രു കൈ ഉയര്‍ത്തി ചുംബിച്ചു നില്‍ക്കുന്ന രണ്ട് പ്രതിമകള്‍. നോക്കിനില്‍ക്കേ അവര്‍ അകലാന്‍ തുടങ്ങുന്നു. അല്പസമയത്തിനുശേഷം വീണ്ടും അവര്‍ ഒന്നിക്കുന്നു. മറ്റൊരു ചുംബനത്തിലൂടെ. സ്വപ്‌നം കാണുന്നതുപോലെ തോന്നുന്നുണ്ടല്ലേ... പക്ഷേ സംഗതി സത്യമാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗില്‍ ഈയിടെ തുറന്ന ഒരു റൈഡാണ് ഇത്. പേര് ഫ്‌ളൈയിങ് കിസ്.

പരസ്പരം ചുംബിക്കുന്ന പുരുഷന്റെയും സ്ത്രീയുടേയും പ്രതിമകളുടെ ഉയര്‍ത്തിപ്പിടിച്ച കൈകളിലാണ് സഞ്ചാരികള്‍ക്ക് നില്‍ക്കാനുള്ള ഇടം സജ്ജീകരിച്ചിരിക്കുന്നത്. ഇത് കറങ്ങിക്കൊണ്ടിരിക്കും. 3000 അടിയാണ് റൈഡിന്റെ ഉയരം. മനോഹരമായ വിദൂര കാഴ്ചകളാണ് റൈഡ് തരുന്നതെങ്കിലും അല്പം ധൈര്യം വേണം ഇതില്‍ കയറാന്‍. കാരണം സീറ്റോ, സീറ്റ് ബെല്‍റ്റോ, മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും ഇതിലില്ല. ആകെയുള്ളത് ഒരു കമ്പിവേലി മാത്രം.

രണ്ട് പ്രതിമകളും നിലത്തേക്ക് കുനിഞ്ഞുനിന്നാണ് മേല്‍ക്കൂരയുള്ള പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാരെ സ്വീകരിക്കുന്നത്. ഇറക്കുന്നതും ഇങ്ങനെ തന്നെ. എല്ലാവരും കയറിക്കഴിഞ്ഞശേഷം മനോഹരമായ കാഴ്ചകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്രതിമകള്‍ പതിയെ ചലിക്കാനാരംഭിക്കും. പ്രതിമകള്‍ കറങ്ങി ഒരു പ്രത്യേക ദിശയിലെത്തുമ്പോഴാണ് പരസ്പരം ചുംബിക്കുന്നതായി അനുഭവപ്പെടുക.

ചൈനീസ് പുരാണത്തിലെ ഒരു പ്രണയകഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റൈഡ് നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ മികവിനുള്ള പ്രശംസകള്‍ക്കൊപ്പം വേണ്ടത്ര സുരക്ഷയില്ലാത്തതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളും റൈഡ് നേരിടുന്നുണ്ട്.

Content Highlights: Flying Kiss, Spinning Observation Tower in China, Chongqing, Extreme Ride, Terrible Ride China