ദക്ഷിണ മലേഷ്യയിലെ സാരാവാക്ക് ദ്വീപിന്റെ കേന്ദ്ര നഗരമാണ് കുച്ചിങ്ങ്. കൊച്ചിയെപ്പോലെ സമ്പന്നമായ പൗരാണിക തുറമുഖനഗരം. പേരില്‍ മാത്രമല്ല, കൊച്ചിനും കുച്ചിങ്ങിനും പരസ്പരബന്ധമുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലത്ത് കൊച്ചിയില്‍നിന്ന് കുച്ചിങ്ങിലേക്ക് വ്യാപാരികള്‍ യാത്രചെയ്തിരുന്നു. കൊച്ചി തുറമുഖവുമായി സാമ്യമുള്ള ദേശത്തിന് വ്യാപാരികള്‍ കൊച്ചിന്‍ എന്ന് പേരിട്ടു. ചൈനക്കാര്‍ അതിനെ കുസിഗ് എന്നാക്കി, പിന്നീട് അത് കുച്ചിങ്ങായി മാറി. കുച്ചിങ്ങിന്റെ പൗരാണിക മ്യൂസിയത്തില്‍ ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന ശില്പങ്ങളുടെയും വാസ്തുവിദ്യകളുടെയും ശേഷിപ്പുകള്‍ ഉണ്ട്. പഴയ ആ ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണിവ.

Kuching Malaysia

12 ജില്ലകളുള്ള സാരാവാക്ക് പ്രവിശ്യയുടെ കേന്ദ്ര നഗരിയാണിത്. കൊലാലംപൂരില്‍ നിന്ന് ഒരു മണിക്കൂര്‍ വിമാനയാത്ര ചെയ്താല്‍ കുച്ചിങ്ങ് എയര്‍പോര്‍ട്ടിലെത്താം. ടൂറിസ്റ്റുകളെ സന്തോഷത്തോടെ കാത്തിരുന്ന ശാന്തസുന്ദരമായ നഗരം. കേരളത്തിലെ നഗരങ്ങളേക്കാള്‍ പുരോഗതിയുള്ളതും എന്നാല്‍ നമ്മുടെ നഗരജനസംഖ്യയുടെ നാലില്‍ ഒന്നുമാത്രമുള്ളതുമായ നഗരം. റോഡിലൂടെ ചീറിപ്പായുന്നത് ജപ്പാനില്‍നിന്നും ചൈനയില്‍നിന്നും ഇറക്കുമതി ചെയ്ത വാഹനങ്ങള്‍. പുകതുപ്പില്ല, ശബ്ദവും കുറവ്. തിരക്കേറിയ നഗരത്തില്‍ ആര്‍ക്കും തിരക്കില്ല. കാതടപ്പിക്കുന്ന ഹോണടിയില്ല. റോഡ് ക്രോസ് ചെയ്യാന്‍ ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തി കാല്‍നടയാത്രക്കാരെ കടത്തിവിടും. അതാണ് രീതി, അവരുടെ മോഹിപ്പിക്കുന്ന മര്യാദ. 1841-ല്‍ ജെയിംസ് ബ്രൂക്ക് അധികാരത്തില്‍ വന്നതോടെയാണ് കുച്ചിങ്ങിന് സുവര്‍ണകാലം തുടങ്ങുന്നത്. അതിനുശേഷം വന്ന ചാള്‍സ് ബ്രൂക്ക് കുച്ചിങ്ങിനെ ആസ്പത്രികളും നഗരവീഥികളും ജയിലും കോട്ടകളും ചര്‍ച്ചുകളും ചേര്‍ന്ന പ്ലാന്‍ഡ് നഗരമാക്കി.

സാരാവാക്ക് നദീതീരത്താണ് കുച്ചിങ്ങ് ടൗണ്‍. മലയ ഭാഷയില്‍ കുസിംഗ് എന്നാല്‍ പൂച്ച എന്നാണ്. പൂച്ചകള്‍ക്ക് കുച്ചിങ്ങില്‍ ഏറെ പരിഗണനയുണ്ട്. ഒരു കാലത്ത് പൂച്ചകളെ പിശാചിന്റെ ദൂതന്മാരായി കണ്ടിരുന്നവര്‍ പിന്നീടതിനെ സൗഭാഗ്യ ചിഹ്നങ്ങളാക്കി. ഇന്നവരുടെ സാംസ്‌കാരിക ചിഹ്നങ്ങള്‍ പൂച്ചയും വാനമ്പാടിയുമാണ്. നഗരത്തിലെ സെന്‍ട്രല്‍ സ്‌ക്വയറുകളില്‍ വലിയ പൂച്ചകളുടെ സ്തൂപം കാണാം. പൂച്ചകള്‍ക്കായി ഒരു മ്യൂസിയയും അവിടെയുണ്ട്. വളര്‍ത്തുമൃഗങ്ങളെ ആചാര വിധിപ്രകാരം അടക്കം ചെയ്യുന്ന പരിപാടിയും ഇവര്‍ക്കിടയിലുണ്ട്.

