Bali Travel

ഇന്‍ഡൊനീഷ്യയിലേക്ക് പുറപ്പെടാന്‍ ആദ്യമായി എന്നെ പ്രലോഭിപ്പിച്ചത് ബാലിദ്വീപിനെക്കുറിച്ച് ഒരു അമേരിക്കന്‍ മാസികയില്‍ വായിക്കാനിടയായ ലേഖനമാണ്. മാറുമറയ്ക്കാത്ത തങ്കമേനികളായ മങ്കമാരും ശുദ്ധ നാടന്‍കലാബോധം കല്ലില്‍ വാര്‍ത്തുവെച്ച ക്ഷേത്രങ്ങളും മറ്റും ആ ലേഖനത്തില്‍ സ്ഥലംപിടിച്ചിരുന്നുവെങ്കിലും എന്റെ ശ്രദ്ധയെ അങ്ങോട്ടാകര്‍ഷിച്ചത് മറ്റുചില വസ്തുതകളായിരുന്നു. ബാലിദ്വീപ് എന്ന തലക്കെട്ട് മാറ്റിനിര്‍ത്തിയാല്‍ ആ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കേരളത്തിലെ ഏതോ ഒരു ഗ്രാമത്തെപ്പറ്റിയാണെന്ന് തോന്നിപ്പോകും. കേരളത്തിന്റെതായ പ്രകൃതിവിലാസങ്ങളും പഴയ കേരളസംസ്‌കാരപ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും ആരാധനാസമ്പ്രദായങ്ങളും അങ്ങനെതന്നെ ഇന്ന് കണ്ടെത്താവുന്ന ഒരു കൊച്ചുനാട് നാലായിരം മൈല്‍ അകലെ നിലകൊള്ളുന്നുണ്ടെന്ന വസ്തുത എന്നെ ആവേശംകൊള്ളിച്ചു.

-എസ്.കെ പൊറ്റെക്കാട്ട് (ബാലിദ്വീപ്)

 

സ്‌കൂള്‍ലൈബ്രറിയില്‍നിന്നാണ് എസ്.കെ.യുടെ ബാലിദ്വീപ് ആദ്യമായി എടുത്ത് വായിച്ചത്. അന്നേ മനസ്സില്‍ മോഹമുദിച്ചതാണ് ആ 'അദ്ഭുതലോകം' കാണണമെന്ന്. മൂന്നുപതിറ്റാണ്ടിനിപ്പുറമാണ് അത് സാക്ഷാത്കരിക്കാനായത് എന്നുമാത്രം. അപ്രതീക്ഷിതമായി തേടിയെത്തിയ ബാലിയാത്രയില്‍ ആദ്യസന്ദര്‍ശനാവസരവും എസ്.കെ. കേരളമെന്ന് വിശേഷിപ്പിച്ച ഉബുദിലേക്കായിരുന്നു. മുഖച്ഛായയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഉബൂദ് ഇപ്പോഴും ഒരു ഗ്രാമീണസുന്ദരി. പച്ചപ്പുതപ്പിട്ട വയലേലകള്‍, ശിരസ്സുയര്‍ത്തിനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍, വിളഞ്ഞുനില്‍ക്കുന്ന വാഴത്തോപ്പുകള്‍, കൃഷിയിടങ്ങള്‍, ഔഷധത്തോട്ടങ്ങള്‍, അരുവികള്‍-കേരളത്തിനുപുറത്ത് മറ്റൊരു കേരളം. 

