നിറം മാറുന്നതില്‍ വീരനാണ് ഓന്തുകള്‍. എന്നാല്‍ ഓന്തിനെപ്പോലെ നിറം മാറാന്‍ ഒരു തടാകത്തിന് സാധിക്കുമോ? എങ്കില്‍ അത്തരത്തിലൊരു തടാകമുണ്ട് . ചൈനയില്‍ സ്ഥിതി ചെയ്യുന്ന ജിയുഷെയ്‌ഗോ തടാകമാണ് ഈ അപൂര്‍വ കാഴ്ച സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കുന്നത്. 

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ജിയുഷെയ്‌ഗോ തടാകം പല സമയത്തും പലനിറങ്ങളില്‍ കാണപ്പെടും. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളില്‍ തടാകത്തെ സഞ്ചാരികള്‍ക്ക് കാണാനാകും. ചൈനയിലെ സിഷ്യാന്‍ മേഖലയിലെ നാന്‍പിങ് ക്യാന്റോണിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.

കണ്ണാടി പോലെ തിളങ്ങുന്ന അത്രമേല്‍ ശുദ്ധമായ തടാകമാണിത്. അതുകൊണ്ടുതന്നെ 16 അടി ആഴമുള്ള തടാകത്തിന്റെ അടിഭാഗം വരെ സഞ്ചാരികള്‍ക്ക് വ്യക്തമായി കാണാനാകും.  പൂക്കളാലും മരങ്ങളാലും ചുറ്റപ്പെട്ട ഈ തടാകത്തിലേക്ക് ഇവയുടെ നിഴല്‍ പതിക്കുന്നുണ്ട്. അതുപോലെ തടാകത്തില്‍ മള്‍ട്ടി കളര്‍ ഹൈഡ്രോ ഫൈറ്റുകളുമുണ്ട്. ഇതുകൊണ്ടാവാം തടാകത്തിന് നിറം മാറാന്‍ സാധിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 

തണുപ്പുകാലത്ത് ചുറ്റുമുള്ള പര്‍വതങ്ങളും മരങ്ങളുമെല്ലാം മഞ്ഞുപുതച്ച് നില്‍ക്കുമ്പോഴും ജിയുഷെയ്‌ഗോ തടാകം ഇതേപോലെ തന്നെ നില്‍ക്കും. തടാകത്തിലെ വെള്ളം കട്ടിയായി പോകാറില്ല. ചൂടുള്ള നീരുറവ മൂലമാണ് വെള്ളം കട്ടിയാകാത്തത്.

ജിയുഷെയ്‌ഗോ തടാകവും അതിനടുത്തുള്ള നേച്ചര്‍ റിസര്‍വുമെല്ലാം കാണാന്‍ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. ടിബറ്റന്‍ പീഠഭൂമിയിലെ താഴ്​വരയിലാണ് ജിയുഷെയ്‌ഗോ തടാകം സ്ഥിതി ചെയ്യുന്നത്. 

Content Highlights: Jiuzhaigou is a nature reserve and national park located in Nanping Canton, Sichuan Province