ളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രാചീന ഗ്രീസിന്റെയും റോമിന്റെയും ചരിത്രം പഠിപ്പിച്ചുകൊണ്ടിരുന്ന എന്റെ അധ്യാപകന്‍ മധ്യേഷ്യയിലെ റോമന്‍ ആധിപത്യത്തെക്കുറിച്ച് വിവരിക്കുന്ന സന്ദര്‍ഭത്തില്‍ ജൂഡിയന്‍ മരുഭൂമിയിലെ ഒരു കോട്ടയും, അവിടെ ആത്മാഹുതി ചെയ്ത കുറേ ജൂതന്‍മാരെയും കുറിച്ച് പറഞ്ഞതായി ഓര്‍ക്കുന്നു. 

ചാവുകടലിനടുത്തുള്ള ഡേവിഡ് ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജൂത സുഹൃത്ത് ഹൈമ് ഹാറോണും ഭാര്യ നോഗയും ഇന്നത്തെ യാത്ര മസാദ എന്ന കോട്ടയിലേക്കാണ് എന്നറിയിച്ചപ്പോഴാണ് ഈ സംഭവം ഓര്‍മ വന്നത്. ഏകദേശം അരമണിക്കൂര്‍കൊണ്ട് അവിടെ എത്തിച്ചേരാമെന്നും ഹൈമ് ഹാറോണ്‍ സൂചിപ്പിച്ചു. ജെറുസലേം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന മസാദ എന്ന ഇസ്രയേലിലെ മഹത്തായ പുരാവസ്തു ശേഷിപ്പുകളുടെ ഭൂമികയിലേക്ക് യാത്ര പുറപ്പെടാന്‍ അതീവ സന്തോഷത്തോടെ ഞാന്‍ തയ്യാറെടുത്തു.

ചരിത്രത്തിലൂടെ

മസാദ ഉപരോധവും തുടര്‍ന്ന് എ.ഡി. 73 മുതല്‍ 74 വരെ നടന്ന ജൂത റോമന്‍ യുദ്ധവുമെല്ലാം മധ്യേഷ്യയുടെ പ്രാചീന ചരിത്രത്തിലെ മായാത്ത ഏടുകളാണ്. ജൂത വിമത നേതാവായിരുന്ന ജൂസിഫസിന്റെ വിവരണങ്ങളില്‍നിന്നാണ് മസാദ കോട്ടയുടെ ചരിത്രവസ്തുതകള്‍ പുറത്തുവരുന്നത്. റോമന്‍ പടയാളികള്‍ തടവിലാക്കി പിടിച്ചുകൊണ്ട് പോയ ഗലീലിയയിലെ സൈന്യാധിപനായിരുന്ന  ജൂസിഫസ് പിന്നീട് ചരിത്രകാരനാവുകയായിരുന്നു. മസാദയുടെ ചരിത്രം രേഖപ്പെടുത്തിയ മഹത്തായ കലാപം (Great Revolt) എന്ന് ചരിത്രകാരന്‍മാര്‍ പറയുന്ന ജൂത -റോമന്‍ കലാപത്തെ തുടര്‍ന്ന് ജൂസിഫസ് , വെസ്പാസിയന്റെ നേതൃത്വത്തിലുള്ള റോമന്‍ പടയാളികള്‍ക്ക് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. 

തുടര്‍ന്ന് റോമിലേക്ക് പോയ അദ്ദേഹം ജൂതചരിത്രവും മസാദയുടെ പതനത്തിന്റെ ചരിത്രവും രേഖപ്പെടുത്തിവെച്ചു. ഈ ചരിത്രരേഖകളില്‍ ചിലതൊക്കെ വസ്തുനിഷ്ഠാപരമായ തെളിവുകള്‍ നിരത്തിയതല്ലെന്നും, മസാദ കോട്ട പ്രദേശത്ത് നടന്ന ഉദ്ഖനനങ്ങള്‍ അദ്ദേഹത്തിന്റെ വിവരണങ്ങളെ സാധൂകരിക്കുന്നില്ലെന്നും ഹിബ്രു സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകരും ചരിത്രകാരന്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. 

