ഞ്ഞപ്പനി ഉറപ്പാണ്. പിടിച്ചുപറിയും തട്ടിക്കൊണ്ടുപോക്കും സ്ഥിരം കാഴ്ചകള്‍... പരുക്കന്‍ ജനങ്ങളാണ്. പുറത്തിറങ്ങിയാല്‍ പോക്കറ്റടിയുടെ ഇരയാകും. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്ക് യാത്ര പുറപ്പെടും മുന്‍പ് സുഹൃത്തുക്കള്‍ പങ്കുവെച്ച ഭയാശങ്കകള്‍. എയ്ഡ്‌സ് രോഗികളുടെ നാട് എന്നും കൂട്ടത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ എന്റെ മനസ്സില്‍ മഹാനായ എഴുത്തുകാരനും സഞ്ചാരിയുമായ എസ്.കെ. പൊറ്റെക്കാട്ട് നിറഞ്ഞുനിന്നു. ആ കാലങ്ങളില്‍ എന്തെല്ലാം പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണംചെയ്തുകൊണ്ടാണ് അന്നത്തെ അറിയാലോകത്തേക്ക് എസ്.കെ. സഞ്ചാരം നടത്തിയത് എന്ന് ഓര്‍ത്തപ്പോള്‍ അനശ്വരനായ ആ സഞ്ചാരിയുടെ സ്മരണകള്‍ക്ക് മുന്നില്‍ നമ്രശിരസ്‌കനായി. അപരിഷ്‌കൃതരുടെ രാജ്യങ്ങളില്‍, യാത്രാസൗകര്യമില്ലാതെയുള്ള സാഹസികയാത്രകള്‍. അതുകൊണ്ടുതന്നെ കാപ്പിരികളുടെ നാട്ടിലേക്ക് യാത്ര പുറപ്പെട്ടപ്പോള്‍ മുന്നില്‍ എവിടെയോ എസ്.കെ. കടന്നുപോയതുപോലെ. അതൊരു വെറും തോന്നലാവരുതേ എന്ന് മനസ്സില്‍ വെറുതെ ആഗ്രഹിച്ചുപോയി.

Kenya 1

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ വിമാനമിറങ്ങിയപ്പോള്‍ സമയം സന്ധ്യാനേരം. ചാറ്റല്‍മഴ. തണുത്ത കാറ്റിന്റെ സാന്ത്വനസ്പര്‍ശം. വിമാനത്താവളത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാരികളുടെ പ്രവാഹം. കറുത്തവരും വെളുത്തവരും ഗോതമ്പുനിറമുള്ളവരും ഒരുപോലെ സന്ദര്‍ശകരാണ്. ഇന്ത്യന്‍ കുടുംബങ്ങള്‍ ഒട്ടേറെയുണ്ട്. കെനിയയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബ് സ്വദേശികള്‍. ഒന്ന് കണ്ണോടിച്ചുനോക്കി. ഇല്ല, മലയാളിയെ എയര്‍പോര്‍ട്ടില്‍ എവിടെയും കണ്ടില്ല. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ തണുത്ത കാറ്റിന്റെ സാന്ത്വനസ്പര്‍ശം. ചാറ്റല്‍മഴ. ഓവര്‍കോട്ട് ധരിച്ചതുകൊണ്ട് ഭാഗ്യം. മഴയും തണുത്ത കാറ്റും കാരണം സാധാരണ പനി വന്നാല്‍ തന്നെ അത് മഞ്ഞപ്പനിയാണോ എന്ന സംശയം ഉണ്ടാക്കും. ചുറ്റും മലനിരകള്‍. തിരക്കേറിയ വലിയ റോഡുകള്‍. ആഫ്രിക്കന്‍ ശക്തിസൗന്ദര്യം നിറഞ്ഞൊഴുകുന്ന പ്രകൃതിമനോഹാരിത. ശാന്തശീലരായ ജനങ്ങള്‍. ഇന്ത്യന്‍വംശജരോട് സഹോദരങ്ങളെപോലെയാണ് കെനിയന്‍ ജനത പെരുമാറുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്നല്ലോ ഒരിക്കല്‍ ഇന്ത്യയും കെനിയയും.

