ന്നും മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു ആഗ്രഹമായിരുന്നു വിയറ്റ്നാമിൽ പോകണമെന്നുള്ളത്. യാത്രയെ കുറിച്ച് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫി ക്ലബ് ആയ ലൈഫ് ലൈറ്റിൽ അവതരിച്ചപ്പോൾ അവരിൽ കുറച്ചു സുഹൃത്തുക്കൾ കൂടെ പോരുവാൻ താല്പര്യം പറഞ്ഞു. അങ്ങനെ ഞങ്ങൾ ആറു സുഹൃത്തുക്കൾ യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. എറണാകുളത്തു ട്രാവൽ കമ്പനി നടത്തുന്ന സുഹൃത്ത് ഡെന്നിസ് യാത്രക്ക് വേണ്ട വസ്തുവകകളെല്ലാം റെഡിയാക്കിത്തന്നു. ട്രാവൽ കമ്പനിയിലെ പ്രിൻസ്റ്റനും യാത്രയിൽ ഞങ്ങളോടൊപ്പം കൂടി. ആ യാത്രയിൽ പരിചയപ്പെട്ട പ്രിൻസ്റ്റൺ ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.

Ho Chi Minh City

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അഞ്ചു ദിവസം നീളുന്ന ഞങളുടെ യാത്ര തുടങ്ങി. ഹോചി മിനോടുള്ള ആദരസൂചകമായി 1975 ൽ സൈഗോണിനെ ഹോ ചി മിൻ സിറ്റി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഹോ ചി മിൻ എയർപോർട്ടിൽ രാവിലെ ഒൻപതു മണിയോടെ എത്തിയ ഞങ്ങൾ, വിസ ഫോർമാലിറ്റി എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ ഉച്ചയാവാറായി. അന്ന് നല്ല തിരക്കായിരുന്നു വിസ കൗണ്ടറിൽ. പുറത്തു വിയറ്റ്നാമിലെ ഞങളുടെ ഗൈഡ് ''ഡങ്'' കത്ത് നിക്കുന്നുണ്ടായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നത് കാരണം സിറ്റി ടൂർ വൈകുന്നേരമാക്കി നേരെ ലഞ്ച് കഴിക്കാൻ തീരുമാനിച്ചു.

Ho Chi Minh City 2

ഒരു ലോക്കൽ റെസ്റ്റോറെന്റിൽ കയറി വിയറ്റ്നാമീസ് നാഷണൽ ഫുഡ് ആയി കണക്കാക്കുന്ന 'ഫോ' തന്നെ കഴിച്ചു. 'ഫോ' ഒരു നൂഡിൽ സൂപ് ആണ്. ബീഫ് ആണ് പ്രധാന ചേരുവ. കുറെ ഇലകളും അതോടൊപ്പം നമുക്ക് ആവശ്യം പോലെ ചേർക്കാം. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് 'ഫോ'. നേരെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഒന്ന് ഫ്രഷ് ആയി ഹോ ചി മിൻ സിറ്റി കാണുവാൻ ഇറങ്ങി. വാർ മ്യൂസിയം, റീയൂണിഫിക്കേഷൻ പാലസ്, നോത്രദാം കത്തീഡ്രൽ, സെൻട്രൽ പോസ്റ്റോഫീസ്, ലോക്കൽ മാർക്കറ്റ് തുടങ്ങിയവ ക്യാമറയിലാക്കി രാത്രിയോടെ ഹോട്ടലിൽ തിരിച്ചെത്തി.

Ho Chi Minh City 3

വളരെ വലിയ ഒരു പോസ്റ്റ് ഓഫീസ് മന്ദിരമാണ് ഹോ ചി മിൻ സെൻട്രൽ പോസ്റ്റ് ഓഫീസ്. ഇന്നും വലിയ തിരക്കാണ് ഇവിടെ. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കത്തീഡ്രലിനു അകത്തു കയറാൻ കഴിയാഞ്ഞത് ഒരു നഷ്ടമായി. ഫ്രാൻസിൽ ഈയിടെ കത്തു പിടിച്ച നോത്രദാം കത്തീഡ്രലിന്റെ ഒരു പതിപ്പാണ് ഇവിടം. ഡിന്നർ കഴിക്കുവാനായി ഹോ ചിമിനിലെ വാക്കിങ് സ്ട്രീറ്റ് ആയ 'ബുയി വിയെനിലേക്ക് പോയി. താമസിക്കുന്ന ഹോട്ടലിൽ നിന്നും അഞ്ചു മിനുട്ട് നടക്കുവാനുള്ള ദൂരമേ ഈ തെരുവിലേക്ക് ഉള്ളൂ. ഏകദേശം അഞ്ഞൂറ് മീറ്ററിൽ ഭക്ഷണശാലകളും പബ്ബുകളും നിറഞ്ഞ ഒരു nightlife സ്ട്രീറ്റ്. നേരം വെളുക്കും വരെ പാട്ടും ഡാൻസുമായി നിയോൺ വെളിച്ചത്തിൽ മുങ്ങിക്കുളിച്ച ഒരു തെരുവ്.

