മരങ്ങളധികമില്ലാതെ പരന്നുകിടക്കുന്ന കാട്, പലയിനം മൃഗങ്ങള്‍, അവയ്‌ക്കൊപ്പം ആധുനിക  സൗകര്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന ഗോത്രജനത... കെനിയയിലെ മസായ് മാരയിലെ അദ്ഭുത ലോകം ഇതാ...

 

 

യാത്ര തുടങ്ങിയത് ആകാശചുംബികളായ കെട്ടിടങ്ങളുടെ, വര്‍ണാഭമായ ഷോപ്പിങ്മാളുകളുടെ, വിശാലമായ റോഡുകളുടെ, വൃത്തിയുള്ള മേല്‍പ്പാലങ്ങളുടെ ലോകമായ ജീവിതസൗകര്യത്തില്‍ അത്യുന്നതിയില്‍ എത്തിയ ദുബായില്‍ നിന്നുമാണ്.ഇരുണ്ടഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ കെനിയ എന്ന രാജ്യത്തെ ലക്ഷ്യംവെച്ച് വിമാനം മേലെ പാളികള്‍ക്കിടയിലൂടെ പറക്കുകയാണ്. 1963-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും സ്വാതന്ത്ര്യംനേടിയശേഷം ഈ രാജ്യം കൃഷിയും വിനോദസഞ്ചാരവും പ്രധാന വരുമാനമാര്‍ഗമാക്കി. ആഫ്രിക്കയില്‍ പൊതുവേ കാണപ്പെടുന്ന ധനികര്‍ വലിയ ധനികരും പാവപ്പെട്ടവര്‍ നന്നേ പാവപ്പെട്ടവരും എന്ന പ്രത്യേകത കെനിയയില്‍ കൂടുതലാണ് എന്നുവേണം കരുതാന്‍.

പ്രകൃതിയെയും വന്യ ജീവികളെയും സാധാരണക്കാരായ മനുഷ്യരെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ലോക സഞ്ചാര ഭൂപടത്തില്‍ കെനിയയുടെ സ്ഥാനം ഏറ്റവും ഉന്നതിയിലാണ്. അതുകൊണ്ടായിരിക്കാം പല ഹോളിവുഡ് സിനിമകളും കെനിയ പശ്ചാത്തലത്തില്‍ പിറവിയെടുത്തത്. ഡിസ്‌കവറി, ആനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജ്യോഗ്രഫിക്ക് തുടങ്ങിയ വന്‍ ചാനല്‍ പ്രതിനിധികള്‍ രാവും പകലും വിശ്രമമില്ലാതെ കാടുകളും കായലുകളും കടലും യാത്രചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ലക്ഷോപലക്ഷം ജനങ്ങള്‍ അവ ഇമവെട്ടാതെ കാണുന്നതും മനുഷ്യന് പ്രകൃതിയോടുള്ള നഷ്ടപ്പെടാത്ത ഇഷ്ടം കൊണ്ടായിരിക്കാം. അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആകാശയാത്രയിലുടനീളം കെനിയ എന്ന പ്രകൃതിയുടെ വരദാനമായ നന്മയുടെ നാടിനെക്കുറിച്ചറിയാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു."Out of Africa''  എന്ന പുസ്തകം കെനിയയുടെ ജീവിത യഥാര്‍ഥ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു നല്ല പുസ്തകമായി തോന്നി. വായനയ്ക്കിടയില്‍ ചെറിയ ജാലകത്തിലൂടെ താഴത്തേക്കു നോക്കിയപ്പോള്‍ പച്ചപ്പുനിറഞ്ഞ ഭൂപ്രദേശവും കായലുകളും പുഴകളും കുന്നുകളും പ്രകൃതിമനോഹരമായി വിന്യസിച്ചിരിക്കുന്നു. റണ്‍വേയിലൂടെ വിമാനം ഉരുളുകയാണ്. പുറത്ത് 24 ഡിഗ്രി കാലാവസ്ഥ എന്ന അറിയിപ്പു വന്നു. സ്വല്പം കരിഞ്ഞ് സ്വര്‍ണനിറത്തിലുള്ള പുല്‍മേടയാണ് റണ്‍വേക്ക് ചുറ്റും. ചെറുതായി തോന്നിപ്പിക്കുന്ന വിമാനത്താവളം മഴയില്‍ നനഞ്ഞിരിക്കുന്നു. 

