ഹൈഡ്രജന്‍ നിറച്ച ബലൂണുപോലെ ആകാശത്തിങ്ങനെ അലഞ്ഞുനടക്കുക. അതൊരു സ്വപ്നസമാനമായ യാത്രയാണ്. ചെറുപ്പത്തില്‍ രസതന്ത്രം ക്ലാസിലെ അധ്യാപകന്‍ പറഞ്ഞതുകേട്ട് ഹൈഡ്രജന്‍ ഉണ്ടാക്കുന്ന വിദ്യ ചെയ്തു ബലൂണ്‍ ഇത്തിരി മാത്രമൊന്ന് വീര്‍ത്ത് അടങ്ങിപ്പോയതിന്റെ ഓര്‍മകള്‍ മനസ്സിലുണ്ട്. ഈ ബലൂണ്‍ കണ്ടപ്പോള്‍ അതാണ് ആദ്യം ഓര്‍മവന്നത്. ഇത് പക്ഷേ, ഹൈഡ്രജന്‍ ബലൂണല്ല. ഹോട്ട് എയര്‍ ബലൂണ്‍ ആണ്. നൈലോണ്‍ തുണികൊണ്ടുള്ള ബഹുവര്‍ണബലൂണ്‍.

Hot Air Balloon Ride

Hot Air Balloon Ride

ജോഹന്നാസ് ബര്‍ഗില്‍ നിന്നും അമ്പതുകിലോമീറ്റര്‍ മാറി മാരപെങ് എന്ന സ്ഥലത്തിനടുത്തുള്ള മാഗലീസ് നദീതാ്‌ഴ്‌വാരത്താണ് ബലൂണ്‍ സഫാരി. മാരപെങ് മനുഷ്യകുലത്തിന്റെ കളിത്തൊട്ടില്‍ എന്നാണറിയപ്പെടുന്നത്. ആദിമമനുഷ്യന്റെ ആദ്യഫോസിലിുകള്‍ കണ്ടെത്തിയ സ്ഥലം എന്ന മനിലയില്‍ ലോകപൈതൃകപട്ടികയില്‍ ഇടം പിടിച്ച സ്ഥലമാണിത്. അവിടെയെത്തുമ്പോള്‍ നേരം വെളുത്തു വരുന്നതേയുണ്ടായിരുന്നുള്ളൂ. പുലര്‍ച്ചെയാണ് ബലൂണ്‍സഫാരിക്കനുയോജ്യമായ സമയം. ലോകത്തിലെ തന്നെ ഹോട്ട് എയര്‍ബലൂണിങിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള സ്ഥലവുമാണിതെന്നു് പറയുന്നത്. ഏതായാലും മനുഷ്യന്‍ ജനിച്ച സ്ഥലത്ത് നിന്നു തന്നെ ആകാശത്തേക്ക് പറക്കുന്നതിലും കാവ്യനീതിയുണ്ട്.

Hot Air Balloon Ride

ഞങ്ങളെത്തുമ്പോള്‍ നിലത്ത് രണ്ട് ഭീമന്‍ ബലൂണുകള്‍ കുഴഞ്ഞ് കിടക്കുന്നു. വിറക് നെരിപ്പോടും ഗ്യാസ് നെരിപ്പോടുകളും എരിയുന്നുണ്ടായിരുന്നു.  യാത്രയ്‌ക്കെത്തിയവര്‍ അവിടെ ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളും കൂട്ടത്തില്‍ കൂടി. ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ചൂടുവായു കയറ്റി ബലൂണുകള്‍ വീര്‍ത്തുകൊണ്ടിരിക്കുകയാണ്. ചൂടുചായയും കോഫിയും ബിസ്‌കറ്റും എത്തി. മനസ്സും ശരീരവും ചൂടുപിടിച്ചുകൊണ്ടിരിക്കെ ബലൂണും ചൂടുവായു നിറഞ്ഞ് വീര്‍ക്കാന്‍ തുടങ്ങി. ആദ്യ ബലൂണ്‍ ടേക് ഓഫിന് തയ്യാറായപ്പോള്‍ ഒരു ടീം അങ്ങോട്ട് പോയി. ഞങ്ങള്‍ക്ക് രണ്ടാമത്തെ ബലൂണായിരുന്നു. ആദ്യ ബലൂണ്‍ പത്തിരുപതടി പൊങ്ങിയപ്പോഴേക്കും ഞങ്ങളുടെയും ഊഴമായി. ഒരു ചൂരല്‍കൊട്ടയില്‍ മൂന്നുകള്ളികള്‍. നടുക്കലെ കള്ളി ക്യാപ്റ്റനുള്ളതാണ്. അതിലാണ് ഗ്യാസ് കുറ്റികളുമുള്ളത്. വീര്‍ത്തുവലുതായ ബലൂണിനു താഴെ ചൂരല്‍കൊട്ടയില്‍ ഞങ്ങള്‍ കയറി. മൂന്നു ഗ്യാസ്‌കുറ്റികള്‍ ഉള്ളതില്‍ രണ്ടെണ്ണം താഴെയിറക്കി. ഇനി ഒരെണ്ണം മതി ബാക്കി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍.ക്യാപ്റ്റന്‍ ബില്‍ഹാരൂപ് ഏതോ ഹോളിവുഡ് സിനിമയില്‍ നിന്നിറങ്ങി വന്നതുപോലെയുണ്ട്. എല്ലാവര്‍ക്കും ഗുഡ്‌മോണിങ് പറഞ്ഞു തുടങ്ങിയ അദ്ദേഹം ലാന്‍ഡിങ് സമയത്ത് സ്വീകരിക്കേണ്ട പൊസിഷനുകളും സുരക്ഷാവ്യവസ്ഥകളും വിശദീകരിച്ചു തന്നു.

