ബൊളീവിയയില്‍ എത്തുമ്പോള്‍ ദക്ഷിണാര്‍ധഗോളത്തില്‍ വേനല്‍ക്കാലം അതിന്റെ മൂര്‍ധന്യത്തിലായിരുന്നു. ദക്ഷിണ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണിത്. കടല്‍ത്തീരമില്ലാത്ത, മറ്റ് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട, ആന്‍ഡീസ് പീഠഭൂമിയില്‍ കിടക്കുന്ന രാജ്യം. ബൊളീവിയയുടെ പാരമ്പര്യം വളരെ കുറച്ചു രാജ്യങ്ങള്‍ക്കുമാത്രമെ അവകാശപ്പെടാനാവുകയുള്ളൂ. ലോകത്തിലെ എറ്റവും മഹത്തായ സംസ്‌കാരങ്ങളില്‍ ഒന്നായ ഇങ്കാ സംസ്‌കാരം പടര്‍ന്നുപന്തലിച്ചത് പെറുവിലും ബൊളീവിയയിലുമായിട്ടായിരുന്നു. ആ സംസ്‌കാരത്തിന്റെ പിന്‍ഗാമികളായ അയ്മാറ, കെച്ചുവ ഇന്‍ഡ്യക്കാരെ അടുത്തറിയാനും അവരുടെ സംസ്‌കൃതി മനസ്സിലാക്കാനും ബൊളീവിയപോലെ പറ്റിയ മറ്റൊരു സ്ഥലവുമില്ല. 

പെറുവിന്റെ തലസ്ഥാനമായ ലീമയില്‍ നിന്ന് തെക്കോട്ട് പറക്കുമ്പോള്‍ കാണുന്ന നരച്ച തവിട്ടുനിറമുള്ള പര്‍വതങ്ങളും ഊഷരഭൂമികളും മടുപ്പുളവാക്കി. പെട്ടെന്നാണ് കണ്ണിന് മുന്നില്‍ നീലവര്‍ണപ്രപഞ്ചം പൊട്ടിവിടരുന്നത്. റ്റിറ്റിക്കാക്ക തടാകമാണത്. 190 കിലോമീറ്റര്‍ നീളവും 80 കിലോമീറ്റര്‍ വീതിയുമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സഞ്ചാരയോഗ്യമായ തടാകമാണിത്. തടാകക്കരയില്‍ മനോഹരമായ കോപ്പകബാന നഗരവും. നീലവര്‍ണം തടാകത്തില്‍ പ്രതിഫലിക്കുന്നത് നമ്മളെ അദ്ഭുതപ്പെടുത്തും. ഒരുപക്ഷേ, ഈ മനോഹാരിത അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കുന്നതിന് മുന്‍പ് മറ്റൊരു സൗന്ദര്യവും കണ്ണിനുമുന്നില്‍ ജ്വലിച്ചുയരരുത് എന്ന് കരുതിയായിരിക്കുമോ ഇങ്കകളുടെ ദേവദേവനായ വിറാകുച്ചുവും സൂര്യദേവനായ ഇന്റിയും നരച്ച മൊട്ടക്കുന്നുകള്‍ റ്റിറ്റിക്കാക്ക തടാകത്തിന് ചുറ്റും സൃഷ്ടിച്ചത്!

10

വിമാനം താഴേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴേയ്ക്കും മഞ്ഞണിഞ്ഞ ആന്‍ഡീസ് മലനിരകളും അതിനു നടുവിലെ ബൊളീവിയന്‍ പീഠഭൂമിയും കണ്ണില്‍ നിറയും. ടിബറ്റ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമിയാണിത്. ആന്‍ഡീസ് പര്‍വതനിരകള്‍ക്ക് നടുവില്‍ ആയിരക്കണക്കിന് അടി താഴെയുള്ള അഗാധ ഗര്‍ത്തത്തിലാണ് ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസ്. 

