സ്വര്‍ണം മെയ്യിലണിഞ്ഞ് മൊഞ്ച് നോക്കുമ്പോള്‍ നമ്മളോര്‍ക്കാറുണ്ടോ അത് കുഴിച്ചെടുത്ത് അരിച്ചെടുക്കന്നവരുടെ ലോകത്തെ കുറിച്ച്. ഇതാ ഖനിയിലേക്കൊരു സുവര്‍ണയാത്ര...

 

ട്രഷര്‍ഹണ്ട് എന്നും ഹോളിവുഡ് സിനിമകളുടെ ഇഷ്ടവിഷയമായിരുന്നു. നിധിതേടിപ്പോയവരുടെ കഥ. യാത്രയിലെ ഓരോ നിമിഷങ്ങളും നമുക്ക് ജീവിതത്തിലെ നിധിനിമിഷങ്ങളാണ്. ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണഖനികളിലേക്കുള്ള ഈ യാത്ര ശരിക്കും അതായിരുന്നു. ഖനി ഇടിഞ്ഞ് തൊഴിലാളികള്‍ മരിച്ചു എന്നൊക്കെ വാര്‍ത്തകള്‍ വായിച്ച ഓര്‍മയേ ഖനിയെക്കുറിച്ചുള്ളൂ. 

Gold Mine

ഇതിപ്പം ഒരു സ്വര്‍ണഖനിയിലേക്കാണ്. മബൂല ഗെയിം ലോഡ്ജില്‍ നിന്നും മോസസ് ഞങ്ങളെ ജോഹന്നാസ് ബര്‍ഗ് അടുത്തുള്ള ഗോള്‍ഡ്‌റീഫ് സിറ്റിയിലേക്കാണ് കൊണ്ടുപോയത്. മൈസൂര്‍പാലസ് പോലുള്ളൊരു കൊട്ടാര സദൃശമായ ഹോട്ടല്‍. അകത്ത് കടക്കാന്‍ സുരക്ഷാ പരിശോധനയൊക്കെ ഉണ്ട്. ആഡംബരകാറുകളും പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. സംഗതി കാസിനോയാണ്. ഇതേ ഹോട്ടലിന്റെ അനക്‌സിലാണ് ഞങ്ങള്‍ക്ക് മുറി പറഞ്ഞിരിക്കുന്നത്. നേരെ അങ്ങോട്ട് വിട്ടു. അവിടെ ഗേറ്റിന് പുറത്തേ വാഹനത്തിന് പ്രവേശനമുള്ളൂ. ഹോട്ടലിനകത്തേക്ക് ഇലക്ട്രിക് വണ്ടികള്‍ വരും. അതൊരു തീം പാര്‍ക്കാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടം ഒരു സ്വര്‍ണഖനിയായിരുന്നു. 1971 വരെ പ്രവര്‍ത്തിച്ചു. ഖനനം ലാഭകരമല്ലാത്ത ഘട്ടത്തിലെത്തിയതില്‍ പിന്നെ ഇതൊരു മൈന്‍ ടൂര്‍ സെന്റര്‍ കം തീം പാര്‍ക്കായി മാറ്റി. പഴയകാലത്തെ വേഷമാണ് പാര്‍ക്കിലെ ജീവനക്കാര്‍ക്ക്. അന്നത്തെ കാലത്തെ കെട്ടിടങ്ങളുടെയും തെരുവിന്റെയും തനിപ്പകര്‍പ്പിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാര്‍ക്കിനകത്തുതന്നെയായിരുന്നു ഞങ്ങളുടെ താമസവും.

Hotel

വൈകീട്ടാണ് ഞങ്ങളവിടെയെത്തിയത്. പിറ്റേദിവസമാണ് ടൂര്‍ പ്രോഗ്രാം. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങള്‍ക്കിവിടെ ഇഷ്ടംപോലെ കറങ്ങാം. മോസസ് ഭക്ഷണത്തിനുള്ള പോക്കറ്റ് മണികൂടി തന്നാണ് പോയത്. പാര്‍ക്കില്‍ വെറുതെ അലഞ്ഞുനടന്നപ്പോള്‍ കാസിനോവരെ പോയാലെന്താ എന്നെല്ലാവര്‍ക്കും തോന്നി. അങ്ങനെ ചൂതാട്ടകേന്ദ്രത്തിലേക്ക് നടന്നു. പാര്‍ക്കിലെ ടിക്കറ്റ് കൈവളയായി കൈയിലുണ്ട്. അതുമതി അവിടുത്തെ പ്രവേശനത്തിനും. നേരത്തെ പോയ മൈസൂര്‍ കൊട്ടാരം പോലെയുള്ള ഹോട്ടലിന്റെ ആദ്യനിലയിലാണ് കാസിനോ. സുരക്ഷാപരിശോധന കഴിഞ്ഞ് അകത്തുകടന്നു.

