ബെദുയിൻ വിഭാഗക്കാർ പശ്ചിഷ്യേയിലെ മരുഭൂമി നിവാസികളായ ഗോത്രവർഗ ജനതയാണ്.  പശ്ചിമേഷ്യയിലെ ജോർദ്ദാനാണ് അവരുടെ പ്രധാന ആവാസ കേന്ദ്രം. ഇത് കേവലമായ ഒരു മത വിഭാഗമല്ല. ഒരു പ്രദേശത്തിൻ്റെ ഹൃദയവും ആത്മാവുമായ ഒരു ജനതയാണ്.  ഋതുഭേദങ്ങൾക്കതീതമായ്  ആണ്ടുകളോളം മരുഭൂമിയിലൂടെ നാടോടികളായ് അലഞ്ഞു നടന്ന് അത്യധ്വാനം ചെയ്ത് അന്നത്തിന് വക തേടുന്ന ആത്മാഭിമാനികളാണ് ബെദുയിൻ വിഭാഗം. വെറും നാടോടികൾ എന്നതിലപ്പുറത്ത് ആതിഥ്യ മര്യാദയും അഭിമാന ബോധവും അസ്ഥിത്വവുമുള്ള ജനതയാണ് ഇവർ. കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉദിക്കുമ്പോൾ മധ്യധരണ്യാഴിയിലെ ബെദുയിൻ എന്ന നാടോടി ജനത ആലസ്യം വിട്ട് ഉണരും. നൂറ്റാണ്ടുകളായ് വരപ്രസാദമായ്  കൈമാറിക്കിട്ടിയ ദേശാടനം തുടങ്ങും.. കൂടെ ഒരു പറ്റം ചെമ്മരിയാടുകളും , ചുമട് താങ്ങാൻ ഒരു കഴുതയും, കാവൽക്കാരനായ് ഒരു പട്ടിയുമുണ്ടാവും. ചിലപ്പോൾ ഒട്ടകങ്ങളും കാണും. പിന്നെ അവർ നാടും നഗരവും വിട്ട്  അതിജീവനത്തിൻ്റെ കുന്നും മലകളും താണ്ടുകയായി.. 

ഒറ്റ നോട്ടത്തിൽ കണ്ടാൽ അപരിഷ്കൃതർ എന്നു പറഞ്ഞ് എഴുതി തള്ളാൻ വരട്ടെ. അവർക്കുമുണ്ട് അതിസമൃദ്ധമായ ഭൂതകാലവും തലകുനിക്കാത്ത വർത്തമാനവും മാനംമുട്ടെയുള്ള ആശയങ്ങളുമെല്ലാം. ഉടുക്കുന്ന തുണിയിലോ എടുക്കുന്ന പണിയിലോ അല്ല , മറിച്ച്  ഒരൊറ്റ മനസ്സായ് ഒത്തുകൂടുന്നതിലാണ് മഹിമ എന്ന് മണലാരണ്യത്തിൽ ജീവിതം കൊണ്ട് എഴുതിവച്ചവരാണവർ.  ആധുനിക ജോർദ്ദാൻ ജനതയുടെ പിൻമുറക്കാരായ ബെദുയിൻ ഗോത്ര വിഭാഗത്തിന് അതിപ്രാചീനരായ നബാത്തിയൻ വിഭാഗവുമായ് ഇഴപിരിയാത്ത ബന്ധമാണുള്ളത്. അറ്റം കാണാതെ വളഞ്ഞു പുളഞ്ഞു പോകുന്ന  ഡെസേർട്ട് ഹൈവേയിലെ പൂർവ്വ ഭാഗത്തെ മണലാരണ്യങ്ങളിലാണ് ആ ജനവിഭാഗത്തിൻ്റെ ആവാസസ്ഥാനം. നബാത്തിയൻ ആസ്ഥാനമായ പെട്രയിലും  ഭൂമിയിലെ ചൊവ്വ എന്നറിയപ്പെടുന്ന വാദി റമ്മിലും ഈ വിഭാഗം ഇന്നും പൈതൃകങ്ങളെ നെഞ്ചേറ്റി കഴിഞ്ഞുകൂടുന്നു.