പര്‍വതങ്ങള്‍ വിമാനത്തെ തൊട്ടുതൊട്ടില്ല എന്നമട്ടിലാണ് നിലകൊള്ളുന്നത്. എങ്ങനെ ആവാതിരിക്കും! സമുദ്രനിരപ്പില്‍ നിന്നും 13,500 അടിമുകളിലാണ് ലാ പാസിലെ എല്‍ അല്‍തോ വിമാനത്താവളം. എല്‍ അല്‍തോ, ലാ പാസിന്റെ സാറ്റലൈറ്റ് നഗരമാണ്. യാത്രയ്ക്കായി ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളമാണിത്. ഇതിനും മുകളില്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള വിമാനത്താവളങ്ങള്‍ മാത്രമേയുള്ളൂ. വളരെ വലിയ വിമാനങ്ങള്‍ക്ക് ഇത്രയും ഉയരത്തിലുള്ള എല്‍ അല്‍തോ വിമാനത്താവളത്തില്‍ ഇറങ്ങാനാവില്ല.

9
ടിറ്റിക്കാക്ക തടാകം

വിമാനത്തിന് പുറത്തിറങ്ങിയപ്പോള്‍ നെഞ്ചത്ത് വല്ലാത്ത ഭാരം കയറ്റിവെച്ചതുപോലെ. ശ്വസിക്കാന്‍ നല്ലപ്രയാസം. ശ്വാസം വലിച്ചുവിടണം. ഈ ഉയരത്തില്‍ അന്തരീക്ഷത്തില്‍ പ്രാണവായുവായ ഓക്സിജന്റെ അളവ് തീരെ കുറവായതാണ് കാരണം. എവറസ്റ്റ് കൊടുമുടിയുടെ ഉയരം 29,028 അടിയാണ് ഇതിന്റെ പകുതി ഉയരത്തിലാണ് എല്‍ അല്‍തോ. അപ്പോള്‍ ആന്‍ഡിയന്‍ നഗരങ്ങളുടെ ഉയരം ഊഹിക്കാമല്ലോ. 
ലാ പാസ് നഗരം ബൊളീവിയന്‍ പീഠഭൂമിയുടെ തെക്കുകിഴക്ക് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. പെറുവിലെ മാച്ചുപിച്ചുവും കുസ്‌കോയും പോലെ ഇങ്കകളുടെ ഉജ്ജ്വല സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ ബൊളീവിയയിലും കാണാം. തിയുഹുവനാകോയും റ്റിറ്റിക്കാക്ക തടാകത്തിലെ ഇസ്ലാ ഡെല്‍ സോള്‍ എന്ന സൂര്യദ്വീപും ഒക്കെ ഇതിന്റെ മകുടോദാഹരണങ്ങളാണ്. 

8

എല്‍ അല്‍തോ വിമാനത്താവളത്തില്‍ നിന്ന് 1500 അടി താഴെയാണ് ലാ പാസ് നഗരം. നഗരത്തിലും അതിന്റെ ചുറ്റുപാടും സദാസമയവും വിശ്രാന്തിനിറഞ്ഞ ഒരു തരം വെളിച്ചം നിറഞ്ഞു നില്‍ക്കുന്നതുപോലെ തോന്നും. കടുംനീലച്ചായം വാരിക്കോരിയൊഴിച്ച ആകാശത്തില്‍നിന്ന് സ്വര്‍ണവര്‍ണത്തിലുള്ള വെളിച്ചം താഴേയ്ക്ക് ഒഴുകി ഇറങ്ങുന്നതുപോലെ. ഒരു കുഴിയില്‍ ഒരാള്‍ മുട്ടുമടക്കിയിരിക്കുന്നതുപോലെയുള്ള ലാ പാസ് നഗരത്തിലെത്താന്‍ വാഹനങ്ങള്‍ വീതികുറഞ്ഞ കാന്യണിലൂടെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. അതിനിടയില്‍ നമുക്ക് തലകറങ്ങും. പ്രാണവായു കിട്ടാതെ കിതയ്ക്കും. ശ്വാസം നിലച്ചുപോകുമെന്ന ഉല്‍ക്കടമായ ഭീതി മനസ്സിനെ ഗ്രസിക്കും. ആദ്യത്തെ നഗരക്കാഴ്ച തന്നെ നമ്മില്‍ ഭയം ജനിപ്പിക്കും. ഗിരികന്ദരത്തിന്റെ വശങ്ങളില്‍ അള്ളിപ്പിടിച്ച് നഗരം താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതുപോലെ. 