ബാലിയുടെ സാസ്‌കാരികഹൃദയം എന്നാണ് ഉബുദിന്റെ വിളിപ്പേര്. നാഗരികജീവിതരീതികളുടെ കടന്നാക്രമണത്തിനിടയിലും പാരമ്പര്യത്തെ മുറുകെപ്പുണരുന്ന ഭൂമിക. അത് എവിടെയും നിങ്ങള്‍ക്ക് കാണാം. കൃഷിയിടങ്ങളിലായാലും ക്ഷേത്രസമുച്ചയങ്ങളിലായാലും വീടുകളിലായാലും. ഗ്രാമജീവിതം ശാന്തമായൊഴുകുന്നു. 14 ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഉബുദ്. ഗ്രാമസമിതിയുടെ നേതൃത്വത്തിലാണ് ഭരണം.
ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യയാണ് ബാലിദ്വീപ്. ഓസ്ട്രേലിയയ്ക്കടുത്തായി കിടക്കുന്നു. അതിമനോഹരമായ ക്ഷേത്രങ്ങള്‍, വാസ്തുശില്പസമുച്ചയങ്ങള്‍, മനംമയക്കുന്ന കടല്‍ത്തീരങ്ങള്‍, നാഗരികത ഇനിയും കടന്നാക്രമിച്ചിട്ടില്ലാത്ത ഗ്രാമീണഭൂമികകള്‍, അഗ്‌നിപര്‍വതങ്ങള്‍-ഇവയെല്ലാമാണ് ബാലിയുടെ പ്രത്യേകതകള്‍. നമ്മുടെ സംസ്‌കാരവുമായി അടുത്ത ബന്ധമുണ്ട് ബാലി സംസ്‌കാരത്തിന്. നമസ്‌തേ പറഞ്ഞാണ് സ്വാഗതം. ''ഇന്ത്യക്കാര്‍ ഞങ്ങളുടെ സഹോദരര്‍''-ഹസ്തദാനംചെയ്തുകൊണ്ട് ഗൈഡായ ടോണു പറഞ്ഞു. ബാലിയിലെ ജിംബാരണ്‍ സ്വദേശിയാണ് ടോണു. 25 വര്‍ഷമായി ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിക്കുന്നു. ബാലി വണ്‍ ഫാമിലി ടൂര്‍ സര്‍വീസിലെ പ്രധാന ഗൈഡുമാരില്‍ ഒരാള്‍. വിനോദസഞ്ചാരമാണ് ബാലിയുടെ പ്രധാന വരുമാനമാര്‍ഗം. കുട്ടികളും വീട്ടമ്മമാരും വിദ്യാര്‍ഥികളുമൊക്കെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഉബുദില്‍ കാടും കുന്നിന്‍പ്രദേശങ്ങളും കടലുപോലെ കിടക്കുന്ന വയലേലകളും കടന്നുള്ള സഞ്ചാരത്തിനിടെ ഒരു ഇടത്തരം ബാലി വീട്ടിലേക്ക് ടോണു ഞങ്ങളെ കൊണ്ടുപോയി. വലിയൊരു മതില്‍ക്കെട്ടിനകത്തെ ചെറിയ ഒറ്റമുറിക്കെട്ടിടങ്ങളാണ് വീട്. കേരളത്തിലെ പഴയ ഓടിട്ട വീടുകളുടെ ശൈലിയിലാണ് നിര്‍മിതി. കോണ്‍ക്രീറ്റിന് കാര്യമായ സ്ഥാനമില്ല. നമ്മുടേതില്‍നിന്ന് വ്യത്യസ്തമായി ഇവിടെ എല്ലാം ഒരു കെട്ടിടത്തിലല്ല. അടുക്കള പുറത്ത് ഒറ്റമുറി, കിടപ്പുമുറിയും സ്റ്റോര്‍മുറിയും ശൗചാലയവുമൊക്കെ വേറെ കെട്ടിടങ്ങള്‍. മൂന്നോ നാലോ വീടുകള്‍ക്ക് പൊതുവായി ഒരു ക്ഷേത്രവുമുണ്ട്. അതിനിടെ പ്രത്യേകമായി മറ്റൊരു കൊച്ച് ഒറ്റമുറിക്കെട്ടിടം ശ്രദ്ധ പിടിച്ചുപറ്റി, ഇതിനൊരു ചെറുവരാന്തയുമുണ്ട്. വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ കിടത്താനായിട്ടാണ് ഈ കെട്ടിടമെന്ന് ടോണു പറഞ്ഞു. ചടങ്ങുകള്‍ക്കും മറ്റും മൃതദേഹം ഇവിടെ ഒന്നുരണ്ടുദിവസം കിടത്തിയശേഷമേ സംസ്‌കാരത്തിന് കൊണ്ടുപോകാറുള്ളൂ. ഞങ്ങള്‍ കയറിയ വീട്ടില്‍ ആ സമയത്ത് വീട്ടമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗസ്തി ആയു എന്നാണവരുടെ പേര്. 'ഓം സ്വസ്ത്യസ്തു'-ബാലി ഭാഷയില്‍ നമസ്‌കാരംപറഞ്ഞ് കൈകൂപ്പിക്കൊണ്ട് അവര്‍ ഞങ്ങളെ സ്വാഗതംചെയ്തു. കുടുംബക്ഷേത്രത്തിലേക്ക് പൂജാസാധനങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു അവര്‍. ഭര്‍ത്താവ് ഡെന്‍പസാര്‍ പട്ടണത്തില്‍ ബിസിനസ് ആവശ്യാര്‍ഥം പോയിരിക്കുന്നു. രണ്ട് ആണ്‍കുട്ടികള്‍ സ്‌കൂളില്‍. ഭര്‍തൃപിതാവ് കൃഷിജോലികള്‍ക്കായി പുറത്ത്. വൃത്തിയും ഭംഗിയുമാണ് വീടിന്റെ സവിശേഷത, പുറത്ത് മുറ്റത്ത് ചെറുകല്ലുകള്‍ വിരിച്ചിരിക്കുന്നു, അതിരിട്ട് ഭംഗിയുള്ള അലങ്കാരച്ചെടികളുടെ നിര, ഇവയില്‍ പലതും കേരളത്തിലെ പൂന്തോപ്പുകളില്‍ കാണുന്നവയാണ്.