മസാദയുടെ ചരിത്രം ആരംഭിക്കുന്നത് ഹസ്മോനിയന്‍ രാജവംശകാല ഘട്ടത്തോടുകൂടിയാണ്. ഫഌവിയസ് ജൂസിഫസിന്റെ രേഖകളില്‍ മസാദ കോട്ട ആദ്യമായി നിര്‍മിച്ചത് മഹാപുരോഹിതനായ ജോനാതനാണെന്ന് കാണുന്നു. ഹാസ്മോനിയന്‍ രാജാവായിരുന്ന (BC 103-76 BC) അലക്സാണ്ടര്‍ ജാനിയസിന്റെ ഭരണകാലഘട്ടത്തിലെ നാണയങ്ങള്‍ ഈ കോട്ടയ്ക്ക് സമീപത്തുനിന്ന് ഉദ്ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. ഇതുവരെ നടന്ന പര്യവേഷണങ്ങളിലും ഉദ്ഖനനങ്ങളിലും ഹസ്മോനിയന്‍ രാജവംശവുമായി മസാദ കോട്ടയ്ക്കുള്ള ബന്ധം അടയാളപ്പെടുത്തുന്ന കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. മസാദയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും സജീവവുമായ കാലഘട്ടം ഹെറോദ് രാജാവിന്റെ (BC 37-BC 4) ഭരണകാലത്താണ്. ഒരു ശീതകാലവസതിയും ഹെറോദ് ഇവിടെ നിര്‍മിച്ചു. ആഡംബര കൊട്ടാരങ്ങള്‍, ജലസംഭരണികള്‍, ധാന്യപ്പുരകള്‍, കുളിപ്പുരകള്‍, കോട്ടമതിലുകള്‍ തുടങ്ങിയവ ഹെറോദിന്റെ ഭരണകാലത്തെ മറ്റ് പ്രധാന നിര്‍മിതികളാണ്. 

ചാവുകടലിനടുത്തുള്ള മസാദ, ഹെറോദിന്റെ കൊട്ടാരത്തിലേക്കുള്ള വഴി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ പഴയ നിയമത്തിലുണ്ട്. ദാവീദ് രാജാവ് മൂന്ന് പ്രാവശ്യം മസാദ കോട്ട സന്ദര്‍ശിച്ചിരുന്നു എന്ന് ബൈബിളിനെ ആസ്പദമാക്കി പുരാവസ്തു ഗവേഷണവും ഉദ്ഖനനവും നടത്തിയ ഗോര്‍ഡന്‍ ഫ്രാന്‍സ് അഭിപ്രായപ്പെടുന്നു. ഹിബ്രു ഭാഷയില്‍ മസാദ എന്ന വാക്കിന് വലിയ കോട്ട, അടിസ്ഥാനശില എന്നിങ്ങനെ രണ്ട് അര്‍ഥങ്ങളുണ്ട്. ഹെറോദ് രാജാവിന്റെ മരണത്തോടുകൂടി (4BC) മസാദയുടെ സുവര്‍ണകാലഘട്ടം അവസാനിച്ചു. 

എ.ഡി. 66-ാം ആണ്ടില്‍ കോട്ടയുടെ പരിപൂര്‍ണ അധികാരം റോമന്‍ സാമ്രാജ്യശക്തികളുടെ കൈകളിലേക്ക് വന്നുചേര്‍ന്നതോടെ മസാദയുടെ ചരിത്രഗതി മാറുകയായിരുന്നു. ജൂതന്‍മാര്‍ റോമന്‍ പടയാളികള്‍ക്കെതിരെ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പില്‍നിന്നാണ് മഹത്തായ വിപ്ലവത്തിന്റെ (Great Revolt) തുടക്കം. ശിക്കാരി (Sicarri) എന്നറിയപ്പെടുന്ന വളഞ്ഞ കത്തികളുമേന്തി ഒരു കൂട്ടം ജൂതപ്പോരാളികള്‍ നടത്തിയ വിപ്ലവത്തിന്റെ തുടക്കം ജെറുസലേമില്‍നിന്നാണ്. എ.ഡി. 70 -ാം ആണ്ടോടുകൂടി വിമത ജൂതപ്പോരാളികള്‍ കോട്ടമതിലിനടുത്തുള്ള മുറികളിലും ചിലര്‍ ഹേറോദിന്റെ കൊട്ടാരത്തിലും താമസമാരംഭിച്ചു. ഇവര്‍ ഒരു സിനഗോഗും മിക്ക് വേസ് (Mikvehs) എന്ന ഹിബ്രുനാമത്തിലറിയപ്പെടുന്ന ജൂത അനുഷ്ഠാന കുളിപ്പുരകളും കോട്ടയ്ക്കുള്ളില്‍ നിര്‍മിച്ചു. 