2

ലാ പാസിലെ ദിവസം ആരംഭിക്കുന്നതുതന്നെ ശുഭ്രവസ്ത്രധാരണിയായ ഇല്ലിമാനി കൊടുമുടി കണ്ടുകൊണ്ടാണ്. 21,000 അടി ഉയരത്തില്‍ മൂന്ന് ശിഖരങ്ങളോടെ ലാ പാസ് നഗരത്തെ നോക്കി പുഞ്ചിരിച്ചാണ് ഇല്ലിമാനിയുടെ നില്‍പ്. നഗരത്തിന്റെ പരദേവത. നഗരം കാക്കുന്ന മുത്തി. അയ്മാറ ഭാഷയില്‍ ഇല്ലിമാനിയുടെ അര്‍ഥം നിത്യമായത് എന്നാണ്. പര്‍വതശൃംഗങ്ങള്‍ സായംസന്ധ്യയില്‍ കുങ്കുമവര്‍ണങ്ങള്‍ അണിഞ്ഞും ചന്ദ്രികാചര്‍ച്ചിത രാത്രിയില്‍ നിയോണ്‍ വെളിച്ചം തെളിച്ചുമാണ് നഗരവാസികളെ മോഹിപ്പിക്കുന്നത്. 

മറ്റു നഗരങ്ങളില്‍ നിന്ന് വിഭിന്നമായി ലാ പാസിലെ സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ അയ്മാറ ഇന്‍ഡ്യക്കാരാണ് നഗരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്നത്. ധനാഢ്യരുടെ വസതികളൊക്കെ ലാ പാസിന്റെ താഴ്ന്ന പ്രദേശങ്ങളിലാണ്. 

6
പ്ലാസ മുറില്ലോ

ലാ പാസ് എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം സമാധാനം എന്നാണ്. എന്നാല്‍ നഗരത്തിന്റെ യഥാര്‍ഥ പേര് നമ്മുടെ സമാധാനദേവതയുടെ നഗരം (The City of our Lady of Peace). 1548ല്‍ സ്പാനിഷ് കോണ്‍കിസ്തദോര്‍മാരാണ് ഈ നഗരം സ്ഥാപിച്ചത്. ബൊളീവിയയ്ക്ക് രണ്ട് തലസ്ഥാനങ്ങളുണ്ട്. ലാ പാസ് ആണ് സര്‍ക്കാരിന്റെ ആസ്ഥാനം. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തലസ്ഥാനം എന്ന ഖ്യാതി ലാ പാസിന് സ്വന്തം. മറ്റൊരു തലസ്ഥാനമായ സൂക്രെയിലാണ് നീതിന്യായപീഠം. ബൊളീവിയയിലെ ജനങ്ങളില്‍ മുക്കാല്‍പങ്കും അയ്മാറ ഇന്‍ഡ്യക്കാരാണ്. ബാക്കിയുള്ള ഇരുപത് ശതമാനംപേര്‍ സങ്കരവംശജരും. ലാ പാസ് നഗരവാസികളെ പാസിന്യോസ് എന്നാണ് വിളിക്കാറുള്ളത്. അതില്‍തന്നെ ഇവിടെ ജനിച്ചുവളര്‍ന്ന അയ്മാറകള്‍ ചൂട്ടാകളാണ്. ചോള ആകട്ടെ സങ്കരവംശജരായ സ്ത്രീകളും. 

