കുടുംബവും ആയുള്ള ഒരു ലണ്ടന്‍ യാത്രയുടെ ഓര്‍മക്കുറിപ്പുകള്‍ ആണിത്. കോപ്പന്‍ഹേഗനില്‍ നിന്നും സെപ്റ്റംബറിലെ ഒരു ശനിയാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു  ലണ്ടന്‍ ഇലേക്കുള്ള ഫ്‌ലൈറ്റ് ബുക്ക് ചെയ്തിരുന്നത്. സെപ്റ്റംബര്‍ പൊതുവെ ഓഫ്-സീസണ്‍ ആണ്, കാരണം ഓഗസ്‌റ്റോടെ വേനല്‍ കഴിഞ്ഞു ശരത്കാലം തുടങ്ങുകയായി. പക്ഷെ ഇത്തവണ സെപ്റ്റംബറില്‍ പൊതുവെ യൂറോപ്പില്‍ നല്ല കാലാവസ്ഥ ആയിരുന്നു. ഓണ്‍ലൈന്‍ ചെക്കിങ് ചെയ്തതിനാല്‍ ക്യു ഒഴിവായി. വെറും രണ്ടു മണിക്കൂര്‍ ഫ്ളൈ ടൈമേ ഉള്ളൂ. എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടന്‍ നഗരത്തില്‍ ഉള്ള ഹോട്ടലിലേക്ക് ഞങ്ങള്‍ ബസ് ആണ് തിരഞ്ഞെടുത്തത്. ചുറ്റുമുള്ള കാഴ്ച്ചകള്‍ ഒക്കെ കാണാന്‍ ബസ് പോലെ സൗകര്യം വേറെ ഇല്ല. നാഷണല്‍ എക്‌സ്പ്രസ്സിന്റെ ബസ് ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നു.

നടത്തം പരമാവധി കുറക്കാന്‍ വേണ്ടി ഹോട്ടല്‍ തിരഞ്ഞെടുത്തത് ട്യൂബ് എന്ന് വിളിക്കുന്ന ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്റെ അടുത്താണ്. ലണ്ടനി ഭൂഗര്‍ഭ റെയില്‍വേ ലോകത്തിനു തന്നെ മാതൃക ആണ്. ലോകത്തിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേയും ഇത് തന്നെ. 1863-ല്‍ ആണ് ആദ്യമായി പാഡിങ്ടന്‍ സ്റ്റേഷനും ഫാറിംഗ്ടണ്‍ സ്റ്റേഷനും ബന്ധിപ്പിച്ചു കൊണ്ട് ഭൂഗര്‍ഭ പാതയിലൂടെ തീവണ്ടി ഓടിയത്. പതിനൊന്നു ലെയിനുകള്‍ ആയി 402 കിമി വ്യാപിച്ചു കിടക്കുന്ന നഗരത്തെ ബന്ധിപ്പിക്കുന്ന നാഡീ ഞരമ്പുകള്‍ !

ഹോട്ടലില്‍ എത്തി കുളിച്ചു ഫ്രഷ് ആയി ഒന്ന് നടക്കാനിറങ്ങി. അടുത്ത് തന്നെ ഒരുപാടു ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനുള്ള റസ്‌റ്റോറന്റുകളും ഉള്ള O2 അരീന  ഉണ്ടായിരുന്നു. അവിടെ ചെന്ന് ഡിന്നര്‍ കഴിച്ചു. അന്ന് ബാക്കി വിശ്രമിച്ചു.

ലണ്ടന്‍ ബ്രിഡ്ജ് (London Bridge) 

പിറ്റേന്ന് ഞങ്ങള്‍ പോകാന്‍ ഉദ്ദേശിച്ചിരുന്നത് ലണ്ടന്‍ ബ്രിഡ്ജും ടവര്‍ ബ്രിഡ്ജും പരിസരവും കാണാന്‍ ആയിരുന്നു. ട്യൂബ് വഴി യാത്ര ചെയ്യാന്‍ ഓയിസ്റ്റര്‍ എന്ന കാര്‍ഡ് എടുക്കണം. എല്ലാ സ്റ്റേഷനിലും കാര്‍ഡ് വാങ്ങാവുന്ന മെഷീന്‍ ഉണ്ട്. അതില്‍ അഞ്ചു പൗണ്ട് ലോഡ് ചെയ്താല്‍ പിന്നീട് ആവശ്യത്തിന് ടോപ് അപ് ചെയ്താല്‍ മതിയാകും. ഓരോ ബസ് / ട്രെയിന്‍ / ട്യൂബ് യാത്രയ്ക്കും കാര്‍ഡ് സൈ്വപ് ചെയ്യണം. ഒരിക്കല്‍ സൈ്വപ് ചെയ്താല്‍ ഒരു മണിക്കൂര്‍ യാത്ര സൗജന്യം ആയിരിക്കും. ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനില്‍ ചെന്നിറങ്ങിയ ഞങ്ങളെ വരവേറ്റത് തിരക്കാണ്. ടൂറിസ്റ്റുകളുടെ ഒരു പട തന്നെ ആയിരുന്നു അവിടെ. 