സാമ്രാജ്യമോഹികളായ റോമന്‍ പടയാളികള്‍ മസാദക്കോട്ടയ്ക്ക് സമീപം എട്ട് സൈനിക ക്യാമ്പുകളും, ഉപരോധ മതിലുകളും, മതിലിന് ചുറ്റും മലയിലേക്ക് കയറാനും ഇറങ്ങാനുമുള്ള മരംകൊണ്ടും, കല്ലുകൊണ്ടും കോവണികളും നിര്‍മിച്ചു. റോമന്‍ പടയാളികള്‍ കോട്ടമതില്‍ പൊളിക്കാന്‍ ഒരു ഗോപുരം തന്നെ കൊണ്ടുവന്നു. തുടര്‍ന്ന് ജൂതവിമതര്‍ മരവും, മണ്ണും ഉപയോഗിച്ച് നിര്‍മിച്ചിരുന്ന രക്ഷാമതിലുകള്‍ക്ക് തീ കൊളുത്തി. എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ റോമന്‍ സഹായശക്തികള്‍ ഇവിടെ തുടര്‍ന്നു. റോമക്കാര്‍ മസാദയില്‍നിന്ന് പിന്‍വാങ്ങിയശേഷം 300 വര്‍ഷം അധിനിവേശമോ ജനവാസമോ ഉണ്ടായിരുന്നില്ല. എ.ഡി. 5-ാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ കാലത്ത് ഒരു സന്ന്യാസി മഠം മസാദയില്‍ സ്ഥാപിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ മസാദ വിസ്മൃതിയിലാണ്ടുപോയ ഒരു ചരിത്ര സ്മാരകമായിരുന്നു.ബ്രിട്ടീഷ് പര്യവേഷകരായിരുന്ന സ്മിത്തും റോബിന്‍സണും ചേര്‍ന്നാണ് 1828-ല്‍ മസാദകോട്ട കെണ്ടത്തിയത്്. 1966-ല്‍ മസാദ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. 2001-ലാണ് മസാദ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചത്.

വിസ്മയ കാഴ്ചകളിലേക്ക് 

ഡേവിഡ് ഹോട്ടലിന് പുറത്ത് ഹൈമ്ഹാറോണും നോഗയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഹോട്ടലില്‍നിന്ന് 17 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ മസാദ എന്ന ഇസ്രയേലിലെ ഏറ്റവും വലിയ പുരാവസ്തു ശേഷിപ്പുകളുടെ മഹത്തായ ഭൂമിയിലേക്ക്. ഇസ്രയേലിലെ ആദ്യകാല ജൂത കുടിയേറ്റ ഗ്രാമമായ മിസ്ലാത്ത് സിച്ചിയില്‍നിന്ന് കുടിയേറിയ ജൂതനാണ് ഹൈമ്ഹാറോണ്‍. എഴുപത്തിരണ്ടുകാരനായ ഹൈമ്ഹാറോണിന്റെ സുസുക്കി ഇസുസു വിക്രോസ് കാറിലായിരുന്നു യാത്ര. ചാവുകടലില്‍ സ്‌നാനം ചെയ്യുന്നവരുടെ കാഴ്ചകള്‍ പിന്നീട് വാഹനം നീങ്ങി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ കുറയാതെ വാഹനമോടിക്കാന്‍ കഴിയുന്ന സുന്ദരമായ പാതകള്‍. ഒരു വശത്ത് വന്ധ്യമായ ജൂഡിയന്‍ പര്‍വത പീഠഭൂമിയും മറുവശത്ത് ചാവുകടലിന്റെ നിശ്ചലതയുമാണ്. ഭൂഗര്‍ഭ ശാസ്ത്രകാരന്‍മാരുടെ അഭിപ്രായത്തില്‍ 135 മുതല്‍ 66 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപം കൊണ്ടതാണ് ഈ പര്‍വതനിരകള്‍. 