Ho Chi Minh City 5

തായ്ലൻഡിലെ പട്ടായയെയും ഫുക്കറ്റിലെ ബഗ്ലാ സ്ട്രീറ്റിനെയും തട്ടിച്ചു നോക്കുമ്പോൾ അതിനടുത്തു പോലും വരില്ല ഈ വാക്കിങ് സ്ട്രീറ്റ്. എന്നിരുന്നാലും ഒന്നടിച്ചു പൊളിക്കാൻ ധാരാളമാണ് ബുയി വിയെൻ. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഞാൻ കഴിവതും ഇന്ത്യൻ ഭക്ഷണം കഴിക്കാതെ ആ സ്ഥലങ്ങളിൽ ലഭിക്കുന്ന പ്രാദേശിക ഭക്ഷണം കഴിക്കാനേ ശ്രമിക്കാറുള്ളൂ. അതുകൊണ്ട് അന്നു ഗ്രിൽ ചെയ്ത നീരാളിയാണ് കഴിച്ചത്.

Ho Chi Minh City 5

പിറ്റേന്ന് രാവിലെ ഹോട്ടലിൽ നിന്നുള്ള ഗംഭീര പ്രാതൽ കഴിച്ചു ഞങ്ങൾ മെക്കോങ് ഡെൽറ്റായിലേക്കു യാത്ര തിരിച്ചു. രണ്ടു മണിക്കൂർ കൊണ്ട് മൈത്തോ സിറ്റിയിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഒരു ബോട്ടിൽ മൂന്നു ദ്വീപുകൾ സന്ദർശിക്കുവാനുള്ള യാത്ര തുടങ്ങി. ആദ്യം യൂണികോൺ എന്ന ദ്വീപിലാണ് എത്തിയത്. അവിടുത്തെ ഗ്രാമീണ ജീവിതം കണ്ടു കൊണ്ട് അവരുണ്ടാക്കുന്ന തേൻ ഒഴിച്ച ഹണി ടീയും കഴിച്ചു അടുത്ത ദ്വീപായ ഡ്രാഗൺ ഐലന്റിലേക്കു യാത്രയായി. ഈ ദ്വീപിലെ ഒരു പ്രധാന ബിസിനസ് ആണ് പല രുചികളിലുള്ള കാൻഡിയും വൈനും. അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് സ്നേക്ക് വൈൻ ആയിരുന്നു. ആദ്യമായി കാണുന്ന ആ വൈൻ ഒന്ന് രുചിച്ചുനോക്കി. പിന്നെ രണ്ടു ഗ്ലാസ് അകത്താക്കി. അതി ഗംഭീരമായ വൈൻ. പാമ്പിനെ കുപ്പിയിൽ ഇട്ടിട്ടു അതിലാണ് വൈൻ നിറച്ചിരിക്കുന്നത് നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയാത്തതു കൊണ്ട് അത് വാങ്ങാൻ കഴിഞ്ഞില്ല.

