യര്‍ലന്‍ഡിലെ ജനങ്ങളില്‍ ഭൂരിപക്ഷംപേരും കത്തോലിക്കാ വിശ്വാസികളാണ്. അഞ്ചാം നൂറ്റാണ്ടില്‍ സെന്റ് പാട്രിക് എന്ന ക്രിസ്തുമത പ്രചാരകന്റെ വരവോടുകൂടിയാണ് പരമ്പരാഗത പേഗന്‍ സമ്പ്രദായങ്ങളെ ഉപേക്ഷിച്ച് കത്തോലിക്കാ മത സംസ്‌കാരം ഐറിഷ് ജനത സ്വീകരിച്ചത്. പുരാതനമായ ചില പ്രാര്‍ഥനാരീതികളും ആചാരാനുഷ്ഠാനങ്ങളും അയര്‍ലന്‍ഡില്‍ ഇന്നും സജീവമാണ്.

അയര്‍ലന്‍ഡിലെ ഏറ്റവും പുരാതന തീര്‍ഥാടനകേന്ദ്രമാണ് സെന്റ് പാട്രിക് പര്‍ഗറ്ററി എന്നറിയപ്പെടുന്ന 'ലോഗ്‌ഡെഗ്'. കൗണ്ടി ഡോണഗലിലെ ചെറിയ ഗ്രാമമായ പെറ്റീഗോവയ്ക്കടുത്ത മനോഹരമായ ഒരു ദ്വീപിലാണ് ലോഗ്‌ഡെഗ് തീര്‍ഥാടനകേന്ദ്രം. ലോഗ്‌ഡെഗ് തടാകത്തിനും ദ്വീപിനും ഐറിഷ് പുരാണത്തില്‍ വിശിഷ്ടസ്ഥാനമാണുള്ളത്.

ഇതിഹാസനായകനായ ഫിയോന്‍ മക്കൂളിനെ കീഴ്‌പ്പെടുത്തുവാന്‍ വന്ന യക്ഷിയെ അമ്പെയ്ത് വീഴ്ത്തി ലോഗ്‌ഡെഗ് തടാകക്കരയില്‍ വെച്ച് വധിച്ചുവെന്നാണ് ഐതിഹ്യം. ഇത് കണ്ടുനിന്ന കോനന്‍ എന്ന യുവാവ്, ചലനമറ്റ് കിടന്ന യക്ഷിയുടെ തുടയെല്ല് പൊട്ടിച്ച് കഷണങ്ങളാക്കി. എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ എല്ലുകള്‍ക്കിടയില്‍നിന്ന് ഒരു വിചിത്ര പുഴു രൂപംകൊണ്ടു. തത്ക്ഷണം ഭീകരരൂപിയായി വളര്‍ച്ചപ്രാപിച്ച 'ക്രോണിച്ച്' എന്ന ആ രാക്ഷസപ്പുഴു ലോഗ്‌ഡെഗ് തടാകക്കരയിലെ കന്നുകാലികളെയും കൃഷിയുത്പന്നങ്ങളെയും കാലങ്ങളോളം തിന്നുതീര്‍ത്തു. 

2

ക്ഷുഭിതരും ഭയചകിതരുമായ നാട്ടുകാര്‍ കോനന്റെ പ്രവൃത്തിയെ പഴിച്ചു. കോനന്‍ തന്നെ ഇതിന് പരിഹാരം കണ്ടെത്തി. ക്രൂരനും രാക്ഷസനുമായ ക്രോണിച്ചിനെ കീഴടക്കി, അവന്റെ ഭീമാകാരമായ വായില്‍ കടന്നുകയറി വാളുകൊണ്ട് ആഞ്ഞുവെട്ടി കൊന്നുകളഞ്ഞു. ക്രോണിച്ചിന്റെ ശരീരത്തില്‍നിന്ന് ചോര വാര്‍ന്നുവീണ് ചുവന്നതാണ് ലോഗ്‌ഡെഗ് തടാകക്കരയിലെ ചുവന്ന കരിങ്കല്ലുകള്‍ എന്നാണ് വിശ്വാസം. കൂടുതല്‍ പ്രചാരത്തിലുള്ള കഥ, ഡെന്റ് പാട്രിക്കുമായി ബന്ധപ്പെട്ടതാണ്. ധ്യാനത്തിനും പ്രാര്‍ഥനയ്ക്കും വേണ്ടി ലോഗ്‌ഡെഗിലെത്തിയ സെന്റ് പാട്രിക്, തന്റെ ദിവ്യശക്തികൊണ്ട് ക്രോണിച്ചിനെ തുരത്തിയെന്നും നാല്പത് ദിവസങ്ങള്‍ ഉപവാസത്തിന് വേണ്ടി ലോഗ്‌ഡെഗില്‍ താമസിച്ചുവെന്നും വിശ്വസിച്ചുവരുന്നു.

