ത് കൊടുങ്കാറ്റുകളുടെ മുനമ്പായിരുന്നു. ഇന്നും അവിടെ കാറ്റിന് കുറവില്ല. ധ്രുവദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നതുകൊണ്ടുതന്നെ അറ്റ്‌ലാന്റിക് ഒരു ശീത സമുദ്രമാണ്. ഇവിടുത്തെ ശക്തമായ കടല്‍ക്കാറ്റിനും കുളിരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പായ്ക്കപ്പലില്‍ ലോകംചുറ്റാനെത്തിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു. അതുകൊണ്ടാവാം, ആദ്യമായി ഇവിടെയെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ ബര്‍ത്തുലൂമിയോ ഡയസ് ഈ ദേശത്തെ കൊടുങ്കാറ്റുകളുടെ മുനമ്പ് എന്നുവിളിച്ചു. പോര്‍ച്ചുഗല്‍ രാജാവ് ജോണ്‍ രണ്ടാമനാണ് ഈ പേര് മാറ്റിയെടുത്തത്. ഇന്ത്യയിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കും വാതില്‍ തുറക്കുന്ന ഈ ദേശത്തെ അദ്ദേഹം ശുഭപ്രതീക്ഷാ മുനമ്പ് എന്ന് പുനര്‍നാമകരണം ചെയ്തു. അതേ, ഇവിടം കടന്നുകിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ ശുഭപ്രതീക്ഷയിലേക്കു നീങ്ങുകയായി. അറ്റ്‌ലാന്റിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ച് ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാവുന്നത് ഇവിടംമുതലാണ്. സൂയസ് കനാല്‍ വരുന്നകാലംവരെ കടല്‍യാത്രികര്‍ക്ക് ഈ മുനമ്പ് വൈതരണികളുടെയും കടന്നുകഴിഞ്ഞാല്‍ ആശ്വാസത്തിന്റേതുമായി തുടര്‍ന്നു.

ശുഭപ്രതീക്ഷയോടെതന്നെയാണ് ഞങ്ങളും ഇവിടെ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോകുംവഴിതന്നെ ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഗ്രൂട്ട് ഷൂര്‍ ആസ്പത്രി കണ്ടു. ഡോ. ക്രിസ്ത്യന്‍ ബര്‍ണാര്‍ഡ് 1958-ലാണ് ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. നേരെ ഹോട്ടലിലേക്കല്ല പോയത്. ഓള്‍ഡ് ബിസ്‌കറ്റ്മില്ലില്‍ അന്ന് ചന്തദിവസമായിരുന്നു. അവിടുത്തെ നൈബര്‍ഗുഡ് മാര്‍ക്കറ്റില്‍ അലഞ്ഞുതിരിഞ്ഞോളാന്‍ പറഞ്ഞ് ഗൈഡ് ഞങ്ങളുടെ ലഗേജുമായി ഹോട്ടലിലേക്ക് പോയി. പഴം, പച്ചക്കറി മുതല്‍ എല്ലാം കിട്ടുന്ന മാര്‍ക്കറ്റില്‍ ഭക്ഷണവും ബിയറും വൈനും എല്ലാമുണ്ട്. ലാമ്പ് കറിയും ബസുമതിറൈസും കൊണ്ട് ഞങ്ങള്‍ ഉച്ചഭക്ഷണം ഒപ്പിച്ചു.
  
അവിടുത്തെ ഐസ്‌ക്രീമാണ് വിശേഷപ്പെട്ടത്. ക്രിയേറ്റ് ആന്‍ഡ് കേളി. നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന പലതരം രുചികള്‍ ചേര്‍ത്ത് ഐസ്‌ക്രീം ഉളിപോലൊരു ഉപകരണം കൊണ്ട് ഇടിച്ചുപരത്തിയെടുക്കും. എന്നിട്ട് അത് ചുരണ്ടിയെടുത്ത് നമ്മുടെ കറുവപ്പട്ടച്ചുരുളുപോലെയാക്കി പാത്രത്തില്‍ വെച്ചുതരും. സംഗതി കൊള്ളാം. ഇതിന്റെ കച്ചവടക്കാരന്‍ ഹെര്‍മന്‍ വാലിസ് ഇതിലൂടെ ലോകപ്രശസ്തനുമാണ്. യാത്ര മാഗസിനുകളിലും ചാനലുകളിലും ഇതേക്കുറിച്ച് ഫീച്ചറുകള്‍ വന്നിട്ടുണ്ട്.

