളുണ്ട്. 2001-ലാണ് അബുദാബി മാളിന്റെ തുടക്കം. വിശാലമാണ് മാളിന്റെ ഉള്‍വശം. ലോകോത്തര ബ്രാന്‍ഡുകളുടെ ലോകം. എല്ലാ ഉത്പ്പന്നങ്ങളും ഇവിടെ കിട്ടുമെന്ന് പറഞ്ഞാല്‍ തെറ്റില്ല. 200-ലേറെ ഷോപ്പുകളുണ്ട് മാളില്‍. മികച്ച പാര്‍ക്കിങ് സൗകര്യവും ഇവിടെയുണ്ട്. ഫുഡ് കോര്‍ട്ടും തിയേറ്ററുകളുമെല്ലാം ഇവിടെയുണ്ട്. പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് ഫോബ്‌സ് മാഗസിന്‍ 2017-ല്‍ അബുദാബിയിലെ മികച്ച മാളെന്ന നിലയില്‍ ഇതിനെ തിരഞ്ഞെടുത്തിരുന്നു.

Abu dhabi mall

അബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട പഴം പച്ചക്കറി മാര്‍ക്കറ്റിലേക്കാണ് അടുത്ത യാത്ര. മീന ബസാര്‍. നല്ല ഫ്രഷ് പഴങ്ങളും പച്ചക്കറികളും കിട്ടാന്‍ ഇവിടേക്ക് വന്നാല്‍ മതി. സാധാരണയായി മാതൃഭൂമി യാത്ര ഒരു വിദേശരാജ്യത്ത് ചെന്നാല്‍ മാര്‍ക്കറ്റുകള്‍ കാണാന്‍ പോകുന്നത് ആ നാടിന്റെ ജീവിതത്തേക്കുറിച്ചും ആളുകളേക്കുറിച്ചും കൂടുതല്‍ അറിയാനാണ്. ഇവിടെ അത്തരമൊരു അപരിചിതത്വം കാണാനില്ല. മീനാ ബസാറിലെത്തി ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഇടവേളകളില്ലാതെ നമ്മുടെ സ്വന്തം മലയാളം കേള്‍ക്കാനിടയായി. ഇവിടെ ഒട്ടേറെ മലയാളികളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇവിടെ വില്പനയ്ക്ക് വെച്ചിരിക്കുന്നു. ഓരോ ചെറുകടകളും വളരെ അച്ചടക്കത്തോടെ സജ്ജീകരിച്ചിരിക്കുന്നു. വിലയുടെ കാര്യത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നു.

Bazar

കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ് മീന ബസാറില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ അധികവും. അറബ് വീടുകളില്‍ അതിഥികള്‍ വരുമ്പോള്‍ വലിയ കൂടയില്‍ പലതരം പഴങ്ങള്‍ നിറച്ച് കൊണ്ടുവരും. അത്തരത്തില്‍ പഴങ്ങള്‍ നിറച്ചൊരുക്കിയ കുറേ കൂടകള്‍ ബസാറില്‍ കണ്ടു.

fruits packets

തൊട്ടടുത്ത ഇറാനിയന്‍ മാര്‍ക്കറ്റിലേക്കാണ് ഇനി. വീട്ടുപകരണങ്ങള്‍ക്കായുള്ള ഇടമാണിത്. സോഫാസെറ്റുകളുടേയും കാര്‍പ്പറ്റുകളുടേയും വലിയ ശേഖരം തന്നെയുണ്ടിവിടെ. വീട്ടിലേക്കുള്ള മറ്റലങ്കാര വസ്തുക്കളും ഇവിടെ കിട്ടും. ഇറാനില്‍ നിന്ന് മാത്രമല്ല. തുര്‍ക്കിയില്‍ നിന്നും മറ്റും ഇവിടേക്ക് പരവതാനികളെത്തുന്നുണ്ട്. കശ്മീരില്‍ നിന്നെത്തുന്ന കാര്‍പ്പറ്റുകളുണ്ട് നല്ല ഡിമാന്‍ഡുണ്ട്. ചെറുതലയിണകളില്‍ത്തുടങ്ങി വലിയ കാര്‍പ്പറ്റുകളില്‍വരെ. തുന്നിച്ചേര്‍ക്കുന്ന ചിത്രങ്ങളാല്‍ സമ്പന്നമായ ക്യാന്‍വാസുകള്‍.