വരണ്ട ചുവപ്പ് നിറമാര്‍ന്ന ജൂഡിയന്‍ മലനിരകളിലെ പാറക്കൂട്ടങ്ങള്‍ ടെറാറോസാ (Terrarosa) എന്ന പേരിലാണ് അറിയപ്പെടുന്നത്. നീണ്ട കിഴുക്കാന്‍തൂക്കായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന മസാദക്കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തായി വാദിബെന്‍യേര്‍ എന്ന സ്ഥലവും, തെക്കുകിഴക്കായി വാദി മസാദ എന്ന സ്ഥലവും സ്ഥിതിചെയ്യുന്നു. കോട്ട നില്ക്കുന്ന പ്രദേശം ചാവുകടലില്‍നിന്ന് 500 മീറ്ററോളം ഉയരത്തിലാണ്. മസാദക്കോട്ട രണ്ട് പുരാതന വഴികളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജൂഡിയന്‍ മരുഭൂമിയിലൂടെയുളള ഒരു വഴി കിഴക്കന്‍ ജോര്‍ദാനിലെ വിവിധ പ്രവിശ്യകളിലേക്കും, മറ്റൊരു വഴി കിഴക്കന്‍ ജോര്‍ദാനിലെ മോവാബ് സാമ്രാജ്യ അവശിഷ്ടങ്ങളിലൂടെ അറാവാ താഴ്വരയില്‍നിന്ന് യെന്‍ഗേദി വഴി ജെറുസലേമിലേക്കും നീളുന്നു. 

കോട്ടയുടെ പരിസരത്തിനടുത്തുള്ള ചെക്ക് പോയിന്റില്‍വെച്ച് ഞങ്ങളുടെ വാഹനം പോലീസ് തടഞ്ഞു. എന്റെ പാസ്പോര്‍ട്ടും, വിസയും ഒരു ഇസ്രയേലി പോലീസുകാരി ആവശ്യപ്പെട്ടു. പേരും യാത്രോദ്ദേശ്യവും തിരക്കിയ ശേഷം ഞങ്ങള്‍ക്ക് യാത്രാമംഗളം നേരാനും അവര്‍ മറന്നില്ല. മസാദ കോട്ടയില്‍ പ്രവേശിക്കാനും കേബിള്‍ കാര്‍ യാത്രയ്ക്കുമുള്‍പ്പെടെ 75 ഷിക്കല്‍സ് വീതം ഫീസ് അടയ്ക്കണം. കേബിള്‍ കാറില്‍ കയറുന്നതിന് മുമ്പ് 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള മസാദയുടെ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിപ്രദര്‍ശനമുണ്ട്. മസാദ എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കേബിള്‍ കാറിനുള്ളില്‍വെച്ചാണ് ശരിക്കും ബോധ്യപ്പെടുക. ജൂഡിയന്‍ മരുഭൂമിയുടെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് 650 മീറ്റര്‍ നീളവും, 300 മീറ്റര്‍ വീതിയുമുണ്ട്. 

കേബിള്‍ കാറില്‍ നിന്നിറങ്ങി കോട്ടയിലേക്കുള്ള പാതയിലെത്തുമ്പോള്‍ മസാദയിലെ മുപ്പതോളം വ്യത്യസ്ത കാഴ്ചകളെക്കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റുകള്‍ കാണാം. കാല്‍നടയായി മസാദയിലേക്ക് കയറാനും ഇറങ്ങാനുമുള്ള വീതി കുറഞ്ഞ ചെറിയ പാതകളെയാണ് സര്‍പ്പപാതകള്‍ എന്നുവിളിക്കുന്നത്. വളഞ്ഞും, പുളഞ്ഞും നീളുന്ന പാതയിലൂടെ നടന്നു. സര്‍പ്പപാതയ്ക്ക് വലതുവശത്തുള്ള ചവിട്ടുപടികള്‍ കയറിയാല്‍ ഹെറോദ് രാജാവിന്റെ കാലത്ത് നിര്‍മിച്ച ജലസംഭരണിയുടെ അവശിഷ്ടങ്ങള്‍ കാണാം. സര്‍പ്പപാതയുടെ ഇരുവശത്തുള്ള കല്ല് വെട്ടുകുഴികളില്‍ കട്ടികൂടിയതും, കുറഞ്ഞതുമായ ഡോളോമൈറ്റ് കല്ലുകളുടെ നിക്ഷേപങ്ങള്‍ ധാരാളം കാണുന്നു. 

