''പ്രകൃതി വരച്ചിട്ട ഹൃദ്യചിത്രം കണേക്ക സ്വിറ്റ്സര്‍ലന്‍ഡില്‍ ആല്‍പ്സ് പര്‍വതനിരകളുടെ താഴ്വരയിലുള്ള മെയിന്‍ഫെല്‍ഡ് എന്ന ചെറുനഗരം. ഫര്‍മരങ്ങളുടെ മര്‍മരവും പച്ചപ്പുല്‍മേടുകളെ തഴുകിയൊഴുകുന്ന ഇളം കാറ്റും. നഗരമധ്യത്തില്‍നിന്നും മലനിരകളിലേക്ക് നീണ്ടുകിടക്കുന്ന വീതികുറഞ്ഞ ഒറ്റയടിപ്പാത. മേലോട്ടു കയറുന്തോറും കനംവെക്കുന്ന പച്ചപ്പുതപ്പും വിടര്‍ന്നു പരിമളം വീശുന്ന പലതരം പൂക്കളും.''

ലോകമെങ്ങുമുള്ള എണ്ണമറ്റ വായനക്കാരുടെ മനംകവര്‍ന്ന 'ഹൈഡി' എന്ന ബാലസാഹിത്യകൃതിയുടെ തുടക്കമാണിത്. സ്വിസ് എഴുത്തുകാരി യൊഹാന ഷ്പീറി 1881-ല്‍ പ്രസിദ്ധീകരിച്ച ഈ കഥാപ്രപഞ്ചം നെഞ്ചേറ്റാത്തവര്‍ വിരളമായിരിക്കും. ഹൈഡിയെ മാനസപുത്രിയായി സ്വീകരിച്ച വായനക്കാരെ ആവോളം സന്തോഷിപ്പിക്കും. ജന്മദേശം അവള്‍ക്കും അവളുടെ സ്രഷ്ടാവിനും നല്‍കുന്ന വലിയ ആദരവിനെക്കുറിച്ചറിയുമ്പോള്‍.

ഹൈഡിയും പീറ്ററും ആല്‍പ് അമ്മാവനും ക്ലാരയും ഡെറ്റിയും ബാര്‍ബിയും ടോബിയാസും അഡിലെയ്ഡും ഉറുസുലയും ബ്രിജിറ്റും വികാരിയച്ചനും സെസ്മനും റോട്ടണ്‍മെയറും ഭാര്യയും ഡോക്ടര്‍ക്ലാസെനും അഷറും ജോണും സൊബാസ്റ്റ്യനും ടിനെറ്റും പീറ്ററിന്റെയും ക്ലാരയുടെയും അമ്മൂമ്മമാരും ഡെയ്സിയും ഡെസ്റ്റിയും സ്പോട്ടും ബിഗ്ടര്‍ക്കും ഫിഞ്ചും സ്‌നോഫ്‌ളേക്കുമടങ്ങുന്ന ആട്ടിന്‍കൂട്ടവും മലനിരകളും പ്രകൃതിയും കാറ്റും മഞ്ഞും സൂര്യനുമൊക്കെയടങ്ങുന്ന ഹൈഡിയുടെ ജീവിതാവസ്ഥകള്‍ മുഴുവന്‍ പുനഃസൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അക്ഷരങ്ങളെ അതിരറ്റുസ്‌നേഹിക്കുന്ന ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ആല്‍പ്സ് പര്‍വതനിരകളിലേക്കും മെയന്‍ഫെല്‍ഡിലേക്കും ഡോഫ്ളിയിലേക്കും പ്രാറ്റിഗോയിലേക്കും റഗാസിലേക്കും അവിടങ്ങളില്‍നിന്നെല്ലാം പാടേ വ്യത്യസ്തമായ ഫ്രാങ്ക്ഫുര്‍ട്ടിലേക്കുമൊക്കെ പടര്‍ന്ന ഹൈഡിയുടെ സംഭവബഹുലമായ ജീവിതകഥകള്‍ക്ക് ഇവിടെ നിത്യഹരിതമാര്‍ന്ന ഊഷ്മളതയാണ്.

