ബുദാബി യാത്രയിൽ ഇനി നമ്മൾ പോകുന്നത് ഒരു ഡെസേർട്ട് സഫാരിക്കാണ്. ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഡെസേർട്ട് സഫാരിയില്ലാതെ പൂർത്തിയാകില്ല. മണൽത്തിട്ടകൾ തീർക്കുന്ന വിസ്മയത്തിലേക്ക് കൊണ്ടുപോവുന്നത് എമിറേറ്റ്സ് ടൂർസ് ആൻഡ് സഫാരി ടീമാണ്. ഇതിന്റെ പാർട്ണർമാരിലൊരാളായ അൻവറാണ് മാതൃഭൂമി യാത്രയ്ക്കൊപ്പമുള്ളത്.

Desert Safari 2

ന​ഗരപരിധിയിൽ നിന്നും ചെറിയ യാത്രയുണ്ട് മരുഭൂമിയിലേക്ക്. മീറ്റിം​ഗ് പോയന്റിലേക്കാണ് എത്തേണ്ടത്. അവിടെയെത്തിക്കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് എല്ലാ കാറിന്റെയും ടയറുകളുടെ കാറ്റ് കുറയ്ക്കലാണ്. നിറഞ്ഞ കാറ്റുള്ള ടയറുമായി ഒരിക്കലും മരുഭൂമിയിലൂടെയുള്ള യാത്ര സാധ്യമല്ല എന്നതിനാലാണിത്. ഒരു ടീമായാണ് ഡെസേർട്ട് സഫാരിക്ക് പോകുന്നത്. ടാറിട്ട റോഡിൽ നിന്നും മണൽവഴിയിലേക്ക് വാഹനം തിരിഞ്ഞു. അങ്ങ് ദൂരെ സഫാരിക്കുള്ള മറ്റ് സംഘാം​ഗങ്ങളെ കാണാം. ആകെ എട്ട് വാഹനങ്ങളാണ് സഫാരിക്കായി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്. 

Desert Safari 3

തകർപ്പൻ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. കാറിന്റെ സാരഥികളെ മാർഷൽസ് എന്നാണ് വിശേഷിപ്പിക്കാറ്. മരുഭൂമിയിലൂടെയുള്ള ഡ്രൈവിങ്ങിന് പ്രത്യേകം പരിശീലനം ആവശ്യമാണ്. അവർക്കായി പ്രത്യേകം ലൈസൻസുമുണ്ട്. മണലാരണ്യത്തിലൂടെയുള്ള കുതിപ്പിലേക്ക് കടന്നിരിക്കുന്നു. വിശാലമായ മണൽപ്പരപ്പിലൂടെ മുന്നോട്ട്. വാക്കി ടോക്കി ഉപയോ​ഗിച്ച് ആശയവിനിമയം നടത്തിയാണ് മാർഷലുകൾ നമ്മെ മരുഭൂമിയിലൂടെ കൂട്ടിക്കൊണ്ടുപോവുന്നത്. ഒറ്റപ്പെട്ടുപോകാനും വഴിതെറ്റാനും സാധ്യതയുള്ളതിനാൽ നിശ്ചിത അകലം പാലിച്ചാണ് യാത്ര.

Desert Safari 4

മണൽത്തിട്ടകളിലൂടെ പോവുമ്പോൾ മുമ്പ് നടത്തിയ ഓഫ് റോഡ് യാത്രകൾ ഓർമ വരുന്നുണ്ട്. പക്ഷേ അതുക്കും മേലെയാണ് ഈ അനുഭവം. മണൽത്തിട്ടയിൽ തിരമാലകൾ തീർക്കുംപോലെ എന്നുമാത്രം ഇപ്പോൾ പറയാം. വൈകുന്നേരങ്ങളാണ് ‍ഡെസേർട്ട് സഫാരിക്കുചിതം. ഇത്തരം ഏജൻസികൾ യാത്രകൾ ക്രമീകരിക്കുന്നതും ഈ സമയത്താണ്. വിന്ററാണ് സഫാരിയുടെ സീസൺ. ചൂടുകാലത്ത് അതിഥികളുടെ എണ്ണം നന്നേ കുറയും. സീസണുകളിൽ മുപ്പതും നാല്പതും വാഹനങ്ങളുണ്ടാകും സഫാരിയിൽ പങ്കെടുക്കാൻ.

Desert Safari 5

നമുക്കൊപ്പം ടീമിലുണ്ടായിരുന്നവരിൽ അധികവും യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെല്ലാം ഡെസേർട്ട് സഫാരിക്ക് അവസരമുണ്ട്. ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ച് നമുക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം. ലാൻഡ് ക്രൂയിസറിലെ ഈ യാത്രയുടെ രസം അനുഭവിച്ചറിയുക തന്നെ വേണം. അകത്തിരിക്കുമ്പോൾ അല്പം ഭയമൊക്കെ തോന്നും. മണൽക്കുന്നുകൾ കയറിയിറങ്ങുമ്പോൾ വാഹനം ആകെ ആടിയുലയും. ഓഫ് റോഡ് യാത്രകളുടെ സൗന്ദര്യവും അതുതന്നെയാണ്.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: desert safari abu dhabi, adventure trip, off road ride, mathrubhumi yathra