കോട്ടമതിലിന്റെയും, ഹെറോദിന്റെ കൊട്ടാരത്തിന്റെയും നിര്‍മാണത്തിന് ചെറുതും വലുതുമായ ഈ കല്ലുകള്‍ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ കല്ലുവെട്ടുകുഴികള്‍ പിന്നീട് ജലസംഭരണികളും, വടക്കേ കൊട്ടാരക്കെട്ടുകളെ സംരക്ഷിക്കാനുള്ള കിടങ്ങുകളുമാക്കി മാറ്റി. കൊട്ടാര നിര്‍മിതിയിലെ പ്രധാന ഘടകങ്ങളായ ഉരുണ്ട തൂണുകളും, കാപ്പിറ്റലുകളും (Column Capitol) ഖനനം ചെയ്‌തെടുത്തത് ഈ കല്ലുവെട്ട് കുഴിയില്‍നിന്നാണ്. കുഴിയുടെ വലതുവശത്തുള്ള വഴിയിലാണ് സൈനിക മേധാവിയുടെ വസതി. നടുമുറ്റവും, ചുമര്‍ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുള്ള മുറികളും ഇവിടെ കാണാം. ജൂതവിമതര്‍ ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന ഈ വസതികള്‍ ഭാഗികമായി നശിച്ച അവസ്ഥയിലാണ്. വലതുവശത്തേക്ക് നടന്നാല്‍ വടക്കന്‍ സമുച്ചയങ്ങള്‍ (Northern Complex) എന്ന് വിളിക്കുന്ന മസാദയിലെ ഏറ്റവും ശ്രദ്ധേയമായ പുരാവസ്തുശേഷിപ്പുകള്‍ കാണാം. ഭക്ഷണകലവറകള്‍, കുളിപ്പുരകള്‍, ഭരണനിര്‍വാഹകരുടെ മുറികള്‍, വടക്കേ കൊട്ടാരം (Northern Palace) തുടങ്ങിയ പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ കാണാവുന്നതാണ്. 

സൈന്യാധിപന്റെ മുഖ്യ കാര്യാലയ മുറികളില്‍ ക്ലാസിക്കല്‍ ഗ്രീക്കോ റോമന്‍ ശൈലിയിലുള്ള ഫ്രെസ്‌ക്കോ (Fresco) ചിത്രങ്ങളുടെ അതിപ്രസരം കാണാം. ഹെറോദ് രാജാവിന്റെ ചിത്രകാരന്‍മാര്‍ ആലങ്കാരിക രൂപചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തതായി കാണുന്നില്ല. വടക്കേ കൊട്ടാരത്തിലെ ചുമരുകളില്‍ മാര്‍ബിളില്‍ ജ്യാമിതീയ രൂപങ്ങള്‍ക്കും പുഷ്പാലംകൃത ചിത്രീകരണത്തിനും കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നു. ധാന്യം സൂക്ഷിക്കാന്‍ നിര്‍മിച്ചിട്ടുള്ള 29 മുറികളാണ് മറ്റൊരു ആകര്‍ഷണം. എല്ലാ മുറികള്‍ക്ക് മുമ്പിലും ഇടനാഴിയുണ്ട്. ഫഌവിയസ് ജൂസിഫസ് ഈ ധാന്യപ്പുരകളെക്കുറിച്ച് ജൂതയുദ്ധങ്ങള്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടെനിന്ന് വീഞ്ഞ് സംഭരിച്ചുവെക്കുന്ന റോമന്‍ നിര്‍മിത ഭരണികളും, വലുതും ചെറുതുമായ ധാരാളം പാത്രങ്ങളും ഹിബ്രു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഉദ്ഖനനങ്ങളില്‍ പുറത്തെടുത്തിട്ടുണ്ട്. 

