കാനഡ എപ്പോഴും സഞ്ചാരികളുടെ പറുദീസയാണ്. വലിയൊരു കാലഘട്ടത്തിന്റെ കഥകള്‍ പറയാനുള്ള കാനഡയിലെ പൂര്‍വികര്‍ പ്രധാനമായും തങ്ങിയത് ജോര്‍ജിയന്‍തീരത്തായിരുന്നു. ഇന്നും അതിന്റെ അവശേഷിപ്പുകള്‍ കാനഡയിലുണ്ട്. അതിനെ സംരക്ഷിച്ചുകൊണ്ട് കാനഡയില്‍ വളര്‍ച്ച കൈവരിച്ച സീനിക് കേവ്സ് എന്ന അഡ്വഞ്ചര്‍ പാര്‍ക്ക് പഴമയെ പുതിയകാലത്തേക്ക് പറിച്ചുനട്ടു. സീനിക് കേവ്സ് കാനഡ ടൂറിസം ഏറെ പ്രതീക്ഷയര്‍പ്പിച്ച, നന്നായി പരിപാലിക്കുന്ന സഞ്ചാരയിടമാണ്. സീനിക് കേവ്സിലെ കാഴ്ചകള്‍ കാണാനും ക്യാമറയിലേക്കും മനസ്സിലേക്കും പകര്‍ത്താനുമാണ് ഈ യാത്ര.

Scenic Caves 1

കാനഡയിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് സീനിക് കേവ്സ്. കാനഡയിലെത്തിയാല്‍ സീനിക് കേവ്സിന്റെ വശ്യചാരുത കാണാതെ എങ്ങനെ മടങ്ങും? അതുകൊണ്ട് രാവിലെതന്നെ അതിപുരാതനമായ, ചരിത്രമുറങ്ങുന്ന ഗുഹാമുഖം തേടി യാത്രതുടങ്ങി. ഞങ്ങളെത്തുമ്പോഴേക്കും നിരവധി സഞ്ചാരികള്‍ അവിടം സന്ദര്‍ശിച്ചുതുടങ്ങിയിരുന്നു. സീനിക് കേവ്സ് കാല്‍നടയായി തന്നെയാണ് കാണേണ്ടത്. പച്ച മേലാസകലം പൂശി ദൃഢഗാത്രരായി ഗുഹകള്‍ മുന്നില്‍ വിരാജിക്കുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഗുഹകള്‍ക്ക്. ചിലപ്പോള്‍ മനുഷ്യന്‍ ഭൂമിയില്‍ പിറവി കൊള്ളുന്നതിനും മുന്‍പേ ഇവ ഇവിടെയുണ്ടായിട്ടുണ്ടാകും. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മഞ്ഞുപാളികള്‍ തണുത്തുറഞ്ഞാണ് ഈ ഗുഹകള്‍ രൂപപ്പെട്ടത് എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. വ്യത്യസ്തവും പഴക്കമേറിയതുമായ 17 ഗുഹകള്‍ സീനിക് കേവ്സിലുണ്ട്. അവയെല്ലാം തന്നെ നടന്നുകാണാം. രണ്ടു മണിക്കൂറെങ്കിലും വേണം.

സീനിക് കേവ്സ് എന്നല്ല ഇത്തരത്തിലുള്ള ഏത് വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിക്കുമ്പോഴും റണ്ണിങ് അല്ലെങ്കില്‍ ഹൈക്കിങ് ഷൂസ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് ഗൈഡ് ഓര്‍മിപ്പിച്ചു. വേനല്‍ക്കാലമാണെങ്കില്‍ സണ്‍ സ്‌ക്രീന്‍, ബഗ് സ്പ്രേ, തൊപ്പി, വെള്ളം എന്നിവകൂടി കൈയില്‍ കരുതണമെന്നും പറഞ്ഞു. കേട്ടതെല്ലാം മനസ്സിന്റെ വടക്കുകിഴക്കേ അറ്റത്ത് സൂക്ഷിച്ച് ഗുഹയുടെ ഭംഗി ആസ്വദിച്ച് മുന്നോട്ട് നടന്നു.

Scenic Caves 2

ആദ്യം സന്ദര്‍ശിച്ചത് റെഫ്രിജറേറ്റര്‍ കേവ് എന്നറിയപ്പെടുന്ന ഗുഹയിലാണ്. അതിദുര്‍ഘടമായ വഴിയാണ്. വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നുപന്തലിച്ച ഈ ഗുഹയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പേരുപോലെ ഗുഹയുടെ അകം മുഴുവന്‍ തണുപ്പ് വ്യാപിച്ചിരിക്കുന്നു. നാലു ഡിഗ്രിയോളം തണുപ്പാണ് ഗുഹയ്ക്കകത്ത്. എന്നാലും ഓക്സിജന്‍ നന്നായി ലഭിക്കുന്നുണ്ടായിരുന്നു. മഞ്ഞുകാലത്ത് അതിഭീകരമായ തണുപ്പ് ഈ ഗുഹയിലുണ്ടാകാറുണ്ടത്രേ. ഭൂനിരപ്പില്‍നിന്നും 70 അടി താഴ്ചയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഇതുതന്നെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഭൂനിരപ്പിന് താഴെയാണെങ്കിലും ശ്വസിക്കാനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. ശീതളമായ അന്തരീക്ഷം മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു. അവിടത്തെ പ്രാദേശികവാസികളാണ് ഞങ്ങള്‍ക്കായി ഭക്ഷണമൊരുക്കിയത് എന്നതും വലിയ പ്രത്യേകതയായിരുന്നു. 