എയര്‍പോര്‍ട്ടിലെ ഔപചാരികതകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മഴ ശക്തമായിരുന്നു. നല്ല ഉയരമുള്ള ദൃഢമായ ശരീരമുള്ള ഒരാള്‍ ഞങ്ങളുടെ പേര് എഴുതിയ കാര്‍ഡുമായി കാത്തുനില്‍പ്പുണ്ട്. അയാളാണ് ഇനിയുള്ള അഞ്ചുനാള്‍ ഞങ്ങളെ കെനിയയുടെ മനോഹര ദൃശ്യങ്ങള്‍ കാണിക്കേണ്ടത്. ''ജാംമ്പോ'' (സ്വഹിലി ഭാഷയില്‍ ഹല്ലോ) എന്നയാള്‍ അഭിസംബോധന ചെയ്തു. ഡേവിഡ് എന്നുപേരുള്ള അയാള്‍ ഞങ്ങളെ വാഹനത്തിലേക്കു നയിച്ചു. എട്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന നിസ്സാന്‍ വാന്‍ ആണ് വാഹനം. എയര്‍പോര്‍ട്ടില്‍നിന്നും ഠൗില ഹോട്ടലിലേക്കുള്ള യാത്രയ്ക്ക് നല്ല ഗതാഗതക്കുരുക്കു കാരണം കുറെ സമയമെടുത്തു. യാത്രയ്ക്കിടയില്‍ ഞങ്ങള്‍ പരിചയപ്പെട്ടു. ഡേവിഡ് കിക്കുയ (ഗശസൗ്യമ) വംശജനാണ്. കെനിയയില്‍ 44 ഗോത്രങ്ങളാണുള്ളത്. അവസാനമായി ചേര്‍ത്തത് ഇന്ത്യന്‍ വംശജരെയാണ് എന്നും ഡേവിഡ് പറഞ്ഞു. 

ഹോട്ടലില്‍ വിശ്രമിച്ച ശേഷം ഞങ്ങള്‍ നെയ്റോബി പട്ടണം കാണാന്‍ യാത്രതിരിച്ചു. റോഡുകളില്‍ നമ്മുടെ നാട്ടിലേതുപോലെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍. പൊതുവേ ഗതാഗത നിയമങ്ങള്‍ നന്നായി അനുസരിക്കുന്നതായി തോന്നി. ശബ്ദമലിനീകരണവും മറികടന്നുള്ള മത്സര ഓട്ടവും വളരെ കുറവാണ്. വഴിയരികില്‍ മാലിന്യനിക്ഷേപം തീരെ കാണാനായില്ല. ഇവിടത്തെ വലിയ വലിയ വ്യവസായങ്ങളും വ്യാപാരസമുച്ചയങ്ങളും ഇന്ത്യന്‍ വംശജരുടെതാണ് എന്ന് ഡേവിഡ് പറഞ്ഞു. പക്ഷേ, പല തലമുറകളായി കെനിയയില്‍ താമസിക്കുന്ന ഇവര്‍ ഇപ്പോള്‍ കെനിയന്‍ വംശജരായിരിക്കുന്നു. പ്രകൃതിയുടെ നാട്ടില്‍ രണ്ടാംനാള്‍ എട്ടുപേര്‍ക്കിരിക്കാവുന്ന ഒരു വാനിലാണ് ഞങ്ങള്‍ നെയ്റോബിയില്‍നിന്നും മസായ്മാര എന്ന സ്ഥലത്തേക്ക് യാത്രതിരിച്ചത്. 240 കി.മീ. ദൂരം ഏകദേശം അഞ്ച്-ആറ് മണിക്കൂര്‍ സമയമെടുക്കും. യാത്രയിലുടനീളം ഡേവിഡില്‍നിന്ന് പലതും അറിയാന്‍ ശ്രമിച്ചു. 

