ഒരു സ്വപ്‌നംപോലെ; ആ മനോഹര ഫ്രെയിം മനസ്സില്‍ പുതഞ്ഞുകിടക്കുന്നുണ്ടായിരുന്നു. സുവര്‍ണശോഭയില്‍ തിളങ്ങുന്ന ആഫ്രിക്കന്‍ കാടുകള്‍, സൂര്യോദയവും സൂര്യാസ്തമയവും കാടുകളുടെ ശോഭ കൂട്ടുന്ന നിമിഷങ്ങള്‍, പ്രത്യേകിച്ചും പുല്‍മേടുകളുടെ കാഴ്ചകള്‍. അത് പകര്‍ത്താനായുള്ള യാത്രയ്ക്ക് കാത്തിരുന്നത് വര്‍ഷങ്ങളാണ്. ഫോട്ടോഗ്രഫിയും യാത്രയും തരുന്ന സന്തോഷം ജീവിതത്തെ പോസിറ്റീവാക്കിമാറ്റുന്ന മരുന്നുകൂടിയാണ്. ദുബായിലെ താമസത്തിനിടയില്‍ പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരുമായുള്ള സുഹൃത്തുക്കളെ കിട്ടി: അവിടെനിന്നാണ് ആദ്യമായി ആഫ്രിക്കയിലേക്ക് പോവാനുള്ള അവസരം ഒത്തുകിട്ടുന്നത്.

10

ആ ആഫ്രിക്കന്‍യാത്ര എന്നെ മാറ്റിമറിച്ചു. അതുവരെ ഒരു ഹോബിയായി കണ്ട ഫോട്ടോഗ്രാഫിയെ ഗൗരവത്തോടെ കാണാന്‍ തീരുമാനമെടുത്തു. മസായ്മാരയില്‍ എവിടേക്ക് ക്യാമറ തിരിച്ചാലും അവിടെല്ലാം ഫ്രെയിമുകളാണ്. ഫോട്ടോഗ്രാഫര്‍ക്ക് ഒരു മാസ്മരികലോകത്ത് എത്തിയ പ്രതീതി. ഉദയാസ്തമയങ്ങള്‍ സമ്മാനിക്കുന്നത് മസായ്മാരയുടെ മാന്ത്രികനിമിഷങ്ങളാണ്. അവിടേക്ക് പോവുമ്പോള്‍ പ്രദേശത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് അറിഞ്ഞുവെച്ചിരുന്നു. മാത്രമല്ല ഫോട്ടോഗ്രഫിയുടെ സാധ്യതകള്‍ അവിടെ എങ്ങനെ ഉപയോഗിക്കണമെന്നും.

9

അത് കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഫോട്ടോയെടുക്കല്‍ എളുപ്പമാണ്. നമ്മുടെ ക്യാമറാഫ്രെയ്മിലേക്ക് കയറിവരുന്ന വന്യമൃഗങ്ങളുടെ സ്വഭാവസവിശേഷതകള്‍ തിരിച്ചറിഞ്ഞാല്‍ ആക്ഷന്‍ ഫോട്ടോഗ്രഫി എളുപ്പമാണ്. അവയുടെ ചലനം എങ്ങോട്ടാണെന്ന് നമുക്ക് പെട്ടെന്നു ഊഹിച്ചെടുക്കാന്‍കഴിയും. മസായില്‍നിന്ന് കിട്ടിയ ഓരോ ഫ്രെയിമും ഓരോ സന്തോഷങ്ങളാണ്. 
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍നിന്ന് 400 കിലോമീറ്റര്‍ അപ്പുറത്താണ് മസായ്മാര. നെയ്‌റോബിയില്‍നിന്ന് റോഡ്മാര്‍ഗം യാത്രചെയ്താല്‍ ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്താനാവും. ലാന്‍ഡ്‌സ്‌കേപ്പുകള്‍ അത്രയും മനോഹരമാണ്. മസായ്മാര എത്തുന്നതിന് മുന്‍പ് കണ്‍കുളിര്‍പ്പിക്കുന്ന ചിത്രങ്ങള്‍ ലഭിക്കുന്ന ഗ്രേറ്റ് റിഫ്റ്റ് വാലിയുണ്ട് (Great Rift Valley).

8
 
ആഫ്രിക്കയെ സംബന്ധിച്ച് വൈല്‍ഡ്ലൈഫ് ടൂറിസം അവിടത്തെ ദ ഗ്രേറ്റ് മൈഗ്രേഷനെ (The Great Migration) ആശ്രയിച്ചിരിക്കുന്നു. മൈഗ്രേഷന്‍! അതൊരു പ്രതിഭാസംതന്നെയാണ്. വന്യജീവികളുടെ ഏറ്റവും വലിയ തീര്‍ഥാടനകാലം. ഇത് സംഭവിക്കുന്നത് സെരെന്‍ഗിറ്റി (Serengiti) നാഷണല്‍ പാര്‍ക്കിലും മസായ്മാര പാര്‍ക്കിലുമാണ്. ദശലക്ഷക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകള്‍ കടന്നുപോവും. ഒപ്പംതന്നെ കൂട്ടംതെറ്റിയ സീബ്രകളും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുന്നത് കാണാം.