Cape of Good Hope

കേപ്ടൗണിലൂടെ ഒരു നഗരസവാരിയായിരുന്നു പിന്നെ. അതും മോട്ടോര്‍സൈക്കിളിനോട് ചേര്‍ന്ന സൈഡ്കാറില്‍. അവിടുത്തെ ടൂറിസത്തിന്റെ ഒരു മുഖമാണത്. തെരുവുകള്‍ ഇന്നലെ ആരോ കഴുകിവൃത്തിയാക്കിയതുപോലെ. നഗരത്തില്‍ കെട്ടിടങ്ങള്‍ക്കെല്ലാം തൊട്ടടുത്ത ദിവസമാണോ പെയിന്റടിച്ചതെന്ന് തോന്നിപ്പോവും. വൃത്തിയും വെടിപ്പും കണ്ടപ്പോള്‍ ഇരുണ്ട ഭൂഖണ്ഡമെന്ന് ചെറുപ്പത്തില്‍ എന്നോ പാഠപുസ്തകത്തില്‍നിന്ന് പതിഞ്ഞ ആഫ്രിക്കയെക്കുറിച്ചുള്ള ധാരണകളെല്ലാം തകിടംമറിഞ്ഞു. പാഠപുസ്തകത്തില്‍ കണ്ട ആഫ്രിക്കയല്ല ആഫ്രിക്കയെന്ന് ഇപ്പോള്‍ മനസ്സിലായി. സൈഡ്കാര്‍ കുതിക്കുകയാണ്. തണുപ്പിനെ പ്രതിരോധിക്കാന്‍ മുഖംമൂടിയണിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റും ജാക്കറ്റും അണിഞ്ഞിട്ടുണ്ട്. എന്നിട്ടും തണുത്ത കാറ്റില്‍ കൈവിരലുകള്‍ മരവിക്കുന്നു. ക്യാമറ ക്ലിക്ക് ചെയ്യുമ്പോള്‍ അതറിയാം.

Cape of Good Hope

ചാപ്മാന്‍സ് കുന്നിനു മുകളിലേക്കാണ് മോട്ടോര്‍സൈക്കിളുകള്‍ ഞങ്ങളെ കൊണ്ടുപോയത്. അതൊരു പിക്‌നിക് സ്‌പോട്ടാണ്. തൊട്ടുമുന്നില്‍ അറ്റ്‌ലാന്റിക് സമുദ്രം. കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കൂറ്റന്‍ കുന്ന്. സൂര്യന്‍ ഉജ്ജ്വലഭാവത്തില്‍ എരിയുന്നു. പക്ഷേ, കാറ്റിന് അപ്പോഴും കുളിരുതന്നെ. നാട്ടുകാരുടെ സംഘം ഭക്ഷണവുമായെത്തി പൊതിയഴിച്ചു പങ്കുവെക്കുന്നു. സൈഡ് കാറിലെ ഇന്ത്യന്‍പതാക കണ്ടതുകൊണ്ടുതന്നെ അവര്‍ പരിചയപ്പെടാനും സൗഹൃദം പങ്കുവെക്കാനും എത്തുന്നുണ്ടായിരുന്നു. ഇന്ത്യാ ആഫ്രിക്കാ ഭായ് ഭായ് ആണല്ലോ. ബ്രിട്ടീഷുകാര്‍ക്കെതിരെയും വര്‍ണവിവേചനത്തിനെതിരെയുമുള്ള പോരാട്ടത്തില്‍ നാം ഒറ്റക്കെട്ടായിരുന്നല്ലോ. എന്തിന് ആഫ്രിക്കയെ ഈ സമരം പഠിപ്പിച്ചതുതന്നെ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയാണല്ലോ. ഫ്രീ ഫ്രീ മണ്ടേല എന്നു നമ്മള്‍ എത്രയോവട്ടം തൊള്ളതുറന്ന് വിളിച്ചതല്ലേ.