London Bridge 1

തെംസ് നദിക്കു കുറുകെയുള്ള അനേകം പാലങ്ങളില്‍ എറ്റവും തിരക്കുള്ള ഒന്നാണ് ലണ്ടന്‍ ബ്രിഡ്ജ്. ലണ്ടന്‍ ബ്രിഡ്ജ് ഇല്‍ നിന്നുള്ള തേംസ് നദിയുടെ കാഴ്ച അതി മനോഹരം ആയിരുന്നു. ഒരു വശത്തു പൊട്ടു പോലെ ലണ്ടന്‍ ഐ എന്നറിയപ്പെടുന്ന കൂറ്റന്‍ ജയന്റ് വീല്‍, ടവര്‍ ബ്രിഡ്ജ് എന്നിവ കാണാം. ഒരു വശത്തു വെസ്റ്റ് മിനിസ്റ്റര്‍ അബിയും ബിഗ് ബെന്‍ എന്നറിയപ്പെടുന്ന ക്ലോക്കും കാണാം. മോളുടെ നഴ്‌സറി പാട്ട്  ആയിരുന്ന 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫോളിങ് ഡൗണ്‍ പാടിക്കൊണ്ട് അവള്‍ നടന്നു. ആ പാട്ടില്‍ പറയുന്ന പോലെ പല പ്രാവശ്യം പുതുക്കി മാറ്റി പണിത ഒരു പാലമാണിത്. 33 വര്‍ഷം കൊണ്ട് 1209 ല്‍ ആണത്രേ ആദ്യത്തെ ലണ്ടന്‍ ബ്രിഡ്ജ് ഉണ്ടാക്കിയത്! ഏറ്റവും ഒടുവില്‍ ആധുനിക ലണ്ടന്‍ ബ്രിഡ്ജ്  1973 ഇല്‍ എലിസബത്ത് രാജ്ഞി ആണ്  ഉദ്ഘാടനം ചെയ്തത്. നല്ലൊരു ഫോട്ടോ സ്‌പോട് കൂടി ആയിരുന്നു ഞങ്ങളെ സംബന്ധിച്ചു ലണ്ടന്‍ ബ്രിഡ്ജ്. കഴിഞ്ഞ വര്‍ഷം ലണ്ടന്‍ ബ്രിഡ്ജ് ഇല്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ തീവ്രവാദി ആക്രമണത്തിന് ശേഷം നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

London Bridge 2

ടവര്‍ ബ്രിഡ്ജ് (Tower Bridge)
 
ലണ്ടന്‍ നഗരത്തിന്റെ മുഖം എന്ന് തന്നെ പറയാവുന്ന പാലം ആണ് ടവര്‍ ബ്രിഡ്ജ്. ഒരു സസ്പെന്‍ഷന്‍ ബ്രിഡ്ജ് ആണിത്. രണ്ടു കൂറ്റന്‍ ടവറുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള രണ്ടു നടപ്പാതകളും നടുക്ക് വാഹന ഗതാഗതവും.  വാഹനങ്ങള്‍ ചീറിപ്പായുന്ന പാലത്തിന്റെ ഇരു വശവും സഞ്ചാരികള്‍ കൂട്ടമായി നടക്കുന്നു, ഫോട്ടോക്ക് പോസ് ചെയുന്നു. പാലത്തിന്റെ ട്വിന്‍ ടവറില്‍ കയറാനും വിക്ടോറിയന്‍ എന്‍ജിന്‍ റൂമില്‍ കയറാനും സന്ദര്‍ശക പാസ്സ് എടുക്കണം.

