മാതൃഭൂമി യാത്ര അബുദാബി പര്യടനം തുടരുകയാണ്. ഒരു ക്യാമൽ ഫാം സന്ദർശിക്കാനാണ് ഇപ്പോഴത്തെ യാത്ര. മണലാരണ്യത്തിന്റെ ഉൾവഴികളിലേക്ക് പോകുന്തോറും ഉയർച്ച താഴ്ചകൾ കൂടിവരുന്നു. അതിനൊപ്പം യാത്രയുടെ ആവേശവും. ദുബായിലേക്കും അബുദാബിയിലേക്കും വിനോദസഞ്ചാരികളെ എത്തിക്കുന്നതിൽ ഡെസേർട്ട് സഫാരി വലിയ പങ്കുവഹിക്കുന്നുണ്ട്. ടൂറിസം പാക്കേജുകളിലെല്ലാം ഡെസോർട്ട് സഫാരി സ്ഥാനം പിടിക്കാറുമുണ്ട്.

Desert Safari

ന്യൂയർ ആഘോഷങ്ങളും ഷോപ്പിങ് ഫെസ്റ്റിവലുകളും ചേരുന്ന സമയങ്ങളിൽ ഒന്നും രണ്ടും ആഴ്ച കണക്കാക്കിയൊക്കെ ​ഗൾഫ് മേഖലകളിലേക്കെത്തുന്ന സഞ്ചാരികൾ ഡെസേർട്ട് സഫാരിയും ആസ്വദിച്ചാണ് മടങ്ങാറ്. തിരഞ്ഞെടുക്കുന്ന പാക്കേജിനനുസരിച്ചായിരിക്കും ഡെസേർട്ട് സഫാരിയുടെ ടിക്കറ്റ് നിരക്ക്. മരുഭൂമിയിലൂടെയുള്ള സഞ്ചാരത്തിനിടെ ഒട്ടകസവാരി, എ.ടി.വി യാത്രകൾ,  ക്യാമ്പിലെ സൗകര്യങ്ങൾ, സൂര്യോദയത്തിനൊപ്പമുള്ള സഫാരി, അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കും. ശരാശരി 125 ദിർഹത്തിൽ തുടങ്ങി 450 ദിർഹം വരെയാണ് ടിക്കറ്റ് ചാർജ്.

Desert Safari 2

ഒരു മാർക്കറ്റ് കൂടിയാണ് മാതൃഭൂമി യാത്രാസംഘം എത്തിയിരിക്കുന്ന അബുദാബിയിലെ ഒട്ടക ഫാം. ഒട്ടകങ്ങളെ വാങ്ങാനുള്ള അവസരം കൂടി ഇവിടെയുണ്ട്. സഞ്ചാരികൾക്ക് ഒട്ടകങ്ങളെ കാണാനും അവയേക്കുറിച്ച് മനസിലാക്കാനുമുള്ള അവസരമാണ് ഇവിടെയുള്ളത്. ഒട്ടകങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനുള്ള തിരക്കാണ് എല്ലാവർക്കും. യൂറോപ്പിൽ നിന്നെത്തിയ സഞ്ചാരികൾക്ക് ഒട്ടകക്കൂട്ടങ്ങൾ വലിയ കൗതുകമായി. ചിലർക്ക് ക്യാമൽ സഫാരി ചെയ്യണമെന്നുമുണ്ടായിരുന്നു. ഡെസേർട്ട് സഫാരിയുടെ ഭാ​ഗമായുള്ള യാത്ര ക്യാമ്പിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ അതിനുള്ള സൗകര്യമില്ല.

Camel Farm 2

തിരികെ ക്യാമ്പിലേക്ക് പോകാനുള്ള സമയമായി. വെയിൽമഞ്ഞയിൽ മരുഭൂമി അറ്റമില്ലാതെ കിടക്കുകയാണ്. ആൾത്തിരക്കുകളുടെ ലോകമല്ലിത്. ഭൂമിയിൽ ഇങ്ങനേയും ചിലയിടങ്ങളുണ്ട്.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: desert safari, abu dhabi camel farm, camel safari, abu dhabi tourism packages, mathrubhumi yathra