bedouin 2

ആതിഥ്യമര്യാദ 

ആടു നോക്കുന്ന നാടോടിക്ക് എന്ത് ആഥിത്യ മര്യാദ എന്ന് സ്വാഭാവികമായും തോന്നും.? പക്ഷേ ആ തോന്നൽ ആദ്യ കാഴ്ചയിൽ തന്നെ അവർ തിരുത്തും. "അഹ്ലൻ " എന്ന വാക്കിൽ അവർ നെഞ്ചിനുള്ളിലെ ഒളിപ്പിച്ച സ്നേഹം പുറത്ത് കാണിക്കും. "സ്വാഗതം സഹോദരാ " എന്നാണതിൻ്റെ അർത്ഥം. ആ വാക്കിൽ ഐക്യവും സ്നേഹവും എല്ലാം ഉണ്ട്.  എതിരാളിയേക്കാൾ  തേരാളിയാണ് നല്ലത് എന്ന നയമാണ് അവരുടേത്. അതി കഠിനമായ മരുഭൂമികളിൽ അതി ജീവനത്തിന് അടിപിടി നല്ലതല്ല എന്ന തിരിച്ചറിവ് അവരിൽ രൂഢമൂലമാണ്. എത്ര വേഗമാണ് ഈ വിഭാഗം  ഓരോരുത്തരേയും ആത്മബന്ധുവാക്കുന്നത്.! അത് ഒരു മന്ത്രസിദ്ധിയാണ്.  ഒരു പക്ഷേ വിരുന്നുകാരനോടുള്ള സ്നേഹാധിക്യത്താൽ   ആകെയുള്ള പോറ്റാടിനെയും അറുത്ത് തരുന്ന ആതിഥ്യമര്യാദ. കഴിക്കാൻ മാൻസഫും കുടിക്കാൻ കാപ്പിയും കൊറിക്കാൻ ഫലാഫിലും രുചിക്കാൻ കുനാഫെയും നൽകാതെ ഈ ജനത ആരെയും യാത്രയാക്കില്ല. ആട്ടിൻ പാൽ കൊണ്ട് തയ്യാറാക്കുന്ന ശുദ്ധനാടൻ മോരും (ലബാൻ) അവരുടെ സൽക്കാരത്തിൻ്റെ ഭാഗമാണ് ! പക്ഷേ ഒരു നിർബന്ധമുണ്ട്. ഞാൻ പച്ചക്കറി എന്നൊന്നും പറഞ്ഞ് ഒഴിയുന്നത് അവർക്ക് അത്ര പ്രിയമല്ല.   അളിയന് അയലത്തല കൊടുക്കാം എന്നു പറയും പോലെ അതിഥിക്കായ് ആട്ടിൻ തലയും അവർ തരും.. സ്നേഹക്കൂടുതൽ കൊണ്ടാണ്.!   ജീവിതത്തിൻ്റെ അതിസാഹസം നിറഞ്ഞ യാത്രയിൽ ഒരു തുണ്ടു മണ്ണോ ഉറങ്ങാൻ വീടോ പോലും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ഒരു ജനതയാണവർ. ഇനി ഒരു സലാം പറഞ്ഞ് ഒരു കൈമടക്ക് കൊടുക്കാൻ നോക്കിയാൽ അതും അവർക്ക് അഹിതമാണ്. അവർക്ക് ആറടി മണ്ണ് തന്നെയാണ് ലോകം!    