Kenya 2

ടൂറിസമാണ് കെനിയയുടെ പ്രധാന വരുമാനമാര്‍ഗം. പ്രതിവര്‍ഷം ശരാശരി 130 മില്യണ്‍ ഡോളര്‍ വിനോദസഞ്ചാരത്തില്‍നിന്ന് ലഭിക്കുന്നു. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ അറുപതു ശതമാനം. കാര്‍ഷികവ്യാവസായിക മേഖലയിലെ വരുമാനമാണ് പിന്നെയുള്ളത്. നാല്പത്തിയേഴ് വ്യത്യസ്ത ഗോത്രങ്ങള്‍, 64പ്രാദേശികഭാഷകള്‍. എന്നാല്‍ ബ്രിട്ടീഷ് കെനിയന്‍ ഭാഷയാണ് ഗോത്രവര്‍ഗക്കാര്‍ ടൂറിസ്റ്റുകളോട് സംസാരിക്കുന്നത്. ഇന്ത്യന്‍വംശജരെ കാണുമ്പോള്‍ നമസ്‌തേ എന്ന ഉപചാരവാക്കുകള്‍. എയര്‍പോര്‍ട്ടില്‍നിന്ന് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഡ്രൈവര്‍ കം ഗൈഡായ കെനിയന്‍ സ്വദേശി കിബി പറഞ്ഞു. നാളെ കാലത്തുതന്നെ മാസായി  മാരയിലേക്കു പോകണം. കെനിയയിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റുകേന്ദ്രം. തുറന്ന വനപ്രദേശം. നെയ്‌റോബിയില്‍നിന്ന് ആറു മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്യണം. തീരെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍. കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ വനാന്തരത്തിലെ യാത്ര അപായകരം. അതുകൊണ്ടുതന്നെ സാഹസികവും. ഇരുവശവും കാടാണ്. വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം ചെയ്യന്നതു കാണാം. വാഹനത്തിനടുത്ത് മൃഗങ്ങള്‍ വരികയില്ലെന്ന് കിബി ഉറപ്പുനല്‍കിയിരുന്നു. ദുര്‍ഘടമായ കാട്ടുപാതയിലൂടെ വേഗത്തില്‍ വാഹനം ഓടിച്ച കിബിയുടെ ഡ്രൈവിങ് ഞങ്ങളെ പേടിപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തു. നട്ടെല്ലിന്റെ വേദന അനുഭവപ്പെട്ടത് സാഹസികയാത്രയുടെ ഭാഗമായിട്ടാണ് കണ്ടത്. 