ചാപ്മാന്‍ കുന്നിറങ്ങി അന്നത്തെ ടൂര്‍ അവസാനിപ്പിച്ച് ഞങ്ങള്‍ നേരെ ഹോട്ടലിലേക്ക്. സതേണ്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ ഹോട്ടലില്‍ വിശ്രമം. പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ് ഹോട്ടലില്‍നിന്നുതന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ബ്രഡും മുട്ടയും പഴങ്ങളും ഒക്കെയുള്ളതുകൊണ്ട് ഭക്ഷണം ഒരു പ്രശ്‌നമായില്ല. ഇഡ്ഡലിയും ദോശയും തിരയുന്ന ആന്ധ്ര, തമിഴ് സുഹൃത്തുക്കളും ബ്രഡുകൊണ്ട് പ്രാതലില്‍ സംതൃപ്തി കണ്ടെത്തി. ഹോട്ടലില്‍ നിന്നിറങ്ങി ആദ്യ ജങ്ഷനില്‍ തന്നെ ഒരു മേല്‍പ്പാലം കാണാം. അത് പാതിവഴി പണി നിലച്ച് കിടക്കുകയാണ്. ബ്രിഡ്ജ് ടു നോവര്‍- ഗൈഡ് പറഞ്ഞു. 1970-ല്‍ പണി തുടങ്ങി 1977-ല്‍ സാമ്പത്തിക പ്രയാസം കാരണം നിലച്ചുപോയതാണ്. ഫോര്‍ഷോര്‍ ഫ്രീവേ ബ്രിഡ്ജ് എന്നും ഇതറിയപ്പെടുന്നു. വീണത് വിദ്യയെന്നതുപോലെ ഇന്നിത് ഈ ടൗണിന്റെ സാമ്പത്തിക സ്രോതസുകളിലൊന്നാണ്. സിനിമാ ഷൂട്ടിങ്ങിനും ഫാഷന്‍ ഷൂട്ടിനുമാണ് ഇതുപയോഗിക്കുന്നത്.

ഇന്നൊരു കപ്പല്‍യാത്രയാണ് ആദ്യം. സീല്‍ ഐലന്റിലേക്ക്. സീലുകളെ കാണാന്‍വേണ്ടി കേപ്ടൗണിലെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കൊച്ചുയാത്രാക്കപ്പലില്‍ കയറി. കരയ്ക്കടുത്ത് ഒരു സീലിനും ഡോള്‍ഫിനും ഭക്ഷണമെറിഞ്ഞുകൊടുത്ത് അവയെക്കൊണ്ട് വട്ടംച്ചുറ്റിക്കുന്നയാളെ കണ്ടു. കൗതുകപൂര്‍വം ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ ഗൈഡ് വിലക്കി. ഫോട്ടോ എടുത്താല്‍ പൈസ ചോദിക്കും. കുടുങ്ങിപ്പോവും. 

കപ്പലില്‍ കയറി. അത് തുറമുഖം വിട്ടു. ഓളങ്ങള്‍ ശക്തമായിരുന്നു. അമ്മാനമാടുന്ന ഓളങ്ങള്‍ കണ്ടപ്പോള്‍ കപ്പല്‍ജീവനക്കാര്‍ ഓടിവന്ന് എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു. കാലു കവച്ചുവെച്ച് ക്യാമറയും തൂക്കി ബാലന്‍സ് ചെയ്തുകൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് താഴെയിരുന്നു. ഇരിക്കാന്‍ ശ്രമിച്ച മുകുന്ദ് സാറിന്റെ കൈയില്‍നിന്ന് മൊബൈല്‍ഫോണ്‍ തെറിച്ച് താഴെ വീണു. അത് കൈക്കലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും. തെറിച്ച് കടലില്‍ വീണിരുന്നു. 69000 രൂപയുടെ ഐഫോണ്‍. ഈ യാത്രയ്ക്കുവേണ്ടി പ്രത്യേകം വാങ്ങിയത് അങ്ങനെ കടലെടുത്തു. ഒരു വശം ടേബിള്‍ ടോപ് മൗണ്ടന്റെ കൂറ്റന്‍ കുന്നുകള്‍ മറുവശം അലറിക്കൊണ്ടിരിക്കുന്ന കടല്‍. 