Masai Mara 2

അനന്തമായി നീണ്ടുകിടക്കുന്ന പുല്‍മേടുകള്‍. അവിടെയെല്ലാം കന്നുകാലികള്‍ മേയുന്നു. യാത്രക്കിടയില്‍ ഭൂപ്രകൃതിക്കും ദൃശ്യങ്ങള്‍ക്കും മാറ്റംവന്നുകൊണ്ടിരിക്കുന്നു. സ്വര്‍ണക്കതിരുമേന്തി പാടത്ത് ആടിയുലഞ്ഞ് നില്ക്കുന്ന ഗോതമ്പുപാടങ്ങള്‍ വര്‍ണാഭമായ ഒരു കാഴ്ച സമ്മാനിച്ചു. Euphobia എന്ന ഒരു പ്രത്യേക മരം പലയിടത്തും കാണാനായി.വാഹനത്തിന്റെ എന്‍ജിനില്‍ നിന്നും ശബ്ദം മാറിവരുന്നു. അത് ഒരു കുന്നു കയറുകയാണ്. വാഹനം ഒരു കുന്നിന്‍മുകളില്‍ നിര്‍ത്തി. സമുദ്രനിരപ്പില്‍നിന്നും 7062 അടിയില്‍ നിന്നും റിഫ്റ്റ് വാലി എന്ന ആ മനോഹര താഴ്വരയിലേക്കുള്ള ദൃശ്യങ്ങള്‍ തീര്‍ച്ചയായും മനസ്സിന് കുളിരേകും. മനസ്സിലെ അശാന്തിയും പിരിമുറുക്കങ്ങളും ഈ താഴ്വര നമ്മളില്‍ നിന്നും പറിച്ചെടുക്കും എന്ന് ഡേവിഡിനെ പോലെ പലരും വിശ്വസിക്കുന്നു. ആഫ്രിക്കയിലെ പല രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഈ താഴ്വര ഭൂമധ്യരേഖയെ മുറിച്ചു കടക്കുന്നു. ഈ താഴ്വരയുടെ വിവരങ്ങള്‍ നല്കുന്ന ഒരു ബോര്‍ഡ് അവിടെ സ്ഥാപിച്ചിട്ടുണ്ട്.ഏകദേശം മൂന്നുമണിക്കൂര്‍ യാത്രയ്ക്കുശേഷം വാഹനം ഒരു മണ്‍പാതയിലേക്ക് തിരിഞ്ഞു. പൊടിപടലങ്ങളും കുലുക്കവും ശബ്ദവും നിറഞ്ഞതായിരുന്നു ഈ യാത്ര. ഇനി ഇങ്ങനെ രണ്ടരമണിക്കൂര്‍ യാത്രചെയ്തുവേണം ഞങ്ങളുടെ താമസസ്ഥലമായ റിസോര്‍ട്ടില്‍ എത്താന്‍. ചുറ്റുപാടുകള്‍ വിജനമാണ്. ഇടയ്ക്കിടെ കന്നുകാലിക്കൂട്ടങ്ങളേയും അവയെ മേയ്ക്കുന്ന പാവങ്ങളേയും മാത്രമാണ് കാണാനാവുക. കെനിയയുടെ ഏതു ഗ്രാമദൃശ്യങ്ങള്‍ പകര്‍ത്തിയാലും അവിടെ സുന്ദരമായ പ്രകൃതിയും കന്നുകാലികളും പാവങ്ങളും കാണാനാവും. സാധാരണക്കാരുടെ ജീവിതത്തില്‍ കന്നുകാലികളുടെ സ്വാധീനം വളരെ വലുതാണ് എന്നു സാരം.