'വില്‍റ്റൊമെന്‍'

'ഹൈഡിലാന്‍ഡി'ലേക്ക് പ്രവേശിക്കുന്നിടത്ത് കാണാവുന്ന പരസ്യപ്പലകയിലെ ഈ ജര്‍മന്‍ പദത്തിന് 'സ്വാഗതം' എന്നാണര്‍ഥം. ഒരു സാഹിത്യകൃതിയെയും അതിന്റെ രചയിതാവിനെയും കാലങ്ങള്‍ക്കിപ്പുറത്തും എങ്ങനെ അര്‍ഹമാംവിധം ആദരിക്കാം എന്ന സംശയത്തിന് മറുപടിയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ 'ഹൈഡിലാന്‍ഡ്'. 'ഹൈഡിഡോഫ്' എന്ന് ജര്‍മന്‍ ഭാഷയില്‍ വിളിക്കുന്ന ഹൈഡിഗ്രാമം.

ഹൈഡിയെ, അതിലെ മറ്റുകഥാപാത്രങ്ങളെ, കഥാസന്ദര്‍ഭങ്ങളെ പുനര്‍നിര്‍മിക്കുകവഴി കഥ കാലാതിവര്‍ത്തിയാവുന്നു. അവിടെയെത്തുന്ന എണ്ണമറ്റ സന്ദര്‍ശകരുടെ മനസ്സില്‍ എഴുത്തുകാരി ചിരഞ്ജീവിയാവുന്നു.

തടാകങ്ങളുടെയും പര്‍വതനിരകളുടെയും ഫിഫയുടെയും കേന്ദ്രമായ സൂറിച്ചില്‍നിന്ന് റോഡുമാര്‍ഗവും തീവണ്ടിയിലും ഹൈഡിലാന്‍ഡിലെത്താം. മെയന്‍ഫെല്‍ഡാണ് അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍. ഗതാഗതതടസ്സമില്ലെങ്കില്‍ കാറില്‍ ഒന്നേകാല്‍ മണിക്കൂറെടുക്കും. സൂറിച്ച്-ലിസ്റ്റണ്‍സ്റ്റെയ്ന്‍ ദേശീയപാതയില്‍ നൂറുകിലോമീറ്ററോളം പിന്നിട്ടാല്‍ ഹൈഡിലാന്‍ഡിലേക്ക് വഴിതിരിയാം. ഒരുവശത്ത് വിശാലമായ ചോളവയലുകളും മറുവശത്ത് ഹൃദയഹാരിയായ പുല്‍മേടുകളുമുള്ള റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്.

'ഹൈഡി ഹൗസ്-ദി ഒറിജിനല്‍'

ഹൈഡിഹൗസും ആല്‍പ് ഹട്ടും ഹൈഡിവെല്‍റ്റ് മ്യൂസിയവുമാണ് ഹൈഡിലാന്‍ഡില്‍ സന്ദര്‍ശകരെ കഥാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഒരുങ്ങിനില്‍ക്കുന്നത്. പഴക്കമേറെ തോന്നിക്കുന്ന ഹൈഡിഹൗസ് കഥാകാലത്തോട് തികച്ചും നീതിപുലര്‍ത്തുന്ന സ്മാരകമാണ്. ആല്‍പ്ഹട്ടാവട്ടെ, ഹൈഡി, ആല്‍പ് അമ്മാവനോടൊപ്പം വേനല്‍ക്കാലങ്ങള്‍ ചെലവഴിച്ച കൂടാരത്തിന്റെ നേര്‍ചിത്രവും. ഹൈഡിയും വെള്ളിത്തിരയും യൊഹാന ഷ്പീറിയുടെ രചനാലോകവും ആധികാരികമായി നിറയുന്നു, മ്യൂസിയത്തില്‍.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലുള്ള ഒരു കര്‍ഷക ഭവനത്തിന്റെ യഥാതഥ ചിത്രീകരണമാണ് 'ഹൈഡിഹൗസ്-ദി ഒറിജിനലി'ല്‍ സന്ദര്‍ശകര്‍ക്കു കാണാനാവുക. പഴയ യൂറോപ്യന്‍ കെട്ടിടനിര്‍മാണ ശൈലിയിലുള്ള ഒരു ഇരുനിലക്കെട്ടിടം. രണ്ടുനിലകളിലായി എട്ടുമുറികള്‍. ഹൈഡിവായന നല്‍കിയ അനുഭൂതികളുമായി ഈ മുറികളിലെ കാഴ്ചകള്‍ കാണുന്ന സന്ദര്‍ശകര്‍ ശരിക്കും വിസ്മയഭരിതരാവും. കഥയില്‍ ആദ്യന്തം പരാമര്‍ശിക്കുന്ന സ്ഥലകാല രാശികളും സാധന സാമഗ്രികളും അതിശ്രദ്ധയോടെയാണ് മുറികളില്‍ സജ്ജീകരിച്ചിരിക്കുന്നത്. താഴെയുള്ള നിലയിലെ ആദ്യമുറിയില്‍ വീഞ്ഞുപുര, വീഞ്ഞുകുപ്പികള്‍, വലിയ മരവീപ്പകള്‍, ചൂരല്‍ക്കുട്ടകള്‍, മര അലമാര, മരപ്പാത്രങ്ങള്‍ എന്നിവയും അടുത്തമുറിയില്‍ സ്ലെഡ്ജ്, സ്‌കീയിങ്ങിനുള്ള വടികള്‍, മരപ്പാദുകം, വിറക്, പാത്രങ്ങള്‍ എന്നിവയും കാണാം. സ്വിറ്റ്സര്‍ലന്‍ഡിലെ വ്യത്യസ്തമായ കാലാവസ്ഥകള്‍ക്കിണങ്ങുന്ന കുപ്പായങ്ങളും ചെരിപ്പുകളും മൂന്നാമത്തെ മുറിയിലുണ്ട്. ഹൈഡിയും പീറ്ററും ഒന്നിച്ചിരുന്ന് പഠിക്കുന്ന രംഗമുണ്ട്, അടുത്ത്.