അയ്മാറ സ്ത്രീകളുടെ വേഷവിധാനം വളരെ രസകരമാണ്. പോളെറാസ് എന്ന പെറ്റിക്കോട്ടാണ് പ്രധാന വസ്ത്രം. അതിനുതാഴെയായി അനേകം അടിപ്പാവാടകള്‍ ധരിക്കുന്നു. ചിലത് തണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളികൊണ്ടാണ് ഉണ്ടാക്കുന്നത്. നീളമുള്ള മുടി പിന്നിയിട്ടിരിക്കും. തലയില്‍ വട്ടത്തൊപ്പിയും. നെഞ്ചത്തിടുന്ന തുണിയുടെ ഷാള്‍ കൂടി ചേര്‍ന്നാല്‍ വേഷവിധാനം പൂര്‍ണമായി. ഈ ഷാളില്‍ കുട്ടിമുതല്‍ കുപ്പിയും പാട്ടയും വരെയുണ്ടാകും. ഇതൊക്കെയണിഞ്ഞ അയ്മാറ സ്ത്രീയെ കാണുമ്പോള്‍ ചുട്ടികുത്താത്ത കഥകളി വേഷം ഓര്‍ത്താല്‍ കുറ്റംപറയാന്‍ ആകില്ല.

5
ബൊളീവിയൻ ഭക്ഷണം

ഞാന്‍ ലാ പാസിലെത്തുമ്പോള്‍ മറ്റു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെന്നപോലെ ബൊളീവിയയിലും കാര്‍ണിവല്‍ അരങ്ങുതകര്‍ത്താടുകയാണ്. ആബാലവൃദ്ധം പാസിന്യോസും തെരുവിലുണ്ട്. നഗരത്തിലെങ്ങും മുക്കിന് മുക്കിന് പരേഡുകള്‍, നൃത്തം ചെയ്യുന്ന തരുണികള്‍, ബാന്റുമേളക്കാര്‍, അയ്മാറ സാംസ്‌കാരിക ചടങ്ങുകള്‍ എന്നിവ നിലയ്ക്കാതെ നടന്നുകൊണ്ടിരിക്കും. നഗരം മുഴുവനായും ആനന്ദനടനം ആടുന്ന പ്രതീതി. അലങ്കാരങ്ങളാണ് സര്‍വത്ര. ബലൂണുകള്‍, കൊടികള്‍, തോരണങ്ങള്‍, പൂക്കള്‍, പൂമാലകള്‍ എന്നുവേണ്ട എവിടെയും എല്ലായിടത്തും അലങ്കാരങ്ങളുടെ ആധിക്യം. അത് കെട്ടിടങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെയുണ്ട്. മുഖംമൂടിയണിയാത്ത, പ്രച്ഛന്നവേഷം ധരിക്കാത്ത ഒരു പെണ്‍കുട്ടിപോലും നഗരത്തിലുണ്ടാവില്ല.

4
സാൻഫ്രാൻസിസ്കോ പള്ളി

ചരാന്‍ഗോ, ഗിത്താര്‍ പോലുള്ള ഒരു സംഗീതോപകരണമാണ്. ബൊളീവിയക്കാരുടെ സ്വന്തം വാദ്യോപകരണം. ബാന്റുമേളവും ചരാന്‍ഗോ വാദ്യവും കൂടി മേളത്തിന് കൊഴുപ്പേകുന്നു. അവര്‍ ആടിയും പാടിയും ആടിച്ചും പാടിച്ചും നഗരം ചുറ്റിക്കൊണ്ടിരിക്കും. മേമ്പൊടിക്ക് മദ്യവും ബിയറും സുലഭം. മിക്കവാറും അതിവിപ്ലവാരിഷ്ടമായ ചിച്ചയുമുണ്ടാകും. ചിച്ച പുളിപ്പിച്ച ചോളത്തില്‍ നിന്നുണ്ടാക്കുന്ന വീര്യമേറിയ മദ്യമാണ്. പ്രധാന സ്ഥലങ്ങളിലൊക്കെ അയ്മാറക്കാരുടെ മതപരമായ അനുഷ്ഠാനങ്ങളും ക്രിയാവിധികളും നടക്കുന്നത് കാണാം. അതിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ചല്ലാ. പച്ചമാമ എന്ന ഭൂമിദേവിക്ക് പ്രണാമം അര്‍പ്പിക്കുന്ന ചടങ്ങാണിത്. മദ്യവും രക്തവും ഭൂമിയില്‍ പകര്‍ന്ന് ദേവിയെ പ്രസാദിപ്പിക്കുന്നു. ഭക്ഷണമാണ് കാര്‍ണിവലിലെ പ്രധാന താരം. ഓരോ ദേശത്തിനും അതിന്റെ തനതായ കാര്‍ണിവല്‍ ഭക്ഷണം ഉണ്ട്. ലാ പാസില്‍ അത് പുച്ചിറോ എന്ന സൂപ്പാണ്. 