ഞങ്ങളുടെ റിസോര്‍ട്ട് എത്തുന്നതിനു മുന്‍പുതന്നെ വന്യജീവികളുടെ സാന്നിധ്യം കാണാനായി വാഹനത്തിന്റെ പുറത്ത് ശ്രദ്ധാപൂര്‍വം വീക്ഷിച്ചാല്‍ പലതും കാണാനാവുമെന്ന് ഡേവിഡ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ സാധൂകരിച്ചുകൊണ്ട് കുറ്റിച്ചെടികള്‍ക്കിടയില്‍ ഒരു വലിയ ജിറാഫ് നില്ക്കുന്നു. മാനുകളുടെ കൂട്ടം, കുരങ്ങുകള്‍, വരയന്‍ കുതിരകള്‍ തുടങ്ങി പലതും കാണാനായി. വാഹനം മനോഹരമായി നിര്‍മിച്ച ആ റിസോര്‍ട്ടിന് മുന്‍പിലെത്തി. അവിടത്തെ തൊഴിലാളികള്‍ ഞങ്ങള്‍ക്ക് സ്വാഗതമേകി. ഒറ്റപ്പെട്ടുകിടക്കുന്ന അവിടത്തെ പല ചെറുകുടിലുകളിലെ 131-ാമത് കോട്ടേജ് ഞങ്ങള്‍ക്കു തുറന്നു തന്നു. വൃത്തിയുള്ള ആ കുടിലില്‍ ഒരു കിടപ്പുമുറിയും കുളിമുറിയും മാത്രമാണുള്ളത്. അവിടെ എ.സി, ടി.വി, ഫോണ്‍ തുടങ്ങിയ ഒന്നുംതന്നെ ഇല്ല.  ഈ യാത്ര തിരക്കുകളില്‍നിന്നും അകന്ന് പ്രകൃതിയെ വാരിപ്പുണരാന്‍ മാത്രമായുള്ളതിനാല്‍ ഞങ്ങള്‍ക്കുകിട്ടിയ താമസസ്ഥലം എന്തുകൊണ്ടും നല്ലതായി തോന്നി. റിസോര്‍ട്ടിന്റെ എല്ലാ ഭാഗങ്ങളും ഞങ്ങള്‍ ചുറ്റിക്കറങ്ങി കണ്ടു. എന്നാല്‍ റിസോര്‍ട്ടിന് പുറത്ത് പോവാന്‍ സുരക്ഷാ ഭടന്മാര്‍ അനുമതി നല്കിയില്ല. അപകടകാരികളായ പല വന്യജീവികളും ഉള്ളതിനാലാണത്. രാത്രിയില്‍ പല വന്യജീവികളുടെയും പക്ഷികളുടെയും ശബ്ദം കേള്‍ക്കാനായി. 

Masai Mara 3

 