Casino

Gandhiഅത് മറ്റൊരു ലോകമായിരുന്നു, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുവന്ന ആണും പെണ്ണും പണമെറിഞ്ഞ് പണം വാരാനും പണം നഷ്ടപ്പെടുത്താനും വരുന്ന സ്ഥലം. പുകവലിക്കുന്നവര്‍ക്ക് പ്രത്യേക സ്ഥലം. തീനും കുടിയും ഒരു മുറയ്ക്ക് നടക്കുന്നു. അകത്ത് തിയേറ്ററുണ്ട്, ഹോട്ടലുണ്ട്, മദ്യശാലകളുണ്ട്. വര്‍ണാഭവും ആഡംബരപൂരിതവുമാണ് ലോകം. ചൂതാട്ടത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കിടയിലൂടെ വെറും കാഴ്ചക്കാരായി ഞങ്ങള്‍ അലഞ്ഞു.  ചുമരില്‍ തൂക്കിയിട്ട ആ പോസ്റ്റര്‍ കണ്ടപ്പോ എല്ലാവരും ഒന്നു നിന്നു. എം.കെ. ഗാന്ധി പ്രസംഗിക്കുന്നു എന്നാണാ പോസ്റ്ററില്‍. 1906 സപ്തംബര്‍ 11 മാസ് മീറ്റിങ് പ്രൊട്ടസ്റ്റ് എഗൈന്‍സ്റ്റ് ഏഷ്യാറ്റിക് ലോ അമെന്‍മെന്റ്, സ്പീക്കര്‍ എം.കെ. ഗാന്ധി. ഗാന്ധിയുടെ ചിത്രവും കൂടെയുണ്ട്. കാസിനോയില്‍ ക്യാമറ അനുവദനീയമല്ലാത്തതിനാല്‍ മൊബൈലില്‍ ആരും കാണാതെ അത് പകര്‍ത്തി. ചൂതാട്ടകേന്ദ്രത്തില്‍ നിയമം തെറ്റിച്ചാല്‍ തൂക്കിയെറിയാന്‍ നില്‍ക്കുന്ന മല്ലന്‍മാരെ കണ്ടാല്‍തന്നെ നമ്മുടെ കാറ്റുപോവും. ഘടാഘടിയന്‍മാരെന്നൊക്കെ പറയാം. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെയും അസ്വാതന്ത്രങ്ങള്‍ക്കെതിരെയുമുള്ള സഹനസമരത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ച തന്റെ രാഷ്ട്രീയക്കളരിയുടെ പാഠശാലയായിരുന്നിടത്തെ ഈ ഓര്‍മ പക്ഷേ, പകര്‍ത്താതെ വരുന്നതെങ്ങനെ. മൊബൈലില്‍ ചുളുവിലൊന്നു പകര്‍ത്തി. ഗാന്ധിചിത്രം ഇതുപോലൊരു ചൂതാട്ടകേന്ദ്ര ചുമരിലായിപ്പോയെന്നൊരു വൈരുധ്യം ഉണ്ടെങ്കിലും, ഇന്ന് പല ഗാന്ധിശിഷ്യന്‍മാരും ചെയ്യുന്നത് കാണുമ്പോള്‍ അദ്ഭുതപ്പെടാനുമില്ല.

