നവംബറിന്റെ കുളിരില്‍ ഹിമാലയന്‍ചെരിവിലെ ഭൂട്ടാനെന്ന നാട്ടിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. സഹസ്രാബ്ദങ്ങളുടെ സ്വത്വബോധത്തില്‍ ഏകതാനമായി നില്‍ക്കുമ്പോഴും ഭൂട്ടാന് ലോകത്തെ അഭിനിവേശത്തോടെ സ്വാഗതം ചെയ്യുന്നു.
ബുദ്ധപൈതൃകത്താല് സംസ്കാരസമ്പന്നമായ ഭൂമിക ഇതുപോലെ മറ്റെവിടെയും ആസ്വദിക്കാനാവില്ല. വര്‍ണശബളിതമായ കൊടിതോരണങ്ങളാല്‍ അലംകൃതമായ വഴികള്‍. ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായി നിലകൊള്ളുന്ന വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും ഭൂട്ടാനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

പരമാധികാര ഏകാധിപത്യത്തില്‍നിന്ന് ഭരണഘടനാനുസൃത ജനാധിപത്യ രാജഭരണത്തിലേക്കുള്ള ചരിത്രപരമായ സംക്രമണഘട്ടത്തിലാണ് ഇന്ന് രാജ്യത്തിന്റെ രാഷ്ട്രീയം. സമ്പന്ന സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ആധുനികതയെ പുല്കാനുള്ള യത്നം.
അത്യന്തം വിഭിന്നമായൊരു സംസ്കാരത്തെ ആഴത്തിലറിയുന്നതിനൊപ്പം ഹിമമുടികളിലെ പ്രകൃതിഭാവനയെ ആസ്വദിക്കാനും ഭൂട്ടാന് അവസരമൊരുക്കുന്നു. കോട്ടംതട്ടാത്ത പ്രകൃതിസൗന്ദര്യത്തിന് അവ സംരക്ഷിക്കുന്ന ഭരണകൂട ജാഗ്രതയ്ക്ക് നന്ദി പറയണം. കാര്‍ബണ്‍രഹിത നയത്തിന്റെ ഭാഗമായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പലതും സംരക്ഷിത മേഖലകളാക്കി നിലനിര്ത്തിയിരിക്കുകയാണിവിടെ. പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. വരുംതലമുറകള്‍ക്കായി രാജ്യത്തിന്റെ അറുപത് ശതമാനം വനഭൂമിയായി സംരക്ഷിക്കണമെന്ന് നിയമത്താല്‍ അനുശാസിക്കുന്നു. ലോകത്തെ ആദ്യ സമ്പൂര്‍ണ ജൈവകാര്‍ഷിക രാജ്യമെന്ന ഖ്യാതിക്കായുള്ള ശ്രമങ്ങളും ഭൂട്ടാന് ജനത ഏറ്റെടുത്തിരിക്കുകയാണ്.
ഭര്‍ത്താവിനൊപ്പം ഒരാഴ്ചത്തെ യാത്രയ്ക്കായി കോപ്പുകൂട്ടിയിറങ്ങിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലേക്കാണ്. പ്രതാപികളായ ഹിമാലയന്നിരകള്ക്ക് മേലെ വിമാനം ഞങ്ങളെയുംകൊണ്ട് പറന്നു. ശ്വാസമടക്കിപ്പിടിച്ച് യാത്രികര്‍. മേഘങ്ങള്‍ക്കിടയിലൂടെ എവറസ്റ്റും കാഞ്ചന്ജംഗയും എത്തിനോക്കി. താഴെ ഉയര്‍ന്നും താഴ്ന്നും മലനിരകള്‍, വിശാലമായ താഴ്വരകള്‍. വെള്ളിച്ചാലുപോലെ പാരോ നദി. ഭൂട്ടാന്റെ ആകാശത്തേക്ക് ഞങ്ങള്‍ പറന്നു. രണ്ട് മലനിരകളെ മുറിച്ചുകടന്നാണ് വിമാനം എയര്‍പോര്‍ട്ടിലെത്തിയത്. ഭൂട്ടാന് രാജകുടുംബത്തിന്റെ വലിയ ചിത്രം അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് വിമാനത്തവളത്തിന് മുന്നില്‍.