അതാ ദൂരെയൊരു പാറക്കൂട്ടം കാണാം. പാറയില്‍ പാറപോലെതന്നെ അള്ളിപ്പിടിച്ചിരിക്കുന്ന സീലുകളും. കപ്പല്‍ വേഗം കുറച്ചു. എല്ലാവരും പടം എടുക്കുകയാണ്. സീലുകള്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. കപ്പലിലാണെങ്കില്‍ ഒരു ലോകം തന്നെയുണ്ട്. ചൈന, കൊറിയ, ബ്രിട്ടന്‍, പിന്നെ ഞങ്ങളിന്ത്യയും, എല്ലാ ഭാഷയും കലര്‍ന്ന് അറ്റ്‌ലാന്റിക്കിന്റെ ഓളംപോലെതന്നെ ഭാഷയുടെ ഒരു ഓളക്കുത്ത്. കപ്പല്‍ മെല്ലെ ചുറ്റിയെടുത്ത് തിരിച്ചുപോകാനൊരുങ്ങി. അന്തരീക്ഷം മേഘാവൃതമായി. ഇവിടം ഇങ്ങനെയാണ് എപ്പോഴാണ് കാലാവസ്ഥ മാറുന്നതെന്ന് പ്രവചിക്കാനാവില്ല. ഇന്നലെ പ്രസന്നമായിരുന്നെങ്കില്‍ ഇന്ന് മുഖം കറുപ്പിക്കും. ആഫ്രിക്കക്കാരുടെ സ്വഭാവവും ഇങ്ങനെയാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷേ, അതില്‍ വലിയ കഴമ്പൊന്നുമില്ല. ഇതേ സ്വഭാവക്കാര്‍ എവിടെയുമില്ലേ.

കപ്പലിറങ്ങുമ്പോഴേക്കും മഴ തുടങ്ങിക്കഴിഞ്ഞു. അന്ന് ഉച്ചഭക്ഷണം ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റിലായിരുന്നു. ഇന്ത്യന്‍വംശജനായ ഭണ്ഡാരിയാണ് ഹോട്ടല്‍ നടത്തുന്നത്. അവിടെവെച്ച് തമിഴ് വംശജനായ ആന്‍ഡ്രൂവിനെ പരിചയപ്പെട്ടു. അദ്ദേഹം ഇവിടെയെത്തിയ ഇന്ത്യന്‍ തലമുറയിലെ നാലാംതലമുറയാണ്. പണ്ട് കരിമ്പുതോട്ടങ്ങളിലും മറ്റും കൂലിപ്പണിക്കായി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പാവപ്പെട്ട തമിഴന്റെ പുതിയതലമുറ. അവനിന്ന് ആഫ്രിക്കന്‍ ആണ്. വെളുത്തവന്‍ ഇവിടെ ആഫ്രിക്കാനയുമാണ്. വെളുത്തവരും കറുത്തവരും ഇരുനിറക്കാരും എല്ലാം കലര്‍ന്ന ഒരു മഴവില്‍ രാഷ്ട്രമായിരുന്നല്ലോ നെല്‍സണ്‍ മണ്ടേലയുടെ സ്വപ്നം. അത് എത്രത്തോളം യാഥാര്‍ഥ്യമായി എന്നതെല്ലാം രാഷ്ട്രീയ പ്രശ്‌നമാണ്. അതിവിടെ തത്കാലം വിശദീകരിക്കുന്നില്ല. 

നെല്‍സണ്‍ മണ്ടേലയുടെ കാരാഗൃഹവാസം കേപ്ടൗണിനടുത്തുള്ള റോബന്‍ ഐലന്‍ഡിലായിരുന്നു. ജീവിതത്തിന്റെ വിലപ്പെട്ട ഒരു കാലം അദ്ദേഹം അറ്റ്‌ലാന്റിക്കിനു നടുക്കുള്ള ഈ ഏകാന്തദ്വീപിലെ ഇരുമ്പഴികള്‍ക്കുള്ളിലാണ് ചെലവഴിച്ചത്. ഇന്ത്യയില്‍നിന്നു വരുന്ന ഏതൊരു സഞ്ചാരിയോടും റോബന്‍ ഐലന്‍ഡില്‍ പോയോ എന്ന ചോദ്യം ഉയരും. ഞങ്ങളെല്ലാവരും അതുകൊണ്ടുതന്നെ വലിയ ഉത്സാഹത്തിലായിരുന്നു. പക്ഷേ, കടല്‍ അതിന്റെ എല്ലാ രൗദ്രതയും പുറത്തെടുത്തു. കപ്പല്‍ കടലിലിറക്കാന്‍ പറ്റില്ലെന്നറിയിപ്പു വന്നു. അങ്ങനെ നിരാശയോടെ മടങ്ങേണ്ടിവന്നു. 