Ho Chi Minh City 7

അവിടുന്ന് ഒരു കുതിരവണ്ടിയിൽ രണ്ടു കിലോമീറ്റർ ദൂരമുള്ള ആ ദ്വീപിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചേർന്നു അവിടെ ഞങ്ങളെ വരവേറ്റത് വിറ്റ്നാമിന്റെ പരമ്പരാഗത സംഗീതമായ 'കായ് ലുവോങ് സംഗീത കലാകാരന്മാരായിരുന്നു. കുറച്ചു നേരം അവരുടെ സംഗീതം ആസ്വദിച്ച് അടുത്ത സ്ഥലത്തേക്കു പോകുവാനുള്ള ചെറിയ വഞ്ചിയിൽ കയറി. ചെറിയ കനാലിലൂടെ അതി മനോഹരമായ ഒരു വഞ്ചി യാത്ര. അതവസാനിച്ചത് മൂന്നാമത്തെ ദ്വീപായ ടർട്ടിൽ ഐലന്റിലായിരുന്നു. അവിടെയായിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണം. പ്രാദേശിക വിഭവങ്ങൾക്കൊപ്പം സ്പെഷ്യൽ ആയി എലിഫന്റ് ഇയർ എന്ന മൽസ്യം പൊരിച്ചതും. മൽസ്യത്തിന് നമ്മുടെ നാട്ടിലെ എരിയോട് ഒക്കെ സാമ്യമുണ്ട്. സുഭിക്ഷമായ ലഞ്ച്. വൈകിട്ടോടെ തിരിച്ചു ഹോ ചി മിനിലേക്ക്. രാത്രി ബുയി വിയെനിലെ പ്രസിദ്ധമായ ബഫെല്ലൊ ബിയർ പബ്ബിൽ വലിയ ബിയർ ടവറിനു മുൻപിൽ രാത്രി ഏറെ നേരം ചിലവഴിച്ചു.

Ho Chi Minh City 8

അടുത്ത ദിവസം ഹോ ചി മീനിൽ നിന്നും നൂറ്റി ഇരുപത്തഞ്ചു കിലോമീറ്റർ ദൂരമുള്ള വുങ് ടോ എന്ന ബീച്ച് ഡെസ്റ്റിനേഷനിലേക്കു മൂന്നു മണിക്കൂർ നീളുന്ന യാത്ര. വിയറ്റ്നാമുകർ അവധിദിവസങ്ങൾ ആഘോഷിക്കാൻ എത്തുന്ന ഒരു ബീച്ച് ആണ് വുങ് ടോ. ശനിയും ഞായറും ജനനിബിഡമാവും ഇവിടെ. വൈകുന്നേരം അവിടുത്തെ പ്രാദേശിക മാർക്കറ്റിലേക്ക് പോയി ഒരു പാട് ഫ്രഷ് മൽസ്യങ്ങളും കക്കകളും നിരത്തി വച്ചിരിക്കുന്ന റെസ്റ്റോറന്റുകളിൽ നമ്മുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കുന്ന മൽസ്യങ്ങൾ പാകം ചെയ്തു തരും.

Ho Chi Minh City 9

പിറ്റേന്ന് അവിടെ നിന്നും ഞങ്ങൾ പ്രസിദ്ധമായ കുച്ചി ടണൽ കാണുവാൻ യാത്ര തിരിച്ചു. യാത്രാമധ്യേ ഒരു കൂറ്റൻ തിമിംഗലത്തിന്റെ ശരീര ഭാഗങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു അമ്പലവും കണ്ടു. വെയ്ൽ ടെമ്പിൾ (തിമിംഗല ക്ഷേത്രം) എന്നാണ് ഇതറിയപ്പെടുന്നത്. ആരാധനാ മൂർത്തി ഈ തിമിംഗലം തന്നെ.

Ho Chi Minh City 10

ഉച്ചയോടെ ഞങ്ങൾ കുച്ചി എത്തി. സൈഗോൺ നദിയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് കുച്ചി. കുച്ചിയിലെ ഗ്രാമങ്ങളിലൂടെയും കാടുകളിലൂടെയും ഉണ്ടാക്കിയ അനവധി തുരങ്കങ്ങളിൽ ഇരുന്നുകൊണ്ടു ഗൊറില്ല യുദ്ധത്തിലൂടെയാണ് ഹോ ചി മിന്റെ പട്ടാളം അമേരിക്കൻ പട്ടാളത്തിനെ വിയറ്റ്നാം യുദ്ധത്തിൽ അടിയറവു പറയിപ്പിച്ചത്. അന്ന് അമേരിക്ക നടത്തിയ ഏജന്റ് ഓറഞ്ചിന്റെ ദുരിതം പേറുന്ന ഒരു തലമുറ ഇന്നും വിറ്റ്നാമിൽ ജീവിച്ചിരിപ്പുണ്ട്. ഇവരിപ്പോൾ കരകൗശല വസ്തുക്കൾ നിർമിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കയറ്റുമതി ചെയ്തു ജീവിക്കുന്നു. കുച്ചിയിലെ തുരങ്കങ്ങളിൽ ചിലത് സന്ദർശകർക്കു വേണ്ടി തുറന്നു വച്ചിട്ടുണ്ട് നമുക്ക് അതിലൂടെ നൂണ്ടു വേണമെങ്കിൽ യാത്ര ചെയ്യാം. കൂടെ അവിടുത്തെ പട്ടാള വേഷമണിഞ്ഞ കാവൽക്കാർ ഒപ്പം വരും. ഞങ്ങളും ആ തുരങ്കത്തിലൂടെ ഒന്ന് നടക്കാമെന്നു കരുതി. അതിലൂടെ ഇരുപത്, അമ്പത്, നൂറു മീറ്റർ ദൂരങ്ങളിൽ യാത്ര നടത്താം. കാവൽക്കാരൻ ഞങ്ങളോട് എത്ര ദൂരം പോകണമെന്ന് ചോദിച്ചു ഞങ്ങൾ നൂറു മീറ്റർ പോകാമെന്നു പറഞ്ഞു തുരങ്കത്തിലേക്കു നൂണ്ടിറങ്ങി.