ഗൈഡ് സോനവും ഡ്രൈവര്‍ പ്രവീണും പുറത്ത് കാത്തുനിന്നു. അവരുടെ വേഷവിധാനങ്ങള്‍ സര്‍ക്കസ് കൂടാരത്തിലെ കോമാളിയെ ഓര്‍മിപ്പിച്ചു. ഭംഗിയുള്ള ചെരിപ്പുകളും മുട്ടോളം എത്തുന്ന കാലുറയും. പകല്‍സമയത്തെ വസ്ത്രധാരണത്തിന് ഭൂട്ടാന് പൗരന്മാര്ക്ക് പൊതുനിയമമുണ്ട്.
സംസ്കാരത്തിനൊപ്പം കാണേണ്ടതും അറിയേണ്ടതുമായി നിരവധി സ്ഥലങ്ങളുണ്ട് ഭൂട്ടാനില്‍. അതില്‍ത്തന്നെ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ചിലത് ഇവിടെ കുറിക്കുന്നു.
പാരോയും തിമ്പുവും
പാരോനഗരത്തിന്റെ ഓരത്താണ് ഭൂട്ടാന്റെ ഏക അന്താരാഷ്ട്ര വിമാനത്താവളം. സഞ്ചാരികള്‍ ഏറെയും യാത്ര തുടങ്ങുന്നത് ഈ നഗരത്തില്‍നിന്നാണ്. ഭൂട്ടാനിലെ രണ്ടാമത്തെ വലിയ പട്ടണം. പാരോയുടെ നാല് വശങ്ങളിലും ഇടതൂര്‍ന്ന മരങ്ങള്‍ അതിരുകാക്കുന്നു. ഈ പ്രദേശത്തുമാത്രം 155 ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളുമുണ്ട്. 14-ാം നൂറ്റാണ്ടോളം ചരിത്രമുള്ളവ.
പാരോവില്‍ നിന്ന് പ്രകൃതിഭംഗിയാസ്വദിച്ചുകൊണ്ട് തിമ്പുവിലേക്ക്. ഭൂട്ടാന്റെ തലസ്ഥാനനഗരി. വൃത്തിയും വെടിപ്പും തിമ്പുവിന്റെ വശ്യത ഇരട്ടിയാക്കുന്നു. ധാരാളം കച്ചവടസ്ഥാപനങ്ങളും സായാഹ്ന ഉല്ലാസത്തിനുള്ള ഇടങ്ങളും അവിടെക്കാണാം. കെട്ടിടങ്ങള്‍ക്കെല്ലാം നിശ്ചിത വലുപ്പം. കോണ്‍ക്രീറ്റ് വനങ്ങള്‍ പടുത്തുയര്‍ത്തിയ തലസ്ഥാനനഗരിയല്ല തിമ്പു. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതില്‍ ഭരണകൂടം എത്രമേല്‍ ജാഗരൂകരാണെന്നതിന് ഈ നഗരം സാക്ഷ്യം.
ഇവിടെയാണ് പ്രശസ്തമായ താഷിഖോ സോങ്. വാഞ്ചു നദിക്കരയിലുള്ള ഈ വലിയ കെട്ടിടസമുച്ചയം ഇന്ന് ഭരണനിര്‍വഹണ കേന്ദ്രംകൂടിയാണ്.
ഭൂട്ടാന്റെ ദേശീയസ്മാരകമായ ചോര്‍ട്ടനും തിമ്പുവില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. ചോര്ട്ടെന് എന്നാല്‍ വിശ്വാസസങ്കേതം. മന്ത്രോച്ചാരണങ്ങളും ജപമാലകളുമായി സദാസമയം ആളുകള്‍ ഇവിടെ പ്രദക്ഷിണം ചെയ്യുന്നു.
സോങ്ങുകള്‍
ഭൂട്ടാനിലുടനീളം സോങ്ങുകള്‍ എന്നറിയപ്പെടുന്ന നിരവധി ക്ഷേത്രസമുച്ചയങ്ങളുണ്ട്. പലതും 14-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചവ. ചുറ്റും വെള്ളപൂശിയ ഉയര്‍ന്ന കല്മതില്. ഉള്ളില്‍ തടികൊണ്ട് നിര്‍മിച്ച കോവിലുകള്‍. നിശ്ചയമായും കണ്ടിരിക്കേണ്ടതിലൊന്ന് സാങ്കോഷ് നദിക്കരയിലെ പുനാഘ സോങ്. വലുപ്പത്തിലും പഴക്കത്തിലും രണ്ടാംസ്ഥാനമാണെങ്കിലും പ്രൗഢിയില്‍ സമാനതകളില്ലാത്ത മന്ദിരം.