 മസാദയുടെ യഥാര്‍ഥ പ്രൗഢി വിളിച്ചോതുന്ന ആകര്‍ഷകമായ നിര്‍മിതിയാണ് നോര്‍ത്തേണ്‍ പാലസ് എന്ന പേരിലറിയപ്പെടുന്ന, കോട്ടയുടെ വടക്കുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഹെറോദ് രാജാവിന്റെ കൊട്ടാരം. ഹെലനിസ്റ്റിക്കും റോമന്‍ വാസ്തുശില്പശൈലിയും കൂടിച്ചേര്‍ന്ന മഹാസൗധം ഭാഗികമായി തകര്‍ന്ന നിലയിലാണ്. കേടുകൂടാതെ നിലനില്‍ക്കുന്ന റോമന്‍ ശൈലിയിലുള്ള തൂണുകള്‍, മൊസൈക്ക് പാകിയ നിലങ്ങള്‍, ഫ്രെസ്‌ക്കോ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചുമരുകള്‍, ഗ്രീക്ക് കൊറിന്ത്യന്‍ ക്യാപ്പിറ്റലുകള്‍ എന്നിവ ഇന്നും പ്രതാപം ചോരാതെ. മട്ടുപ്പാവില്‍ റോമന്‍ ശൈലിയില്‍ പണിതിട്ടുള്ള കുളിപ്പുരകളുണ്ട്. ഈ കുളിപ്പുരകള്‍ക്ക് മുകളില്‍ നിന്നാല്‍ ഉദ്ഖനനം നടത്തിയിട്ടില്ലാത്ത ധാന്യപ്പുരകളുടെ വ്യക്തമായ ചിത്രം ലഭിക്കും. എ.ഡി. നാലാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കത്തില്‍ മസാദയിലെ ഒട്ടുമിക്ക നിര്‍മിതികളും തകര്‍ന്നിരുന്നു. കോട്ടയിലെ ജലസംഭരണിയുടെ കവാടവും, ജലം കൊട്ടാരത്തിലെ വിവിധ മുറികളിലേക്കും കുളിപ്പുരകളിലേക്കും ഒഴുകിയെത്തിക്കുന്ന സംവിധാനങ്ങളും ശ്രദ്ധേയമാണ്. 

ഹെറോദ് രാജാവിനെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ സഹായിച്ചവരുടെ മുറികളും ജൂതവിമതര്‍ ആചാരപരമായ സ്‌നാനം നടത്തിയെന്ന് പറയപ്പെടുന്ന കുളിപ്പുരകളും ഹെറോദിന്റെ അംഗരക്ഷകരുടെ മുറികളുമുണ്ട്. പിന്നീട് ജൂതസിനഗോഗിലേക്കാണ് പോയത്. ഹെറോദിന്റെ കാലത്ത് കുതിരാലയമായിരുന്ന നിര്‍മിതി ജൂതവിമതരുടെ മഹത്തായ വിപ്ലവകാലത്ത് സിനഗോഗാക്കി മാറ്റുകയായിരുന്നു. ഇവിടെയിരുന്നാണ് ജൂതവിമതര്‍ തങ്ങളുടെ മതഗ്രന്ഥമായ തോറ (Torah) പാരായണം ചെയ്യുകയും, അനന്തരം കൂട്ട ആത്മഹത്യാ പദ്ധതി നടത്തിപ്പില്‍ വരുത്തുകയും ചെയ്തതെന്ന് പറയപ്പെടുന്നു. ജൂതചരിത്രത്തിലെ രണ്ടാം ക്ഷേത്ര കാലഘട്ട (Second Temple Period) ത്തില്‍ നിര്‍മിക്കപ്പെട്ട സിനഗോഗ് റോമക്കാര്‍ എ.ഡി. ഏഴാമാണ്ടില്‍ തകര്‍ക്കുകയായിരുന്നു. വലിയ കേടുപാടുകള്‍ കൂടാതെ നിലനില്ക്കുന്ന ബൈസന്റേയിന്‍ ചര്‍ച്ചിലേക്കാണ് പിന്നീട് പോയത്. റോമന്‍, ഹെലനിസ്റ്റിക്ക് ശൈലിയില്‍നിന്ന് വിഭിന്നമാണ് ബൈസന്റേയിന്‍ വാസ്തുശില്പ രചനാരീതി. തറയില്‍ മൊസൈക്ക് പതിച്ച് മനോഹരമാക്കിയ പള്ളിയുടെ ചുമരുകളില്‍ മണ്‍പാത്രകഷ്ണങ്ങള്‍ ഒട്ടിച്ചുവെച്ചിരിക്കുന്നു. 3700 സ്‌ക്വയര്‍ മീറ്റര്‍ വ്യാപിച്ചുകിടക്കുന്ന, ഹെറോദ് രാജാവ് പണികഴിപ്പിച്ച മസാദയിലെ ഏറ്റവും വലിയ കൊട്ടാരക്കെട്ടുകളാണ് വെസ്റ്റേണ്‍ പാലസ്. 