ഇനിയുള്ള കാഴ്ചകള്‍ രണ്ടാംനിലയിലാണ്. മരഗോവണി കയറി മുകളിലെത്തിയാല്‍ ആദ്യം കാണുക അടുക്കും ചിട്ടയുമുള്ള കിടപ്പുമുറിയാണ്. കഥയില്‍ പലപ്പോഴായി പരാമര്‍ശിക്കപ്പെടുന്ന വസ്തുക്കളെല്ലാം അവിടെയുണ്ട്. ഹൈഡി എന്ന പുസ്തകത്തിന് വിവിധ ലോകഭാഷകളിലുണ്ടായ അമ്പതോളം പരിഭാഷകളും പുനരാഖ്യാനങ്ങളും തൊട്ടടുത്ത മുറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അക്കൂട്ടത്തില്‍ ഒരു മലയാളപരിഭാഷ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ക്ലാരയ്ക്കുവേണ്ടി ആല്‍പ് അമ്മാവന്‍ പണികഴിപ്പിച്ച ചക്രക്കസേര, സ്ലെഡ്ജ്, മരപ്പെട്ടികള്‍ എന്നിവയും മുറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. യൊഹാന ഷ്പീറിയുടെ ജീവിതഘട്ടങ്ങളുടെ ചിത്രീകരണമാണ് ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊന്ന്. ഒടുവിലത്തെ മുറി അടുക്കളയും അനുബന്ധസജ്ജീകരണങ്ങളുമാണ്.

Heidi

'ആല്‍പ് ഹട്ട്'

ഹൈഡി വെല്‍റ്റ് മ്യൂസിയം ചരിത്രയാഥാര്‍ഥ്യങ്ങളുടെ ഒരക്ഷയഖനിയാണ്. ഹൈഡി സിനിമകളുടെയും ടെലിവിഷന്‍ ചിത്രീകരണങ്ങളുടെയും സംഗീതശില്പങ്ങളുടെയും അമൂല്യശേഖരം ഇവിടെ സന്ദര്‍കരെ കാത്തിരിക്കുന്നു. ആദ്യ സിനിമയില്‍മുതല്‍ ഉപയോഗിച്ച വേഷവിധാനങ്ങള്‍, സിനിമാ നിര്‍മാണത്തിന് ഉപയോഗിച്ച ക്യാമറകളും മറ്റു സാമഗ്രികളും ഫിലിംപെട്ടികള്‍, വി.സി.ഡി.കള്‍, യൊഹാന ഷ്പീറിയുടെ ജീവചരിത്ര സംബന്ധമായ ചിത്രങ്ങളും രേഖകളും വിവിധ പ്രസാധകരുടെ ഹൈഡി പുസ്തകങ്ങള്‍ എന്നിവ ഏറെ വിജ്ഞാനപ്രദമാണ്. 1998-ല്‍ തുറന്ന മ്യൂസിയത്തില്‍ വര്‍ഷംതോറും ശരാശരി ഒന്നരലക്ഷം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

