പൊള്ളുന്ന യാഥാര്‍ത്ഥ്യമായി കണ്മുന്നില്‍ നിറയുകയാണ് ചെര്‍ണോബില്‍. പൊട്ടിത്തെറിയുടെ മുറിവുകളെല്ലാം ഇപ്പോള്‍ മൂടിയിരിക്കുന്നു. ആണവനിലയത്തോടുചേര്‍ന്ന നഗരമായ പ്രിപ്പ്യാറ്റിലേക്കാണ് അടുത്തയാത്ര. പ്രിപ്പ്യാറ്റിന്റെ പ്രതാപകാലം കുറിക്കുന്ന സ്മാരകം കാണാമവിടെ. ചെര്‍ണോബിലിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്. ഇന്ന് തിരക്കുകളൊന്നുമില്ലാതെ നിശ്ശബ്ദമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. 

ആണവനിലയത്തിനൊപ്പമായിരുന്നു പ്രിപ്പ്യാറ്റിലെ ജീവിതം. വളര്‍ച്ചയും പിന്നീടുള്ള തളര്‍ച്ചയും ആണവോര്‍ജം തന്നെ തീരുമാനിച്ചു. ലെനിന്‍ അവന്യൂവാണ് അടുത്ത പോയിന്റ്. കാടുകയറിയ നാട്ടിലൂടെയുള്ള വഴിയാണിത്. ചെര്‍ണോബിലിന്റെ മതില്‍ക്കെട്ടിനകത്തുകയറിയ ശേഷം അല്പം ദീര്‍ഘമെന്ന് തോന്നിയ യാത്ര. ഒരു നഷ്ടനഗരത്തിന്റെ നടുത്തളത്തിലേക്കാണ് കോണ്‍സാന്റിനും സെര്‍ഗിയും കൊണ്ടെത്തിച്ചത്. പ്രിപ്പ്യാറ്റ് അതിന്റെ പ്രതാപകാലത്ത് എന്തായിരുന്നെന്ന് കാട്ടിത്തരുന്ന കാഴ്ചകള്‍. നഗരത്തിന്റെ ഇന്നലെയേ കുറിക്കുന്ന ചിത്രം എടുത്തുകാട്ടിയാണ് ഗൈഡ് ഓരോ കാര്യവും വിവരിച്ചത്. ഒരാധുനിക നഗരം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ശേഷിക്കുന്നത് ഇന്നലെകളുടെ മരവിപ്പ് മാത്രം.

Chernobyl 2

അപകടമുണ്ടായി അധികം വൈകാതെ തന്നെ പ്രിപ്പ്യാറ്റില്‍ നിന്നും ആളൊഴിഞ്ഞുതുടങ്ങി. ജീവനുംകൊണ്ട് ഒരുജനത കൂടൊഴിഞ്ഞു. ആളൊഴിഞ്ഞ കെട്ടിടങ്ങളും കാടുകയറിയ ഇടങ്ങളും കാണുമ്പോള്‍ നമ്മള്‍ മനുഷ്യര്‍ കെട്ടിപ്പൊക്കുന്നതിനൊക്കെ ഇത്രയേ ആയുസുള്ളൂ എന്നൊരു സത്യം കൂടി മനസിലാകുന്നു. ആണവനിലയവുമായി ബന്ധപ്പെട്ട് ജോലി ചെയ്തവരാണ് പ്രിപ്പ്യാറ്റില്‍ താമസിച്ചിരുന്നത്. എല്ലാ അര്‍ത്ഥത്തിലും മികച്ച സൗകര്യങ്ങള്‍. ഷോപ്പിങ് കോംപ്ലക്‌സുകളും മറ്റുമായി ആഡംബര ജീവിതം തന്നെ അവര്‍ നയിച്ചു. പക്ഷേ എല്ലാം ആ രാത്രിയില്‍ കൈവിട്ടു. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും അതുവരെ സ്വരുക്കൂട്ടി വെച്ചതെല്ലാം അന്യമാകുന്നു.