iran market

ഇറാനി മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങിയാല്‍ വിവിധതരം കടകളുടെ നിര കാണാം. വീട്ടുപകരണങ്ങളും മറ്റും വില്‍ക്കുന്നവയാണ് അധികവും. വീട്ടാവശ്യത്തിനുള്ള എന്തും ഇവിടെ കിട്ടുമെന്ന് പറയാം. മിതമായ നിരക്കിലാണ് കച്ചവടമെന്നത് ആശ്വാസമാണ്. തൊട്ടപ്പുറത്ത് തന്നെയാണ് ഗാര്‍ഡന്‍ മാര്‍ക്കറ്റ്. വീടുകളിലും മറ്റും ഉദ്യാനമൊരുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇങ്ങോട്ട് വരാം. ഇവിടെ വില്‍ക്കാന്‍ വച്ചവയിലധികവും വീടകങ്ങളില്‍ വെയ്ക്കാവുന്നവയാണ്. ഒപ്പം മരത്തൈകളും വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.

garden shop

ഇനിയൊരു മത്സ്യമാര്‍ക്കറ്റിലേക്കാണ്. അതിനുമുമ്പായി ബോട്ട്‌ജെട്ടി വരെ ഒന്നുപോകാം. ഇറാനി മാര്‍ക്കറ്റിന് തൊട്ടുപിറകിലിയാണ് ബോട്ടുജെട്ടി. മത്സ്യബന്ധനത്തിന് പോകുന്ന ഇടത്തരം വലിപ്പമുള്ള ബോട്ടുകളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ബോട്ടുകളാണവ. മീന്‍പിടിത്തം കഴിഞ്ഞാല്‍ ബോട്ടുകള്‍ ഇവിടെ കൊണ്ടിടും. ഇവിടെ നിന്ന് ബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് നമുക്ക് കടലില്‍ പോവുകയുമാവാം. മീന്‍ പിടിക്കുകയും ചെയ്യാം. കടലില്‍ പോയി ശീലമുള്ള ആളും ഒപ്പമുണ്ടാവും. അബുദാബിയില്‍ തൊഴിലെടുക്കുന്നവരും കാഴ്ചകള്‍ കാണാന്‍ വരുന്നവരും ബോട്ടിലെ മീന്‍പിടിത്തം ആസ്വദിക്കാറുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണികളും ഇവിടെ ചെയ്യും.

Boat jetty

അബുദാബി ഫിഷര്‍മെന്‍ സൊസൈറ്റിയാണ് മാര്‍ക്കറ്റിന്റെ നടത്തിപ്പ്. വിവിധയിനം കടല്‍മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കുവെച്ചിട്ടുണ്ട്. നേരത്തേ പച്ചക്കറി മാര്‍ക്കറ്റിനെക്കുറിച്ച് പറഞ്ഞതുപോലെ വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഓരോ മീനിന്റെയും വില കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വില്‍ക്കാന്‍ വെച്ചവയില്‍ നമ്മുടെ നാട്ടില്‍ പരിചിതമായതും അല്ലാത്തതുമായ മത്സ്യങ്ങളുണ്ട്. ഇത്രയേറെ മലയാളികളെ കണ്ട അനുഭവം വേറെയുണ്ടായിട്ടില്ല.

fish market abu dhabi

പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു ഭക്ഷണശാല കണ്ടു. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന മീന്‍ ഇവിടെ നല്‍കാം. എരിവിന്റെ കണക്കും പറയണം. ബാക്കിയെല്ലാം കുക്ക് നോക്കിക്കൊള്ളും. അധികം വൈകാതെ തന്നെ ഗ്രില്‍ ചെയ്ത് തിരികെ തരും. ഇവിടെ നിന്ന് തന്നെ കഴിക്കാം.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: mathrubhumi yathra at abu dhabi, famous malls and markets in abu dhabi