സെന്റ് ഫ്രാന്‍സിസ് പള്ളിയുടെ തെക്കുവശത്ത് മുകളിലേക്ക് കയറിപ്പോകുന്ന ഇടവഴിയാണ് സാഗര്‍ നാഗ തെരുവ്. ഇവിടെയാണ് അയ്മാറകളുടെ മന്ത്രവാദിനികളുടെ ചന്ത (Witche's Market). അയ്മാറ ഇന്‍ഡ്യക്കാരുടെ വിശ്വാസങ്ങളിലേക്കുള്ള കിളിവാതിലാണ് ഇവിടത്തെ വില്‍പനവസ്തുക്കള്‍. മന്ത്രസിദ്ധിയുള്ള വിവിധതരം പാനീയങ്ങള്‍, ഉണക്കിയ തവള, ഉറുമ്പുതീനി, വിവിധതരം ഔഷധച്ചെടികള്‍ ഒക്കെ വില്‍പ്പനയ്ക്കുണ്ട്. ഇവയുടെ ഉപയോഗം ഭാഗ്യം, സമൃദ്ധി, സൗന്ദര്യം ഒക്കെ കൊണ്ടുവരുമെന്നാണ് വിശ്വാസം. സ്ഥലത്തെ ആസ്ഥാന മന്ത്രവാദിയെ യാത്തിരി എന്നാണ് വിളിക്കുന്നത്. യാത്തിരിയില്‍ അചഞ്ചലമായ വിശ്വാസമാണ് അയ്മാറകള്‍ക്ക്. ഈ ചന്തയിലെ ഏറ്റവും പ്രശസ്തമായ ഇനം ലാമ മൃഗത്തിന്റെ ഉണക്കിയ ഭ്രൂണമാണ്. ഇത് വാങ്ങി പച്ചമാമ എന്ന ഭൂമിദേവിക്കുള്ള നേര്‍ച്ചയായി കെട്ടിടങ്ങളുടെ അസ്ഥിവാരത്തില്‍ കുഴിച്ചിടും.

3
തെരുവിൽ നൃത്തം ചെയ്യുന്നവർ

ഈ വര്‍ണക്കാഴ്ചകള്‍ക്കപ്പുറം മനസ്സിനെ അലോസരപ്പെടുത്തുന്ന ചില കാഴ്ചകളും ലാ പാസിലുണ്ട്. അതില്‍ ഒന്നാണ് ലുസ്ത്രബോത്താസ് എന്ന് സ്പാനിഷില്‍ വിളിക്കുന്ന ഷൂപോളീഷ് ചെയ്യുന്നവരുടെ കഥ. ചെറുകിട പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരും മയക്കുമരുന്ന് സേവക്കാരും ഒക്കെയാണിവര്‍ എന്നാണ് നാട്ടുകാരുടെ ഭാഷ്യം. അതുകൊണ്ടുതന്നെ വല്ലാത്ത അയിത്തം കല്‍പ്പിക്കപ്പെട്ടവരാണിവര്‍. ഇതിനെതിരെ ലുസ്ത്ര ബോത്താസിന്റെ പ്രതികാരമാണ് തിരിച്ചറിയപ്പെടാതിരിക്കുക എന്നത്. അതിനായി അവര്‍ മുഖം മുഴുവന്‍ മറയ്ക്കുന്നു. ബാലക്ലാവയും ധരിച്ച് തലയില്‍ ബെയ്സ് ബോള്‍ തൊപ്പിയും വെച്ചാണ് ഇവര്‍ ജോലി ചെയ്യുന്നത്. ആളുടെ മുഖം കാണാനാവില്ല. അതുകൊണ്ടുതന്നെ തിരിച്ചറിയാനും സാധ്യമല്ല.

2016 ജൂണ്‍ ലക്കം മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: La Paz the highest capital city in the world Bolivia, Mathrubhumi Yathra