ഗുഹയുടെ വശ്യത ആസ്വദിച്ചതിനുശേഷം നേരെ ചെന്നത് മലയുടെ മുകളിലേക്കാണ്. ചുണ്ണാമ്പുകല്ലുകളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണവിടം. കല്ലിലും പാറക്കെട്ടുകളിലും അള്ളിപ്പിടിച്ച് ഒരുവിധം മുകളിലെത്തി. അദ്ഭുതം എന്ന വാക്കിനേക്കാള്‍ മികച്ച ഏത് വാക്കുകൊണ്ട് ആ പ്രദേശത്തെ പ്രകീര്‍ത്തിക്കണമെന്ന് ആലോചിച്ചു. അത്രയും പ്രകൃതിസൗന്ദര്യം വാരിവിതറിയ പ്രദേശമാണ്. മുകളിലെത്തിയാല്‍ പതിനായിരം ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള ജോര്‍ജിയന്‍ ഭൂപ്രദേശം മുഴുവന്‍ കാണാനാകും. പ്രകൃതിയുടെ പച്ചപ്പും കടലിന്റെ നീലയും നയാഗ്രയുടെ തിളങ്ങുന്ന വെള്ളിവെളിച്ചവും പരസ്പരപൂരകങ്ങളായി ചേര്‍ന്നുനില്‍ക്കുന്ന വേറിട്ട ആ കാഴ്ച വലിയ അനുഭവമാണ് സമ്മാനിച്ചത്.

Scenic caves 3
 
ഗുഹാമുഖങ്ങള്‍ കണ്ട് വ്യൂപോയിന്റിലൂടെ ഉയരത്തില്‍നിന്നും ചുറ്റുമുള്ള കാഴ്ചകളെല്ലാം ആസ്വദിച്ചു. ഇനി പ്രകൃതിയെ അടുത്തറിയാനുള്ള സമയമാണ്. ഓക്ക് മരങ്ങളും ഷുഗര്‍ മേപ്പിള്‍ മരങ്ങളും ഇടതൂര്‍ന്നു വളരുന്ന നയാഗ്ര മലഞ്ചെരുവാണ് അടുത്ത ലക്ഷ്യം. യുനെസ്‌കോയുടെ സംരക്ഷിക്കപ്പെടേണ്ട ബയോസ്ഫിയറുകളുടെ പട്ടികയില്‍ ഇടംനേടിയ പ്രദേശമാണ് നയാഗ്ര മലഞ്ചെരുവ്. കാനഡയിലെ ഒന്‍ടാരിയോയില്‍ മാത്രം ഈ പ്രദേശമുള്‍പ്പെടെ നാല് ബയോസ്ഫിയറുകളെയാണ് യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. യുനെസ്‌കോ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നതുകൊണ്ടാകണം എങ്ങും വൃത്തിയും പ്രകൃതിപരിപാലനവും കാണാനാകും. കുട്ടികള്‍ മരങ്ങള്‍ക്കുചുറ്റും ഓടിക്കളിച്ച് അവധിദിനം ആഘോഷമാക്കുകയാണ്. പ്രണയികളും ധാരാളമായി ഇവിടേക്ക് എത്തിയിട്ടുണ്ട്. അംബരചുംബികളായ പടുകൂറ്റന്‍ മരങ്ങള്‍ക്കൊപ്പം പൂവരശ്, ഫോറസ്റ്റ് ബെറികള്‍, ചിത്രപ്പുല്ലുകള്‍, കാട്ടുപൂക്കള്‍ എന്നിവയും മലഞ്ചെരുവില്‍ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്നു.
 
ചരിത്രമുറങ്ങുന്ന മണ്ണാണ് സീനിക് കേവ്സ്. ഗുഹയ്ക്കടുത്തുള്ള എകരെന്നിയോണ്ടി എന്ന പ്രദേശത്ത് പണ്ട് പെറ്റണ്‍ വിഭാഗത്തില്‍പ്പെട്ട ആദിമമനുഷ്യര്‍ താമസിച്ചിരുന്നു. കാനഡയിലെ ആദിമമനുഷ്യവിഭാഗക്കാരായ ഇവര്‍ കാനഡയിലെ ഹ്യൂറോണ്‍ തടാകക്കരയിലാണ് പ്രധാനമായും ജീവിച്ചിരുന്നത്. ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനായി പെറ്റണ്‍ ഗോത്രവര്‍ഗം സീനിക് കേവ്സിന് സമീപത്തുള്ള എകരെന്നിയോണ്ടി കാടുകളിലാണ് അഭയം പ്രാപിച്ചത്. അതിന്റെ അവശേഷിപ്പുകള്‍ ഇന്നും അവിടെ കാണാനാകും. ഇക്കാര്യം ലോകത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് 1636-ല്‍ കഥാകാരനായ ജീന്‍ ഡെ ബ്രെബ്യൂവാണ്. അദ്ദേഹത്തിന്റെ കഥകളില്‍ എകരെന്നിയോണ്ടിയെക്കുറിച്ച് പലകുറി പ്രതിപാദിച്ചിട്ടുണ്ട്. ഭൂമിക്കടിയിലേക്കുള്ള പാത നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പെറ്റണ്‍ ഗോത്രവിഭാഗക്കാര്‍ നിര്‍മിച്ചിട്ടുണ്ട്. അത് ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. 