Kenya 3

മാസായി മാര കെനിയയിലെ പ്രധാന ഗോത്രത്തിന്റെ പേരാണ്. ഈ ഗോത്രവര്‍ഗക്കാരാണ് ഇവിടെ ജീവിക്കുന്നത്. പതിനായിരത്തോളമാണ് ഇവരുടെ ഭൂരിപക്ഷം. വന്യമൃഗങ്ങള്‍ക്കൊപ്പം കാടിനുള്ളില്‍ കഴിയുന്ന മാസായി മാര ഗോത്രത്തെ അവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് കെനിയന്‍ ഗവണ്‍മെന്റ് അതേപേരില്‍ ഒരു ഓപ്പണ്‍ ഫോറസ്റ്റ് ടൂറിസ്റ്റുകേന്ദ്രമാക്കി മാറ്റി. മാസായി മാര ഗോത്രത്തിന് പല സവിശേഷതകളുമുണ്ട്. വലിയ കുടുംബമായിട്ടാണ് കാട്ടിനുള്ളില്‍ ഇവര്‍ കഴിയുന്നത്. വലിയ വേലിക്കെട്ടുകള്‍ ഒന്നുമില്ല. ആടുകള്‍ക്കും പശുക്കള്‍ക്കും സുരക്ഷിതമായി ആലയങ്ങള്‍ പണിതിട്ടുണ്ട്. ഗോത്രശൈലിയില്‍ കുടിലുകള്‍. വന്യമൃഗങ്ങള്‍ തങ്ങളെ ആക്രമിക്കില്ലെന്ന് ഇവര്‍ക്കുറപ്പുണ്ട്.  മൃഗങ്ങളെ അങ്ങോട്ട് ആക്രമിച്ചാലേ അവ തിരിച്ച് ആക്രമിക്കുകയുള്ളുവെന്ന് മാസായി മാര ഗോത്രം സ്വന്തം അനുഭവങ്ങളില്‍നിന്ന് പറയുന്നു. ബഹുഭാര്യത്വമാണ് ഗോത്രത്തിന്റെ സവിശേഷത. സ്വന്തമായി അന്‍പതും നൂറും ആടുകളും പശുക്കളുമുള്ള സമ്പന്നര്‍ അഞ്ചു ഭാര്യമാരെ വിവാഹം ചെയ്യുന്നു. എണ്ണത്തില്‍ നിയന്ത്രണമില്ല. എത്രയുമാവാം. പക്ഷേ, ഗോത്രത്തലവനെ ബോധ്യപ്പെടുത്തണം, എല്ലാ ഭാര്യമാരെയും കുട്ടികളെയും ഒരുപോലെ സംരക്ഷിക്കുമെന്ന്. അത് ഗോത്രസഭയില്‍ പരസ്യമായി പറയുകയും വേണം. കാടിനുള്ളിലെ ഒരു ചായ്പ്പില്‍ വണ്ടി നിറുത്തിയ കിബി വെള്ളം കുടിക്കുന്നതിനിടയില്‍ മാസായി മാര ഗോത്രവംശജനെ പരിചയപ്പെടുത്തിത്തന്നു. മുന്നില്‍ രണ്ടു പല്ലില്ലാത്ത ചിരി. കടുത്ത വര്‍ണത്തിലുള്ള മേല്‍ക്കുപ്പായം, കൈയിലൊരു വടി. കാട്ടിനുള്ളില്‍ നടന്നുപോകുമ്പോള്‍ ഒരു ആയുധം എന്ന നിലയില്‍. അയാള്‍ക്ക് വയസ്സ് 60 നാല് ഭാര്യമാരിലായി 20 മക്കള്‍. 10 പേരക്കുട്ടികള്‍. ആദ്യ ഭാര്യയിലെ മകള്‍ക്ക് പ്രായം പതിനെട്ട്. അടുത്ത വര്‍ഷം അതേ പ്രായത്തിലുള്ള ഒരു ഭാര്യകൂടി തന്റെ ജീവിതപങ്കാളി ആവുമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഇതൊക്കെ എന്തദ്ഭുതം എന്ന രീതിയില്‍ കിബി നിസ്സംഗനായി ഇരിക്കുന്നത് കണ്ടു.

Kenya 4

ഇനി വന്യമൃഗങ്ങളെ കാണാനുള്ള വനാന്തരയാത്ര. ഞങ്ങള്‍ കയറിയ സഫാരിവാഹനത്തിന്റെ മുകള്‍ഭാഗം കിബി തുറന്നുതന്നു. ഇപ്പോള്‍ സീറ്റില്‍ കയറിനിന്ന് പുറത്തെ കാഴ്ചകള്‍ കാണാം. പാറക്കെട്ടുകള്‍ക്ക് മുകളില്‍നിന്ന് താഴോട്ടേക്കുള്ള ചെറിയ വെള്ളച്ചാട്ടങ്ങള്‍, കാട്ടരുവികള്‍, പക്ഷികളുടെ കളകുജനം... ശാന്തവും എന്നാല്‍ പേടിപ്പെടുത്തുന്നതുമായ അനുഭവം. കിബി വാഹനം നിര്‍ത്തി. എന്നിട്ട് ഞങ്ങള്‍ക്ക് കാണിച്ചുതന്നു, കുറ്റിക്കാട്ടില്‍ പതുങ്ങി ഇരിക്കുന്ന സിംഹരാജാവ്. അടുത്ത് രാജ്ഞിയും. പിന്നെ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ്. പൂര്‍ണഗര്‍ഭിണിയായ ഒരു സീബ്രയുടെ വയറിന്റെ ഭാഗം കടിച്ചുപറിച്ചിട്ടിരിക്കുന്നു. ഗര്‍ഭപാത്രത്തില്‍നിന്ന് പിറക്കാന്‍പോകുന്ന സീബ്രക്കുഞ്ഞിനെ രണ്ടു സിംഹങ്ങളും കൂടി തിന്നുകഴിഞ്ഞിരുന്നു. എന്നിട്ട് ഇരയുടെ ബാക്കി ശരീരാവശിഷ്ടങ്ങള്‍ക്ക് കാവല്‍നില്‍ക്കുകയാണ് രണ്ടു സിംഹങ്ങളും. മറ്റുള്ള മൃഗങ്ങള്‍ വന്ന് തിന്നാതിരിക്കാനും പിന്നീട് വീണ്ടും കഴിക്കാനും. ഡ്രൈവര്‍ കിബി സിംഹങ്ങള്‍ക്കടുത്ത് വാഹനം നിര്‍ത്തി. ആദ്യം തലയുയര്‍ത്തി ഒന്ന് നോക്കിയെങ്കിലും പിന്നെ കാണാത്തഭാവത്തില്‍ സിംഹങ്ങള്‍ അവിടെതന്നെ ഇരുന്നു. വാഹനത്തില്‍ നിന്നുകൊണ്ട് ആ ദൃശ്യങ്ങള്‍ പകര്‍ത്തി തിരിച്ചുപോകുന്നതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല. മാസായി മാര വനത്തിനകത്ത് ഇത് സ്ഥിരം കാഴ്ച ആണല്ലോ.

