ക്ഷേത്രങ്ങളാൽ സമ്പന്നമായ നാടാണ് കമ്പോഡിയ. ശില്പകലകളിൽ താത്പരരായ നിരവധി സഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്. സാധാരണയായി ഏവരും എത്തുന്നതിൽ നിന്ന് വ്യത്യസ്തമായി അത്ര ജനത്തിരക്കില്ലാത്ത, എന്നാൽ മനോഹരമായ ഒരിടമുണ്ട് കമ്പോഡിയയിൽ. നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ആ പ്രദേശത്തിന് പേര് കബാൽ സ്പീൻ എന്നാണ്.

ആയിരം ലിം​ഗങ്ങളുടെ നദിയെന്നാണ് സ്ഥലപ്പേരിന്റെ അർത്ഥം. പ്രകൃതി ഒളിപ്പിച്ചുവെച്ച ശില്പങ്ങളുടെ കൂട്ടമാണിവിടെ കാണാനാവുക. പേര് സൂചിപ്പിക്കുന്നതുപോലെ ആയിരക്കണക്കിന് ശിവലിം​ഗങ്ങളാണിവിടത്തെ പ്രത്യേകത. പാറകളിൽ കൊത്തിവച്ച വേറെയും രൂപങ്ങൾ ഇവിടെ കാണാം. ശിലാരൂപങ്ങളെ പൊതിഞ്ഞ് തഴുകിയൊഴുകുന്ന പുഴയുടെ കാഴ്ച അവർണനീയമാണ്.

Kbal Spean 2

കംബോഡിയയിലെ അങ്കോറിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമാണ് ഖെമറിലെ ‘ബ്രിഡ്ജ് ഹെഡ്’ എന്ന് സൂചിപ്പിക്കുന്ന കബാൽ സ്‌പീൻ. 1969 ൽ എത്തനോളജിസ്റ്റായ ജീൻ ബോൾബെറ്റാണ് ഒരു സന്യാസിക്കൊപ്പം നടക്കവേ ഈ പ്രദേശം കണ്ടെത്തിയത്. ഇത്രയും മനോഹരമായ പ്രദേശത്തേക്ക് സഞ്ചാരികളാരും അങ്ങനെ എത്താത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.

Kbal Spean 3

പതിനൊന്നാം നൂറ്റാണ്ടിൽ ഉദയാദിത്യവർമ്മൻ രണ്ടാമൻ രാജാവിന്റെ കാലത്താണ് ഇവ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. നഗര കേന്ദ്രത്തിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മാത്രം മതി കബാൽ സ്പീനിലെത്താൻ. യാത്രയ്ക്കിടെ കമ്പോഡിയയുടെ മനോഹരമായ ഗ്രാമക്കാഴ്ചകൾ കാണാം.

Kbal Spean 4

പ്രദേശത്തെത്തിയാൽ വനത്തിലൂടെ മുകളിലേക്ക് 1500 മീറ്റർ ഉയരമുള്ള പാത കാണാം. രാവിലെ 8 മുതൽ വൈകുന്നേരം 3 വരെയാണ് ഇങ്ങോട്ടുള്ള പ്രവേശനം. ഉൾവനത്തിലേക്കുള്ള യാത്ര നിങ്ങളെ മറ്റൊരു ലോകത്തിലെത്തിക്കും. കാടിനെയറിഞ്ഞുള്ള യാത്രയ്ക്ക് ശേഷം സന്ദർശിക്കാൻ പറ്റിയ ഏറ്റവും ജനപ്രിയവും ഏറ്റവും അടുത്തതുമായ സ്ഥലം നോം കുലെൻ നാഷണൽ പാർക്കിലെ നോം കുലെൻ ആണ്.

Kbal Spean 5

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കാട്ടിലൂടെയുള്ള യാത്ര 30-40 മിനിറ്റ്‌ നീണ്ടതായിരിക്കും
  • കാൽനടയാത്ര എളുപ്പമുള്ളതാവാൻ ഉറപ്പുള്ള സ്പോർട്സ് ഷൂകൾ തിരഞ്ഞെടുക്കുക.
  • പ്രവേശന കവാടത്തിൽ ഭക്ഷണശാലകളുണ്ട്. താൽപ്പര്യമുണ്ടെങ്കിൽ, രുചികരമായ കംബോഡിയൻ ഭക്ഷണം പരീക്ഷിക്കാം
  • മഴക്കാലത്താണ് വെള്ളച്ചാട്ടം അതിന്റേതായ ഭം​ഗിയിൽ ആസ്വദിക്കാനാവുക.
  • വേനൽക്കാലത്ത് കയറ്റം കയറുന്നത് എളുപ്പമാണ്, മാത്രമല്ല പ്രദേശത്തിന്റെ സവിശേഷതകൾ കൂടുതൽ വ്യക്തതയോടെ ആസ്വദിക്കുകയും ചെയ്യാം
  • പാർക്കിംഗ് സ്ഥലത്തെ വാഷ്‌റൂമുകൾ ഉപയോ​ഗപ്പെടുത്താവുന്നതാണ്.

Content Highlights: Kbal Spean, River of 1000 Lingas, Cambodia Tourism, Cambodia Temples