മസായ് മാരയിലൂടെ ഒരു ദിനം

റിസോര്‍ട്ടില്‍ നിന്നും ഞങ്ങള്‍ ഏഴ് മണിക്ക് മസായ്മാര നാഷണല്‍ റിസര്‍വ് ലക്ഷ്യംവെച്ച് യാത്രതിരിച്ചു. യാത്രാവഴിയില്‍ പ്രത്യേക വസ്ത്രമണിഞ്ഞ മസായ് ജനങ്ങളും കൂട്ടമായി മേയുന്ന വളര്‍ത്തുമൃഗങ്ങളും. വാഹനം സെക്കനാനി കവാടത്തിന് (Sekenani Gate) മുന്‍പില്‍ നിര്‍ത്തി ഡേവിഡ് ധൃതിയില്‍ പ്രവേശനത്തിനുള്ള കാര്യങ്ങള്‍ ചെയ്തു. കവാടത്തിന് പുറത്ത് മസായ് സ്ത്രീകള്‍ മുത്തുമാലകളും മരത്തില്‍ നിര്‍മിച്ച ശില്പങ്ങളും വില്ക്കുന്നുണ്ട്. ഞങ്ങള്‍ 1510 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന കാഴ്ചയുടെ മേച്ചില്‍പ്പുറത്തേക്ക് പ്രവേശിച്ചു. ആദ്യം ഞങ്ങള്‍ക്ക് ആതിഥ്യമേകിയത് സുന്ദരീസുന്ദരന്മാരായ മാന്‍പേടകളായിരുന്നു. തുടര്‍ന്ന് വലിയ തേറ്റയേന്തിയ പന്നിക്കൂട്ടം, വരയന്‍കുതിരകള്‍, കലമാന്‍ തുടങ്ങി പലതും. ഏകദേശം അഞ്ചു കിലോമീറ്റര്‍ എത്തിയപ്പോള്‍ വൈല്‍ഡ് ബീസ്റ്റ് എന്ന ജീവിയുടെ ആയിരങ്ങള്‍ ഉള്‍പ്പെട്ട കൂട്ടത്തെ കാണാനായി. അവയ്ക്കിടയില്‍ സീബ്രയുടെ കൂട്ടങ്ങളും. ആകാശത്ത് നാം അറിയാത്തതും അറിയുന്നതുമായ പല പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു. കൗതുക കാഴ്ചകളുമായി ഒരു കൂട്ടം കീരികള്‍ അവിടെ ഓടി നടക്കുന്നു. ഒരു പറ്റം കാട്ടുപോത്തുകള്‍ നിലത്ത് കിടന്നു വിശ്രമിക്കുന്നു. ഡേവിഡിന്റെ വാക്കിടോക്കി റേഡിയോയില്‍ സ്വവേലി ഭാഷയില്‍ ആരോ എന്തോ വിളിച്ചു പറയുന്നു. നിങ്ങള്‍ ഒരു വലിയ കാഴ്ച കാണാന്‍ പോവുന്നു എന്ന മുഖവുരയുമായി ഡേവിഡ് വാഹനത്തിന്റെ ദിശ മറ്റൊരു ഭാഗത്തേക്ക് തിരിച്ചു. അതാ അവിടെ ഒരു വലിയ കാട്ടുപോത്തിനെ ഒരു പറ്റം സിംഹങ്ങള്‍ ഭക്ഷിക്കുന്നു. രക്തക്കറപൂണ്ട അവരുടെ ചുണ്ടുകള്‍ ഇടക്കിടയ്ക്ക് നാവുകൊണ്ട് വൃത്തിയാക്കുന്നു. ആ കാട്ടുപോത്തിനെ കൊന്നിട്ട് കേവലം അഞ്ചുനിമിഷംപോലും ആയിക്കാണില്ല. വനരാജാവും കുടുംബവും ഭക്ഷണം കഴിക്കുന്നത് കേവലം 15-20 മീറ്റര്‍ മാത്രം അകലത്തില്‍. അഞ്ചുനിമിഷത്തോളം ആ കാഴ്ച ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ വാഹനം പ്രകൃതിയുടെ മായികലോകത്തിലൂടെ വീണ്ടും ചലിച്ചുതുടങ്ങി. വലിയ കൊക്കുകളും ചുവപ്പു താടിയും കറുപ്പുനിറമുള്ള വലിയ പക്ഷികളെ അവിടെ കാണാനായി. ഞങ്ങള്‍ അവയെക്കുറിച്ച് ഡേവിഡിനോട് ചോദിച്ചറിഞ്ഞു. ഡേവിഡ് ഇഷ്ടപ്പെടാത്ത ഒരേയൊരു ജീവി അതാണ് എന്നായിരുന്നു മറുപടി. അതിന്റെ പേര് ഗ്രൗണ്ട് ഹോണ്‍ബില്‍ (Ground Hornbill) എന്നാണ്. ഈ പക്ഷി കെനിയക്കാരുടെ താമസസ്ഥലത്തിന് അരികില്‍ വന്നാല്‍ ആളപായമുണ്ടാവും എന്നവര്‍ വിശ്വസിക്കുന്നു.

Ground Hornbill
Ground Hornbill

ഞങ്ങളുടെ വാഹനം ഒരു വലിയ കുന്നിന്‍പ്രദേശം ലക്ഷ്യംവെച്ച് നീങ്ങുകയാണ്. മസായ് മാരയിലെ ഏറ്റവും ഉയരം കൂടിയ ഒരു പ്രദേശമാണിത്. പാറക്കഷണങ്ങളും കുണ്ടും കുന്നുമായിട്ടുള്ള ഈ പാതയിലൂടെ മുന്നോട്ടുനീങ്ങാന്‍ ഞങ്ങളുടെ വാഹനം നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. വാഹനം കുന്നിന്‍മുകളില്‍ നിരപ്പായ ഒരിടത്ത് നിര്‍ത്തി. അവിടെ ഞങ്ങള്‍ക്ക് കാഴ്ചയുടെ വിസ്മയലോകമാണ് സമ്മാനിച്ചത്. ചുറ്റിലും പതിനായിരക്കണക്കിന് മൃഗങ്ങള്‍. വൈല്‍ഡ് ബീസ്റ്റ് വരിയായി പല ദിക്കുകളിലൂടെ നീങ്ങുന്നത് കുന്നിന്‍മുകളില്‍നിന്നും കാണുമ്പോള്‍ ഉറുമ്പുകള്‍ വരിയായി നീങ്ങുന്നതുപോലെ കാണപ്പെടും. അവിശ്വസനീയം ഈ കാഴ്ച.

