'' സഞ്ചാരം ആദ്യം നിങ്ങളെ മൗനിയാക്കും, 
പിന്നെ മെല്ലെയൊരു കഥ പറച്ചിലുകാരന്‍ ആക്കും...''

(ഞാന്‍ പറഞ്ഞതല്ല. ലോക സഞ്ചാരി ഇബ്‌നു ബത്തൂത്ത പറഞ്ഞതാണ് ) 

യു കെ വിസക്ക് അപ്ലൈ ചെയ്തു ദിവസങ്ങള്‍ തള്ളി നീക്കാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടിയാലേ വിസ ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ. ക്ഷമയുടെ നെല്ലിപ്പലക കാണുന്ന ദിവസങ്ങള്‍ ആണ്. ഇന്ന് കൊറിയര്‍ ഓഫീസില്‍ നിന്ന് വിളിക്കും, നാളെ വിളിക്കും എന്നെല്ലാം ഓര്‍ത്തു കൊണ്ടാണ് ഓരോ സെക്കന്‍ഡും തള്ളി നീക്കുന്നത്. ഇതുവരെ ഒരു വിസക്കും ഇമ്മാതിരി എക്‌സൈറ്റഡ് ആയിട്ട് ഇങ്ങനെ കാത്തിരുന്നിട്ടില്ല. ആഗ്രഹം, അതിയായ ആഗ്രഹം... യു കെ യില്‍ എങ്ങനെ എങ്കിലും കാലുകുത്തണം എന്ന വളരെ നാളുകളായുള്ള ഈ ആഗ്രഹത്തിന് പുറത്താണ് വേണമെങ്കില്‍ കുറച്ചു ടെലി കോണ്‍ഫറന്‍സിലും, കുറേ മെയില്‍ അയക്കലിലും തീര്‍ക്കാമായിരുന്ന കാര്യം നേരില്‍ മീറ്റിങ് ആയി തന്നെ തരപ്പെടുത്തിയത്.

Falkrik Wheel1

അവസാനം കൊറിയര്‍ ഓഫീസില്‍ നിന്ന് ഫോണ്‍ വന്നു. അടുത്ത നിമിഷം പിടച്ചു ചാടി അവിടെ എത്തി കവര്‍ പൊട്ടിച്ചപ്പോ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ ... എന്ന് പറഞ്ഞത് പോലെ, ദേ കിടക്കുന്നു ആറു മാസത്തെ മള്‍ട്ടിപ്ലെ എന്‍ട്രി യു കെ വിസ ?? മീറ്റിങ് എല്ലാം രണ്ടു മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചാര്‍ട്ട് ചെയ്തു ഇന്‍വിറ്റേഷന്‍ എല്ലാം കൊടുത്താണ് വിസക്ക് അപ്ലൈ ചെയ്തത്. വിസ കിട്ടി എല്ലാം ഓക്കേ ആയിട്ട് വേണം ഫൈനല്‍ ട്രാവല്‍ പ്ലാന്‍ ചെയ്യാന്‍. ഇനി അധികം ദിവസം ഇല്ല മീറ്റിംഗിന്. ആദ്യ പ്രയോറിറ്റി ബിസിനസ് മീറ്റിംഗ് ആണെങ്കിലും ആദ്യമായി യു കെ പോകുന്നതിന്റെ ത്രില്ല് അപ്പോഴേക്കും മനസ്സില്‍ കയറി കൂടിയിരുന്നു. 