ഡോച്ചുലാ ചുരം കയറിയാണ് പുനാഘയിലേക്ക് എത്തേണ്ടത്. ചുരത്തിന്റെ ഉച്ചിയില്‍ അവര്‍ണനീയമായ ഒരദ്ഭുതം യാത്രികര്‍ക്കായി പ്രകൃതിതന്നെ ഒരുക്കിയിരിക്കുന്നു- ഹിമാലയന്‍ ഗിരിനിരകളുടെ 360 ഡിഗ്രി പനോരമിക് കാഴ്ച. പ്രകൃതിയുടെ ഈ ദൃശ്യവിരുന്നിനൊപ്പം മനോഹരങ്ങളായി പണികഴിപ്പിച്ച 108 ബുദ്ധസ്തൂപങ്ങളും ചുരത്തിലെ യാത്ര അവിസ്മരണീയമാക്കുന്നു.

ഇവിടെ നീലാകാശത്തിനുമേല് കറുത്തപുകയുടെ മറയില്ല. ശ്വാസത്തിന് മലിനവായുവിന്റെ കടുപ്പമില്ല. ഭൂട്ടാന്റെ അന്തരീക്ഷം അത്രമേല്‍ സ്വച്ഛമാണ്. കാറുകളും യന്ത്രങ്ങളും നന്നേകുറവ്. പ്രകൃതിക്കുവേണ്ടി ജനത ഒറ്റക്കെട്ടായി നില്ക്കുന്നു.
ഭൂട്ടാനിലെ ഏറ്റവും പഴക്കം ചെന്ന സോങ് സിംതോഘയാണ്. 1627-ല്‍ പണികഴിച്ചത്. വൈദഗ്ധ്യം പ്രകടമായ തടിപ്പാലത്തിലൂടെ പുഴമുറിച്ചുവേണം സോങ്ങിലേക്കെത്താന്. 2008-ലാണ് ഇപ്പോഴുള്ള പാലം നിര്‍മിച്ചത്. ആദ്യത്തെ പാലം നദിയെടുത്തുപോയി. വഴിയാത്രക്കാരെ ദ്രോഹിച്ച ദുഷ്ടശക്തികളെ വരുതിയിലാക്കാനാണ് സിംതോഘയില് ക്ഷേത്ര സമുച്ചയം നിര്‍മിച്ചതെന്ന് പുരാണം.
സോങ്ങുകള്‍ കണ്ടുനടന്നപ്പോള്‍ റോമിലെ കത്തീഡ്രലുകളാണ് മനസ്സിലേക്ക് വന്നത്. എല്ലാത്തിനും ഒരേ രൂപവും ഭാവവും. അനുഭവങ്ങള്‍ പലത്. കല്‍പ്പടവുകളും കൊത്തുപണികളും ചുമര്‍ചിത്രങ്ങളും നിര്‍മാണ വൈദഗ്ധ്യത്തില്‍ സംയോജിച്ചതിന്റെ സോങ് കാഴ്ചകള്‍ മനസ്സില്‍ മായാതെ നില്ക്കുന്നു.
ബുദ്ധശില്പം
തിമ്പു നഗരസീമയിലെ ധ്യാനനിരതനായ ബുദ്ധപ്രതിമയ്ക്ക് 50 മീറ്ററാണ് ഉയരം. ഒന്നേകാല്‍ ലക്ഷത്തോളം ചെറുശില്പങ്ങള് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെങ്കലത്തില്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയിരിക്കുന്നു. കാഴ്ചാനുഭവത്തിനപ്പുറം അനാദിയായ സമാധാനവും സന്തോഷവും ലോകത്തിന് ചൊരിഞ്ഞ് ബുദ്ധന് നിലകൊള്ളുന്നു.
ടൈഗേഴ്സ് നെസ്റ്റ്
ഭൂട്ടാന്റെ മുഖമുദ്രയാണ് ടൈഗേഴ്സ് നെസ്റ്റ് അഥവാ പാരോ തക്സാങ്. ചെങ്കുത്തായ മലഞ്ചെരുവില്‍ 900 മീറ്റര്‍ ഉയരത്തില്‍ പറ്റിപ്പിടിച്ചുനില്ക്കുന്ന വിസ്മയനിര്‍മിതി. രണ്ട് മണിക്കൂര്‍ സാഹസികമായ ട്രെക്കിങ് വേണം ഈ ബുദ്ധമന്ദിരത്തിലേക്കെത്താന്. നടത്തം കടുപ്പമേറിയതെങ്കിലും കാഴ്ചയും അനുഭവവും അത്രമേല്‍ വിശിഷ്ടമാകയാല് യാത്രികന് എങ്ങനെ പിന്തിരിയാനാകും? പാരോ താഴ്വരയില്‍നിന്നും മുകളിലേക്ക് നോക്കിയാല്‍ കാണാം, പാറക്കെട്ടിന്റെ മടിത്തട്ടില്‍ കെട്ടിപ്പൊക്കിയ സാഹസികഭാവന.

