കാട്ടുവഴി കഴിഞ്ഞ് കാലമുപേക്ഷിച്ച മറ്റൊരു കാഴ്ചയുണ്ട് പ്രിപ്പ്യാറ്റില്‍. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണ് അത്. അസ്ഥികൂടം കണക്കേ ജയന്റ് വീല്‍ ദൂരെ തെളിയുന്നു. പ്രിപ്പ്യാറ്റിലെ കുടുംബങ്ങള്‍ കുട്ടികളുമായി വന്നിരുന്ന ഇടം. കൗതുകങ്ങള്‍ തീര്‍ത്ത ടോയ് കാറുകള്‍ നിശ്ചലമായിരിക്കുന്നു. എല്ലാം നശിച്ചുതീരുകയാണ്. മേല്‍ക്കൂരയെല്ലാം കൊഴിഞ്ഞുപോയിരിക്കുന്നു. അക്കാലത്തെ കണക്കില്‍ എല്ലാം പുതുമകളായിരുന്നു. എണ്‍പതുകളില്‍ പ്രതീക്ഷിക്കാവുന്നതിലപ്പുറമുള്ള സജ്ജീകരണങ്ങള്‍ ഈ അമ്യൂസ്‌മെന്റ് പാര്‍ക്കിലുണ്ട്. കളിചിരികള്‍ നിറഞ്ഞ എത്ര വൈകുന്നേരങ്ങള്‍... വിശാലമായ പാര്‍ക്കില്‍ ഇത്തരത്തില്‍ ഒട്ടേറെ കാഴ്ചകളുണ്ട്. ഒരു ദുരന്തത്തിന് ഇതില്‍പ്പരം ഒരു പ്രദേശത്തോട് ചെയ്യാനുണ്ടാവില്ല.

Chernobyl Amusement Park

ഉന്നതനിലവാരത്തില്‍ ജീവിച്ച കുറേ മനുഷ്യര്‍ പൊടുന്നനേ ഇറങ്ങിപ്പോയപ്പോള്‍ എല്ലാ സ്വത്തുക്കളും വെറുതെയായി. നിറങ്ങളും പകിട്ടുമെല്ലാം പോയിരിക്കുന്നു. കാലചക്രം നിശ്ചലമാക്കിയ ജയന്റ് വീല്‍ തുരുമ്പെടുത്തുകഴിഞ്ഞു. ഇന്നിവിടം സന്ദര്‍ശിക്കാനായി നമ്മളേപ്പോലെയെത്തുന്നവര്‍ക്ക് ഒരു നെടുവീര്‍പ്പോടെയേ എല്ലാം കാണാനാവൂ. മനുഷ്യനില്ലാതാവുന്ന നഗരങ്ങളെക്കുറിച്ചൊക്കെ ഭാവനയുടെ മേമ്പൊടിയില്‍ സിനിമകളിലും മറ്റും കാണുമ്പോള്‍ വിശ്വാസം വന്നിരുന്നില്ല. ഇന്നത് നേരനുഭവമായി മുന്നില്‍ നില്‍ക്കുകയാണ്. നമ്മുടെ ചിരിയും സന്തോഷവും ഒരു രാത്രികൊണ്ടവസാനിക്കുന്നത് വിവരണാതീതമാണ്.

Chernobyl Giant Wheel

ചെര്‍ണോബില്‍ എന്ന നഷ്ടനഗരത്തിലൂടെയുള്ള യാത്ര പൊള്ളുന്ന അനുഭവമാണ് പകരുന്നത്. അമ്യൂസ്‌മെന്റ് പാര്‍ക്കും കടന്ന് നേരെ പോയത് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്കാണ്. ഈ കാഴ്ചകളെ വാക്കുകൊണ്ട് കൂട്ടിച്ചേര്‍ക്കാനാവില്ല. യുക്രൈനിലെ ഫുട്‌ബോള്‍ ലഹരി നമുക്കറിയാവുന്നതാണ്. സിരകളില്‍ കാല്‍പ്പന്ത് ലഹരിയായി പടരുന്ന ഒരു സമൂഹത്തിന് കളിക്കളങ്ങളില്ലാതെ പറ്റില്ല. പ്രാദേശിക ടൂര്‍ണമെന്റുകളും മറ്റുമായി പ്രിപ്പ്യാറ്റിലും ഫുട്‌ബോള്‍ രസംകൊള്ളിച്ചിരുന്നു. പക്ഷേ ദുരന്തം മൈതാനത്തേയും അവസാനിപ്പിച്ചു. റേഡിയേഷന്‍ ഫൈനല്‍ വിസില്‍ മുഴക്കിയ മൈതാനത്തിന്റെ ഗാലറിയില്‍ ആരവങ്ങളുടെ ആത്മാക്കള്‍ അലയുന്നുണ്ടാവണം. ഗോളുകള്‍ക്കായി മുറവിളി കൂട്ടിയവരുടെ ഇരിപ്പിടങ്ങള്‍ കാലത്തോടുചേര്‍ന്ന് ഇല്ലാതായിരിക്കുന്നു. പച്ചപ്പരവതാനിക്ക് പകരം മരങ്ങളാണിപ്പോളിവിടെ. മരങ്ങള്‍ക്കപ്പുറത്തായി എവിടെയോ ഒരു ഗോള്‍ പോസ്റ്റുണ്ടാവണം. എല്ലാം പോയിരിക്കുന്നു. ഗ്യാലറിക്കിപ്പുറത്തേക്ക് വന്നാല്‍ മീഡിയാ റൂമും ടീമുകള്‍ക്കായുള്ള മുറിയും കാണാം. മത്സരങ്ങളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു. നിശ്ശബദ്ത മാത്രമാണിവിടെ.