ഏകദേശം രാത്രി പത്തു മണി ആയപ്പോ ലണ്ടന്‍ ഹിത്രൂ എയര്‍പോര്‍ട്ടില്‍ കാലു കുത്തി. ലോകത്തിലെ ഏറ്റവും തിരക്ക് കൂടുതല്‍ ഉള്ള എയര്‍പോര്‍ട്ട് ആണ് എന്നൊക്കെ കേട്ടാണ് ഹീത്രോ എയര്‍പോര്‍ട്ടില്‍ കാലു കുത്തിയത്. പക്ഷെ അതിന്റേതായ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല. സത്യത്തില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ഉള്ള തിരക്ക് പോലും കാണാഞ്ഞ് അദ്ഭുതപ്പെടുകയും ചെയ്തു. (അതിനുള്ള കാരണം ഒരു ദിവസം ലണ്ടനില്‍ വച്ച് ഒരു സൗഹൃദ സംഭാഷണത്തില്‍ ആണ് മനസ്സിലായത്. രാത്രി 11 മുതല്‍ വെളുപ്പിന് 4 മണി വരെ ഫ്‌ളൈറ്റ് വരികയോ പുറപ്പെടുകയോ ഇല്ല എന്ന്. അത് എയര്‍പോര്‍ട്ട് പരിസരത്തു താമസിക്കുന്ന ജനങ്ങള്‍ക്ക് ശബ്ദം മൂലം ബുദ്ധിമുട്ട് വരാതിരിക്കാന്‍ ആണ് ആ നിയമം എന്ന് അറിഞ്ഞപ്പോ, നമ്മുടെ കൊച്ചു കൊച്ചിയിലെ കാര്യം ചുമ്മാ ഒന്ന് ഓര്‍ത്തു പോയി) എന്തായാലും ഊബര്‍ വിളിച്ചു റൂമില്‍ എത്തി പതിനാലു മണിക്കൂര്‍ നേരത്തെ വിമാന യാത്ര ക്ഷീണം തീര്‍ത്തു.

Falkrik 2

പിറ്റേന്ന് മുതല്‍ തുടങ്ങിയ ലണ്ടന്‍ കറക്കം അവസാനിച്ചത് മൂന്നാം നാള്‍ രാത്രി സ്‌കോട്‌ലന്‍ഡിലേക്കുള്ള ബസ് പിടിച്ചപ്പോ ആണ്. പൂര്‍ണമായി ലണ്ടന്‍ അനുഭവിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരുന്ന രീതിയില്‍, ബിസിനസ്സ് ആവശ്യവും അല്ലാതുള്ള കറക്കവും എല്ലാം കൂട്ടി കുഴച്ചു മൂന്നു പകലുകള്‍. ലണ്ടന്‍ ട്യൂബ് യാത്രയും, പ്രധാന സ്ഥലത്തുകൂടി ഉള്ള ഓട്ട പ്രദക്ഷിണവും, ബിസിനസ് ആവശ്യത്തിന് ഓരോരുത്തരെ കാണുന്നതും കോഫീ കുടിക്കലും എല്ലാം നന്നായി എന്‍ജോയ് ചെയ്തു. അതും നല്ല സുഖകരമായ കാലാവസ്ഥയില്‍. പകലിനു ദൈര്‍ഘ്യം ഉള്ളത് കൊണ്ട് പകല്‍ വെളിച്ചത്തുതന്നെ നന്നായി എല്ലായിടത്തും എത്താന്‍ സാധിച്ചത് ഒരുപാട് ഗുണം ചെയ്തു. രാവിലെ സ്‌കോട്‌ലന്‍ഡ് ഹോട്ടല്‍ എത്തി ഫ്രഷ് ആയി നേരെ ഒഫീഷ്യല്‍ മീറ്റിംഗ് കാര്യങ്ങള്‍ക്ക് പുറപ്പെട്ടു. രണ്ടു ദിവസമായി ചാര്‍ട്ട് ചെയ്ത കാര്യങ്ങള്‍ എല്ലാം ഉദ്ദേശിച്ച പോലെ നടന്നു. രണ്ടാം ദിവസത്തെ മീറ്റിംഗ് എല്ലാം കഴിഞ്ഞാണ് നിനച്ചിരിക്കാതെ ആ അത്ഭുത കാഴ്ച്ച കാണാന്‍ അവസരം ഒത്തു വന്നത്.

രണ്ടു ദിവസത്തെ തകര്‍പ്പന്‍ കോണ്‍ഫറന്‍സ്, മീറ്റിംഗുകള്‍ എല്ലാം കഴിഞ്ഞ വൈകുന്നേരം അവിടെ വച്ച് പരിചയപ്പെട്ട ഏക ഇന്ത്യക്കാരി 'ബര്‍ഖ' യുടെ സ്‌നേഹത്തോടെ ഉള്ള ക്ഷണം സ്വീകരിച്ചു അവരുടെ കാറില്‍ കയറുമ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു. പകലിനു ദൈര്‍ഘ്യം കൂടുതല്‍ ഉള്ള മെയ് മാസം ആയത് കൊണ്ട് ഇരുട്ടാന്‍ ഇനിയും ഒരുപാട് സമയം. എത്രയും പെട്ടെന്ന് എഡിന്‍ബര്‍ഗ് ഹോട്ടലില്‍ എത്തി വേഗം കിടക്കാന്‍ ഉള്ള അവസ്ഥയില്‍ ആയിരുന്നു മനസും ശരീരവും. അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍ ലേക്ക് പോകുന്ന വഴി അവരുമായി ഒരു ഫോര്‍മാലിറ്റിക്ക് ഫാള്‍ക്രിക് എന്ന ഈ സ്ഥലത്തേ പറ്റിയും ഇവിടുത്തെ ജീവിതത്തെ പറ്റിയും ഒക്കെ ചോദിച്ച സമയത്താണ് സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡിന്റെ ഈ ഉള്‍പ്രദേശത്തെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്.