കുച്ചിങ്ങ് നഗരത്തിലെ പ്രധാന ആകര്‍ഷണം മെയിന്‍ ബസാറാണ്. സാരാവാക്ക് നദീതീരത്താണ് മെയിന്‍ ബസാര്‍. 19-ാം നൂറ്റാണ്ടിലെ ചൈനീസ് വ്യാപാര കേന്ദ്രം. ഇന്നിവിടെ നിറയെ കരകൗശല വിപണനകേന്ദ്രവും ചൈനീസ് ഭക്ഷണശാലയുമാണ്. പഴയ കെട്ടിടങ്ങളൊന്നും പൊളിച്ചുമാറ്റാതെ പൈതൃകസൗന്ദര്യം കരുത്തായി കാത്തുസൂക്ഷിക്കുന്നവര്‍. ഇന്നലെകളിലെ കരുത്തില്‍ നിന്നാണ് ഇന്നവരുടെ യാത്ര. 
മെയിന്‍ ബസാറിലൂടെയുള്ള യാത്ര കാര്‍പെന്റര്‍ സ്ട്രീറ്റിലെത്തും. 

Kuching Malaysia

അവിടെയാണ് ചൈനീസ് സ്ട്രീറ്റ്. ചൈനീസ് വിഭവങ്ങള്‍ ഒരുക്കുന്ന ഭക്ഷണശാലകളും രണ്ട് ചൈനീസ് ടെമ്പിളും അവിടെയുണ്ട്. കാര്‍പെന്റര്‍ സ്ട്രീറ്റിലെ കമാനത്തിനടുത്തൊരു ചൈനീസ് ആരാധനാലയമുണ്ട്. ഭിത്തികള്‍ സ്വര്‍ണപ്ലേറ്റുകള്‍ കൊണ്ട് അലങ്കരിച്ച അകത്തളം. അതിലൊരു പ്രത്യേക ആചാരമുണ്ട്. ദൈവത്തിന് മുന്നില്‍ വലിയ ധാന്യങ്ങള്‍ രണ്ടായി പകുത്തതുപോലെ രണ്ട് മരക്കഷ്ണം ഉണ്ട്. ദൈവത്തെ ധ്യാനിച്ച് അത് പുറകിലേക്ക് എറിഞ്ഞ് ഒരേ രീതിയില്‍ വീണാല്‍ വിചാരിച്ച കാര്യം നടക്കും. വെള്ളിയാഴ്ചയാണ് ഇവിടെ തിരക്ക് കൂടുന്നത്. രാവിലെ ക്ഷേത്രദര്‍ശനം, അതുകഴിഞ്ഞ് സ്ട്രീറ്റിലെ ഭക്ഷണശാലയില്‍നിന്ന് ഭക്ഷണം. അതാണ് പ്രധാന പരിപാടി.

ചൈനാ സ്ട്രീറ്റിന് തൊട്ടടുത്തു തന്നെയാണ് ഇന്ത്യാ സ്ട്രീറ്റ്. പേരില്‍ ഇന്ത്യനാണെങ്കിലും സ്ട്രീറ്റിലെ ഷോപ്പുകളില്‍ ഇന്ത്യന്‍ നിര്‍മിതമായി ഒന്നും കണ്ടില്ല. ഒരു ഷോപ്പില്‍നിന്ന് പഴയ 'ഏക് ദോ തീന്‍' എന്ന ഗാനം കേട്ടു. ചൈനാ നിര്‍മിതമായ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണനശാലകളാണ് ഏറെയും. അതിനിടയില്‍ ഇന്ത്യന്‍ ഹോട്ടല്‍ എന്ന ചെറിയ ബോര്‍ഡു കണ്ടു. അകത്ത് കയറിയപ്പോള്‍ ഇന്ത്യന്‍ വിഭവങ്ങളൊന്നും കണ്ടില്ല. തമിഴ്‌നാട്ടുകാരനായ വഹാബിന്റെയും ഭാര്യ ലാതിന്റെയും റെസ്റ്റോറന്റാണത്. മക്കളും മരുമക്കളും ബന്ധുക്കളും ജോലി ചെയ്യുന്ന ചെറിയ ഹോട്ടല്‍. ''ഓഫ് സീസണായതിനാല്‍ ഇന്ത്യക്കാര്‍ കുറവാണ്. പിടിച്ചുനില്‍ക്കാന്‍ വേണ്ടി മലയ ഫുഡിലേക്ക് തിരിഞ്ഞതാണ്'', വഹാബ് പറഞ്ഞു.

