വിരലുകൾ കൊണ്ട് മാത്രം മിന്നൽ വേഗത്തിൽ സംസാരിക്കുന്നവർ, ആശയവിനിമയം സംസാരത്തിനേക്കാൾ അനായാസമായി നടത്തുന്ന ഇക്കൂട്ടരുടെ ജീവിതം വിസ്മയത്തോടെ മാത്രമേ കാണാൻ കഴിയൂ. ഇൻഡൊനീഷ്യയിലെ ബാലിദ്വീപിലെ ബെങ്കാല ഗ്രാമത്തിലേക്ക് വരൂ. കട്ട കൊലോക് (Kata Kolok) എന്ന മൂകഭാഷയുടെ സഹായത്തോടെ ജീവിക്കുന്നവരുടെ വിശേഷങ്ങൾ അറിയാം.

ജൻമനാ ബധിരരും മൂകരുമായ നാല്പതോളം പേർ ഗ്രാമത്തിലുണ്ട്. മുതിർന്നവരും കുട്ടികളും ഉൾപ്പടെ. ബാലി ദ്വീപിൽ നിന്ന് മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്യണം ഇവിടെയെത്താൻ. തനിഗ്രാമത്തിലൂടെയാണ് യാത്ര. കടൽത്തീരം പിന്നിട്ട് പോകുമ്പോൾ ചിലയിടങ്ങളിൽ അഗ്നിപർവതങ്ങൾ കാണാം. കെട്ടടങ്ങിയവയും പുക വമിക്കുന്നവയും കൂട്ടത്തിലുണ്ട്. പച്ചപ്പാണ് എവിടെയും. തെങ്ങുകളും നിരവധി. 

ഇത്രയും ആളുകൾ എങ്ങനെ ബധിരരും മൂകരുമായിത്തീരുന്നു? ഗ്രാമത്തിലെ നേതാവായ കൊലോക്ക് ഗെട്ടാറിനോട് ചോദിച്ചു. “പല കഥകളും അതേക്കുറിച്ച് പറയു ന്നുണ്ട്. അതിലൊന്ന് ഇങ്ങനെ യാണ്. മുൻപ് ഈ ഗ്രാമം ഒരു രാജാവിന്റെ കീഴിലായിരുന്നു.  അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളെ ഗ്രാമവാസികൾ ചോദ്യം ചെയ്തു. കുപിതനായ രാജാവ് ഇവിടെ ജനിക്കുന്നവർ ബധിരരും മൂകരും ആകട്ടെ എന്ന് ശപിച്ചുപോലും. ശാസ്ത്രജ്ഞർ പക്ഷേ ഈ കഥകളെ വിശ്വ സിക്കുന്നില്ല. ജനിതകപ്രശ്ന ങ്ങളാണ് ഇതിന് പിന്നിലെന്ന് അവർ കരുതുന്നു. അൻപത് കുഞ്ഞുങ്ങൾ ജനിച്ചാൽ അതിൽ ഒരാൾ ഇത്തരത്തിൽ സംസാരിക്കാനോ കേൾക്കാനോ കഴിയാത്തവരായിത്തീരുന്നു. അതാണ് സത്യം''-അദ്ദേഹം പറഞ്ഞു.

Bengkala
ദ്വീപിലെ നെയ്ത്തുശാല

ദ്വീപിലെ ഈ കൗതുകത്തേക്കുറിച്ച് അറിയാനും ഗവേഷണത്തിനുമായി ഗ്രാമത്തിൽ എത്തുന്ന ശാസ്ത്രജ്ഞരുണ്ട്. ലോകത്തിന്റെ പല യൂണിവേഴ് സിറ്റികളിൽനിന്നും വരുന്നവർ. നെതർലൻഡ്സിലെ റാഡ് ബോൾഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പലതവണ ദ്വീപിൽ എത്തിയിട്ടുള്ള കോണിയോസ്  ഭാഷാഗവേഷണത്തിൽ മുഴുകിയിട്ടുള്ള യുവാവാണ്. ആംഗ്യഭാഷ പല തലങ്ങളിലായി എങ്ങനെ രൂപപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം വിശകലനം ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റൊരു ഗവേഷണ വിദ്യാർഥിയായ ഹന്നക്ക് ആംഗ്യഭാഷ അനായാസം കൈകാര്യം ചെയ്യാൻ അറിയാം.

യാത്രയിലുടനീളം ബധിരമൂകരുടെ ആശയവിനിമയം ഞാൻ ശ്രദ്ധിച്ചു. അവർക്ക് കൈവിരലുകൾ മാത്രം മതി. സെക്കൻഡുകൾകൊണ്ട് പല തരത്തിൽ വിരലുകൾ സഞ്ചരിക്കുന്നു. കാണുന്നവർക്ക് ആശയം മനസ്സിലാകും. വ്യക്തിപരമായ വിശേഷങ്ങളും നാട്ടുകാര്യങ്ങളും ദ്വീപിന് പുറത്തെ മറ്റ് സ്ഥലങ്ങളിലെ സംഭവങ്ങളും അവർ സമർഥമായി ആംഗ്യഭാഷയിലൂടെ പങ്കുവയ്ക്കുന്നു.

ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും പല പല മുഖഭാവങ്ങളാണ്. വിരലുകളുടെ ചലനത്തിനൊപ്പം മുഖത്തും ഭാവങ്ങൾ വിരിയുന്നു, നവരസങ്ങളെപ്പോലെ. ഇത്രയധികം വിശേഷങ്ങൾ എങ്ങനെ വിരലുകളിൽ ഒതുക്കാൻ കഴിയും? ഇവരുടെ ആംഗ്യഭാഷ കാണുന്നവർക്ക് തോന്നുന്ന സ്വാഭാവികമായ സംശയമാണ് അത്. “ഇവർ ഉദ്ദേശിക്കുന്നത് എന്താണെന്ന് കാണുന്നവർക്ക് ഏകദേശം ഊഹിക്കാനും കഴിയും. അതിന് സൂചന നൽകുന്നവയാണ് വിരലുകളുടെ ചലനങ്ങൾ''- ആംഗ്യ ഭാഷയുടെ രഹസ്യം ദ്വീപിലെ ഒരു യുവാവ് എന്നോട് പറഞ്ഞു.

Bali
​ഗ്രാമക്കാഴ്ച

സംസാരശേഷിയുള്ളവർക്കും ഈ ആംഗ്യഭാഷയിലൂടെ ആശയം പങ്കുവയ്ക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ലോകത്തിൽ ഈ ദ്വീപിൽ മാത്രമേ വിരലുകളിലൂടെ സംസാരിക്കുന്ന വിഭാഗക്കാർ ഉള്ളൂ എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. കൃഷിയാണ് ബെങ്കാലദ്വീപിലെ പ്രധാന വരുമാനമാർഗം. ബധിരരും മൂകരുമായവർ ഇവിടെ തൊഴിലെടുക്കാൻ പോകും.  കാവൽക്കാരായി ജോലിയെടുത്തും ഉപജീവനം നടത്തുന്നു. ശവസംസ്കാരച്ചടങ്ങുകളിൽ സഹായികളായും മറ്റും കാര്യക്ഷമമായി ജോലിചെയ്യാൻ അവർക്ക് സാധിക്കുന്നു.

നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. അവരെ സ്വാഗതം ചെയ്യുന്നതും വിരലുകൾ ചലിപ്പിച്ചാണ്. കാണുന്നവർക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാം. ബധിരമൂകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയും ദ്വീപിലുണ്ട്. അതിന്റെ പ്രധാന വക്താവാണ് എന്നോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. സാമ്പത്തികമായി ഇക്കൂട്ടർ പിന്നിലാണെങ്കിലും നിരവധി സഹായങ്ങൾ ഇവർക്ക് ലഭ്യമാകുന്നുണ്ട്.

ചിലർ ആയോധനകല അഭ്യസിച്ചവരുമാണ്. അവരുടെ നേതാവ് കൊലോക് ഗെട്ടാറുമായി ഞാൻ സംസാരിച്ചു. കേൾക്കാൻ രസമുള്ള രീതിയിലാണ് സംസാരം, ആ ശരീരം കണ്ടാൽ തന്നെ ആയോധനകല അഭ്യസിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. ചില സംഭാഷങ്ങളിൽ കൊത്തുകോഴികളുടെ ഉത്സാഹവും ദൃഢനിശ്ചയവും കാണാം. “എന്റെ അമ്മാവൻ ആൾ ഉഷാറാണ്, വാചാലനാണ്. ഒന്നും വിട്ടുകൊടുക്കുന്ന സ്വഭാവക്കാരനല്ല'. അദ്ദേഹത്തിന്റെ അനന്തരവൻ പറഞ്ഞു.

Bali 2
​ഗ്രാമത്തിലെ പ്രധാനിയായ കൊലോക് ​ഗെട്ടാർ
Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

ഗ്രാമത്തിൽ എത്തുന്ന പലരും ഗട്ടാറിനെ കാണാൻ വരുന്നുണ്ട്. വയസ്സ് 75 കഴിഞ്ഞു. പൊതിച്ച നാളികേരം കൈപ്പത്തികൊണ്ട് ഒറ്റവെട്ടിന് രണ്ടാക്കി മുറിക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഗ്രാമത്തിൽ പലയിടത്തും സർക്കസ് അഭ്യാസങ്ങൾ നടത്തിയ വ്യക്തികൂടിയാണ് അദ്ദേഹം. ചെറുപ്പകാലത്ത് ഇതുപോലെ സർക്കസ് പ്രകടനങ്ങൾ നടത്തി അല്പസ്വല്പം സമ്പാദ്യം തരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ദ്വീപിലെ ശവസംസ്കാര ച്ചടങ്ങിന് പ്രത്യേകതകളുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് അതീവ സന്തോഷമാണ്. സംസ്കരിക്കപ്പെട്ടശേഷം മരണാനന്തരം ഉയിർത്തെഴുന്നേൽക്കുമെന്നും പുനർജന്മമുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം. മൃതദേഹത്തിന്റെ തലയ്ക്ക് സമീപം ഒരു കണ്ണാടി പ്രതിഷ്ഠിക്കുന്നു. അതിലൂടെ അടുത്ത ജന്മം കാണാൻ കഴിയുമെന്ന് അവർ കരുതുന്നു. അതിനാൽ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നവർ കരയാറില്ല.

(മാതൃഭൂമി യാത്ര 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Indonesia, Bengkala village, Bali Travel, Mathrubhumi Yathra