പലതരം മ്യൂസിയങ്ങളാല്‍ സമൃദ്ധമാണ് ബെര്‍ലിന്‍. അതുകൊണ്ട് സഞ്ചാരികള്‍ക്ക് പ്രിയമാണ് ഇവിടം. ഓള്‍ഡ് മ്യൂസിയം (Altes Museum), ന്യൂമ്യൂസിയം (Neues Museum), ബോഡേ മ്യൂസിയം, നാഷണല്‍ ഗാലറി, ഓള്‍ഡ് നാഷണല്‍ ഗാലറി (Alte Nationalgalerie), പെര്‍ഗമെന്‍ മ്യൂസിയം എന്നിവയാണ് ഇവിടത്തെ പ്രധാന മ്യൂസിയങ്ങള്‍.
ആദ്യം ഓള്‍ഡ് നാഷണല്‍ ഗാലറി കാണാന്‍ തീരുമാനിച്ചു. ഇതിനകത്ത് ആദ്യകാല കലാ സൃഷ്ടികളുടെ വലിയൊരു ശേഖരം ഉണ്ട്. അവ കാണുമ്പോഴാണ് അതുവരെ പുസ്തകങ്ങളിലൂടെയും മറ്റും മാത്രം കണ്ടു ശീലിച്ചതും തിരിച്ചറിഞ്ഞതുമായതൊക്കെ മാറ്റിവെക്കേണ്ടതാണെന്ന് മനസ്സിലാവുക.
വളരെക്കാലമായി ഇഷ്ടപ്പെട്ടിരുന്ന ചില കലാകാരന്മാരുടെ സൃഷ്ടികള്‍ നേരിട്ട് കണ്ടപ്പോള്‍ പ്രതിപത്തി കൂടുകയും മറ്റു ചിലരുടേത് തിരുത്തുകയും വേണ്ടി വന്നു. ഇവിടെയുള്ള പ്രധാന മ്യൂസിയങ്ങളിലെല്ലാം സന്ദര്‍ശകര്‍ക്ക് ചെറിയൊരു ഫീസോടെ ശ്രവണസഹായികള്‍ ലഭ്യമാണ്. കലാ സൃഷ്ടികള്‍ സൗകര്യപ്രദമായി ഇരുന്നുകാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലാസൃഷ്ടികള്‍ക്കു പിറകിലുള്ള സ്വതന്ത്രചിന്തയാണ് ഇടയ്ക്കിടെ മ്യൂസിയം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് മ്യൂസിയത്തില്‍ വെച്ച് പരിചയപ്പെട്ട സില്‍വിയ പറഞ്ഞു.
എനിക്കൊപ്പമുണ്ടായിരുന്ന തോമസ് ബ്രാന്‍ഡന്‍ബെര്‍ഗ് ഗേറ്റ് (Brandenburg Gate) കാണാന്‍ പോയി. പതിനെട്ടാം നൂറ്റാണ്ടിലെ പ്രഷ്യന്‍ രാജാവായിരുന്ന ഫ്രഡറിക് വില്യം രണ്ടാമന്റെ നിര്‍ദേശപ്രകാരം ബെറ്റാവിയന്‍ വിപ്ലവകാലത്ത് നിയോ ക്ലാസിക്കല്‍ ശൈലിയില്‍ നിര്‍മിച്ച അധികാര ചിഹ്നമാണ് ഈ ഗേറ്റ്. പന്ത്രണ്ടു തൂണുകളാല്‍ പണിത ഗേറ്റിനുമുകളില്‍ സ്ഥാപിച്ച വെങ്കലത്തില്‍ തീര്‍ത്ത നാല് കുതിരകളെ പൂട്ടിയ തേരില്‍ ഓടിവരുന്ന 'ഇറിനി' എന്ന ഗ്രീക്ക് / റോമന്‍ ദേവതയും ക്ലാവ് പിടിച്ച് പച്ചനിറമായി തലയെടുപ്പോടുകൂടി നില്‍ക്കുന്നതു കാണാം. സമയം ആറു മണിയോടടുത്തിരുന്നു. അലക്‌സാന്‍ഡര്‍പ്ലാറ്റ്സിലെ പബ്ബില്‍നിന്ന് കുറച്ചു ബിയറും ഫ്രഞ്ച് ഫിങ്കറും കഴിച്ചു ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു. അന്നത്തെരാത്രി ഭക്ഷണം തോമസിനോടൊപ്പം വിദ്യാര്‍ഥിയായിരുന്ന പെണ്‍ കൂട്ടുകാരിയുമൊത്തായിരുന്നു.