View

കുന്നിന്‍മുകളില്‍നിന്ന് ഞങ്ങള്‍ മുംപ്ടോമാര (Mara River) ലക്ഷ്യംവെച്ച് യാത്ര തിരിച്ചു. വഴിയില്‍ ഒരു മരച്ചുവട്ടില്‍ മൃഗരാജന്‍ കിടന്നുറങ്ങുന്നു. എന്നെ ഇവിടെ ഉണര്‍ത്താന്‍ ആരുമില്ല എന്ന ഭാവത്തില്‍. മാരാപുഴ 395 കിലോമീറ്റര്‍ യാത്ര ചെയ്ത് വിക്ടോറിയ തടാകത്തില്‍ ലയിക്കുന്നു. ഞങ്ങള്‍ ചെന്നിടം അഞ്ച്-എട്ട് മീറ്റര്‍ പ്രതലത്തില്‍നിന്നും താഴ്ചയിലൂടെയാണ് ഒഴുകുന്നത്. ആയിരക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകള്‍ അനുദിനം ഈ പുഴ മുറിച്ചുകടക്കുന്നു. പുഴയില്‍ മുതലകളുടെ ആക്രമണത്തില്‍ പലതും ജീവന്‍വെടിയുന്നു. മുതല അവയെ ഛിന്നഭിന്നമായി ഭക്ഷിക്കുന്നു. സ്വല്പം അകലത്തില്‍ ഇവയൊന്നും ഞങ്ങളറിയുന്നില്ല എന്ന ഭാവത്തില്‍ ഒരുപറ്റം ഹിപ്പോകള്‍ കിടക്കുന്നു. വൈല്‍ഡ് ബീസ്റ്റിന്റെ കുതിപ്പില്‍ അവിടെ പൊടിപടലങ്ങള്‍ വാനിലേക്കുയരുന്നു. ഒരു തൂലികയ്ക്കും ഈ കാഴ്ചയുടെ അമ്പരപ്പും ആകാംക്ഷയും പ്രകടിപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. 

Lion sleeping

മാരകളുടെ ഗ്രാമം

നാലാം ദിവസത്തെ ഞങ്ങളുടെ യാത്ര 'കൊയ്റാട്ട' എന്ന മസായ് ഗ്രാമത്തിലേക്കാണ്. ആധുനിക സമൂഹവുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ പിറകിലാണ് അവരുടെ ജീവിതരീതി. കമ്പുകളും മുള്‍ച്ചെടികളും ഉപയോഗിച്ച് അവരുടെ ഗ്രാമത്തിന് വേലികെട്ടിയിരിക്കുന്നു. ആ വലയത്തിന്റെ കവാടത്തില്‍ കുറച്ച് മാരകള്‍ സംസാരിച്ചുനില്‍പ്പുണ്ട്. ഞങ്ങളുടെ വരവ് കണ്ടപ്പോള്‍ അതിലൊരാള്‍ അകത്തേക്ക് ധൃതിയില്‍ പോയി. തിരിച്ചുവന്നത് മറ്റൊരാളുമായാണ്. കൂടെയുള്ളത് കോളനിയുടെ മൂപ്പനാണ്. പേര് ഒലെ ഇസ്തനാനോ. സാധാരണ മാരകളെപ്പോലെ ഇദ്ദേഹവും മൂര്‍ച്ചയേറിയ ഒരു കത്തി തുകലുറയില്‍ അരയില്‍ തൂക്കിയിട്ടിരിക്കുന്നു. നല്ല ഉയരമുള്ള ഇയാള്‍ ദൃഢമായ ശരീരപ്രകൃതിയുള്ള ആളാണ്. അദ്ദേഹം വളരെ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത അതിശയം തോന്നി. കുശലാന്വേഷണത്തിനിടയില്‍ ഒരുപറ്റം ആണുങ്ങള്‍ ഞങ്ങളുടെ മുന്‍പില്‍ വന്ന് പാട്ടുപാടി നൃത്തംവെച്ചു. അവരെല്ലാം വലിയ ഉയരത്തില്‍ മുകളിലേക്ക് ചാടുന്നുണ്ടായിരുന്നു. അവരുടെ പ്രകടനം കഴിഞ്ഞപ്പോള്‍ പത്തുമുപ്പത്, ആഭരണഭൂഷിതരായ സ്ത്രീകള്‍ വന്ന് പാട്ടുപാടി നൃത്തമാടി. അതില്‍ ചെറുപ്പക്കാരികളും മധ്യവയസ്‌കരും പെടും. ആദരവോടെ എല്ലാവരും ചേര്‍ന്ന് ഞങ്ങളെ അവരുടെ സങ്കേതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അകത്ത് പത്തുവയസ്സിന് താഴെ പ്രായമുള്ള അന്‍പതോളം കുട്ടികള്‍ ഓടിക്കളിക്കുന്നുണ്ട്. മൂപ്പന്‍ അവിടത്തെ പല ചടങ്ങുകളും ആചാരങ്ങളും പറഞ്ഞുതന്നു. അതില്‍ വിദ്യാഭ്യാസം, ഭക്ഷണം, വിവാഹം, സംസ്‌കാരം, ചടങ്ങുകള്‍, അസുഖങ്ങള്‍, മരുന്നുകള്‍ തുടങ്ങി പലതും.

