ഫാല്‍ക്കണുകള്‍ അറബ് രാജ്യങ്ങളുടെ അഭിമാന ചിഹ്നങ്ങളാണ്. പണ്ട് നാം ആനയുള്ള തറവാടെന്ന് പറയുംപോലെയാണ് ലക്ഷങ്ങളും കോടികളും വിലയുള്ള ഫാല്‍ക്കണുകളെ വളര്‍ത്തുന്ന അറബികളുടെ കാര്യവും. ഫാല്‍ക്കണുകളേക്കുറിച്ചുള്ള ഗവേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു ഖത്തര്‍ രാജാവിനൊപ്പം മൊറോക്കോയിലേക്ക് നടത്തിയത്.
മൊറോക്കോയില്‍ ഹൊബാറ ബ്രീഡിങ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു ഖത്തര്‍ രാജവംശത്തില്‍ നിന്നുള്ള ക്ഷണം. കൊച്ചിയില്‍ നിന്ന് ദോഹയിലെത്തിയ എന്നെ സ്വീകരിക്കാന്‍ കൊട്ടാരത്തില്‍ നിന്ന് ആളെത്തിയിരുന്നു. ആഡംബര കാര്‍, അംഗരക്ഷകര്‍, രാജകീയ യാത്രയുടെ ഹരം. ഒരു സ്റ്റാര്‍ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ രണ്ടുദിവസത്തെ താമസം. ഇതിനിടയില്‍ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കാണാന്‍ അനുവാദമില്ല. ഫോണ്‍വിളിക്കാന്‍ പറ്റില്ല. അതിഥി കുഴപ്പക്കാരനല്ലെന്ന് ഉറപ്പുവരുത്താനുള്ള രണ്ട് ദിവസമായിരുന്നു അതെന്ന് പിന്നീടാണ് മനസിലായത്.
കാസാബ്ലാങ്കയിലേക്ക് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റ് അയച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മൂന്നാംനാള്‍ രാജാവിന്റെ സ്റ്റാഫ് വന്ന് പെട്ടന്ന് തയ്യാറാവാന്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നുമണിക്ക് രാജാവിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജംബോജെറ്റ് വിമാനത്തില്‍ മൊറോക്കോയിലെ ഗുല്‍മീമിലേക്ക് പോകണം. കൊട്ടാരം പോലുള്ള വലിയ വിമാനം. അകത്ത് വലിയ മൂന്ന് മുറികളുണ്ട്. മജ്‌ലിസ് എന്നാണ് ഇതിന് പറയുന്നത്. അതിലൊന്നില്‍ രാജാവ്. പിന്നെ അംഗരക്ഷകരും ഉദ്യോഗസ്ഥരും 180 വിവിധ ഫാല്‍ക്കണ്‍ പക്ഷികളും പിന്നെ ഞാനും.
ഒമ്പതര മണിക്കൂര്‍ യാത്ര. അവിടെയെത്തി. ഷേക്ക് ഏതോ സപ്തനക്ഷത്ര ഹോട്ടലിലേക്കും ഞങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്കും. അവിടെ നിന്ന് മിറാക്കിഷ് എന്ന സ്ഥലത്തേക്കായിരുന്നു പോവേണ്ടത്. ആറുമണിക്കൂര്‍ യാത്രയുണ്ട്. പടിഞ്ഞാറന്‍ സഹാറയുടെ അതിരിലാണ് ആ സ്ഥലം. ഒരു ഫ്രഞ്ച് അധിനിവേശ പ്രദേശം. മലകളും മരുഭൂമികളും നിറഞ്ഞ പ്രദേശത്തുകൂടെയായിരുന്നു യാത്ര. ഞങ്ങളെത്തുമ്പോള്‍ പുതുവര്‍ഷം പിറന്നിരുന്നു. അവിടെ ഹൊബാറ ബ്രീഡിങ് സെന്ററില്‍ ആയിരുന്നു ചര്‍ച്ച. ബ്രിട്ടീഷ് ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞരും കൂടെയുണ്ടായിരുന്നു.
ഫാല്‍ക്കണുകളെക്കൊണ്ട് അറബികള്‍ വേട്ടയാടുന്ന പക്ഷിയാണ് ഹൊബാറ. ഹൊബാറകളുടെ ഇറച്ചി ഉത്തേജക ഔഷധമായാണ് അറബികള്‍ പരിഗണിക്കുന്നത്. ഫാല്‍ക്കണുകളെ കൊണ്ടുവന്ന് ഇവയെ വേട്ടയാടി ഇറച്ചിയാക്കി കഴിക്കുകയും അവിടെ ആഘോഷരാവുകള്‍ തീര്‍ക്കുകയും ചെയ്യുന്നത് അറബികളുടെ ഒരു ഹോബിയാണ്. ഏതെങ്കിലും മരുപ്പച്ചയില്‍ ഹൊബാറകളെ കണ്ടെത്തി വിവരം നല്‍കുന്നവര്‍ക്ക് 10000 റിയാല്‍ സമ്മാനം കൊടുക്കാറുണ്ട്.