7

രണ്ടുതവണ മൈഗ്രേഷന്‍ കാണാനുള്ള ഭാഗ്യമുണ്ടായി. ഈ മൈഗ്രേഷന്‍ ഭൂമിയിലെ ഏറ്റവും വലിയ പ്രതിഭാസങ്ങളിലൊന്നാണെന്ന് മാത്രമല്ല അത് എല്ലാ വര്‍ഷവും സ്ഥിരമായി നടക്കുന്ന ഒന്നുകൂടിയാണ്. കിഴക്കന്‍ ആഫ്രിക്കയുടെ ഭൂഭാഗങ്ങളില്‍ ഇത്  സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഇവിടെ തീരുമാനിക്കുന്നു അടുത്ത ഋതുവില്‍ ആര് ജീവിക്കണമെന്ന്.
ലക്ഷക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകള്‍ നദിയും കടന്ന് ഒരുമിച്ചുപോവുന്ന കാഴ്ചതന്നെയാണ് ലോകമെമ്പാടുമുള്ള ആഫ്രിക്കന്‍ ആരാധകരെ ഇങ്ങോട്ട് എല്ലാ വര്‍ഷവും എത്തിക്കുന്നത്. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഈ കാഴ്ച കാണാം. മൃഗങ്ങളുടെ ദേശാടനകാലം ഈ രണ്ട് നാഷണല്‍ പാര്‍ക്കുകളുടെ ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്നു. നിമിഷനേരംകൊണ്ട് അവ പാഞ്ഞകലുന്ന കാഴ്ചകള്‍ കാണുമ്പോള്‍ എവിടെനിന്ന് പകര്‍ത്തിത്തുടങ്ങണം എന്ന പരിഭ്രാന്തിയിലാവും ഫോട്ടോഗ്രാഫര്‍മാര്‍. 

5

നദി കടക്കുന്ന വൈല്‍ഡ്ബീസ്റ്റുകളെ കാത്ത് ചീങ്കണികള്‍. അവയുടെ ആക്രമണങ്ങള്‍. അതും ഇടയ്ക്കിടെ കാണാം. വേട്ടയാടി ബാക്കിയായ അവശിഷ്ടങ്ങള്‍ തേടി കഴുകന്മാര്‍. ക്യാമറയിലേക്ക് കാഴ്ചകള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആഫ്രിക്ക കാണാന്‍കഴിഞ്ഞാല്‍ അത് ജന്മപുണ്യം തന്നെ. 
ആദ്യത്തെ മസായ്യാത്രയില്‍ ചിത്രങ്ങള്‍ കിട്ടിയെങ്കിലും പിന്നീട് നടത്തിയ രണ്ട് യാത്രകളിലാണ് ഇഷ്ടപ്പെടുന്ന ഫ്രെയിമുകള്‍ പകര്‍ത്താന്‍കഴിഞ്ഞത്. ആദ്യയാത്രയില്‍ പ്രഭാതസൂര്യന്റെ പ്രഭയില്‍ 'notch brothers' എന്ന സിംഹസഹോദരന്മാരെ പകര്‍ത്താന്‍കഴിഞ്ഞു. സൂര്യപ്രഭയില്‍ രണ്ടുപേരുടെയും നനുത്ത മുഖരോമങ്ങള്‍ മിന്നി. 

4

അവര്‍ രണ്ടുപേരും ക്യാമറയ്ക്ക് അഭിമുഖമായി നിന്ന് മതിവരുവോളം ചിത്രങ്ങള്‍ സമ്മാനിച്ചു. ഈ ടെറിറ്ററിയില്‍ notch brothers എന്നറിയപ്പെട്ടിരുന്ന അഞ്ച് സിംഹസഹോദരങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മസായിയുടെ അഭിമാനമായിരുന്നു. പിന്നീട് ഓരോരുത്തരായി കുറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ ബാക്കി രണ്ടുപേര്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ ceser എന്നുപറയുന്നവന്‍ മാത്രമായി കുറഞ്ഞുവത്രെ. രാജകീയഭാവത്തോടെ ഇവര്‍ രണ്ടുപേരും സുവര്‍ണശോഭയില്‍ സഫാരിജീപ്പിനടുത്തേക്ക് നടന്നുവരുന്നത് ഇപ്പോഴും കണ്ണിലുണ്ട്. ഈ പഞ്ചസഹോദരന്മാരുടെ ജീവിതം പലതവണ ഡോക്യുമെന്ററികളായി മാറിയിട്ടുണ്ട്. വന്യജീവികളില്‍ ഏറ്റവും നന്നായി പോസ്‌ചെയ്ത ചിത്രങ്ങള്‍ ലഭിക്കുക ചീറ്റയില്‍നിന്നാണ്. സൂപ്പര്‍ മോഡലുകളുടെ ഭാവത്തോടെയാണ് അവ നടക്കുക. 