ഭക്ഷണത്തിന് മുടിഞ്ഞ ബില്ലായിരിക്കുമോ എന്ന ശങ്കയോടെയാണ് ഞങ്ങള്‍ ഭോജനശാലയിലേക്ക് കടന്നത്. അകം ദീപാലംകൃതമാണ്. നല്ല വൃത്തിയും വെടിപ്പുമുണ്ട്. മൊട്ടത്തലയും സ്മാര്‍ട്ട്‌നസ്സുമായി ആയോ എന്ന വെയിറ്റര്‍ മെനു കൊണ്ടുതന്നു. അതുകണ്ടപ്പോ ആശ്വാസമായി. സംഗതി പോക്കറ്റിനൊതുങ്ങും. മെനുവില്‍നിന്ന് ഏതാണ്ട് നമ്മുടെ വയറ്റിനിണങ്ങുന്ന ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്ത് ഇരുന്നു. സ്റ്റാര്‍ട്ടര്‍ വന്നു. അത് മെല്ലെ അകത്താക്കികൊണ്ടിരിക്കെ പെട്ടെന്ന് മാനത്ത് നിന്നെങ്ങാനും പൊട്ടിവീണപോലൊരു ചടുലസംഗീതം, ആഫ്രിക്കന്‍ പെരുമ്പറയുടെ ഹൃദയത്തുടിപ്പുകള്‍.  പിന്നെ സംഭവിച്ചതും പെട പെടാന്നായിരുന്നു. വെയിറ്റര്‍മാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓര്‍ഡറുകളെല്ലാം മേശപ്പുറത്തുവെച്ച് ദ്രുതമേളത്തിനൊപ്പം താളം ചവിട്ടാന്‍ തുടങ്ങി. അരനിമിഷം കൊണ്ട് ഭോജനശാലയൊരു നര്‍ത്തനവേദിയായി. ഇരിപ്പിടത്തില്‍ മസിലുപിടിച്ചിരുന്നവരെല്ലാം എഴുന്നേറ്റ് ആടാന്‍ തുടങ്ങി. പത്തുമിനുട്ട്. സംഗീതം നിലച്ചു. ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ വെയിറ്റര്‍മാര്‍ തങ്ങളുടെ ജോലിയിലേക്ക് മടങ്ങി. എല്ലാം പഴയപടിയായി. പക്ഷേ, മനസ്സ് നിറഞ്ഞിരുന്നു. ഇനി വയര്‍ നിറഞ്ഞാല്‍ മതി.

Park

ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ അന്നുരാത്രി വീണ്ടും തീംപാര്‍ക്കിലൂടെ അലഞ്ഞു. പിറ്റേന്നായിരുന്നു സ്വര്‍ണഖനിയിലേക്കുള്ള യാത്ര. ഗോള്‍ഡ് റഷ്, മെക്കന്നാസ് ഗോള്‍ഡ് തുടങ്ങിയ സിനിമകളില്‍ കണ്ട ഖനികള്‍ മാത്രമേ മനസ്സിലുള്ളൂ. ധരിക്കാന്‍ ഹെല്‍മെറ്റ് തന്നു. നാലുപേര്‍ക്ക് ഒരു ടോര്‍ച്ചും. ലിഫ്റ്റിലാണ് ഭൂമിക്കടിയിലേക്ക് പോവുന്നത്. ഇരുളിന്റെ ഗുഹയിലൂടെ, ഇരുളില്‍നിന്ന് ഇരുളിലേക്കാണ് സഞ്ചാരം. താഴെയെത്തി. ഇത് ഖനിയുടെ ഫസ്റ്റ് പോക്കറ്റാണ്. നമ്മളെ ഇവിടെ വരെയേ കൊണ്ടുപോവൂ. അതിലും താഴെയായി നാല് പോക്കറ്റുകള്‍ ഉണ്ട്. ഏതാണ്ട് നാലുകിലോമീറ്റര്‍ ആഴത്തില്‍ വരെ പോവുമെന്നറിയുമ്പോള്‍ ആശ്ചര്യം. 

gold mine 3

ഗൈഡ് സുമ എല്ലാം വിവരിച്ച് കൂടെയുണ്ട്. എവിടെയാണ് സ്വര്‍ണം? എല്ലാ കണ്ണുകളും തിരയുന്നത് മഞ്ഞലോഹത്തിന്റെ മാസ്മരികതയാണ്. എന്നാല്‍ കാണുന്നത് മുഴുവന്‍ നല്ല കട്ടിക്കരിങ്കല്ല്. ഇതാ ഇതാണ് സ്വര്‍ണമടങ്ങിയ സ്ഥലം. ഗൈഡ് ചൂണ്ടിക്കാട്ടിത്തന്നു. കരിങ്കല്ലില്‍തന്നെ ചില കറുത്തപൊട്ടുകളൊക്കെയായൊരു സ്ഥലം. ഇത് പൊട്ടിച്ചെടുത്ത് മുകളിലെത്തിക്കും. പിന്നെയും കുറേ പ്രക്രിയകളിലൂടെയേ ഇത് നമ്മളണിയുന്ന സ്വര്‍ണമായി മാറൂ. 