ഈ വിവരം ഞാന്‍ ഇവിടെയെത്തിയപ്പോള്‍ ആഫ്രിക്കയില്‍ എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആലപ്പുഴക്കാരന്‍ ഗോപകുമാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ''നിങ്ങള്‍ക്കിപ്പോ പോവാന്‍ പറ്റിയില്ലെന്നല്ലേ ഉള്ളൂ. മണ്ടേല ജയിലില്‍ കിടക്കുമ്പോള്‍ വിന്നി മണ്ടേലയ്ക്ക് കടല്‍ക്ഷോഭം കാരണം പലവട്ടം അങ്ങോട്ട് പോവാന്‍ പറ്റാതായിട്ടുണ്ട്. അതും സുപ്രീംകോടതി ഉത്തരവ് പ്രകാരം വര്‍ഷത്തില്‍ ഒരു ദിവസം കാണാനുള്ള അനുവാദം പ്രകൃതിക്ഷോഭം കാരണം നഷ്ടപ്പെട്ടുപോവുന്ന അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.' ശരിയാ നമ്മുടെ വിഷമം മാറാന്‍ നമ്മളെക്കാള്‍ വിഷമിച്ചവരെ നോക്കുന്നതുതന്നെ നല്ലത്. 

Cape of Good Hope

ഞങ്ങളുടെ നിരാശ മനസ്സിലാക്കിയെങ്കിലും ഗൈഡിന് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. അദ്ദേഹം ഞങ്ങളെ ശുഭപ്രതീക്ഷാ മുനമ്പിലേക്ക് നയിച്ചു. ഒരാള്‍പൊക്കത്തില്‍ വളരുന്ന ഫൈന്‍ബോസ് കുറ്റിമരക്കാടുകള്‍ക്കിടയിലൂടെ മഴയും കാറ്റും മത്സരിക്കുന്ന മണ്ണിലൂടെ ടേബിള്‍ടോപ് മൗണ്ടന്റെ ഭാഗമായ കേപ് ഓഫ് ഗുഡ്‌ഹോപ്പിലേക്ക്. മഴയാണെങ്കിലും സഞ്ചാരികള്‍ വരുന്നുണ്ടായിരുന്നു. കടല്‍ക്കരയില്‍ വിവിധതരം പക്ഷികള്‍ മഴ കൂസാതെ ഇരതേടിക്കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് അവനെ കണ്ടത്, ഒട്ടകപ്പക്ഷിയെ. മൃഗശാലയിലല്ലാതെ ആദ്യമായി കാണുകയാണ്. കുറ്റിമരക്കാടുകളുടെ ഇലയും തിന്ന് അവന്‍ ഞങ്ങളെ കൂസാതെ അലയുന്നു.

ശുഭപ്രതീക്ഷാ മുനമ്പില്‍ ഒരു ബോര്‍ഡ് കാണാം. പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ലീഷിലും അതെഴുതിവെച്ചിട്ടുണ്ട്. അവിടെനിന്നൊരു ഫോട്ടോ എടുത്തു. കാറ്റും മഴയും കാരണം കോച്ചിവലിക്കുന്നുണ്ടെങ്കിലും ആര്‍ക്കും ഉത്സാഹത്തിന് കുറവുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് ലോകം കണ്ടെത്താനും കീഴടക്കാനും ഇറങ്ങിപ്പുറപ്പെട്ട ലോകസഞ്ചാരികളുടെ പുണ്യഭൂമിയല്ലേ. സൗകര്യങ്ങളുടെ ലോകത്തെ പുതിയ സഞ്ചാരികള്‍ നമിക്കാതിരിക്കുന്നതെങ്ങനെ? കേപ്ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലും പോയി. അവിടുത്തെ വിരുന്നും കഴിഞ്ഞ് അടുത്ത യാത്രയിലേക്ക്. കടലിനോട് ചേര്‍ന്ന് പോകുന്ന തീവണ്ടിയും കണ്ടു.