Falkrik 3

ഗ്ലാസ്ഗോയില്‍ നിന്നും, എഡിന്‍ബര്‍ഗ് നിന്നും ഏകദേശം ഒരേ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഫാള്‍ക്രിക് എന്ന പ്രദേശം, ചരിത്ര പരമായി സ്‌കോട്‌ലന്‍ഡിന് ഒഴിച്ച് കൂടാത്ത ഇടമാണ്. പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും, വ്യവസായ കേന്ദ്രങ്ങളും ധാരാളമുള്ള, എന്നാല്‍ വലിയ ഒച്ചപ്പാടോ, ബഹളങ്ങളോ ഇല്ലാത്ത ഇടം. ഇവിടത്തെ വളരെ പ്രസിദ്ധമായ ഒരു എഞ്ചിനീയറിങ് വിസ്മയമാണ് ഫാള്‍ക്രിക് വീല്‍ എന്നറിയപ്പെടുന്ന കറങ്ങുന്ന കനാല്‍. ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ഇതാണ്. 

ട്രെയിന്‍ സ്റ്റേഷനിലേക്ക് പോകുന്ന വഴിയില്‍ നിന്നും അല്‍പം മാറി മെയിന്‍ ലൈന്‍ തന്നെ ആണ് ഈ വിസ്മയം എന്ന് ബല്‍ഖ പറഞ്ഞപ്പോ ഒന്ന് കണ്ടാലോ എന്ന് മനസ്സില്‍ വിചാരിച്ചു. പക്ഷെ ലിഫ്റ്റ് തന്ന ആളോട് ഞങ്ങള്‍ അവിടെല്ലാം കറങ്ങി കാണണം എന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ എന്ന് അറിയില്ലാത്തത് കൊണ്ട് മിണ്ടാതെ ഇരുന്നു. പക്ഷെ, ഞങ്ങളുടെ മനസ് വായിച്ച പോലെ ബര്‍ഖ കാര്‍ അങ്ങോട്ട് എടുത്തിട്ട് നമുക്ക് അവിടെ കയറിയിട്ട് പോകാം എന്ന് പറഞ്ഞപ്പോ, സകല ക്ഷീണവും പമ്പ കടന്നു. കാരണം ഇനി ഏത് കാലത്താണ് സ്‌കോട്‌ലന്‍ഡ് പോലൊരു രാജ്യത്ത്, ഇത്രമാത്രം ഉള്‍പ്രദേശത്തുള്ള ഈ ടൂറിസ്റ്റ് സ്‌പോട്ടിലേക്ക് വരാന്‍ കഴിയുക എന്നറിയില്ലല്ലോ.

Falkrik 4

വളരെ ലഘുവായ എഞ്ചിനീയറിംഗ് തത്വങ്ങള്‍ വച്ച് പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അത്യാവശ്യം വലിയ ബോട്ടിനെ വരെ ഉയര്‍ത്താന്‍ കെല്‍പ്പുള്ള വീല്‍ ഓപ്പറേറ്ററിങ് ആയിട്ടുള്ള കനാല്‍. ലോകത്തു ഇതുപോലത്തെ ഒന്നേ ഉള്ളു എന്നത് കൊണ്ട് തന്നെ ഇതിനു പ്രസക്തി വേണ്ടുവോളമുണ്ട്. രണ്ടു ലെവലില്‍ ഉള്ള കനാലുകള്‍ (മുകളിലും താഴെയും) തമ്മില്‍ പരസ്പരം ബന്ധിപ്പിക്കാന്‍ ആണ് ഈ കറങ്ങും വിസ്മയം ഉപയോഗിക്കുന്നത്. പണ്ടൊക്കെ സ്‌കൂളില്‍ പഠിച്ച ആര്‍ക്കിമെഡീസ് തത്വം ആണ് ഇതിന് കാതല്‍. 

സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡ് എന്ന് അറിയപ്പെടുന്ന ഇവിടെ, ബ്രിട്ടീഷ് വാട്ടര്‍ വെയ്സിന്റെ ഭാഗമായി എഡിന്‍ബറ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ ഏഴ് ലോക്കല്‍ അതോറിറ്റികള്‍ കൂടിച്ചേര്‍ന്ന് രൂപീകരിച്ച മില്ലേനിയം ലിങ്ക് പ്രൊജക്റ്റ് ന്റെ ഭാഗമായി, ഫോര്ത് & ക്ലയ്ഡ് എന്ന കനാലും യൂണിയന്‍ കനാലും കൂടി ബന്ധിപ്പിക്കാന്‍ ആണ് ഫാള്‍ക്രിക് വീല്‍ എന്ന ഈ എഞ്ചിനീയറിംഗ് അത്ഭുതം പ്രവര്‍ത്തിക്കുന്നത്. 1999- ല്‍ രൂപകല്‍പ്പന പൂര്‍ത്തിയായി 2000 ഇല്‍ നിര്‍മ്മാണം ആരംഭിച്ച് 2002- ല്‍ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ച ഈ അദ്ഭുതം കാണാന്‍ ദിനം തോറും നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. 
45 ഹെക്ടര്‍ സ്ഥലത്തു വിശാലമായി ഒരുക്കിയ പാര്‍ക്കുകളും കളി സ്ഥലവും ഒരു ഭംഗിയുള്ള സുവനീര്‍ ഷോപ്പും ഉള്‍പ്പെടെ ഭംഗിയായി ഒരുപാട് സമയം ചിലവഴിക്കാന്‍ ഉതകുന്ന രീതിയില്‍ ആണ് ഇതിന്റെ നിര്‍മാണം. 

35 മീറ്റര്‍ ആണ് ഉയരം. (അതായത് ഏകദേശം 8 ഡബിള്‍ ഡക്കര്‍ ബസ് ഒന്നിന് മുകളില്‍ ഒന്നായി അടക്കി വച്ചാല്‍ ഉണ്ടാകുന്ന ഉയരം ) രണ്ടു വശങ്ങളിലായി 300 ടണ്‍ ഭാരം ഉയര്‍ത്താനുള്ള കഴിവുണ്ട് ഇതിന്. അതില്‍ വെള്ളം കൂടാതെ രണ്ടു ബോട്ട് നിറയെ ആളുകളും പെടും. 5 ലക്ഷം ലിറ്റര്‍ വെള്ളം ആണ് ഇതിന്റെ സംഭരണശേഷി എന്ന് പറഞ്ഞാല്‍, ഏകദേശം ഒരു ഒളിമ്പിക് പൂള്‍ നിറക്കാന്‍ ആവശ്യമായ വെള്ളമാണ് ഒരു തവണ ഇതിന്റെ പ്രവര്‍ത്തനത്തില്‍ ഉയര്‍ത്തുന്നത്. 14000 മുതല്‍ 45000 ബോള്‍ട്ടുകള്‍ ഇതിന് ആവശ്യമായി വന്നിട്ടുണ്ട്. 1000 ആളുകള്‍ രണ്ടു വര്‍ഷം മുഴുവന്‍ പണിപ്പെട്ടാണ് ഏകദേശം 2200 ടണ്‍ സ്റ്റീലും, 7000 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റും ഉപയോഗിച്ച് ഇത് പടുത്തുയര്‍ത്തിയിരിക്കുന്നത്.

30 പൗണ്ട് കൊടുത്തു ടിക്കറ്റ് എടുത്ത് സാവധാനം ബോട്ടില്‍ കയറാന്‍ കാത്തു നിന്നു. ബോട്ടില്‍ കയറി ഉടനെ ഗൈഡ് വന്നു ലൈഫ് ജാക്കറ്റ് എല്ലാം തന്നു, കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ബോട്ട് സാവധാനം ഫാല്‍ക്രിക് വീലിന്റെ ഒരു വശത്തുള്ള റിസര്‍വോയറിലേക്ക് സാവധാനം പ്രവേശിച്ചു. സുരക്ഷാ പരിശോധന എല്ലാം പൂര്‍ത്തിയായി വീല്‍ കറങ്ങാന്‍ ആരംഭിച്ചു. വീഗാലാന്‍ഡില്‍ ഒരു റൈഡില്‍ ഇരിക്കുന്ന ആവേശത്തോടെ ഞങ്ങള്‍ ഇരുന്നു. ഏകദേശം പത്തു മിനിറ്റു കൊണ്ട് സാവധാനം ഞങ്ങള്‍ മുകളില്‍ എത്തി. വീണ്ടും സുരക്ഷ പരിശോധനക്ക് ശേഷം ബോട്ട് മുകളിലുള്ള കനാലിലേക്ക് വെള്ളത്തോടുകൂടെ നീങ്ങിത്തുടങ്ങി. ഏകദേശം രണ്ടു കിലോമീറ്റര്‍ പോയി ചുറ്റിക്കറങ്ങി വീണ്ടും തിരിച്ച് മുകളിലെ കൈയില്‍ കയറി. പത്തു മിനിറ്റു കൊണ്ട് താഴെ എത്തി. അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു കൊണ്ട്.