അന്തിയുറങ്ങാൻ രോമവീടുകൾ

ബെദുയിൻ വംശത്തിൻ്റെ വീടുകൾ ബെയ്ത്ത് അഷ്-ഷാർ എന്നാണറിയപ്പെടുന്നത്.  കറുത്ത മുടിയുടെ വീട് .!  ചെമ്മരിയാടിൻ്റെ രോമങ്ങൾ ഉപയോഗിച്ച് ഒരു കർട്ടൻ തുണി പോലെ തുന്നിയെടുക്കും. അതിന് തന്നെ വർഷങ്ങൾ വേണം. സ്വന്തം വളർത്താടുകളുടെ രോമങ്ങൾ കൊണ്ടാണ് ഈ കർട്ടൻ നിർമാണം. പിന്നെ അത്തി പോലുള്ള  മരക്കമ്പുകൾ കൊണ്ട് കൂരകൾ കെട്ടും. തണുപ്പുകാലത്തും ചൂടുകാലത്തും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ് കുടിൽ നിർമാണം. ദേശാടന സമയത്ത് എല്ലാം വാരിക്കെട്ടി അടുത്ത ലാവണത്തിലേക്ക് പോകുമ്പോഴും കൂടാരവും കൂടെയുണ്ടാവും. സ്ത്രീകളുടെ സ്വാതന്ത്ര്യം കുടുംബം എന്ന അതിർത്തിരേഖക്കുള്ളിൽ പരിമിതപ്പെടുത്തുന്നു എന്ന ഗോത്ര രീതിയാണ് അവർ പിന്തുടരുന്നത്.  വിരുന്നുകാർ വന്നാൽ സ്ത്രീകൾ പാതി ചാരിയ വാതിലിന് പിന്നിൽ പരിഭവം ഇല്ലാതെ  നിൽക്കും. സ്വാതന്ത്ര്യം കുറച്ചതല്ല. അവരുടെ സ്വകാര്യത കാത്തതാണ് എന്നാണവരുടെ പക്ഷം. അതവരുടെ സ്വാതന്ത്ര്യത്തിനു വിടുന്നു.

bedouin

പച്ചിലയുടെ നാട്ടറിവുകൾ 

കുറ്റിച്ചെടികളും മരങ്ങളും എല്ലാം ആരോഗ്യ സംരക്ഷണത്തിനും രോഗശാന്തിക്ക് വേണ്ടിയും ഇവർ ഉപയോഗിച്ചു വരുന്നു.  ഫ്ളോറ, ഫോണ തരുലതാദികളുടെ സാധ്യതകൾ നല്ല രീതിയിൽ ഈ വിഭാഗം  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഏതർ എന്ന സസ്യം വയറു വേദനയ്ക്കും ബാബുനെജ് ഇല ശ്വാസകോശ രോഗങ്ങൾക്കും മറാമിയ ദഹനത്തിനും ജാദേ പനിയ്ക്കും വേണ്ടിയുള്ള മറുമരുന്നാണ് എന്നാണവരുടെ വാദം.  ഖബീല എന്ന ഗോത്രമാണ് എന്നും  തീരുമാനം എടുക്കുന്നതിൽ നിർണായകം. കുലം എന്ന അടിസ്ഥാന യൂണിറ്റ് തന്നെയാണ് കുടുംബസംവിധാനത്തിൻ്റെ ആണിക്കല്ല്. പക്ഷേ ഗോത്ര നിയമങ്ങൾ എല്ലാം  ജനാധിപത്യത്തിന് പൂർണമായും യോജിച്ചതാണ് എന്ന് പറയാൻ വയ്യ. പുറത്താക്കലും നാടുകടത്തലും എല്ലാം പരിഷ്കൃത സമൂഹത്തിന് പൊരുത്തപ്പെടാൻ ആവാത്തതാണ്. പുതിയ കാലത്ത് പഴയ ചിട്ടയിൽ നിന്ന് ചെറിയ മാറ്റങ്ങൾ ഈ ജനതയ്ക്ക് വന്നിട്ടുണ്ട്. പലരും കൃഷിയിലേക്കും ഇതര മേഖലകളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഭരണകൂടം സഹകരണ സംഘങ്ങൾ രൂപീകരിച്ച് ഇവർക്കായ് പുതുപദ്ധതികൾ തുടങ്ങിയിട്ടുണ്ട്. 

ആഡംബരങ്ങളും ആർത്തിയും പല സമൂഹങ്ങളെയും അന്ധമാക്കുമ്പോൾ ഹൃദയവിശാലത കൊണ്ട്  ഭൂമിക്ക് കയ്യൊപ്പ് ചാർത്തുന്ന ബെദുയിൻ  ജനതക്ക് നമോവാകം. ഒരു ഗോത്ര സമൂഹത്തിൻ്റെ നന്മയുടെ നേർക്കാഴ്ചകൾ  കണ്ട് മടങ്ങുമ്പോൾ നന്ദി പറയേണ്ടത് കാഴ്ചകളുടെ ഭൂമിയിൽ എന്നും ഉൾക്കരുത്ത് പകർന്ന ദൈവതുല്യർക്കാണ്.

Content Highlights: Jordhan travel, bedouin tribes, life of oldest inhabitants of the Arabian desert