Ho Chi Minh City 11

കൂരിരുട്ടായ തുരങ്കത്തിൽ അങ്ങിങ് ചെറിയ ലൈറ്റ് ഇട്ടു വച്ചിട്ടുണ്ട്. ആറടി ഉയരമുള്ള എനിക്ക് അതിലൂടെ കുനിഞ്ഞു നടക്കാൻ പറ്റാത്ത അവസ്ഥ. പിന്നെ നടത്തം ഡക്ക് വാക് ആക്കി. പത്തു മീറ്റർ ആയപ്പോഴേക്കും സകല പിടിയും വിട്ട് എങ്ങനെയങ്കിലും പുറത്തു കടന്നാൽ മതിയെന്നായി. ഒരു കണക്കിന് ഇരുപതു മീറ്റർ ഇഴഞ്ഞു എത്തി ചേർന്ന്, അവിടുന്ന് പുറത്തേക്കു കടക്കാൻ ഉള്ള ദ്വാരത്തിലൂടെ പുറത്തു കടന്നു പുറത്തെത്തിയപ്പോൾ നൂറു മീറ്റർ പോണമെന്നു പറഞ്ഞ എല്ലാവരും ഇരുപതു മീറ്ററിൽ തന്നെ പുറത്തു കടന്നു തളർന്നിരിക്കുന്നതാണ് കണ്ടത്. ഈ തുരങ്കത്തിലിരുന്നു അമേരിക്കൻ പട്ടാളത്തെ എതിരിട്ടു തോൽപിച്ച വിയറ്റ്നാമീസ് പട്ടാളക്കാരെ ആ അവസരത്തിൽ ഒന്ന് ഹൃദയപൂർവം സ്മരിച്ചു.

Ho Chi Minh City 12

വിയറ്റ്നാമിൽ യാത്ര പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലാണ് കുച്ചി ടണൽ. അതിഗംഭീരമാണ് അതിന്റെ നിർമാണം. അന്നവർ ഉപയോഗിച്ച എല്ലാ ആയുധങ്ങളും ഗൊറില്ല യുദ്ധരീതികളും നമുക്കവിടെ കാണാൻ കഴിയും. രാത്രിയോടെ ഹോട്ടലിൽ വീണ്ടും ചെക്ക് ഇൻ ചെയ്ത് ഞങ്ങൾ ഹോ ചി മിൻ സിറ്റിയിൽ ഉള്ള BEN THANHG നൈറ്റ് മാർക്കറ്റിലേക്ക് ചില്ലറ ഷോപ്പിംഗിനായി പോയി. വളരെ ചെറിയ വിലയിൽ ബാഗുകളും ടി ഷർട്ടുകളും മറ്റും ലഭിക്കുന്ന ഒരിടമാണ് ഈ മാർക്കറ്റ്. പിറ്റേന്ന് രാവിലത്തെ ഫ്ളൈറ്റിൽ ഞങ്ങൾ മൂന്ന് പേര് ബാങ്കോക്കിലേക്കും മറ്റുള്ളവർ നാട്ടിലേക്കും യാത്ര തിരിച്ചു. ഹോ ചി മിൻ എന്ന മഹാന്റെ നാട് കണ്ട ആഹ്ലാദത്തിൽ.

Content Highlights:Ho Chi Minh City, Bui Vien Travel, Snake Whine, Whale Temple,Ben Thanh Market, Cu Chi tunnel