Bali Island 3

എട്ടുമണിക്കൂര്‍ വിമാനയാത്രയുണ്ട് കേരളത്തില്‍നിന്ന് ബാലിയിലേക്ക്. കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും വിമാനസര്‍വീസുകളുണ്ട്. രാത്രി 11-നാണ് കൊച്ചിയില്‍നിന്ന് വിമാനം പുറപ്പെട്ടത്. മലേഷ്യയിലെ ക്വലാലംപുരിലേക്കുള്ള വിമാനം. രാവിലെ വെള്ളകീറുംനേരത്ത് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപുരിലെത്തി. അവിടെനിന്ന് ബാലിയിലേക്ക് മലിന്‍ഡോ എയറിന്റെതന്നെ കണക്ഷന്‍ ഫ്‌ളൈറ്റ്. ഉച്ചയോടെ ബാലിപ്രവിശ്യയുടെ തലസ്ഥാനമായ ഡെന്‍പസാറിലെത്തി. അതിമനോഹരമായ കാഴ്ചയായിരുന്നു ഡെന്‍പസാര്‍ വിമാനത്താവളത്തിലെ ലാന്‍ഡിങ്. കടലിന്റെ മടിത്തട്ടില്‍ ഉറങ്ങുന്ന കുഞ്ഞിനെപ്പോലെയാണ് ഈ വിമാനത്താവളം. വിമാനം കടലിലേക്ക് ഊളിയിടാന്‍തുടങ്ങുന്നപോലെയുള്ള ലാന്‍ഡിങ്. ബാലി നഗുരാഹ് റായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് വിമാനത്താവളത്തിന്റെ ഔദ്യോഗിക നാമം. ഡെന്‍പസാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നും അറിയപ്പെടുന്നു.