ഇതിഹാസനായകനായ പദ്മസംഭവന്‍ വ്യാഘ്ര മുതുകിലേറിയെത്തി തപസനുഷ്ഠിച്ചുവെന്ന് കരുതുന്നിടത്താണ് സംന്യാസിമഠം നിര്‍മിച്ചിട്ടുള്ളത്. ദുഷ്ടശക്തികളെ പായിക്കാനുള്ള പദ്മസംഭവന്റെ ധ്യാനം ഗുഹാന്തരങ്ങളില്‍ മൂന്നുവര്‍ഷം മൂന്നുമാസം മൂന്നുദിവസം മൂന്നുമണിക്കൂര്‍ നീണ്ടു. ശിഷ്ടകാലം അദ്ദേഹം പ്രദേശവാസികള്‍ക്ക് ബുദ്ധദര്‍ശനങ്ങള്‍ പകര്ന്നുനല്കി.
ഒമ്പത് വിശുദ്ധ ഗുഹകളെ ചുറ്റിയാണ് മഠം പണികഴിച്ചിട്ടുള്ളത്. 1600-കളിലാണ് നിര്‍മാണം നടന്നതെന്ന് കരുതുന്നു. കാലത്തിന്റെ കുതിപ്പില്‍ പലവിധമായ കേടുപാടുകള്‍ ടൈഗേഴ്സ് നെസ്റ്റിനെ ഉലച്ചിട്ടുണ്ട്. 98-ലുണ്ടായ തീപ്പിടിത്തമാണ് സമീപഭൂതകാലത്ത് ക്ഷേത്രം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പലവട്ടം പുതുക്കിപ്പണിതിട്ടുള്ള രൂപമാണ് ഇപ്പോള്‍ കാണാനാവുക.
വിശുദ്ധ ഗുഹകളില്‍ എല്ലാത്തിലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ചിലത് മതപരമായ ചടങ്ങുകള്‍ക്കായി പ്രത്യേക മുഹൂര്‍ത്തങ്ങളില്‍ മാത്രമേ തുറക്കൂ. ഭൂട്ടാനിലെ എല്ലാ സോങ്ങുകളും പോലെ നെയ്വിളക്കിന്റെയും കുന്തിരിക്കത്തിന്റെയും ഗന്ധം നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം. വിഹാരത്തിലെ കെട്ടിടങ്ങള്‍ക്കെല്ലാം സമാന ഭാവമാണ്. സ്വര്ണശില്പങ്ങള് നിരവധി കാണാം.

മഠത്തിനുള്ളില്‍ ഫോട്ടോഗ്രാഫി അനുവദനീയമല്ല. അതുകൊണ്ടുതന്നെ നേരിട്ടെത്തി അനുഭവിക്കണം ഈ സൗന്ദര്യപൂരം. ജീവിതത്തിലൊരിക്കലെങ്കിലും ടൈഗേഴ്സ് നെസ്റ്റ് സന്ദര്‍ശിക്കണമെന്നത് വ്രതമായി കൊണ്ടുനടക്കുന്നവരാണ് എല്ലാ ഭൂട്ടാനികളും.
ഇതുവരെയുണ്ടായ അനുഭവങ്ങളില്‍ അനുപമവും അനശ്വരവുമായ ഒന്നുണ്ടെങ്കില്‍ അത് ഭൂട്ടാനാണെന്ന് നിസ്സംശയം പറയാം. ഇന്ത്യയിലെ ആധുനികനഗരത്തില്നിന്ന് പ്രകൃതിയുടെ മായാലോകത്തെത്തിയതുപോലെ. ഇത്രമേല്‍ മാന്ത്രികമായ വശ്യത ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന് ഉണ്ടെന്ന് വിശ്വസിക്കണമെങ്കില്‍ ഭൂട്ടാന് അനുഭവിച്ചറിയുകതന്നെവേണം.

Content Highlights: Bhutan travelogue mathrubhumi yathra