Tower Bridge

ടവര്‍ ബ്രിഡ്ജിന്റെ അടുത്ത് നിന്നും വെസ്റ്റ് മിനിസ്റ്റര്‍ ആബെ (പാര്‍ലമെന്റ്) യിലേക്കും തിരിച്ചും തെംസ് നദിയിലൂടെ ജല പാതയും ബോട്ട് സര്‍വീസും ഉണ്ട്. ലണ്ടന്‍ നഗരത്തിലെ ഒട്ടു മിക്ക ആകര്‍ഷകങ്ങളും ഈ ജലപാതക്കിരുവശവും ആയതിനാല്‍ ഞങ്ങള്‍ ഒരു ദിവസം റിവര്‍ ക്രൂസ് ന്റെ ടിക്കറ്റും എടുത്തു. നഗരത്തിന്റെ ഒത്ത നടുവിലെ തെംസ് നദിയിലെ ജലപാതയിലൂടെയുള്ള യാത്ര വളരെ സുഖകരമായ അനുഭവം ആയിരുന്നു. ബോട്ടിന്റെ ഡക്കില്‍ ആണ് ഭൂരിഭാഗം യാത്രക്കാരും ഇരിപ്പുറപ്പിച്ചത്. മൊത്തം ക്രൂയിസ് 40 മിനിറ്റ്  ആയിരുന്നു. ബോട്ടിന്റെ അകത്ത് ശീതള പാനീയങ്ങളും ലഘുഭക്ഷണങ്ങളും വില്‍ക്കുന്ന ഭക്ഷണശാലകളും ബിയര്‍ പാര്‍ലറും മറ്റും ഉണ്ടായിരുന്നു. റിവര്‍ ക്രൂസില്‍ നിന്നും ഇറങ്ങാന്‍ തോന്നുന്നുണ്ടായിരുന്നില്ല!  ഇതിനിടെ നാട്ടില്‍ നിന്നും അമ്മയും അച്ഛനും സ്‌കൈപ്പില്‍ വീഡിയോ കാള്‍  വിളിച്ചു. അവരെയും ഞങ്ങള്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബെയും ലണ്ടന്‍ ഐയും മറ്റും കാണിച്ചു കൊടുത്തു.  അങ്ങനെ ദൂരെ ഇരുന്ന് അവരും കണ്ടു ലണ്ടന്‍ നഗരം.!

Tower Bridge 2

ലണ്ടന്‍ ഐ (London Eye)

കയറിയാല്‍ ലണ്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുഴുവന്‍ കാണാന്‍ പറ്റുന്ന ഒരു കൂറ്റന്‍ ജയന്റ് വീല്‍ ആണ് ലണ്ടന്‍ ഐ. ലോകത്തിലെ ഏറ്റവും വലിയ ഫെറിസ് വീല്‍ ആയ ഇതിന്റെ ഉയരം 135 മീറ്റര്‍ വരും! തെംസ് നദിയുടെ തെക്ക് കരയിലാണ് ഇത്.  ലണ്ടന്റെ മുഖമുദ്ര എന്ന് തന്നെ ഇതിനെ പറയാം. 35  ക്യാപ്‌സ്യൂള്‍ മോഡലിലെ ക്യാബിനുകളാണ് ലണ്ടന്‍ ഐയിലുള്ളത്. ഒരു ക്യാബിനില്‍ ഇരുപത്തഞ്ചു പേര്‍ക്ക് വരെ കയറാം. 

London Eye

സെന്റ് പോള്‍സ് കത്തീഡ്രല്‍ (St Paul's Cathedral)

ചരിത്രപരമായി പ്രാധാന്യമുള്ള വളരെ പ്രശസ്തമായ, അതി മനോഹരമായ ഒരു ദേവാലയം ആണ് സെന്റ് പോള്‍സ് കത്തീഡ്രല്‍. ലണ്ടന്‍ സിറ്റിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് ഇത്.
പ്രിന്‍സ് ചാര്‍ളിയുടെയും ലേഡി ഡയാന സ്പെന്‍സറുടെയും വിവാഹവും ഇവിടെ വെച്ചായിരുന്നു. ദിവസവും പ്രാര്‍ത്ഥന നടക്കുന്ന ദേവാലയം ആണിത്. രണ്ടാം ലോക മഹായുദ്ധ കാലത്തേ നാശ നഷ്ടങ്ങള്‍ക്കു ശേഷം സെന്റ് പോള്‍സ് കത്തീഡ്രലിന് വലിയ തോതില്‍ പുനര്‍നിര്‍മാണം നടത്തേണ്ടി വന്നിട്ടുണ്ട്.