ഹൈഡിലാന്‍ഡിലെത്തുന്നവര്‍ സന്ദര്‍ശനത്തിന്റെ ഊഷ്മളമായ സ്മരണ നിലനിര്‍ത്താന്‍ അവിടെനിന്നും ചെറുതെങ്കിലും ഒരു സ്മരണിക വാങ്ങാതെ മടങ്ങാറില്ല. അത്തരക്കാര്‍ക്കുള്ളതാണ് അവിടത്തെ സുവനീര്‍ ഷോപ്പ്. എന്തും ഏതും ഹൈഡിമയം. ചോക്ലേറ്റ്, കീച്ചെയിന്‍, പശുക്കളും ആടുകളും അവയുടെ കഴുത്തിലെ വര്‍ണറിബണ്‍ കെട്ടിയ ഓട്ടുമണികള്‍, കുപ്പായങ്ങള്‍, ടിഷര്‍ട്ടുകള്‍, സി.ഡി., പുസ്തകങ്ങള്‍, ഹാന്‍ഡ് ബാഗുകള്‍, പഴ്സുകള്‍, ആശംസാ കാര്‍ഡുകള്‍, പിഞ്ഞാണങ്ങള്‍, ചായക്കപ്പുകള്‍, തൊപ്പികള്‍ എന്നുവേണ്ട, അടിയുടുപ്പുകള്‍വരെ എല്ലാറ്റിലുമുണ്ട് ഹൈഡി. എല്ലാം ഒന്നിനൊന്ന് മനോഹരമെങ്കിലും ഏതെങ്കിലുമൊന്ന് വാങ്ങണമെന്നു കരുതിയാല്‍ കുറഞ്ഞത് അഞ്ചു സ്വിസ് ഫ്രാങ്കെങ്കിലും -ഏകദേശം 360 രൂപ ചെലവാക്കാതെ തരമില്ല.

'ഡയ്പോസ്റ്റ്' എന്ന തപാലാപ്പീസാണ് ഹൈഡിലാന്‍ഡിലെ മറ്റൊരു ആകര്‍ഷണീയത. സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും ചെറിയ തപാലാപ്പീസ് എന്ന പ്രത്യേകത ഇതിനുണ്ട്. സന്ദര്‍ശകരില്‍ ബഹുഭൂരിപക്ഷവും അവിടെനിന്ന് കാര്‍ഡോ കവറോ വാങ്ങി നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കത്തുകളയക്കുന്ന കാഴ്ചകാണാം. ഹൈഡിലാന്‍ഡ് സന്ദര്‍ശനാനുഭൂതി പ്രിയപ്പെട്ടവരിലേക്കും പകരാനുള്ള എളിയ ശ്രമം.

രണ്ടാഴ്ചനീണ്ട യൂറോപ്യന്‍ യാത്രയുടെ മൂന്നാംനാളില്‍ സൂറിച്ചിലെ ഫിഫ ആസ്ഥാനത്തിനും ലിസ്റ്റണ്‍സ്റ്റെയിന്‍ എന്ന കൊച്ചുരാജ്യത്തിനുമിടയ്ക്ക് ദൃശ്യഭംഗിയുള്ള ഇടങ്ങള്‍തേടി ബന്ധുവും ആതിഥേയനുമായ ജയകൃഷ്ണന്‍ ഗൂഗിളില്‍ തിരഞ്ഞില്ലായിരുന്നെങ്കില്‍ ഹൈഡിലാന്‍ഡ് എന്ന അദ്ഭുതം ശ്രദ്ധയില്‍പ്പെടുമായിരുന്നില്ല. മകന്റെ സ്റ്റില്‍ക്യാമറയില്‍ അതിമനോഹരമായ ആ ദൃശ്യങ്ങള്‍ പതിയുമായിരുന്നില്ല. ടിറ്റ്ലിസിലും പിന്നെ ഹൈഡിലാന്‍ഡിലും സ്വിസ് യാത്രകളിലുടനീളവും ആല്‍പ്സ് പര്‍വതനിരകളുടെ ഭംഗിയും തണുപ്പും ആസ്വദിക്കുമ്പോള്‍ ആഹ്ലാദത്തോടൊപ്പം ചെറിയൊരു കുറ്റബോധവും തികട്ടിവന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹിമാലയം കാണാതെയാണല്ലോ യൂറോപ്പിലെത്തി ആല്‍പ്സ് പര്‍വതം കാണുന്നത്!

