റാസല്‍ഖൈമ : രാജ്യത്തെ ഏറ്റവും വലിയ മലനിരയായ ജബല്‍ ജെയ്സില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാനെത്തിയത് 38,000-ത്തിലധികം പേര്‍. വിനോദസഞ്ചാരികള്‍, പ്രവാസി കുടുംബങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുമുള്ള ആളുകള്‍ക്ക് ആഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി ഇതു മാറിക്കഴിഞ്ഞു.

അടുത്തിടെ നിര്‍മിച്ച റെസ്റ്റ് ഹൗസുകള്‍ നിരവധി വിനോദ സഞ്ചാരികളെയും കുടുംബങ്ങളേയും ആകര്‍ഷിച്ചതായി പബ്ലിക് വര്‍ക്കേഴ്സ് ആന്‍ഡ് ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അഹ്മദ് മുഹമ്മദ് അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ഈദ് ദിനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ജബല്‍ ജയ്സ് മലനിരകളില്‍ 9,500 വാഹനങ്ങള്‍ എത്തിച്ചേര്‍ന്നു. ആദ്യ ദിനം 4,000 വാഹനങ്ങളും പിറ്റേന്ന് 5,500 വാഹനങ്ങളുമാണ് എത്തിയത്. 

ജബല്‍ ജെയ്സ്, ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ തടയുന്നതിന് കൂടുതല്‍ പരിശോധന നടത്തിയിരുന്നതായി അല്‍ ഹമ്മദി പറഞ്ഞു. ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ 226 പരിസ്ഥിതി നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Jebel Jais travel, Rest Houses in Jebel Jais