St Pauls Cathedral

മാര്‍ബിള്‍ ആര്‍ച്ച് (Marble Arch)

വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഒരു ആര്‍ച്ചാണിത്. മാര്‍ബിള്‍ ആര്‍ച് ട്യൂബ്  സ്റ്റേഷനിലാണിത് സ്ഥിതി ചെയ്യുന്നത്. ബക്കിങ്ഹാം പാലസിന്റെ ശില്പിയായ ജോണ്‍ നഷ് ആണ് മാര്‍ബിള്‍ ആര്‍ച്ചിന്റെയും ശില്പി.
ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ്‌ന്റെ തുടക്കവും ഇവിടെ തന്നെ.

Marble Arch

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് (Oxford Street)

ലണ്ടനിലെ ഏറ്റവും തിരക്കേറിയ, ജനനിബിഡമായ, ഏകേദശം രണ്ടു കിലോമീറ്റര്‍ നീളമുള്ള ഷോപ്പിംഗ് സ്ട്രീറ്റ് ആണിത്. വിവിധ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഭാഷകള്‍ സംസാരിക്കുന്നവരേയും നമുക്കിവിടെ കാണാം. ലോകത്തിലെ എല്ലാ വമ്പന്‍ ബ്രാന്‍ഡുകളുടെയും ഷോപ്പുകളും. അതേസമയം കനത്ത ഗതാഗതക്കുരുക്കും അന്തരീക്ഷമലിനീകരണവും കാരണം ബുദ്ധിമുട്ടുന്ന ഒരു തെരുവും കൂടി ആണിത്.

അവിടുന്ന് കുറച്ചു ഷോപ്പിംഗ് നടത്താതെ പോരുന്നത് ശരിയല്ലല്ലോ. അത് കൊണ്ട് ഞങ്ങള്‍ വൈകുന്നേരം  രണ്ടു മൂന്നു മണിക്കൂര്‍ അവിടെ ചിലവഴിച്ചു. വൈകീട്ട് എന്ത് കഴിക്കും എന്ന് ആലോചിച്ചപ്പോള്‍ അടുത്ത് തന്നെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റും ഗൂഗിള്‍ കാണിച്ചു തന്നു. റൊട്ടി ചായ് (Roti Chai)  അതായതു ചപ്പാത്തിയും ചായയും എന്ന്! ലോകത്തെവിടെ പോയാലും അവിടുത്തെ ഭക്ഷണം കഴിക്കണം എന്നതാണ് ഞങ്ങളുടെ രീതി.. എങ്കിലും മൂന്നാലു ദിവസമായി ഇന്ത്യന്‍ ഫുഡ് കഴിച്ചിട്ട്, വല്ലാത്ത കൊതി. അത് കൊണ്ട് മാത്രം അവിടെ കയറി നല്ല കുശാലായി മസാല ചായയും അത്താഴവും കഴിച്ചു. 

Oxford Street

ഹോപ് ഓണ്‍ ഹോപ് ഓഫ് ബസ് പോയ വഴിയില്‍ ഞങ്ങള്‍ ബ്രിട്ടീഷ് മ്യുസിയവും, ബക്കിങ്ഹാം പാലസും  കണ്ടു. അവിടെ കൂടി പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും. ലണ്ടനില്‍ ഞങ്ങള്‍ കണ്ട ബ്രിട്ടീഷുകാര്‍ വളരെ സൗമ്യര്‍ ആയിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന, പുറം രാജ്യത്തില്‍ നിന്നും വരുന്ന അതിഥികളെ പുഞ്ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന മനുഷ്യര്‍.  ഇവരുടെ പൂര്‍വികര്‍ തന്നെ ആണോ ഇന്ത്യയെ കൊള്ളയടിച്ചു കോളനി ആക്കിയതെന്നു തോന്നിപ്പോയി! 

അവധി ദിവസങ്ങള്‍ പരിമിതമായിരുന്നതിനാല്‍ ഇനിയും വരാമെന്ന ഉറപ്പോടെ, മനസ്സില്‍ നിറയെ സന്തോഷവും ആയി ഞങ്ങള്‍ ലണ്ടന്‍ നഗരത്തോട് യാത്ര പറഞ്ഞു.

( സ്വീഡനില്‍ ഐ.ബി.എം. ഗ്ലോബല്‍ ബിസിനസ് സര്‍വ്വീസില്‍ ടീം ലീഡ് ആയ ലേഖിക കോഴിക്കോട് സ്വദേശിയാണ്)