ഭാഗികമായി തകര്‍ന്ന കൊട്ടാരത്തില്‍ വലിയ നടുമുറ്റം ഉള്‍പ്പടെ പത്തോളം സ്വകാര്യ മുറികള്‍, സുരക്ഷാഭടന്‍മാരുടെ താമസസ്ഥലം, കുളിമുറികള്‍ തുടങ്ങിയവയുണ്ട്. കൊട്ടാരത്തില്‍ കുമ്മായച്ചാന്തില്‍ (Sutcco Relief) പൊതിഞ്ഞ ഇരിപ്പിടങ്ങള്‍ കാണാം. ജൂതവിമതര്‍ക്ക് ഭക്ഷണം പാകം ചെയ്യാനായി ഒരു ചൂള അടുപ്പും, തൊട്ടടുത്ത് ധാന്യപ്പുരയും കാണാം. ധാന്യപ്പുരയുടെ ഇടതുവശത്തായി പൊതുസ്‌നാന കുളത്തിന്റെ ശേഷിപ്പുകളാണ്. ഹെറോദ് രാജാവ് അതിഥികള്‍ക്കുവേണ്ടി നിര്‍മിച്ച മൂന്ന് ചെറിയ കൊട്ടാരങ്ങള്‍, നീന്തല്‍ക്കുളം, ചെറിയ കൊട്ടാരങ്ങളിലെ ജൂതന്‍മാരുടെ ആചാരസ്‌നാനമുറികള്‍, ജലസംഭരണികള്‍, ജൂതവിമതന്‍മാരുടെ വാസസ്ഥലങ്ങളുടെ അവശേഷിപ്പുകള്‍, ബൈസന്റേയിന്‍ സന്ന്യാസിമാര്‍ ധ്യാനിച്ചിരുന്ന ഗുഹകള്‍, കോട്ടയുടെ തെക്കുഭാഗത്തുള്ള മതില്‍ക്കെട്ടുകള്‍, ചുറ്റുപാടും നിരീക്ഷിക്കുന്നതിനുള്ള കാവല്‍മാടം, വെസ്റ്റേണ്‍ പാലസിനടുത്തുള്ള മരണപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍, പാത്രങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന കൊളംബ്രിയം ഗോപുരങ്ങള്‍ തുടങ്ങിയ കാഴ്ചകളും മസാദയിലുണ്ട്.

കേബിള്‍കാര്‍ പോയിന്റിലേക്ക് തിരിച്ചുനടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് റോമന്‍ പടയാളികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്വയം മരണത്തിലേക്ക് നടന്നടുത്ത ആയിരത്തോളം ജൂതന്‍മാരെക്കുറിച്ചായിരുന്നു. ജൂത ആത്മഹത്യ വസ്തുനിഷ്ഠമായ തെളിവുകളുടെ അഭാവത്തില്‍ വിശ്വാസയോഗ്യമാവുന്നില്ലെന്ന് ഹിബ്രു സര്‍വകലാശാലയിലെ പുരാവസ്തുഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഈ കഥ തള്ളിക്കളയാന്‍ സെയോണിസ്റ്റുകാര്‍ തയ്യാറാവുന്നില്ല.  ഈ സംഭവം തങ്ങളുടെ അഭിമാനത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും കരുത്തുറ്റ പ്രതീകമായി അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നു. യുക്രൈനില്‍നിന്ന് 1920-ല്‍ പാലസ്തീനിലേക്ക് കുടിയേറിയ ഇസ്ഹാക്ക് ലമ്ദാന്‍ എഴുതിയ മസാദ: ഒരു ചരിത്ര ഇതിഹാസം (Masada the Historical Epic) എന്ന കവിതയിലെ മസാദ ഇനി ഒരിക്കലും വീഴില്ല (Masada shall never fall again ) എന്ന വരികള്‍ ഇസ്രയേലിന്റെ സൈനികശക്തിയുടെയും ജൂതസമൂഹത്തിന്റെയും അടയാളവാക്യമായി മാറുകയായിരുന്നു.

(2021 ഫെബ്രുവരി ലക്കം യാത്ര മാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Masada is an ancient fortification in the Southern District of Israel situated on top of an isolated rock plateau akin to a mesa