1986, ഏപ്രില്‍ 26 രാത്രി. ലോകത്തെ നടുക്കിയ ആണവോര്‍ജ ദുരന്തം. പ്രിപ്പ് യാറ്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം. നാലാം റിയാക്ടറില്‍ സംഭവിച്ച പിഴവ് വന്‍ ദുരന്തത്തിലേക്കാണ് വഴിമാറിയത്. പിഴവ് പരിഹരിക്കാനുള്ള ശ്രമങ്ങളിലും പാളിച്ചകളുണ്ടായി. ആള്‍നാശത്തിന്റെ കണക്കെടുക്കെടുപ്പുകളില്‍ ചെര്‍ണോബില്‍ ഇന്നും ചോദ്യ ചിഹ്നമാണ്. ആകെ 31 മരണങ്ങളെന്ന സോവിയറ്റ് യൂണിയന്റെ വാദത്തിന് മറുപടികളുണ്ടായി. പാര്‍ശ്വഫലങ്ങളേറ്റവരേക്കൂടി ചേര്‍ക്കുമ്പോള്‍ മരണസംഖ്യ ആയിരങ്ങളിലേക്കും പതിനായിരങ്ങളിലേക്കുമെത്തുന്നു.ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതിലപ്പുറമായിരുന്നു. 

ഒരു ഗ്രൂപ്പ് ടൂറിന്റെ ഭാഗമായാണ് മാതൃഭൂമി യാത്ര ചെര്‍ണോബിലിലേക്ക് പോയത്. ഒരുപാട് നിയന്ത്രണങ്ങളുള്ളയിടത്തേക്കാണ് പോകുന്നത്. അതിനാല്‍ ഇത്തരം ഗ്രൂപ്പ് ടൂറുകള്‍ തന്നെയാണ് അഭികാമ്യം. ഒറ്റയ്ക്കുള്ള യാത്രയില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടാവും. പിന്നെ സാമ്പത്തിക ചെലവും. കീവിന്റെ വടക്കുഭാഗത്തായാണ് ഈ ദുരന്തഭൂമി. കീവില്‍ നിന്ന് ഏതാണ്ട് രണ്ട് മണിക്കൂര്‍ യാത്രയുണ്ട് ചെര്‍ണോബിലിലേക്ക്.

Chernobyl 4

ദുരന്തത്തിന് ശേഷം കുറേക്കാലത്തേക്ക് സുരക്ഷിതമായി മാറ്റിനിര്‍ത്തപ്പെട്ടയിടമാണ് ചെര്‍ണോബില്‍. വാനിലെ ടി.വി സ്‌ക്രീനില്‍ ചെര്‍ണോബില്‍ ദുരന്തത്തേക്കുറിച്ച് പറയുന്ന പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. സാധാരണയായി സഞ്ചാരികള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളില്‍ പലതും പാലിക്കപ്പെടാറില്ല. ഇവിടെ അത്തരമൊരു വീഴ്ച പാടില്ലെന്ന് ഗൈഡ് കോണ്‍സാന്റിന്‍ കര്‍ക്കശമായി പറഞ്ഞു. പോകുന്ന വഴിയില്‍ അധികവും കൃഷിയിടങ്ങളാണ്. വലിയ കൃഷിസ്ഥലങ്ങളാണ് ഗ്രാമജീവിതങ്ങളെ നിര്‍ണയിക്കുന്നത്.ചോളവും ഗോതമ്പും ബാര്‍ലിയുമാണ് ഇവിടത്തെ പ്രധാന കൃഷികള്‍.

വാഹനത്തില്‍ കയറിയ എല്ലാവര്‍ക്കും റേഡിയേഷന്‍ പരിശോധിക്കാനായി പ്രത്യേകതരം മീറ്റര്‍ നല്‍കിയിരുന്നു. ഒരു പരിധിയില്‍ കൂടുതല്‍ വികിരണം വന്നാല്‍ ഉപകരണം ബീപ് ശബ്ദം പുറപ്പെടുവിക്കും. യാത്ര കഴിഞ്ഞുപോകുമ്പോള്‍ ഇത് തിരിച്ചുനല്‍കണം.

Eadiation Meter

35 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ചെര്‍ണോബില്‍ ദുരന്തത്തിന്. ആദ്യ ചെക്ക്‌പോസ്റ്റിലെത്തിയാല്‍ നമ്മുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. ഗ്രൂപ്പ് ടൂറായതിനാല്‍ എല്ലാം അവര്‍ ചെയ്തുകൊള്ളും. ആറായിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ചെര്‍ണോബിലിനെ അടയാളപ്പെടുത്തുന്ന ടാങ്കര്‍ കാണാമവിടെ. തൊട്ടപ്പുറത്തായി ഒരു സുവനീര്‍ ഷോപ്പും. മാസ്‌കുകളുടേയും ജാക്കറ്റുകളുടേയും മാതൃകകള്‍ ഇവിടെയുണ്ട്. മുന്നോട്ടുപോകുമ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാവും. വീടുകളോ കൃഷിയിടങ്ങളോ ഇനി കാണില്ല.

ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള ആദ്യ സ്‌റ്റോപ്പ് ഒരു ഫോട്ടോ പോയിന്റാണ്. ചെര്‍ണോബിലിലേക്ക് സ്വാഗതം പറയുന്ന സ്മാരകമാണ് ഇവിടെയുള്ളത്. മുന്നോട്ടുപോവുമ്പോള്‍ പഴയ കെട്ടിടങ്ങള്‍ കണ്ടുതുടങ്ങും. അടുത്തതായെത്തുന്നത് ലെനിന്‍ പ്രതിമയാണ്. യുക്രൈനില്‍ അവശേഷിക്കുന്ന അപൂര്‍വം ലെനിന്‍ പ്രതിമകളിലൊന്നാണിത്. ചെര്‍ണോബില്‍ യാത്രയ്ക്കിടെ എല്ലാവരും ഈ ലെനിന്‍ സ്റ്റാച്യൂ പോയിന്റില്‍ ഇറങ്ങാറുണ്ട്.

Chernobyl 2

വാന്‍ യാത്രയ്ക്ക് ചെറിയ ഇടവേള നല്‍കി കാല്‍നടയായാണ് ഇനിയുള്ള യാത്ര. ഒരു കാട്ടിലേക്കാണ് ഗൈഡ് കൂട്ടിക്കൊണ്ടുപോയത്. പണ്ടിവിടം നാടായിരുന്നു. വള്ളിപ്പടര്‍പ്പുകളുടെ പച്ചപ്പുകള്‍ തീര്‍ത്ത മറവുകള്‍ ചൂണ്ടി അവിടെയൊരു വീടുണ്ടായിരുന്നെന്ന് കോണ്‍സാന്റിന്‍ പറഞ്ഞത് വിശ്വസിക്കാനായില്ല. എല്ലാം ഇട്ടെറിഞ്ഞ് പോയവരേക്കുറിച്ചോര്‍ത്തുപോയി ഒരുനിമിഷം. മുപ്പത്തഞ്ച് വര്‍ഷം പിറകിലുള്ള ആ ദിനങ്ങളിലേക്ക് മനസൊന്ന് വഴുതി. അന്നിവിടെ വീട്ടുമുറ്റങ്ങളായിരിക്കാം. വീട്ടകങ്ങളിലേക്ക് പടര്‍ന്ന കാട് സമാധാനത്തിന്റെ മേല്‍ക്കൂരകളെ തകര്‍ത്ത് ആകാശങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. മനുഷ്യന്‍ വിടവാങ്ങിയ പ്രകൃതിയാണ് ഈ കൊപ്പാച്ചിയ ഗ്രാമം. ഒരു മരവിപ്പാണ് ഈ കാടുകയറിയ കാഴ്ചകള്‍ കാണുമ്പോള്‍. ഈ നാടിന്റെ ഭൂതകാലത്തിലാണ് ഇപ്പോഴും മനസ്. 1000 ലേറെ പേര്‍ ഇവിടെയുണ്ടായിരുന്നു. പവര്‍ പ്ലാന്റില്‍ നിന്ന് നാല് കിലോമീറ്ററേ ദൂരമുള്ളൂ. റേഡിയേഷന്‍ വലിയതോതില്‍ അനുഭവപ്പെട്ടയിടം.

Chernobyl 3

നടന്നുനടന്ന് ഒരു ദേവാലയത്തിന്റെ മുറ്റത്തെത്തി. എക്‌സ്‌ക്ലൂഷന്‍ സോണില്‍ രണ്ട് ചര്‍ച്ചുകളാണുള്ളത്. ഇപ്പോഴും പ്രാര്‍ത്ഥനകള്‍ നടക്കുന്ന സെന്റ് എലൈജാ പളളിയാണ് അതിലൊന്ന്. 1779-ലാണ് പള്ളിയുടെ നിര്‍മാണം തുടങ്ങിയത്. 1873-ലെ തീപ്പിടത്തത്തേ തുടര്‍ന്ന് പുതുക്കിപ്പണിയുകയായിരുന്നു. സോവിയറ്റ് ഭരണകാലത്ത് കുറച്ചുകാലം ഇതടച്ചിട്ടിരുന്നു. ആണവദുരന്തത്തിന് ശേഷം 2003-ല്‍ പുതുക്കിപ്പണിതതാണ് നാം ഇന്ന് കാണുന്ന പള്ളി. 

മുന്നോട്ടുപോകുമ്പോള്‍ ഒരു ഹാര്‍ബറിന്റെ അവശിഷ്ടം കാണാം. ദൂരെ തുരുമ്പെടുത്ത അസ്ഥികൂടം കണക്കേ പൊളിഞ്ഞബോട്ടും ഇരുമ്പുപാലവും കാണാം. ഉപയോഗശൂന്യമായ പാലം നിലംപൊത്താറായിട്ടുണ്ട്. സഞ്ചാരികളെത്തിത്തുടങ്ങിയതോടെയാണ് ദുരന്തഭൂമിയിലെ റോഡുകളെല്ലാം നന്നാക്കിയത്. കാലമിത്ര കഴിഞ്ഞിട്ടും വലിയ ശക്തിയില്ലെങ്കിലും റേഡിയേഷന്റെ സാന്നിധ്യമുണ്ട് ഇവിടെ.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: Chernobyl, Mathrubhumi Yathra, Chernobyl disaster, Chernobyl attractions, Chernobyl tour 2021