Kenya 5

1961ലാണ് മാസായി മാര കാടിനെ വിനോദസഞ്ചാരമേഖലയായി പ്രഖ്യാപിച്ചത്. കൗണ്ടി കൗണ്‍സിലിനാണ് ഇതിന്റെ പ്രാദേശിക അധികാരം. സിംഹങ്ങള്‍ക്കു പുറമേ പുള്ളിപ്പുലി, കരടി, കഴുതപ്പുലി, ഹിപ്പോപൊട്ടാമസ്, ആഫ്രിക്കന്‍ ആനകള്‍, കാണ്ടാമൃഗം, സീബ്ര, ജിറാഫ്, ചെന്നായ, മാനുകള്‍... ഇങ്ങനെ ആഫ്രിക്കന്‍കാടുകളിലെ മൃഗങ്ങളെല്ലാം സൈ്വര്യവിഹാരം നടത്തുന്ന മാസായി മാര ലോകത്തിലെ മികച്ച വന്യമൃഗസംരക്ഷണ മേഖലയാണ്. സഞ്ചാരികള്‍ക്ക് സാഹസിക വിസ്മയ വനപ്രദേശവും. പൊന്തക്കാടുകളും ചെറു അരുവികളുമാണ് വന്യമൃഗങ്ങളുടെ വിശ്രമസ്ഥലങ്ങള്‍. അതുകൊണ്ടുതന്നെ സഫാരിവാഹനങ്ങളില്‍നിന്ന് ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല. എപ്പോഴും എവിടെനിന്നെങ്കിലും മൃഗങ്ങളുടെ ആക്രമണം ഉണ്ടാകാം. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. സൂര്യനസ്തമിക്കാന്‍നേരം ദേശാടനപ്പക്ഷികള്‍ വലിയ സംഘമായി കാട്ടിന് മുകളിലൂടെ പറന്നുപോകുന്നത് കാണാം.  230 തരം പക്ഷികളെ മാസായി മാര വനത്തില്‍ പര്യവേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വന്യജീവികളെ വളരെ സൂക്ഷ്മതയോടെയാണ് കൗണ്ടി കൗണ്‍സില്‍ പരിരക്ഷിക്കുന്നത്. മൃഗങ്ങള്‍ക്ക് പരിക്കോ അസുഖമോ ഉണ്ടെന്നു കണ്ടെത്തിയാല്‍ ഹെലികോപ്റ്ററിലെത്തിയാണ് സംരക്ഷിക്കുന്നത്.

Kenya 6

ദശലക്ഷക്കണക്കിന് വന്യമൃഗങ്ങളുടെ കൂട്ടപ്പലായന കാഴ്ച... എല്ലാ വര്‍ഷവും ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മാസായി മാരയില്‍നിന്നും സരങ്കെറ്റി വനഭൂമിയിലേക്കാണ് അഭൂതപൂര്‍വ പലായനം നടക്കുന്നത്. അതൊരു വിസ്മയക്കാഴ്ചതന്നെയാണ്. ദേശാടനക്കിളികള്‍ ആകാശത്തും സിംഹവും കടുവയും എല്ലാം വനഭൂമിയില്‍നിന്നും കൂട്ടംകൂട്ടമായി നടന്നുനീങ്ങുന്നു. ആഭ്യന്തരകലാപവും യുദ്ധങ്ങളും സൃഷ്ടിക്കുന്ന ഭീതിജനകമായ സമകാലിക മനുഷ്യരുടെ പലായനം നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഭയവിഹ്വലതകള്‍ ഇല്ലാതെ ശാന്തരായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള വന്യജീവികളുടെ പലായനം തീര്‍ത്തും വ്യത്യസ്തം.

Kenya 7

Kenya 8

Kenya 9