Cape of Good Hope

ശുഭപ്രതീക്ഷയില്‍നിന്ന് നീങ്ങുമ്പോള്‍ ഞങ്ങളുടെ പ്രതീക്ഷ മാനം തെളിയുമെന്നും റോബന്‍ ഐലന്‍ഡില്‍ പോവുമെന്നും തന്നെയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. നേരെ ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ലോകത്തേക്കാണ് കൊണ്ടുപോയത്. അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകളെപ്പോലെ വലുതല്ല ഇവ. എല്ലാം കുഞ്ഞന്‍മാരാണ്. കടല്‍ക്കരയിലെ ഇത്തിരി പച്ചപ്പുകളില്‍ അവ മുട്ടയിട്ട് അടയിരിക്കുന്നു. ഇടയ്ക്ക് കടലിലിറങ്ങി കുളിക്കുന്നു. കുറ്റിക്കാടുകള്‍ക്കിടയില്‍ കുടുംബസമേതവും ചിലതിനെ കാണാം. സഞ്ചാരികള്‍ക്ക് ഇവര്‍ക്കിടയിലൂടെ നടക്കാന്‍ മരപ്പലക പാകിയ പാതയുണ്ടാക്കിയിട്ടുണ്ട്. ഒരു തിര വരുമ്പോള്‍ എല്ലാം കൂടെ കരയിലേക്ക് അടിച്ചിടുന്നതുപോലെ വന്ന വരവ് രസകരമായിരുന്നു. കടല്‍പ്പക്ഷികളാണ് പെന്‍ഗ്വിനുകള്‍ക്ക് ഇവിടെ കൂട്ട്.

Cape of Good Hope

Cape of Good Hope

പെന്‍ഗ്വിനുകളെ കണ്ട് മടങ്ങുമ്പോഴേക്കും മാനം തെളിഞ്ഞിരുന്നു. പക്ഷേ, കപ്പല്‍ സര്‍വീസ് അന്നിനിയില്ല. റോബന്‍ ഐലന്‍ഡ് അപ്പോഴും ഒരു നിരാശയായി തുടര്‍ന്നു. നേരെ ഹെലിക്കോപ്റ്റര്‍ റൈഡിലേക്കാണ് പോയത്. കടല്‍തീരത്തുതന്നെയാണ് ഹെലിപാഡ്. ഓരോരുത്തരുടെയും തൂക്കം നോക്കി. ഹെലിക്കോപ്റ്ററിന്റെ അപകടസാധ്യത അറിയാമെന്നും എന്ത് കഷ്ടനഷ്ടങ്ങള്‍ക്കും തയ്യാറാണെന്നും എഴുതി ഒപ്പിട്ടുകൊടുത്തു. തൂക്കം നോക്കിയാണ് ഓരോരുത്തരേയും ഇരുത്തുന്നത്. പൊങ്ങിപ്പറക്കുമ്പോള്‍ പൈലറ്റ് ഇടയ്ക്ക് ചില കുസൃതികളൊക്കെ ഒപ്പിക്കും. ചെരിച്ചുപറത്തും. ഉയരത്തിലേക്ക് കൊണ്ടുപോയി പെട്ടെന്ന് താഴോട്ടുകുതിക്കും അങ്ങനെയങ്ങനെ...

Cape of Good Hope

അതാ ആ കാണുന്നതാണ് റോബന്‍ ഐലന്‍ഡ്, പൈലറ്റ് അനൗണ്‍സ് ചെയ്തു. കടലിന് മുകളില്‍നിന്ന് നോക്കുമ്പോഴാണ് അതിന്റെ ഏകാന്തതയുടെ ആഴം ശരിക്കറിയുന്നത്. ഇത്രയും ചെറിയൊരു ദ്വീപിലാണ് കറുത്തവന്റെ സ്വാതന്ത്ര്യദാഹത്തെ അടച്ചിട്ടത്. അതും സ്വന്തം മണ്ണില്‍ മറ്റൊരു നാട്ടില്‍ നിന്നെത്തിയവര്‍. ചരിത്രത്തിന്റെ ആ വലിയ തമാശയെ ആകാശത്തുനിന്നും നോക്കിക്കാണുമ്പോള്‍ മനുഷ്യന്റെ സ്വാതന്ത്ര്യവാഞ്ചയെ ഏത് കടലിനും തടുത്തുനിര്‍ത്താനാവില്ലെന്ന സത്യം കടലിനുള്ളിലെ ചെറുദ്വീപുപോലെത്തന്നെ തെളിഞ്ഞുവരുന്നു.