3

മസായിലെ ഏറ്റവും സുന്ദരിയായ ചീറ്റയാണ് മലൈക്ക. ഗൈഡുകളുടെ പ്രിയപ്പെട്ടവള്‍. സഫാരിജീപ്പുകളുടെ മുകളില്‍വരെ അവള്‍ കയറിയിരിക്കും. അത്രയ്ക്കും വീറുറ്റവള്‍. അവളെ പിന്തുടര്‍ന്ന് ഒരുദിവസം മുഴുവന്‍ ചിത്രങ്ങളെടുക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ആ യാത്രാസമയത്ത് അറിഞ്ഞിരുന്നു, അവള്‍ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ടായ സമയംകൂടിയാണെന്ന്. അതുകൊണ്ടുതന്നെ വേട്ടച്ചിത്രങ്ങള്‍ (hunting pictures) കിട്ടാനുള്ള സാധ്യതയും കൂടുതലാണ്. രാവിലെതന്നെ അവളെ കണ്ടെത്താന്‍കഴിഞ്ഞു. കുഞ്ഞുങ്ങളുണ്ടായ സമയമാണെങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഒരു വേട്ടയാടല്‍ ഉണ്ടാവും. ഗൈഡും പറഞ്ഞു, ഇന്ന് മലൈക്ക ഇരപിടിക്കും. 

2

ഞങ്ങള്‍ ആ കാഴ്ചയ്ക്ക് കാത്തിരുന്നു. ഉച്ചയ്ക്കുശേഷം അവള്‍ ഇരപിടിക്കാനുള്ള ശ്രമം തുടങ്ങി. മൂന്നുനാല് ചേസിങ്ങുകള്‍. അവള്‍ ആദ്യം വൈല്‍ഡ്ബീസ്റ്റിന് പിന്നാലെ. പിന്നെ വൈല്‍ഡ്ബീസ്റ്റുകള്‍ മലൈക്കയുടെ പിന്നാലെ. നാടകീയനിമിഷങ്ങള്‍ക്കൊടുവില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഒരുകൂട്ടം ടോപ്പികള്‍ക്ക് പിന്നാലെയായി മലൈക്ക. വൈല്‍ഡ്ബീസ്റ്റിനെ വിട്ട് ടോപ്പികള്‍ക്കുപിന്നാലെ പാഞ്ഞുചെന്നു. പക്ഷേ, അവ കൂട്ടത്തോടെ ഓടിച്ചു മലൈക്കയെ. അന്ന് ചേസിങ് മാത്രമായി ഒതുങ്ങി. പക്ഷേ, സൂര്യാസ്തമയശോഭയില്‍ വൈല്‍ഡ്ബീസ്റ്റുകളെ വേട്ടയാടുന്ന നല്ല ഫ്രെയിമുകള്‍ ലഭിച്ചു. പിറ്റേദിവസം അവള്‍ രാവിലെതന്നെ വൈല്‍ഡ്ബീസ്റ്റിനെ വേട്ടയാടി പിടിച്ചുവത്രെ. എന്തായാലും മസായില്‍നിന്ന് ലഭിച്ച ഒരു ഭാഗ്യമാണ് ആ വേട്ടയാടല്‍ചിത്രങ്ങള്‍. 

ഇങ്ങനെ ഓരോ മസായ്ചിത്രങ്ങള്‍ക്ക് പിന്നിലും രസകരമായ കഥകളുണ്ട്. വന്യജീവിതം ഫ്രെയ്മിലാക്കുമ്പോള്‍ നമ്മള്‍ അടുത്തറിയുന്ന അവയുടെ നൈമിഷികജീവിതങ്ങള്‍. കാടിന് ഒരു നിയമമുണ്ട്. പരസ്പരപൂരകങ്ങളായ നിയമം. ആ കാഴ്ചകള്‍ കണ്‍മുന്നില്‍ നിറയുമ്പോള്‍ അടുത്ത യാത്രയ്ക്ക് നമ്മള്‍ മനസ്സുറപ്പിക്കുകയാവും. വീണ്ടും വരും എന്ന് പറയാതെ പറഞ്ഞ് തിരിച്ചുപോന്നു. അടുത്തവര്‍ഷത്തെ ആഫ്രിക്കന്‍ ദേശാടനക്കാഴ്ചയാണ് മനസ്സ് നിറയെ. 

Content Highlights: Masai Mara wildlife photography mathrubhumi yathra