ഹൈഡിഹൗസില്‍നിന്ന് പുറത്തിറങ്ങി കുറച്ചു മുകളിലേക്ക് നടന്നാല്‍ 'ആല്‍പ് ഹട്ടെ'ത്തും. ആല്‍പ് അമ്മാവനൊപ്പം ഹൈഡി വേനല്‍ക്കാലങ്ങള്‍ ചെലവഴിച്ച വസതി. ഹൈഡിഹൗസിനെ അപേക്ഷിച്ച് കാലപ്പഴക്കം കുറഞ്ഞ നിര്‍മിതിയെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവും. ധന്യമായ ഭൂതകാലത്തെ വര്‍ത്തമാനകാലത്ത് പുനര്‍നിര്‍മിച്ചിരിക്കുന്നു ഇവിടെ. നാടോടിക്കഥകളിലും മറ്റും വായിച്ചു പരിചയമുള്ളതുപോലെ പൂര്‍ണമായും മരം കൊണ്ടുണ്ടാക്കിയ ഒന്നാന്തരമൊരു കുടില്‍. കയറിച്ചെല്ലുന്ന മുറിയില്‍ത്തന്നെ സ്വിറ്റ്സര്‍ലന്‍ഡുകാരുടെ ഇഷ്ടഭക്ഷണമായ ചീസ്, പാലില്‍ നിന്നുണ്ടാക്കാനുള്ള സജ്ജീകരണങ്ങള്‍ കാണാം. ഹൈഡിയുടെ കഥയില്‍ പലയിടത്തും ഗുണമേന്മയേറിയ ചീസിന്റെ മണവും രുചിയും അറിഞ്ഞവരാണല്ലോ അവിടെയെത്തുന്ന സന്ദര്‍ശകര്‍.

ആല്‍പ് അമ്മാവന്‍ ഹൈഡിക്കായി പ്രത്യേകം ഒരുക്കിയ വൈക്കോല്‍ക്കിടക്കയാണ് അടുത്ത മുറിയിലുള്ളത്. അവള്‍ ഏറെ ശാന്തതയോടെയും സന്തോഷത്തോടെയും കിടന്നുറങ്ങിയ ഇടം. തൊഴുത്തും പുല്‍ത്തൊട്ടിയും അവളിഷ്ടപ്പെട്ടിരുന്ന രണ്ടാടുകളെയും - ഡെയ്സിയും ഡെസ്റ്റിയും കാണാം. ആല്‍പ് അമ്മാവന്റെ പണിപ്പുരയാണ് അടുത്തത്. നല്ലൊരു മരപ്പണിക്കാരന്റെ തട്ടകം അതിന്റെ പൂര്‍ണതയില്‍ ഒരുക്കിയിരിക്കുന്നു അവിടെ. ഹൈഡിക്ക് മരക്കസേരയും ക്‌ളാരയ്ക്ക് ചക്രക്കസേരയുമൊക്കെ പണിതുകൊടുത്ത ആല്‍പ് അമ്മാവന്‍ കര്‍മനിരതനായിരിക്കുന്ന ദൃശ്യമാണ് അവിടെയുള്ളത്. ഹൈഡിക്ക് വളര്‍ത്തുമൃഗങ്ങളോടുണ്ടായിരുന്ന ആഴമേറിയ ഹൃദയബന്ധത്തെ ഓര്‍മിപ്പിക്കുന്ന ഒരിടവുമുണ്ട് ഹൈഡിലാന്‍ഡില്‍. പുല്‍മേട്ടില്‍ മേയുന്ന പലതരം ആടുകള്‍ സന്ദര്‍ശകരായ കുട്ടികളെ ആകര്‍ഷിക്കുന്നു ഇവിടെ. ഹൈഡിയുടെ ഇഷ്ടക്കാരായ ഡെയ്സിയും ഡെസ്റ്റിയും പീറ്ററിന്റെ സ്‌പോട്ടും ബിഗ്ടര്‍ക്കും ഫിഞ്ചും സ്‌നോഫ്‌ലേക്ക് എന്ന കുഞ്ഞാടുമൊക്കെ കുട്ടികളെ ഓര്‍മിപ്പിക്കുന്നുണ്ടാവും നിശ്ചയമായും. കോഴികളാണ് മറ്റതിഥികള്‍.

(പ്രശസ്ത ബാലസാഹിത്യകാരനാണ് ലേഖകന്‍)

Content Highlights: Heidi, Johanna Spyri, Children's Fiction, Heidi Land Travel, Alps Travel