പ്രിപ്പ്യാറ്റില്‍ 1986-ല്‍ ഏതാണ്ട് 50,000-ഓളം പേര്‍ ജീവിച്ചിരുന്നു. ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ വലിയ ആത്മവിശ്വാസത്തിലുമായിരുന്നു. അതുകൊണ്ട് തന്നെ അന്ന് പ്രിപ്പ്യാറ്റിന്റെ വളര്‍ച്ചയില്‍ തടസങ്ങളൊന്നുമുണ്ടായില്ല. ഇന്ന് നമുക്ക് പരിചയമുള്ള നഗരങ്ങളിലൊക്കെ കാണുന്ന സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു. എല്ലാ സൗകര്യങ്ങളും ഈ പ്രദേശത്ത് വേണമെന്ന നിര്‍ബന്ധം തന്നെ ഉണ്ടായിരുന്നുവെന്ന് പറയാം. അത്രയ്ക്ക് ശ്രദ്ധയായിരുന്നു നഗരാസൂത്രണത്തിന്റെ കാര്യത്തില്‍. സോവിയറ്റ് യൂണിയന്‍ അവരുടെ അഭിമാനമായി കണ്ട പദ്ധതി. ലോകത്തിന് മുന്നില്‍ മാതൃകയായി ഉയര്‍ന്നുനിന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായ അപകടം.

Chernobyl 3

ഒരു പാലത്തിന് ചുവട്ടിലൂടെയാണ് അടുത്ത വഴി. തുടര്‍ച്ച നഷ്ടപ്പെട്ട മേല്‍പ്പാലത്തിന് നടുവിലൂടെ ഷോപ്പിങ് സെന്ററിലേക്കുള്ള പാതയാണിത്. എല്ലാ കാട് കവര്‍ന്നിരിക്കുന്നു. മരങ്ങള്‍ അതിരിടുന്ന കുഞ്ഞുവഴികള്‍ സഞ്ചാരികളുണ്ടാക്കിയതാണെന്ന് പറയാം. ഇടയ്ക്ക് പച്ചപ്പിനിടയിലൂടെ ചില പരസ്യ ബോര്‍ഡുകള്‍ അന്നത്തെ വിലക്കുറവിനെക്കുറിച്ചോ മറ്റോ പറയുന്നുണ്ട്. മങ്ങിപ്പോയതിനാല്‍ ഗൈഡിനുപോലും വായിക്കാനായില്ല. മറ്റൊരു നഷ്ടക്കണക്കിലേക്കാണ് കോണ്‍സാന്റിന്‍ നയിച്ചത്. ഇടുങ്ങിയ പൊളിഞ്ഞുവീഴാറായ പടവുകള്‍ കയറണം. ചെറുവാതിലിലൂടെ കെട്ടിടത്തിനകത്തേക്ക് കയറുമ്പോള്‍ തെളിയുന്നത് ഒരു ക്ലബാണ്. അവരുടെ വൈകുന്നേരങ്ങളേയും പ്രഭാതങ്ങളേയും സജീവമാക്കിയ ഒന്ന്.1971-ലാണ് ക്ലബ് നിര്‍മിച്ചത്. അകത്ത് ഒരു സ്വിമ്മിങ് പൂളും കാണാം. 22 മീറ്റര്‍ നീളത്തില്‍ ആറുലൈനുകളിലായി വിശാലമാണ് നീന്തല്‍ക്കുളം. ഒരു സിനിമാ തിയേറ്ററും കണ്ടു. ഓരോ ചുവടിലും ആളൊഴിഞ്ഞ നഗരത്തിന്റെ അനാഥത്വം അതിന്റെ അടയാളങ്ങള്‍ കാട്ടുകയാണ്.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: Chernobyl travel, Chernobyl today, Chernobyl disaster effects, mathrubhumi yathra