Chernobyl Gallery

കാട് കീഴടക്കിയ നാട്ടിലൂടെയുള്ള നടത്തത്തിനിടെ രണ്ട് ഇരിപ്പിടങ്ങള്‍ കണ്ടു. വിശ്രമത്തിലാണവ. ഏതോ കാത്തിരിപ്പുകേന്ദ്രത്തിന്റെ അവശേഷിപ്പ്. റെസിഡന്‍ഷ്യല്‍ ഏരിയയിലൂടെയായി പിന്നീടുള്ള നടപ്പ്. എല്ലാം മാറിപ്പോയിരിക്കുന്നു. പ്രകൃതി എല്ലാം തിരിച്ചെടുത്തുകഴിഞ്ഞു. കാട് വിഴുങ്ങിക്കൊണ്ടിരുന്ന ഫ്ളാറ്റുകളുടെ കൂട്ടം തെളിഞ്ഞുതുടങ്ങി. ചില സഞ്ചാരികള്‍ ഒഴിഞ്ഞ മുറികളിലേക്ക് കയറി. നഷ്ടനഗരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഇന്നലെകളിലേക്ക് നോക്കി.

Chernobyl Flats

ഫ്ളാറ്റുകളുടെ നിര കഴിഞ്ഞ് തിരക്കേറിയ റോഡിലേക്കാണ് ഇറങ്ങിയത്. അന്നിങ്ങനെ അലസമായൊരു നടത്തമൊന്നും സാധ്യമായിരുന്നില്ല. നമ്മളേയും കടന്ന് വാഹനങ്ങള്‍ ചീറിപ്പായും. കാട്ടുചില്ലയില്‍ നിന്നൊരു കിളിനാദം കേട്ടു. നഗരം നിറയെ മരങ്ങളാണിന്ന്.

Chernobyl Road Signal

വാഹനത്തില്‍ കയറി മറ്റൊരിടത്തേക്കാണ് പിന്നെ പോയത്. വാഹനമിറങ്ങിയ ശേഷം കാട്ടുപാതയിലൂടെ അല്പം നടക്കണം. വാഹനങ്ങളുടെ ശവപ്പറമ്പിലേക്കാണ് എത്തിയിരിക്കുന്നത്. അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഹെവി വെഹിക്കിളുകളാണ് യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്നത്. ടാങ്കര്‍ ലോറികളാണ് അധികവും. എല്ലാം തുരുമ്പെടുത്ത് തീരുകയാണ്. അക്കാലത്തെ ആധുനിക സാങ്കേതവിദ്യയുള്ള വാഹനങ്ങള്‍ കാടിന് കീഴ്‌പ്പെടുന്ന കാഴ്ച. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളുടെ വാഹനങ്ങള്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഒട്ടേറെ വാഹനങ്ങളുടെ സാധനസാമഗ്രികളും വെയിലും മഴയും കൊണ്ട് നശിക്കുന്നു.

Chernobyl Vehicle Yard

അടുത്തതായി എത്തുന്നതും ഒരുകൂട്ടം വാഹനങ്ങള്‍ക്കടുത്തേക്ക് തന്നെ. ഇവിടെ അനാഥമായി കൂട്ടിയിട്ടിരിക്കുകയല്ല എന്നുമാത്രം. ഒരു ഗ്യാരേജാണിത്.വലിയ സൈനികവാഹനങ്ങളും ലോറികളുമാണ് അകത്ത് കാണാനാവുക. ഇതെല്ലാം ദുരന്തമുണ്ടായതിനുശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചവയാണ്. ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പല ഘട്ടങ്ങളില്‍ പല മേഖലകളില്‍ ഉപയോഗിക്കപ്പെട്ടവയാണിവ. ചെര്‍ണോബില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി വലിയ ദൗത്യം തന്നെയാണ് നടന്നത്. ഒട്ടും പരിചയമില്ലാത്ത വെല്ലുവിളികള്‍ക്ക് മുന്നിലേക്ക് പകച്ചുനില്‍ക്കാതെ എത്തിയവര്‍ ഉപയോഗിച്ച വാഹനങ്ങള്‍. ഓരോ വാഹനത്തേക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. കുറച്ചപ്പുറത്തായി ഒറ്റപ്പെട്ട നിലയില്‍ ഒരു യന്ത്രഭാഗം കണ്ടു. അതിനടുത്തേക്ക് പോകുമ്പോള്‍ കോണ്‍സാന്റിന്‍ റേഡിയേഷന്‍ നോക്കാന്‍ തുടങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ അനുഭവപ്പെടുന്ന അവശിഷ്ടമാണിത്. അന്ന് ദുരന്ത മേഖലയില്‍ നിന്നും സാധനങ്ങളും മറ്റും നീക്കാനുപയോഗിച്ച ഉപകരണത്തിന്റെ ശേഷിപ്പ്. അടുത്തേക്ക് പോകുന്തോറും റേഡിയേഷന്റെ അളവ് കൂടിക്കൂടി വന്നു. ഭീതിയുടെ നേരനുഭവങ്ങള്‍ ഇവിടെ തീരുന്നില്ല.