Kuching Malaysia

ആ തെരുവില്‍ ചെറിയ ഉന്തുവണ്ടി നിറയെ നൂല്‍പ്പുട്ടു വില്‍ക്കുന്ന ഒരാളെ കണ്ടു. ഇന്ത്യന്‍ പുട്ടു മയൂങ്ങ് എന്നാണതിന്റെ പേര്. തെരുവുകളില്‍ കനലില്‍ ചുട്ടെടുത്ത ചിക്കന്‍ സ്ട്രിങ്ങും ജ്യൂസുകളും വില്‍ക്കാന്‍ വെച്ചത് കണ്ടു. ഫ്രഷ് ജ്യൂസുകള്‍ എന്ന പേരില്‍ കിട്ടുന്ന ജ്യൂസുകള്‍ സ്‌ക്വാഷുകളായിരുന്നു. നാല് റിങ്കറ്റ്‌സിന് ഒരു ലിറ്റര്‍ ജ്യൂസ് കിട്ടും. ഒരു ലിറ്ററില്‍ കുറഞ്ഞ ഒരുപരിപാടിയും അവിടെയില്ല.ചുറ്റുപാടും വെള്ളത്തില്‍ പെട്ടുകിടക്കുന്ന ഈ ദ്വീപില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് നൂറ്റിമുപ്പത് രൂപവരും.

Kuching Malaysia

ഇന്ത്യാ സ്ട്രീറ്റിന് പുറകിലാണ് സാരാവാക്ക് ടെക്‌സ്‌റ്റൈല്‍ മ്യൂസിയം. പരമ്പരാഗത കൈത്തറി ഉത്പന്നങ്ങളുടെ നിര്‍മാണരീതി കാണിക്കുന്ന പ്രതിമകള്‍ അതിനകത്തുണ്ട്. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കല്‍, ഊടും പാവും ഒരുക്കല്‍, നെയ്ത്ത്, ഡിസൈനിങ്, മലേഷ്യന്‍ വസ്ത്രരീതികള്‍ എന്നിവ എല്ലാം അവിടെ കാണാം. വൂളന്‍ വസ്ത്രങ്ങളായിരുന്നു അവര്‍ക്ക് പ്രിയം.

Kuching Malaysia

ടെക്‌സ്‌റ്റൈല്‍ മ്യൂസിയം റോഡില്‍നിന്ന് നൂറ്് മീറ്റര്‍ നടന്നാല്‍ സാരാവാക്ക് സ്റ്റേറ്റ് മ്യൂസിയത്തിലെത്താം. 1891-ല്‍ ചാള്‍സ് ബ്രൂക്ക് രാജാവാണ് കുച്ചിങ്ങുകാര്‍ക്ക് ഈ മ്യൂസിയം പണിതു നല്‍കിയത്. മലേഷ്യയുടെ സാമൂഹിക സാംസ്‌കാരിക പുരോഗതി അടയാളപ്പെടുത്തുന്ന മ്യൂസിയമാണിത്. മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദിക്കില്ല. പൈതൃക കുലത്തൊഴിലായ മത്സ്യബന്ധനം, വസ്ത്രനിര്‍മ്മാണം, ആയുധനിര്‍മാണം,വേട്ട, ആചാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയടക്കം സാരാവാക്കില്‍ ആദ്യമായി പറത്തിയ വിമാനത്തിന്റെയും അടുപ്പിച്ച കപ്പലിന്റെയും വിശദവിവരങ്ങള്‍ അവിടെ സൃഷ്ടിച്ചിട്ടുണ്ട്. കേരളക്ഷേത്രങ്ങളില്‍ കാണാറുള്ള ഗണപതി വിഗ്രഹങ്ങളും അവിടെ കണ്ടു. കേരള സംസ്‌കാരത്തോട് ഏറെ അടുത്തുനില്‍ക്കുന്ന പൈതൃകമായിരുന്നു കുച്ചിങ്ങിന്റേത്. 

Kuching Malaysia

കേരളത്തിലെ രണ്ട് ജില്ലകളുടെ മാത്രം വരുന്ന ഈ ദ്വീപില്‍ നിന്നാണ് വേള്‍ഡ് മാര്‍ക്കറ്റ് കീഴടക്കിയ നിക്കോണ്‍ കാമറ അസംപിള്‍ ചെയ്യുന്നത്. കുട്ടികളുടെ പ്രിയ ബ്രാന്റായ ഹോട്ട് വീല്‍ ടോയ് ഇവിടെ നിന്നാണ് കയറ്റി അയക്കുന്നത്. ഇന്ന് ടൂറിസം, പാംഓയില്‍, മത്സ്യബന്ധനം, കൃഷി ,കയറ്റുമതി എന്നിവയാണ് ഈ നാടിന്റെ പ്രധാനവരുമാനമാര്‍ഗങ്ങള്‍.