ഏഴ് മണിക്ക് പൊട്സ്ഡാമെര്‍ പ്ലാറ്റ്‌സിലെ ടീര്‍ഗാര്‍ഡന്‍ (Tiergarten) സ്ട്രാസിലേക്ക് മെട്രോയിലും ബസിലുമായി ഞങ്ങള്‍ യാത്ര ചെയ്തു. 1864-ല്‍ പണിതുയര്‍ത്തിയ ഡാനിഷ് പ്രഷ്യന്‍ യുദ്ധത്തിന്റെ വിജയസ്മാരകമായ സ്തംഭവും അടുത്തദിവസങ്ങളില്‍ ഇതിലൂടെ ഒരു യാത്ര നടത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ലീനയും കരോളും സുന്ദരമായ വീട്ടില്‍ രാത്രിഭക്ഷണത്തിനായി മേശ തയ്യാറാക്കി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. തോമസും ലീനയും ആലിംഗനത്തോടെ കവിളില്‍ ചുംബിച്ചുകൊണ്ട് ദീര്‍ഘകാല സൗഹൃദപ്രകടനത്തില്‍ മുഴുകിയത് സന്തോഷകരമായി അനുഭവപ്പെട്ടു. മെഴുകുതിരിയുടെ മനോഹരവും തീവ്രത കുറഞ്ഞതുമായ പ്രകാശം അന്തരീക്ഷത്തിന് അവാച്യമായൊരു ആര്‍ദ്രത നല്‍കി.
അവരോടൊപ്പം ടെക്കി എന്ന ചാരവും വെള്ളയും നിറത്തിലുള്ള പൂച്ച നടക്കുകയും ഇടയ്ക്കിടെ മടിയില്‍ കയറി കിടക്കുകയും ചെയ്തു. സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ലീനയുടെ പൗരുഷ സ്വഭാവമുള്ള ശബ്ദം വിചിത്രമായി തോന്നി. പക്ഷേ, അതിലേക്ക് ശ്രദ്ധ നല്‍കാതെ അവര്‍ എനിക്കായി തേങ്ങാപ്പാല്‍ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ കോഴിക്കറി രുചിച്ചും അതിന്റെ സ്വാദിനെക്കുറിച്ചും മറ്റും സംസാരിച്ചുകൊണ്ടിരുന്നു.
ഭക്ഷണത്തോടൊപ്പം ചുകപ്പ് വൈന്‍ നല്‍കി. ഈയവസരങ്ങളില്‍ അവരവരുടെ ജോലിയെക്കുറിച്ചോ കഴിവുകളെക്കുറിച്ചോ ഇവിടെ ആരും പറയാറില്ല. അതുപോലെതന്നെ നാസി ഭരണകാലത്തെ ജര്‍മന്‍ രാഷ്ട്രീയത്തെക്കുറിച്ചും നിശ്ശബ്ദതയാണ് പൊതുവേ പാലിക്കാറുള്ളത്. എന്നാല്‍ അതിനു വിപരീതമായി ലീന ഭിന്നലിംഗ സംഘടനയുടെ പ്രവര്‍ത്തകയാണ്.
ഇന്ത്യയിലെ ഭിന്നലിംഗ സമൂഹത്തിന്റെ മോശമായ അവസ്ഥ 1999-ലെ തന്റെ ഡല്‍ഹി, മുംബൈ സന്ദര്‍ശനത്തില്‍ നേരിട്ടറിയാന്‍ കഴിഞ്ഞതിന്റെ നടുക്കം മാറാന്‍ വര്‍ഷങ്ങളെടുത്തെന്ന് അവര്‍ പറഞ്ഞു.
അവരുടെ സമൂഹത്തിന്റെ അംഗീകാരത്തിനായി ത്യാഗം ചെയ്ത മുന്‍ഗാമികളെക്കുറിച്ച് അവര്‍ വാചാലയായി. മുറിയിലെ മൃദുത്വമാര്‍ന്ന മെഴുകുതിരി വെളിച്ചത്തില്‍ ലീനയ്ക്ക് പൊടുന്നനെ അമാനുഷികമായൊരു ഭാവം കൈവന്നു.
Content Highlights: Berlin, Island of Museums, Lokantharangalil