Chernobyl Radiation

ചെര്‍ണോബിലില്‍ നിന്നും അല്പമകലെയായി ഒരിടമുണ്ട്. ഒരു റഡാറാണ് ഇവിടെയുള്ളത്. യാത്ര പുറപ്പെടുമ്പോള്‍ അത്രയേ കോണ്‍സാന്റിന്‍ പറഞ്ഞിരുന്നുള്ളൂ. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ ഇടമാണിത്. ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ അവിടെയെത്തി. ഇവിടെയും കാട്ടുവഴികളിലൂടെ നടന്നുവേണം കാഴ്ചയിലേക്കെത്താന്‍. കോണ്‍സാന്റിന്‍ സംസാരിച്ചതത്രയും സോവിയറ്റ് യൂണിയനേക്കുറിച്ചാണ്. അന്നത്തെ രീതികള്‍, സൈനിക താത്പര്യങ്ങള്‍ അങ്ങനെ പലതും. ഒടുവില്‍ മാനംമുട്ടേ നിറയുന്ന പടുകൂറ്റന്‍ നിര്‍മിതിയുടെ മുന്നിലേക്കെത്തി. എന്താണെന്ന് പറയുന്നതിന് മുമ്പ് എന്തുകൊണ്ടോ വലിപ്പത്തേക്കുറിച്ച് വ്യക്തമാക്കണമെന്ന് തോന്നുന്നു. ആകെ ഉയരം 150 മീറ്റര്‍. നീളം 700 മീറ്ററും. കണ്‍വെട്ടത്തില്‍ ഒതുങ്ങില്ല എന്നൊക്കെ പറയാറില്ലേ? ഇത് സോവിയറ്റ് യൂണിയന്‍ കാലത്തെ ഡുക റഡാറാണ്. ഓവര്‍ ദ ഹൊറൈസണ്‍ റഡാര്‍ സംവിധാനം. മിസൈല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ പടുകൂറ്റന്‍ നിര്‍മിതി.

Chernobyl Radar

യുക്രൈന് പുറമേ കിഴക്കന്‍ സൈബീരിയയിലും ഇത്തരത്തിലൊരു റഡാര്‍ സംവിധാനമുണ്ടായിരുന്നു സോവിയറ്റ് യൂണിയന്. 1972-ലാണ് നിര്‍മാണം തുടങ്ങുന്നത്. 76-ല്‍ നിര്‍മാണം പൂര്‍ത്തിയായി. 86-ല്‍ ദുരന്തം എല്ലാം അവസാനിപ്പിച്ചു. ശബ്ദത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് റഷ്യന്‍ മരംകൊത്തി എന്നൊരു പേരും റഡാറിനുണ്ടായിരുന്നു. ഡുകയുടെ ശക്തമായ സിഗ്നലുകള്‍ മറ്റുപല സംപ്രേഷണ സംവിധാനങ്ങളേയും ബാധിച്ചിരുന്നു. റഡാറിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് ധാരാളം ഊഹാപോഹങ്ങളുണ്ടായിരുന്ന കാലമായിരുന്നു അത്. കോണ്‍സ്പിരസി തിയറിസ്റ്റുകളും പാശ്ചാത്യ മാധ്യമങ്ങളും പലരീതിയില്‍ റഡാറിനെ അവതരിപ്പിച്ചു. കാലാവസ്ഥയെ സ്വാധീനിക്കാനാണെന്ന് ചിലര്‍ പറഞ്ഞു.മനുഷ്യന്റെ ചിന്തകളെ വരെ റഡാര്‍ മാറ്റിമറിച്ചേക്കുമെന്ന് സമര്‍ത്ഥിക്കാന്‍ പോലും ശ്രമിച്ചവരുണ്ടായിരുന്നു. ഇന്നും സോവിയറ്റ് യൂണിയന്‍ പടുത്തുയര്‍ത്തിയഈ നിര്‍മിതിയുടെ ഉദ്ദേശങ്ങള്‍ എന്താണെന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച മാതൃഭൂമി യാത്രയില്‍ നിന്ന്)

Content Highlights: Chernobyl travel, Chernobyl today, Chernobyl disaster effects, Chernobyl lost city, mathrubhumi yathra