Under mine

എങ്ങനെയാണ് പാറ പൊട്ടിച്ചെടുക്കുന്നത്. ഖനിയിലെ സൂപ്പര്‍വൈസര്‍ ഇരിക്കുന്നതെവിടെയാണ്, ഖനിയപകടം നടന്നാലുള്ള പ്രഥമശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനങ്ങളെന്തൊക്കെയാണ്, എല്ലാം സ്റ്റില്‍മോഡലുകളായി ഖനിക്കുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഖനിയില്‍നിന്നും പൊട്ടിച്ചെടുക്കുന്ന പാറക്കല്ലുകള്‍ മുകളിലേക്ക് കൊണ്ടുപോവാനുള്ള റെയിലും കാണാം. 

Mine

മേലെ എത്തിയപ്പോള്‍ ബന്തവസ്സായി അടച്ചിട്ടിരിക്കുന്ന ഒരു ഹാളിലേക്ക് പോയി. അവിടെ സ്വര്‍ണം ഉരുക്കിയെടുത്ത് വലിയ കട്ടകളാക്കി മാറ്റുന്ന പ്രക്രിയ കാണാം. വലിയ ചൂടില്‍ ഉരുക്കി അച്ചിലേക്ക് ഒഴിക്കുന്നതും അത് അവസാനം കട്ടയാവുന്നതുമെല്ലാം കാണിക്കും. ചൂടിനെ പ്രതിരോധിക്കുന്ന കോട്ടിനും ഹെല്‍മെറ്റിനും പുറമെ നീളമേറിയ കൊടിലും ഉപയോഗിച്ചാണ് ചൂളയില്‍നിന്ന് ഉരുക്കിയ സ്വര്‍ണത്തിന്റെ പാത്രം പുറത്തെടുക്കുന്നതും അച്ചിലേക്ക് ഒഴിക്കുന്നതും. കട്ട എടുത്തോണ്ടുപോവാന്‍ ആരും ശ്രമിക്കരുതെന്നവിടെ പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്. എന്തായാലും കട്ടയ്‌ക്കൊപ്പം ഒരു സെല്‍ഫി എടുത്ത് പുറത്തുകടന്നു. പുറത്ത് അന്ന് സ്വര്‍ണം കൊണ്ടുപോകാനുപയോഗിച്ച തീവണ്ടികളും പ്രദര്‍ശനത്തിനുണ്ട്. വലിയ സേഫോടുകൂടിയ കംപാര്‍ട്ട്‌മെന്റുകള്‍, ആവി എഞ്ചിന്‍, എല്ലാം പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. 

Gold

അതിനും മുന്‍പുള്ളൊരു കാലം ഉണ്ടായിരുന്നു. തരിശുനിലങ്ങളെപ്പോലെ കിടന്നിരുന്ന ജോഹന്നാസ് ബര്‍ഗ്. 1886ലാണ് ഇവിടെ സ്വര്‍ണനിക്ഷേപം കണ്ടെത്തുന്നത്. 90 കൊല്ലം കൊണ്ട് 1.4 ദശലക്ഷം കിലോ സ്വര്‍ണമാണ് ഇവിടെ നിന്നും കുഴിച്ചെടുത്ത് ശുദ്ധീകരിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയസംഭാവന. 30000 തൊഴിലാളികള്‍ ജോലിചെയ്തിരുന്നു. ഖനനം തുടങ്ങിയതോടെ ഒരു നഗരം വളരുന്നു. പലനാടുകളില്‍നിന്നുള്ളവര്‍ തൊഴിലാളികളായും കച്ചവടക്കാരായും അവിടെയെത്തുന്നു.

Gold

തീവണ്ടിപ്പാതമുതല്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും വികസിച്ചുവരുന്നു. അടിമത്വത്തിന്റെയും പോരാട്ടത്തിന്റെയും അധോലോകത്തിന്റെയും അധ്യായങ്ങളും രചിക്കപ്പെടുന്നു. ദിവസങ്ങളോളം ഖനിയുടെ ഇരുണ്ടലോകത്ത് കഴിയുന്നവര്‍ക്ക് പുറത്തുവരുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കാനായി മദ്യശാലകളും വിനോദകേന്ദ്രങ്ങളും ചൂതാട്ടവേദികളും ഉയരുന്നു. അതെ, ഒരു നഗരം കഥയെഴുതുമ്പോള്‍ ഇതെല്ലാം കാണും. അരിച്ചെടുത്ത് ഉരുക്കിയെടുത്തപോലെ നന്മയുടെ കഥകളും അതിന് പറയാനുണ്ടാവും. മ്യൂസിയത്തിലെ ശ്യാമ-ധവള നിശ്ചലചിത്രങ്ങള്‍ ആ കഥകളായിരുന്നു കണ്ണിലോതിയത്. 

Gold Mine 4