ബാലിയിലിറങ്ങിയപ്പോള്‍ വാച്ചില്‍ സമയം പുനഃക്രമീകരിച്ചു. നമ്മുടെ സമയത്തെക്കാള്‍ രണ്ടരമണിക്കൂര്‍ മുന്നിലാണ് ഇവിടെ സമയസൂചി ഓടുന്നത്. വിസയെപ്പറ്റി ആശങ്കവേണ്ട. ഇന്ത്യയുള്‍പ്പെടെ ചില രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ട്. വലിയ തമാശ ഇന്ത്യന്‍ രൂപയും ഇന്‍ഡൊനീഷ്യന്‍ റുപ്പയയുമായുള്ള മൂല്യവ്യത്യാസമാണ്. നമ്മുടെ ഒരു രൂപ അവിടെ 209 റുപ്പയയ്ക്ക് സമാനം. 500 ഇന്ത്യന്‍ രൂപ കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ ലക്ഷാധിപതിയായി. 5000 രൂപയുണ്ടെങ്കില്‍ കോടിപതിയും. പക്ഷേ, ഈ വ്യത്യാസം സാധനങ്ങള്‍ വാങ്ങുന്നതില്‍ പ്രതിഫലിക്കുമെന്ന് കരുതേണ്ട. ഭക്ഷണം കഴിക്കാനും സാധനങ്ങള്‍ വാങ്ങാനുമൊക്കെ ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. എങ്കിലും പൊതുവേ കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരത്തിന് തിരഞ്ഞെടുക്കാവുന്ന വിദേശരാജ്യമാണ് ഇന്‍ഡൊനീഷ്യ. 'കുറഞ്ഞചെലവില്‍ അദ്ഭുതകരമായ ഇന്‍ഡൊനീഷ്യ' എന്നതാണ് അവിടത്തെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. പുറപ്പെടുംമുന്‍പ് വിമാനത്താവളത്തില്‍നിന്ന് നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറുന്നതാണ് ഉചിതം. കാരണം ഇന്ത്യന്‍രൂപ മാറിയെടുക്കല്‍ ബാലിയില്‍ അത്ര എളുപ്പമല്ല, എന്നാല്‍ യു.എസ്. ഡോളര്‍ മാറ്റാവുന്ന കേന്ദ്രങ്ങള്‍ മുക്കിലും മൂലയിലും കാണാം. വിനോദസഞ്ചാരകേന്ദ്രമായതിനാല്‍ ഇവിടെ ഇതൊരു ബിസിനസ് തന്നെയാണ്.

എഴുപതുകള്‍വരെ കാര്‍ഷികമേഖലയായിരുന്നു ബാലി സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. എന്നാലിപ്പോള്‍ വിനോദസഞ്ചാരമാണ് മുഖ്യ വരുമാനമാര്‍ഗം. ഏതാണ്ട് 80 ശതമാനത്തിലേറെയും വിനോദസഞ്ചാരത്തില്‍നിന്നാണ് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്‍ഡൊനീഷ്യയുടെ ഏറ്റവും സമ്പന്നമായ പ്രവിശ്യകളിലൊന്നാണിത്. പഞ്ചനക്ഷത്രഹോട്ടലുകള്‍മുതല്‍ പ്രാദേശിക ഹോംസ്റ്റേകള്‍വരെ താമസത്തിന് ലഭ്യം. കാടിനുനടുവിലായുള്ള പദ്മ റിസോര്‍ട്‌സ് ബാലിയുടെ സാംസ്‌കാരികപൈതൃകത്തിനനുസൃതമായി പണിത പഞ്ചനക്ഷത്ര മന്ദിരമാണ്. ഇവിടെയായിരുന്നു താമസസൗകര്യമേര്‍പ്പെടുത്തിയിരുന്നത്. കാടിനുനടുവിലായുള്ള ഈ കെട്ടിടസമുച്ചയത്തില്‍ എല്ലാ ആധുനികസൗകര്യങ്ങളും ലഭ്യം. വിളഞ്ഞുനില്‍ക്കുന്ന വിശാലമായ നെല്‍പ്പാടങ്ങളുടെ ഓരത്തായി ഹോംസ്റ്റേകളുണ്ട്. ചുരുങ്ങിയചെലവില്‍ താമസസൗകര്യവും ലഭ്യം.