Masai Maras

പ്രാചീനമായ രീതിയില്‍ മരക്കഷണങ്ങള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുന്ന രീതി അവര്‍ കാണിച്ചുതന്നു. മൂപ്പന്റെ നിര്‍ദേശപ്രകാരം മൈക്ക് നാന എന്ന ഒരു മാരയാണ് ഇത് കാണിച്ചുതന്നത്. നിമിഷനേരംകൊണ്ട് തീപടലങ്ങള്‍ കൂട്ടിയിട്ട ചെറുവിറകുകഷ്ണങ്ങളില്‍ പടര്‍ന്നുപിടിച്ചു. മാരപുരുഷന്മാര്‍ ബഹുഭാര്യത്വത്തില്‍ വിശ്വസിക്കുന്നവരാണ്. നമ്മുടെ നാട്ടിലെ രീതിയില്‍നിന്നും വ്യത്യസ്തമായി പെണ്‍വീട്ടുകാര്‍ക്കാണ് ആണ്‍വീട്ടുകാര്‍ ധനം നല്‍കേണ്ടത്. പക്ഷേ, ഇവ കന്നുകാലികളായാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു വിവാഹത്തിന് ചുരുങ്ങിയത് 10 കന്നുകാലികളെങ്കിലും വേണമെന്ന് മൂപ്പന്‍ പറഞ്ഞു. അദ്ദേഹം രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്.മൂപ്പന്‍ ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വളരെ ചെറുതായ ആ കുടിലില്‍ ഒരു കിടപ്പുമുറിയാണുള്ളത്. ഇരിപ്പിടവും കട്ടിലും എല്ലാം മണ്ണുകൊണ്ട് നിര്‍മിച്ചിരിക്കുന്നു. വളരെ ഇടുങ്ങിയ ആ കുടിലില്‍ മുതിര്‍ന്നവരും ഒന്‍പത് കുട്ടികളും സന്തോഷപൂര്‍വം ഉറങ്ങുന്നു. അവിടത്തെ കുട്ടികള്‍ക്ക് ഞങ്ങള്‍ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ മൂപ്പന്റെ നിര്‍ദേശാനുസരണം എല്ലാ കുട്ടികളും നിലത്ത് വരിവരിയായി ഇരുന്നു. നിത്യവും ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് കുട്ടികളെ നാം കാണാതെപോവുന്നു.

ഒരു തടാകസഞ്ചാരം 

മസായ് മാരയില്‍നിന്നും 190 കി.മീ. യാത്രചെയ്ത് നെയ്വാഷ സിവ (Naivasha Lake) യുടെ തീരത്ത് എത്തി. നെയ്വാഷ എന്ന കെനിയന്‍ പദത്തിനര്‍ഥം ഇളക്കമുള്ള ജലം എന്നാണ്. ആ തടാകത്തില്‍ ഒരു യന്ത്രബോട്ടില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. ബോട്ട് ആദ്യം നിര്‍ത്തിയത് ഒരു ഹിപ്പോ കൂട്ടത്തിനരികിലാണ്. ഹിപ്പോ വളരെ അപകടകാരിയായ ജീവിയായതിനാല്‍ അകലം പാലിച്ചിരുന്നു.