Scenic Caves 4

എകരെന്നിയോണ്ടി നല്‍കിയ അദ്ഭുതക്കാഴ്ചകള്‍ കണ്ട് അമ്പരന്നുനിന്നപ്പോഴാണ് സീനിക് കേവ്സിലെ മറ്റൊരു പ്രത്യേകതയായ സസ്പെന്‍ഷന്‍ ബ്രിഡ്ജ് കണ്ണിലുടക്കിയത്. സീനിക് കേവ്സില്‍നിന്നും 25 മീറ്റര്‍ ഉയരത്തിലും ജോര്‍ജിയന്‍ തീരത്തുനിന്നും 300 മീറ്റര്‍ ഉയരത്തിലും സ്ഥിതിചെയ്യുന്ന പാലം കാണാന്‍തന്നെ പ്രത്യേക ചന്തമാണ്. പാലത്തില്‍ കയറിയപ്പോള്‍ കാറ്റ് വീശാന്‍ തുടങ്ങി. കാറ്റിന്റെ താളത്തിനനുസരിച്ച് പാലം നൃത്തം വെയ്ക്കാന്‍ തുടങ്ങിയതോടെ എല്ലാവരും ചെറുതായൊന്നു പേടിച്ചു. എന്നാല്‍ അതും രസകരമായിരുന്നു. ബലമേറിയ പില്ലറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പാലമാണിത്. 

പാലത്തിലൂടെ നടന്ന് മറുകരയിലെത്തിയപ്പോള്‍ തലയ്ക്ക് മുകളിലൂടെ പലരും ഊര്‍ന്നിറങ്ങിപ്പോകുന്നത് കണ്ടു. സിപ് ലൈനായിരുന്നു അത്. സഞ്ചാരികള്‍ക്കായി സിപ് ലൈന്‍ സൗകര്യവും ഇവിടെയുണ്ട്. ഒന്‍ടാരിയോയിലെ ഏറ്റവും നീളം കൂടിയ സിപ് ലൈനാണിത്. 50 അടി മുകളിലെത്തി അവിടെനിന്ന് ചെങ്കുത്തായി 287 അടി താഴേക്കാണ് സിപ് ലൈനിലൂടെ സഞ്ചരിക്കേണ്ടത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഓരോ യാത്രികനും താഴേക്ക് കുതിക്കുക. ഡൈനാമിക്ക്ലി കണ്‍ട്രോള്‍ഡ് ടെക്നോളജിയാണ് സിപ് ലൈനിനായി ഉപയോഗിച്ചിരിക്കുന്നത്. പലരും നിലവിളിച്ചുകൊണ്ടും ആര്‍ത്തുല്ലസിച്ചുമാണ് സിപ് ലൈനിലൂടെ സഞ്ചരിച്ചത്. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ റൈഡില്‍ സഞ്ചരിക്കാനാവില്ല.

Scenic Caves 5

സിപ് ലൈനിനെക്കൂടാതെ ജെം സ്റ്റോം മൈനിങ്, മിനി ഗോള്‍ഫ്, ഫിഷ് പോണ്ട്, റോക്കി ട്രെയിന്‍, കുട്ടികള്‍ക്കായുള്ള അഡ്വഞ്ചര്‍ പ്ലേ ഗ്രൗണ്ട് തുടങ്ങിയ വിവിധ കാര്യങ്ങള്‍ സീനിക് കേവ്സിലുണ്ട്. കാനഡ അവര്‍ക്കുള്ള സൗകര്യങ്ങളെ എത്രത്തോളം നന്നായി ഉപയോഗിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് സീനിക് കേവ് നേച്വര്‍ അഡ്വഞ്ചേഴ്സ്. ഏകദേശം രണ്ടുമണിക്കൂറോളം സമയം അവിടെ ചെലവഴിച്ച് പുറത്തെത്തുമ്പോള്‍ പുതുമയും പഴമയും ഒരുപോലെ ഇടകലരുന്ന ഒരു യാത്രാനുഭവം ഞങ്ങളെ പൊതിയുന്നുണ്ടായിരുന്നു. 

(മാതൃഭൂമി യാത്രാ മാഗസിനില്‍ 2018 നവംബറില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Canada Tourism, Scenic Caves Canada, Nature Adventure Park and Tourism Centre