Hot Air Balloon Ride

Hot Air Balloon Ride

അതേ ഞങ്ങളും ഭൂമിയില്‍ നിന്നുയരാന്‍ തുടങ്ങി. ഇടയ്ക്ക് ഗ്യാസ് കുറ്റിയില്‍ നിന്നും തീ തുപ്പുന്നു. വായു ചൂടുപിടിപ്പിച്ച് ആ ചൂടിനെ നിയന്ത്രിച്ചും, ബലൂണില്‍നിന്ന് കെട്ടിയ ചില കയറുകള്‍ അയച്ചും മുറുക്കിയും ക്യാപ്റ്റന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോയി. മെല്ലെ അതൊരു തോടിനു മുകളിലെത്തിച്ചു. ഫോട്ടോ എടുത്തോളൂ. താഴെ തോട്ടില്‍ തെളിയുന്ന പ്രതിബിംബത്തെ കാണിച്ച് ക്യാപ്റ്റന്‍ പറഞ്ഞു. ആദ്യം പറന്നു പൊങ്ങിയ ബലൂണിന്റെ പടവും, ഉയരത്തിലെത്തിയപ്പോള്‍ താഴെ ചെറുതായിപ്പോയ ആട്ടിന്‍പറ്റങ്ങളും വാഹനനിരകളും, ഞങ്ങള്‍ പറക്കുന്ന ബലൂണിന്റെ നിഴലുമെല്ലാം ക്യാമറയിലാക്കിക്കൊണ്ടിരിക്കെ ഞങ്ങളെ വട്ടമിട്ട് പറക്കാന്‍ ഒരു ഗ്‌ളൈഡറുമെത്തി. എല്ലാം കൊണ്ടും വര്‍ണാഭവും സ്വപ്നസുന്ദരവുമായ ഒരു മന്ദമാരുതയാത്ര. താഴെ മേശപ്പുറമലകളും വരണ്ട സമതലങ്ങളും വര്‍ത്തുളാകൃതിയിലെ കൃഷിയിടങ്ങളും റോഡുമെല്ലാം കാണാം.

കുന്നിനുമുകളിലെ ചുരം പോലുള്ള കുഞ്ഞുവഴി ക്യാപ്റ്റന്‍ കാണിച്ചുതന്നു. അത് മൗണ്ടന്‍ സൈക്കിളിങ്ങിന്റെ വഴിയാണ്. മൗണ്ടന്‍ സൈക്കിളും പാരസൈലിങ്ങും ഗ്‌ളൈഡര്‍ യാത്രയും പോലുള്ള സാഹസികതകളെല്ലാം ആഫ്രിക്കന്‍ ജീവിതത്തോടൊപ്പമുണ്ട്. ബീല്‍ ഹാരൂപ് ഇതിന്റെയെല്ലാം ഒരാശാനുമാണ്. കുന്നിനോട് ചേര്‍ന്നെന്നപോലെ വന്ന ബലൂണിനെ ഒന്നുകൂടി ഉയര്‍ത്തി കുന്നിന്‍ചെരുവിലൂടെ മറുപുറം കടന്നു. മുമ്പേ പറന്ന ബലൂണ്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഞങ്ങളും. താഴ്ന്നു കൊണ്ടിരുന്ന ബലൂണ്‍ താഴെ ഇലക്ട്രിക് ലൈനാണെന്ന് കണ്ട് വീണ്ടും ഉയര്‍ത്തി അല്പംകൂടി പറത്തി. തൊട്ടുതാഴെ മരച്ചില്ലകള്‍ ഉരുമ്മിയപ്പോള്‍ കൊട്ടയൊന്നുലഞ്ഞു. ഞങ്ങളുടെ ഉള്ളൊന്നു കാളിയെങ്കിലും ക്യാപ്റ്റന്‍ കൂളായിരുന്നു.