Hippos

പിന്നീട് ഞങ്ങള്‍ ഒരു ചെറുദ്വീപിനെ ലക്ഷ്യംവെച്ച് നീങ്ങി. പച്ചപ്പുകൊണ്ടും വന്മരങ്ങള്‍കൊണ്ടും ആകര്‍ഷണീയമായ അവിടെ രണ്ട് ജിറാഫുകള്‍ സവിഹാരം നടത്തുന്നു. അവയുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ പറ്റി. തടാകത്തിലും സമീപങ്ങളിലുമായി ഞങ്ങള്‍ നാലുമണിക്കൂര്‍ ചെലവഴിച്ചു. അവിടെനിന്നും ഞങ്ങള്‍ പോവേണ്ടത് ഋഹലാലിമേമേ എന്ന സ്ഥലത്തേക്കാണ്. 30 കി.മീ. അകലമുള്ള ഈ സ്ഥലത്തേക്കുള്ള യാത്രയിലും മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. സെന്ററിം എലമന്റേറ്റ (Santarim Elementata) എന്ന ആ റിസോര്‍ട്ട് ഒരു വിശാലമായ കായല്‍തീരത്ത് മനോഹരമായി നിര്‍മിച്ചിരിക്കുന്നു. ഇത് ഒരു ഇന്ത്യന്‍ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ്. അവിടത്തെ ഓരോ കോട്ടേജില്‍നിന്നും കായല്‍ക്കാഴ്ചകള്‍ കാണാനാവും.

cottage

 

ഓര്‍മകളുമായി ഇനി മടക്കയാത്ര 

Yathra Cover Page
മാതൃഭൂമി യാത്ര ഈ ലക്കം വാങ്ങാം

കെനിയയിലെ വിസ്മയക്കാഴ്ചകള്‍ക്ക് മനസ്സില്ലാ മനസ്സോടെ വിരാമമിടേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഓരോ ദിവസങ്ങളിലെ ദൃശ്യങ്ങളും അനുഭവങ്ങളും മനോഹരങ്ങള്‍തന്നെയായിരുന്നു. ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ എല്ലാം വിവരിച്ച് ഡേവിഡ് ഞങ്ങളോടൊപ്പം സദാസമയവും ഉണ്ടായിരുന്നു. റിസോര്‍ട്ടില്‍നിന്നും വിമാനത്താവളത്തിലേക്കുള്ള 150കി.മീ. യാത്രയിലുടനീളം ഡേവിഡുമായി സംസാരിച്ച് പലതും അറിയാന്‍ ശ്രമിച്ചു. ഒരു അധ്യാപകന്റെ ലാഘവത്തോടെ അദ്ദേഹം എല്ലാം വിവരിച്ചുതന്നു. യാത്രാമധ്യേ ഒരു വലിയ അമ്പലത്തിന് മുന്‍പില്‍ ഡേവിഡ് വാഹനം നിര്‍ത്തിയിട്ടു. ദൂരയാത്രയ്ക്ക് പോവുകയല്ലേ, ഒന്ന് പ്രാര്‍ഥിച്ചുകൊള്ളൂ എന്ന നിര്‍ദേശവും. ഇവിടെ ഇത്തരത്തിലുള്ള ഒരു വലിയ അമ്പലമുള്ള കാര്യം ഞങ്ങള്‍ക്കറിയില്ലായിരുന്നു. വാഹനം എയര്‍പോര്‍ട്ടിലേക്ക് അടുക്കുകയാണ്. വാഹനത്തില്‍നിന്നും പെട്ടികള്‍ ഇറക്കിവെക്കുമ്പോള്‍ ഡേവിഡ് നിശ്ശബ്ദനായിരുന്നു. ഒടുവില്‍ എന്റെ രണ്ട് മക്കളെയും വാരിപ്പുണര്‍ന്ന് അയാള്‍ വിടവാങ്ങല്‍ ഒരു വരിയില്‍ ഒതുക്കി: ''മക്കളേ... നിങ്ങളുടെ അസാന്നിധ്യം തീര്‍ച്ചയായും എന്നില്‍ നിരാശയുണ്ടാക്കും.''റണ്‍വേയില്‍നിന്നും വിമാനം പറന്നുയര്‍ന്നു. ഞാന്‍ ജാലകത്തിലൂടെ ആ സുന്ദരിയെ ഒന്നുകൂടി നോക്കി. അറിയാതെ എന്റെ മനസ്സ് മന്ത്രിച്ചു: നീ സമ്മാനിച്ച കാഴ്ചകള്‍ ഞങ്ങള്‍ മങ്ങാതെ, മായാതെ സൂക്ഷിക്കും.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)