test

മനോഹരമായ, ഏവരെയും ആകര്‍ഷിക്കുന്ന ഈ നിര്‍മിതി നല്ലൊരു അനുഭവമായി സ്‌കോട്‌ലന്‍ഡ് യാത്രയില്‍ എടുത്തു പറയാവുന്നതാണ്. കാരണം, പ്രകൃതി ഭംഗി കൊണ്ട് പേരുകേട്ട സ്‌കോട്‌ലന്‍ഡ് എന്ന രാജ്യത്തിന്റെ സാംസ്‌കാരികമായ ഉന്നതി മനസ്സിലാക്കാന്‍ എഡിന്‍ബറ പോലുള്ള സ്ഥലങ്ങള്‍ ധാരാളമാണ്. എന്നാല്‍ സാങ്കേതികമായി എത്ര ഉയര്‍ന്ന നിലവാരത്തില്‍ ആണ് ഈ രാജ്യം എന്ന് ഈ സൃഷ്ടി നമ്മോടു വിളിച്ചോതുന്നു. പണ്ട് ആയൊക്കെയോ പറഞ്ഞു തന്നിട്ടുണ്ട് ' കുന്നോളം മോഹിച്ചാലേ കുന്നിക്കുരുവോളം എങ്കിലും കിട്ടൂ ' എന്ന്. എന്നിലെ യാത്രികനെ സംബന്ധിച്ചു, കുന്നോളം മോഹം കൊണ്ട് നടന്നപ്പോ, മലയോളം കിട്ടിയ പ്രതീതി ആയിരുന്നു ഇത് കണ്ടു കഴിഞ്ഞപ്പോ. 

പച്ചവിരിച്ച പുല്‍മേടുകളില്‍ കൂട്ടമായി നടക്കുന്ന ചെമ്മരിയാടുകളും, മഞ്ഞ പട്ടു വിരിച്ചപോലുള്ള കടുക് ചെടികള്‍ നിറഞ്ഞ മലഞ്ചെരിവുകളും, കടലിന്റെയും, മനോഹരമായ കടലിടുക്കിന്റെയും നാട്ടില്‍ എങ്ങും പ്രസാദാത്മകമായ കാഴ്ചകളും നല്ല ജനങ്ങളും ഈ തണുത്ത സുഖകരമായ കാലാവസ്ഥയും എല്ലാം കൂടി നമ്മോടു എന്തൊക്കെയോ വിളിച്ചു പറയുന്ന പോലെ തോന്നും. അത് ചിലപ്പോ, ഈ അടുത്തു ഏതോ യാത്രാ വിവരണത്തില്‍ വായിച്ച പോലെ, ' ഇവിടം സ്വര്‍ഗ്ഗമാണ് ' എന്ന് പറയുന്നതാണോ ? കണ്ണടച്ച് കാതോര്‍ത്തപ്പോ അങ്ങനെ ഒരു ഫീല്‍. ഒരു പക്ഷെ എന്നെങ്കിലുമൊരിക്കല്‍ അങ്ങിനെ ഒരനുഭവം നിങ്ങള്‍ക്കും കിട്ടിയേക്കാം...??

NB : യൂ കെ, യൂറോപ്പ് എന്നിവിടങ്ങളില്‍ പോകുമ്പോ സിറ്റി സെന്റര്‍ വിട്ട് ഉള്ളിലുള്ള കുറച്ചിടങ്ങളില്‍ കുറച്ചു ദിവസം താമസിക്കുന്നത് എന്ത് കൊണ്ടും നല്ല അനുഭവം ആയിരിക്കും. 

Content Highlights: Falkrik Wheel, Scotland Travel, Scotland Tourism