Hot Air Balloon Ride

 

Hot Air Balloon Ride

തൊട്ടടുത്തെ വയലിലേക്ക് താഴ്ന്നു പറക്കുമ്പോള്‍ ക്യാപ്റ്റന്റെ സഹായികള്‍ വണ്ടിയുമായി പിന്തുടരുന്നുണ്ടായിരുന്നു. താഴെ ലാന്‍ഡിങ് സമയമായപ്പോള്‍ കൊട്ടയിലെ കയറുകള്‍ പിടിച്ച് എല്ലാവരും ഇരുന്നു. തറയില്‍ തട്ടിയ ബലൂണ്‍ ഒന്നുകൂടി ഉയര്‍ത്തി അല്പം കൂടി മാറ്റിയാണ് നിര്‍ത്തിയത്. 

സഹായികള്‍ ഞങ്ങളെ ഇറങ്ങാന്‍ സഹായിച്ചു. ക്യാപ്റ്റന്‍ തന്നെ മേശയും കസേരയും ഒരുക്കി ഷാംപെയ്ന്‍ പൊട്ടിച്ചു. എന്തിനും ഏതിനും ഷാംപെയ്ന്‍ ഇവിടെ ഒഴിച്ചുകൂടാത്ത പാനീയമാണ്. ഷാംപെയ്ന്‍ കഴിക്കുന്നതിനിടയ്ക്ക് ബലൂണ്‍ ചുരുട്ടിക്കൂട്ടി ലോറിയില്‍ കയറ്റി. അതും ഒരു കാഴ്ചയാണ്.

Hot Air Balloon Ride

അവരുടെ വണ്ടിയില്‍ യാത്രതുടങ്ങിയിടത്തേക്കുതന്നെ വിട്ടു. അരമണിക്കൂര്‍ യാത്രയുണ്ട്. അവിടെയാണ് ഭക്ഷണം.  മുട്ടയും ഇറച്ചിയും എല്ലാമായി പലതരം വിഭവങ്ങളുണ്ടായിരുന്നു. ഹാരൂപും ഭാര്യ മേരിയും തന്നെയാണ് പാചകക്കാര്‍. കൂട്ടത്തില്‍ പോറിഡ്ജ് എന്നെഴുതിവെച്ചതുകണ്ട് ഒരു കൗതുകം തോന്നി. നാട്ടില്‍നിന്ന് പോന്നിട്ട് കുറച്ച് ദിവസമായതല്ലെ കഞ്ഞി കണ്ടപ്പോ ഒരു ഗൃഹാതുരത. മുന്നേ പോയ ബലൂണിലെ ഒരു യാത്രക്കാരനും അത് എടുക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നപോലെ തന്നെ ആദ്യം കോപ്പയില്‍ കഞ്ഞി പകര്‍ന്നു.

Hot Air Balloon Ride

Hot Air Balloon Ride

Hot Air Balloon Ride

Hot Air Balloon Ride
ലേഖകന്‍ ബലൂണ്‍ യാത്രയില്‍

പ്രത്യേകം തയ്യാറാക്കിയ ക്രീം രണ്ട് സ്പൂണ്‍, ശര്‍ക്കരപ്പൊടി രണ്ട് സ്പൂണ്‍ പിന്നെ ഒരു സ്പൂണ്‍ ഉപ്പും തൂകി. തീര്‍ന്നില്ല. തൊട്ടടുത്തുള്ള ഒരു കുപ്പിയെടുത്ത് കക്ഷി അതും ഒഴിക്കുന്നതു കണ്ടു. അതിനി എന്താണാവോ എന്നു ചിന്തിക്കുമ്പോഴേക്കും അയാള്‍ അതെനിക്കും നീട്ടി. കുപ്പിപ്പുറത്തെ ലേബല്‍ വായിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്. നമ്മളിവിടെ ഒരഭയാര്‍ഥിയെപോലെ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രം കിട്ടുന്ന സാധനം! വിസ്‌കി. രണ്ട് സ്പൂണേ ഒഴിക്കാവുള്ളൂ. എന്തായാലും വരുന്നതു വരട്ടെ അയാള്‍ ചെയ്തപോലെ തന്നെ ചെയ്തു. സംഗതി കിടിലന്‍. നല്ല രുചി. ഒരു കോപ്പ കഞ്ഞികൂടി ഞാനകത്താക്കി.