അവിടെയെത്തി ഓപ്പണ്‍ ജീപ്പില്‍ കറങ്ങി ഫാല്‍ക്കണുകളെക്കൊണ്ട് ഇവയെ വേട്ടയാടിക്കുകയാണ് പതിവ്. ഹൊബാറകള്‍ക്ക് നല്ല വേഗതയാണ്. പെട്ടന്ന് അതേ വേഗത്തില്‍ കറങ്ങി തിരിയാനുള്ള കഴിവും ഇവയ്ക്കുണ്ട്. ശത്രുക്കളില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ ഇവയുടെ പിന്നില്‍ നിന്ന് ഒരുതരം പശ സ്വഭാവമുള്ള ടാമിള്‍ എന്ന സ്രവവും പുറത്തേക്ക് വിടും. അത് ചിരകിലായാല്‍ ഒട്ടിപ്പിടിച്ച് ഫാല്‍ക്കണുകള്‍ക്ക് പറക്കാന്‍ പ്രയാസമാവും. എന്നാലും അതിവിദഗ്ധമായി ഹൊബാറകളെ ഫാല്‍ക്കണുകള്‍ കീഴടക്കും. വേട്ടയാടി കീഴടക്കിക്കഴിഞ്ഞാല്‍ തന്റെ യജമാനന്‍ വരുന്നതുവരെ അവ കാത്തിരിക്കും. എന്തെങ്കിലും പച്ച ഇറച്ചി അവയ്ക്ക് നല്‍കിയാണ് ഹൊബാറയെ അതിന്റെ യജാനന്‍ എടുക്കുന്നത്.
ഫാല്‍ക്കണുകള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും എല്ലാം ഉണ്ടാവും. മിക്കപ്പോഴും ബിസിനസ് ക്ലാസുകളിലാണ് ഇവയുടെ സഞ്ചാരം. കയ്യില്‍ കനത്ത ഉറ ധരിച്ച് മാത്രമേ ഇവയെ കൊണ്ടുനടക്കാന്‍ പറ്റൂ. അവയുടെ നഖത്തിന് അത്രയും മൂര്‍ച്ചയാണ്. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് ഫാല്‍ക്കണുകളുടെ മോഹവില.
ഹൊബാറകളുടെ പ്രജനനത്തിന് പറ്റിയ അന്തരീക്ഷവും പ്രകൃതിയുമാണ് ഗുല്‍മിങ്ങില്‍. ഹൊബാറ രണ്ട് മുതല്‍ മൂന്നുവരെ മുട്ടകളാണ് ഇടാറ്. ജൂലായ് മുതല്‍ ജനുവരെ വരെയാണ് ഇവ മുട്ടയിടുന്നത്. ഇവ വിരിയിച്ച് കുഞ്ഞുങ്ങളെ സ്വതന്ത്രരായി വിടും. അവ വലുതാവുമ്പോള്‍ പിന്നെ ഫാല്‍ക്കണുകളെ വിട്ട് പിടികൂടുകയാണ് പതിവ്. മംഗോളിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഫാല്‍ക്കണിനെ വളര്‍ത്തുന്നവരുണ്ട്. അമൂര്‍ ഫാല്‍ക്കണ്‍ പക്ഷികള്‍ ദേശാടനം നടത്തി ഇന്ത്യയില്‍ നാഗാലാന്‍ഡിലെ വോക്ക ജില്ലയിലെ ഹാന്‍ഥി ഗ്രാമത്തില്‍ എത്താറുണ്ട്. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസമാണ് ഇവയുടെ ദേശാടനകാലം.
ജിര്‍ ഫാല്‍ക്കണ്‍ ആണ് ഏറ്റവും വിലകൂടിയതും ഭംഗിയുള്ളതും.നാല്- അഞ്ച് കോടിവരെ വിലയുള്ളവയുണ്ട് ഇക്കൂട്ടത്തില്‍. സേക്കര്‍ ഫാല്‍ക്കണുകളും ജിര്‍ ഫാല്‍ക്കണുകളുമാണ് അറബികളുടെ ഇഷ്ടയിനങ്ങള്‍. ഷാഹീന്‍ ഫാല്‍ക്കണുകള്‍ക്കാണ് വേഗം കൂടുതല്‍. മണിക്കൂറില്‍ 350 മുതല്‍ 400 വരെയാണ് ഇവയുടെ വേഗം. താഴെ ഇരയെ കണ്ടാല്‍ പെട്ടന്ന് കൂപ്പുകുത്താനുള്ള കഴിവുമുണ്ട്. ഫാല്‍ക്കണ്‍ പറത്തല്‍ മത്സരവും ഗള്‍ഫ് രാജ്യങ്ങളില്‍ പ്രധാനമാണ്. ഇന്ത്യയില്‍ ജെയ്‌സാല്‍മീര്‍ ഭാഗങ്ങളില്‍ കാണുന്ന ഫാല്‍ക്കണുകള്‍ക്ക് നല്ല ഭംഗിയാണ്. ഇവിടെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ വേട്ടയാടാന്‍ പാടില്ല.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Falcon, Qatar King ,Travel to Hunt Birds, Flight Travel along with Falcons, Morocco Travel