വിസ്തൃതിയില്‍ കേരളത്തിന്റെ ആറിലൊന്നേയുള്ളൂ ബാലിദ്വീപ്. എന്നാല്‍ ജനസംഖ്യയില്‍ കേരളത്തെക്കാള്‍ മുന്നിലാണ്. 2014-ലെ സെന്‍സസ് പ്രകാരം 4.25 കോടി. മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡൊനീഷ്യയില്‍(88 ശതമാനം പേരും മുസ്ലിങ്ങള്‍) ഹിന്ദുക്കള്‍ക്ക് മഹാഭൂരിപക്ഷമുള്ള പ്രവിശ്യയാണ് ബാലി. ഇവിടെ 83 ശതമാനംപേരും ഹിന്ദുക്കളാണ്. മുസ്ലിങ്ങള്‍ 13 ശതമാനവും ക്രിസ്ത്യാനികള്‍ 2.5 ശതമാനവും ബുദ്ധമതക്കാര്‍ 0.5 ശതമാനവും വരും. സ്വന്തം പൈതൃകത്തെ ഒരിക്കലും തള്ളിപ്പറയാത്ത ബാലിവിശ്വാസമാണ് ഇതിന് കാരണമെന്ന് ഹോട്ടലില്‍വെച്ച് പരിചയപ്പെട്ട ബാലി അധ്യാപകന്‍ അനക് അഗുങ് പറഞ്ഞു. പാരമ്പര്യത്തെ മുറുകെപ്പുണര്‍ന്നുകൊണ്ടുള്ള ശൈലി ബാലിയില്‍ എല്ലായിടത്തും കാണാം. കെട്ടിടങ്ങള്‍ തന്നെ ഉദാഹരണം, മഹാഭൂരിപക്ഷവും ഒറ്റ നിലയിലാണ്. ചില ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളുമൊഴിച്ചാല്‍ അംബരചുംബികളായ സമുച്ചയങ്ങളും ഫ്‌ളാറ്റുകളുമൊന്നും ഇല്ലെന്നുതന്നെ പറയാം. ഒറ്റനിലമന്ദിരങ്ങള്‍ ബാലിവിശ്വാസത്തിന്റെ പ്രതീകമാണ്.

എന്നാല്‍ പാരമ്പര്യത്തോടുള്ള കടുത്ത പ്രണയം ബാലിഭാഷയുടെ കാര്യത്തില്‍ കാത്തുസൂക്ഷിക്കാനായിട്ടില്ല. കുടിയേറ്റക്കാരും മറ്റും നഗരങ്ങളില്‍ പതിവായതോടെ നാട്ടുഭാഷയ്ക്ക് പ്രാമുഖ്യം കുറഞ്ഞു. വിനോദസഞ്ചാരികളുടെ പ്രവാഹമായതോടെ ഇംഗ്ലീഷിന് പ്രാധാന്യമേറി. മിക്കവര്‍ക്കും മുറിഇംഗ്ലീഷറിയാം. നഗരങ്ങളില്‍ ഇതാണ് സ്ഥിതി. തനത്ബാലി ഭാഷയാകട്ടെ, ഇന്‍ഡൊനീഷ്യന്‍ ഭാഷയുമായി ചേര്‍ന്നുള്ള സങ്കരരൂപത്തിലുമായി. ഇപ്പോള്‍ ഗ്രാമീണവീടുകളിലാണ് ബാലിഭാഷ പൊതുവേ സംസാരിക്കുന്നത്. അതിമനോഹരമായ ലിപിരൂപമാണ് ബാലിഭാഷയുടെ പ്രത്യേകത. വാസ്തുശില്പശൈലി ലിപിയിലും കാണാം. ക്ഷേത്രങ്ങളിലും മറ്റുമാണ് ഇപ്പോഴും ഈ ലിപി ഉപയോഗിക്കുന്നത്.