Hot Air Balloon Ride

Hot Air Balloon Ride

Hot Air Balloon Ride

വിവരം പറഞ്ഞപ്പോള്‍ ആണ്‍പെണ്‍ ഭേദമില്ലാതെ സംഘാംഗങ്ങളെല്ലാം ഈ വിസ്‌കിക്കഞ്ഞി പരീക്ഷിച്ചു, ഇനി ഇത് വായിച്ച് നമ്മുടെ ചൂടുകഞ്ഞിയില്‍ ആരും വിസ്‌കി ഒഴിക്കാന്‍ നിക്കണ്ട. കാരണം ഈ കഞ്ഞിയിലെ ധാന്യം മറ്റെന്തോ ആണ്,  ഭക്ഷണത്തിനിടെ ബില്‍ ഹാരൂപ് വായില്‍കൊള്ളാത്ത ഇന്ത്യന്‍ പേരുകള്‍ കഷ്ടപ്പെട്ട് വിളിക്കാന്‍ തുടങ്ങി. ഭാാനുമത്തി... ബാലസുുുബ്രഹ്മണ്യംണ്യംണ്യം... ഓരോ പേരുവിളിയും പൊട്ടിച്ചിരികളിലാണ് കലാശിക്കുന്നത്. ഗോ... ഗോ... എന്നു തുടങ്ങുമ്പോഴേ എനിക്കു മനസ്സിലായി ഗോപാലന്‍ ജ്യോതിലാല്‍ എന്നാണ് പറയാന്‍ പോവുന്നത്. അയാളെ കഷ്ടപ്പെടുത്തേണ്ടെന്നു കരുതി ഞാന്‍ ഓടിച്ചെന്നു. രണ്ടുകൈയും നീട്ടി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. അങ്ങനെ ബലൂണില്‍ ആകാശയാത്ര നടത്തിയ ധീരസഞ്ചാരികളില്‍ ഒരാളായി ഈ ഞാാാനും...

Hot Air Balloon Ride

Hot Air Balloon Ride

ബലൂണ്‍ സഫാരി

  • സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയത്താണ് പറക്കുന്നത്. അതുകൊണ്ടുതന്നെ നേരത്തെ ഉണര്‍ന്ന് തയ്യാറാവുക.
  • കാലാവസ്ഥ അനുവദിച്ചാല്‍ എന്നും സര്‍വീസ് ഉണ്ടായിരിക്കും. 
  • ക്‌ളബ്ബ് ഹൗസ് പവലിയനില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്.
  • ഒരു മണിക്കൂര്‍ പറക്കുന്നതിന് 1570 റാന്‍ഡ് മുതല്‍ 2400 റാന്‍ഡ്‌സ് വരെയാവും. ഇന്ത്യന്‍ രൂപ വെച്ച് നോക്കിയാല്‍ 9420 മുതല്‍ 14400 വരെയാവും.
  •  വന്യമൃഗനിരീക്ഷണത്തിനായി ബലൂണുകളെ ആശ്രയിക്കുന്ന പാക്കേജുകളും ഉണ്ട്. എന്റബേനി സഫാരി, മബൂല റിസര്‍വ് സഫാരി എന്നിവയാണ് അവ. അവയ്ക്ക് നിരക്ക് കൂടുതലാണ്. വിശദവിവരങ്ങള്‍ക്ക് പത്തുലക്ഷം റാന്‍ഡിന്റെ ഇന്‍ഷുറന്‍സ് സഫാരിഗ്രൂപ്പ് തന്നെ എടുക്കാറുണ്ട്. യാത്രയ്ക്ക് മുമ്പേ ഇതുറപ്പ് വരുത്തുക
  • യാത്രയ്ക്ക് മുമ്പെ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാനും മറക്കണ്ട. അതിന് രണ്ടായിരം രൂപയില്‍ താഴെ തന്നെ സാമാന്യംതരക്കേടില്ലാത്ത പാക്കേജ് ഉണ്ട്. നാട്ടില്‍ ട്രാവല്‍ ഏജന്‍സികളില്‍ നിന്നു തന്നെ ഇതെടുക്കാം.

വസ്ത്രങ്ങള്‍

  • ഹൈഹീലല്ലാത്ത ഷൂ ധരിക്കുക
  • തണുപ്പുണ്ടായിരിക്കും ജാക്കറ്റ് ധരിക്കുന്നത് നന്നായിരിക്കും. 
  • ക്യാപ്റ്റന്റെ  സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുക. 

contact :+27 11 705 3201 Mobile: +27 83 443 2661 / +27 83 443 2662 / +27 83 379 5296 Email: bill@balloon.co.za website www.balloon.co.za