ആയിരത്തോളം വര്‍ഷങ്ങളായി പരമ്പരാഗതമായി നടന്നുവരുന്ന ലോഗ്‌ഡെഗിലെ മൂന്ന് ദിവസത്തെ തീര്‍ഥാടനം ഏറെ പ്രസിദ്ധമാണ്. ജൂണിനും ഓഗസ്റ്റിനുമിടയിലുള്ള വേനല്‍ക്കാലത്താണ് പ്രധാനമായും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉണങ്ങിയ റൊട്ടി, കട്ടന്‍ചായ, ഓട്‌സിന്റെ ചെറിയ കേക്ക്, ഒരു കുപ്പി വെള്ളം എന്നിവ മാത്രമുള്ള 'ലോഗ്‌ഡെഗ് മീല്‍' ആണ് ഈ ദിവസങ്ങളില്‍ തീര്‍ഥാടകര്‍ കഴിക്കുന്നത്. ദ്വീപിലെ സെന്റ് പാട്രിക് ബസിലിക്കയിലെത്തിക്കഴിഞ്ഞാല്‍ പാദരക്ഷകള്‍ അഴിച്ചുവെച്ച് നഗ്‌നപാദരായി മാത്രമേ പള്ളിപ്പരിസരങ്ങളില്‍ നടക്കുവാന്‍ അനുവാദമുള്ളൂ. പകല്‍ മുഴുവന്‍ കുരിശുകള്‍ സ്ഥാപിച്ച വിശുദ്ധ സ്ഥലങ്ങളില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുകയും രാത്രിയില്‍ ഉറങ്ങാതെ ജപമാലയുരുവിട്ട് ഉപവാസത്തോടെ പ്രാര്‍ഥിക്കുകയും ചെയ്യുന്നതാണ് പ്രാര്‍ഥനാരീതികള്‍. പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കും, ശാരീരികാസ്വസ്ഥതകളില്ലാത്തവര്‍ക്കുമാണ് പ്രവേശനമുള്ളത്.

അയര്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള കൗണ്ടി മേയോയിലാണ് വിശ്വപ്രസിദ്ധമായ 'നോക്ക്' തീര്‍ഥാടനകേന്ദ്രം. പുരാതന ഗേലിക് മാതൃകയിലുള്ള കൊച്ചുവീടുകളും കുതിരകള്‍ മേയുന്ന മനോഹരങ്ങളായ താഴ്‌വരകളും നിറഞ്ഞതാണ് 'നോക്ക്' എന്ന ഗ്രാമം.

1879 ഓഗസ്റ്റ് ഇരുപത്തിയെന്നാം തീയതി വ്യാഴാഴ്ച ഒരു മഴയുള്ള രാത്രിയില്‍ മേരിബേണ്‍ എന്ന പെണ്‍കുട്ടി വീട്ടിലേക്ക് വരികയായിരുന്നു. പെട്ടെന്നാണ് അവള്‍ നാല് രൂപങ്ങളെ മഴയില്‍ ചിതറിയ വെളിച്ചത്തില്‍ അവ്യക്തമായി കണ്ടത്. ഉടനെ തന്നെ അവള്‍ ഗ്രാമവാസികളെ വിളിച്ചുകൂട്ടി, രൂപങ്ങളെ കണ്ട സ്ഥലം അവര്‍ക്ക് കാണിച്ചുകൊടുത്തു. പതിനഞ്ചോളം വരുന്ന ആളുകള്‍ ആ ദൃശ്യം വ്യക്തമായി കണ്ടുവെന്ന് പറയപ്പെടുന്നു. ആകാശത്തേക്ക് കണ്ണുകളയച്ച് വിശുദ്ധ കന്യാമറിയവും വിശുദ്ധ യൗസേപ്പും യോഹന്നാനും ഒരു അള്‍ത്താരയ്ക്ക് ചുറ്റും കൂടിനിന്ന് പ്രാര്‍ഥിക്കുന്നതായാണ് അവര്‍ കണ്ടത്. നോക്ക് ഗ്രാമത്തില്‍ ഈ വിശുദ്ധ ദൃശ്യം കണ്ട സ്ഥലത്ത് ഗ്രാമവാസികള്‍ ഒരു ദേവാലയം നിര്‍മിച്ചു. ഇന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി വിശ്വാസികള്‍ ദിനംപ്രതി 'ഔര്‍ ലേഡി ഓഫ് നോക്ക്' ദേവാലയത്തിലേക്ക് എത്തുന്നു.

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ഔര്‍ ലേഡീസ് ഐലന്‍ഡില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രം എന്നതിലുപരി അയര്‍ലന്‍ഡിന്റെ ദേശീയസ്മാരകങ്ങളിലൊന്നാണ്. ആറാം നൂറ്റാണ്ടില്‍, സെന്റ് ആബന്‍ കണ്ടെത്തിയ ഈ മനോഹരദ്വീപിന്റെ വടക്കേ അറ്റത്തായി, കടലിന്നഭിമുഖമായി വിക്ടോറിയന്‍ നിര്‍മാണശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണ് ഈ ദേവാലയം. ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഔര്‍ ലേഡീസ് ഐലന്‍ഡിലേക്ക് എത്തുന്നു.

അയര്‍ലന്‍ഡിലെ ഏറ്റവും വിശുദ്ധമായ പര്‍വതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ക്രോഗ്പാട്രിക്', മെഡീവിയന്‍ ആശ്രമ പരിസരങ്ങളുടെ 'ഗ്ലെന്‍ഡലോഗ്', വിശുദ്ധരുടെ നടപ്പാതയായി അറിയപ്പെടുന്ന 'ക്ലോണ്‍മക്‌നോഷ്' തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങള്‍ ലോകപ്രസിദ്ധങ്ങളാണ്.

Content Highlights: Ireland pilgrimage travel