Cape of Good Hope

ഇപ്പോള്‍ തെളിഞ്ഞ പ്രകൃതിയാണ് കേപ്ടൗണിന്. അവിടെ മാളിലും മറ്റും ചുറ്റിക്കറങ്ങി ഹോട്ടലിലെത്തി. രാത്രി ഭക്ഷണത്തിന് മറ്റൊരു ഹോട്ടലിലേക്ക് പോയി. അവിടേയുമുണ്ട് വിശേഷങ്ങള്‍. ഭക്ഷണം വിളമ്പാനുള്ളത് മാത്രമല്ല ഭോജനശാലകള്‍. അത് ചരിത്രം പങ്കുവെക്കാനുള്ള കലാസ്വാദനവേദികള്‍ കൂടിയാണ്. ഭക്ഷണത്തിന്റെ സ്റ്റാര്‍ട്ടര്‍ വരുമ്പോഴേക്കും അകമ്പടിയായി സംഗീതം ഉണ്ടാവും. പിന്നെ കൊച്ചുകൊച്ചു സ്‌കിറ്റുകളിലൂടെ കേപ്ടൗണിന്റെ ചരിത്രം വര്‍ത്തമാനമായും നാടകമായും പാട്ടായും ഇതള്‍ വിരിയും. 

ലയണ്‍റോക്കിന്റെ വാലറ്റത്ത് പോയപ്പോഴും ദൂരെ കടലില്‍ ചരിത്രസ്മരണകളുമായി നിരന്തരം സല്ലപിച്ചുകൊണ്ടിരിക്കുന്ന റോബന്‍ ഐലന്‍ഡ് കണ്ടു. അവിടെ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന ഐസക്ക് പഴയൊരു പോരാളിയായിരുന്നെന്നും അറിഞ്ഞു. ചിത്രകല തന്നെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടമാധ്യമം. ടേബിള്‍ ടോപ് മൗണ്ടനെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച് ഫ്രെയിമിനുള്ളില്‍ കയറിനിന്ന് പടമെടുക്കലാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ വിനോദം. 

Cape of Good Hope

Cape of Good Hope

ഗൈഡ് ഞങ്ങളെ ഒരു മുസ്‌ലിം പള്ളിയിലേക്കും കൊണ്ടുപോയി. അവിടെനിന്നും ടേബിള്‍ടോപ്പിന്റെ സൗന്ദര്യം കണ്‍നിറയെ കാണാം. പിറ്റേദിവസമായിരുന്നു ടേബിള്‍ ടോപ്പിലേക്കുള്ള കേബിള്‍കാര്‍ യാത്ര. 1929-ല്‍ ആരംഭിച്ചതാണീ കേബിള്‍ കാര്‍ എന്നാലോചിക്കുമ്പോഴാണ് അദ്ഭുതം. പുതിയകാറും കമ്പിയുമൊക്കെയാണെങ്കിലും അന്നേ ഇത്തരമൊരു ആശയം ഇവിടെയുണ്ടായിരുന്നല്ലോ. മുകളിലേക്ക് പോവുമ്പോള്‍ നമ്മള്‍ കയറുന്ന കാര്‍ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും എല്ലാ വശവും കാണാം. മുകളില്‍ കുളിര്‍കാറ്റ് കോമരം തുള്ളുകയാണ്. കാറ്റ് ശക്തമാവുമെന്ന് തോന്നുന്നെങ്കില്‍ ഓടി കെട്ടിടത്തിനകത്തേക്ക് വന്നോളണമെന്ന് മുന്നറിയിപ്പുമുണ്ട്. അറ്റ്‌ലാന്റിക്കിന്റെ ആകാശവീക്ഷണം, ടേബിള്‍ടോപ്പിലൂടെ ഒരു ട്രെക്കിങ്. താഴോട്ടിറങ്ങുമ്പോള്‍ ഒരു കേബിള്‍ കാര്‍ മുകളിലേക്കും. അതിങ്ങനെ നിരന്തരം തുടരുകയാണ്... മുനമ്പ് കണ്ടെത്തി ലോകത്തിന് മുന്നിലെത്തിച്ച വിശ്വസഞ്ചാരികളെ നന്ദി...

  • ദക്ഷിണാഫ്രിക്കന്‍ വിസ ലഭിക്കാന്‍ മുംബൈയിലോ ഡല്‍ഹിയിലോ ഉള്ള വി.എഫ്.എസ്. വഴിയാണ് അപേക്ഷിക്കേണ്ടത്. 
  • അപേക്ഷാഫീസ് 1375 രൂപവരും. മുംബൈവഴിയാണെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ 20000രൂപയോ     ഡല്‍ഹി വഴിയാണെങ്കില്‍ 60000 രൂപയോ ബാലന്‍സ് വേണം. കൊച്ചി-ദുബായ്, മുംബൈ-ദുബായ് ദുബായ്-കേപ്ടൗണ്‍ അല്ലെങ്കില്‍ ജോഹഗന്നാസ്ബര്‍ഗ് വഴി പോവാം. ദുബായ്-കേപ് ടൗണ്‍ ഒമ്പതു മണിക്കൂര്‍ വരും. കൊച്ചി ദുബായ് നാലുമണിക്കൂറും.
  • ഇന്ത്യയിലെ ആറു രൂപയ്ക്ക് തുല്യമാണ് ഒരു സൗത്ത് ആഫ്രിക്കന്‍ റാന്‍ഡ്.
  • ക്രൈം റേറ്റ് കൂടുതലുള്ള സ്ഥലമാണ് സൗത്ത് ആഫ്രിക്കയെന്നു പറയുന്നു. പ്രത്യേകിച്ചും ജോഹന്നാസ് ബര്‍ഗ്. പ്രകടനപരത ഒഴിവാക്കിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു. ലാപ്‌ടോപ്, സ്വര്‍ണമാല, വിലകൂടിയ ക്യാമറ തുടങ്ങിയ പ്രദര്‍ശിപ്പിച്ച് നടക്കുമ്പോള്‍ പിടിച്ചുപറിക്കാനുള്ള സാധ്യത കൂടുതലാണെന്നു സാരം.
  • സുവനീറുകള്‍ വാങ്ങാന്‍ വഴിയോര കച്ചവടകേന്ദ്രങ്ങളാണ് നല്ലത്. വിലപേശി വാങ്ങാന്‍ ശ്രദ്ധിക്കുക. ജോഹന്നാസ് ബര്‍ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔട്ട് ആഫ് ആഫ്രിക്ക ഷോറും സുവനീറുകള്‍ വാങ്ങാന്‍ പറ്റിയ സ്ഥലമാണ്. 
  • പൈപ്പ് ലൈനില്‍ വരുന്ന വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് പറയുന്നത്. 300മില്ലി കുടിവെള്ളം ബോട്ടിലിന് 180 രൂപയാവും.
  • ഗൈഡുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കേപ്ടൗണില്‍ സിറ്റിസൈറ്റ് ടൂറുകള്‍ക്കായി ഓപ്പണ്‍ ബസ്സുകള്‍ ഉണ്ട്. ഹെലികോപ്റ്റര്‍ റൈഡില്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ടേബിള്‍ടോപ് മൗണ്ടനില്‍ കാറ്റ് ശക്തമാവുമ്പോള്‍ പെട്ടെന്നു തന്നെ കെട്ടിടത്തിലേക്ക് എത്തണം.

വാങ്ങാവുന്നവ: പെയിന്റിങ് നടത്തിയ ഒട്ടകപ്പക്ഷിയുടെ മുട്ട, ഒട്ടകപ്പക്ഷിയുടെ എല്ലുകൊണ്ട് ഉണ്ടാക്കിയ കരകൗശലവസ്തുക്കള്‍, മുഖംമൂടികള്‍ എന്നിവയാണ് പ്രധാനമായും വാങ്ങാവുന്ന സുവനീറുകള്‍ .

Contact 022 61585100. 
Email: info.in@southafrica.net
www.southafrica.n-te