സൗഹൃദം, സഹകരണം ഇതാണ് ബാലിയിലെ ജനങ്ങളുടെ പ്രത്യേകത. ആരോട് വഴി ചോദിച്ചാലും പറഞ്ഞുതരും, മറ്റ് തിരക്കുകളില്ലെങ്കില്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കും. ആര്‍ക്കും അത്ര തിരക്കില്ല, പതിഞ്ഞ താളം. നിരത്തുകളില്‍ വലിയ തിരക്കില്ല. ആള്‍ക്കാരെല്ലാം പൊതുവേ ക്ഷമാശീലര്‍. തിരക്കുള്ള സമയങ്ങളില്‍പോലും അമിതവേഗത്തിലല്ലാതെ ഒഴുകിനീങ്ങുന്ന വാഹനങ്ങള്‍. ഹോണ്‍ മുഴക്കുന്നത് അപൂര്‍വം. നാലുദിവസത്തെ ബാലിസഞ്ചാരത്തിന് ആശ്രയിച്ച എസ്.യു. വിയുടെ ഡ്രൈവര്‍ ഹോണ്‍മുഴക്കിയത് അപൂര്‍വാവസരങ്ങളില്‍. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞങ്ങളിങ്ങനെയാണ്' എന്നായിരുന്നു ഡ്രൈവര്‍ നിതാങ്ങിന്റെ മറുപടി. ആദ്യമോര്‍ത്തത് കേരളത്തിലെ റോഡുകളിലെ തിരക്കിനെക്കുറിച്ചാണ്. മത്സരപ്പാച്ചിലും കാതടപ്പിക്കുന്ന ഹോണുകളുമൊന്നും ഏഴയലത്തില്ല. റോഡുകളും നമ്മളെ അസൂയപ്പെടുത്തുന്നത്. വീതി കുറവാണെങ്കിലും മികച്ച നിലവാരത്തിലുള്ള അതിമനോഹരമായ പാതകള്‍. കുഴികള്‍ അപൂര്‍വം, വളവുകളും തീരേ കുറവ്. അതുകൊണ്ടുതന്നെ അപകടങ്ങളും കുറവ്. കുറ്റകൃത്യനിരക്കിലും ബാലി പിന്നിലാണ്. അതുകൊണ്ടാവണം പോലീസുകാരും കുറവ്. എന്തായാലും വിനോദസഞ്ചാരികള്‍ക്ക് കാര്യമായ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. വൃത്തിയിലും മുന്നിലാണ് ഈ നാട്. റോഡരികില്‍ മാലിന്യം വലിച്ചെറിയുന്ന ശൈലിയുമില്ല. 'വീടുപോലെത്തന്നെ ഞങ്ങള്‍ക്ക് റോഡും'-ഇതേക്കുറിച്ച് പുകഴ്ത്തിയപ്പോള്‍ ഗൈഡ് ടോണു നെഞ്ചുവിരിച്ച് പറഞ്ഞു.

സാധാരണക്കാരുടെ സഞ്ചാരവാഹനം ഇരുചക്രവാഹനങ്ങളാണ്. നമ്മുടെ പഴയ ഹോണ്ട സ്ട്രീറ്റിന്റെ അതേ മട്ടിലുള്ള ബൈക്ക്. ഹോണ്ട സ്‌കൂപ്പി സ്‌കൂട്ടറുകളും പതിവുകാഴ്ച. പച്ചക്കറിയും കടകളിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങാന്‍ പത്തുവയസ്സുകാര്‍ മുതല്‍ അത് ഓടിക്കുന്നു. ഗ്രാമങ്ങളിലെ റോഡുകളില്‍ ഇത്തരം കുട്ടിഡ്രൈവര്‍മാര്‍ പതിവുകാഴ്ച. ഇവര്‍ക്ക് ലൈസന്‍സൊന്നും വേണ്ടേ... അവര്‍ നമ്മളെക്കാള്‍ നന്നായി വണ്ടിയോടിക്കുന്നില്ലേ എന്നായി ഡ്രൈവര്‍. കുറഞ്ഞ ചെലവില്‍ ബാലിയെ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ബൈക്കോ സ്‌കൂട്ടറോ വാടകക്കെടുത്ത് സഞ്ചരിക്കാം. ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതി ഓടിക്കാന്‍. ഇടതുവശം ചേര്‍ന്നാണ് ഡ്രൈവിങ്. അഞ്ഞൂറുരൂപ വാടക നല്‍കിയാല്‍ സ്‌കൂട്ടര്‍ വാടകയ്ക്ക് കിട്ടും. താമസിക്കുന്ന ഹോട്ടലില്‍നിന്നുതന്നെ ഇതിനുള്ള സൗകര്യം ലഭിക്കും.

ക്ഷേത്രങ്ങളുടെ നാട്

ബാലിയെ ക്ഷേത്രനഗരി എന്നും വിശേഷിപ്പിക്കാം. എവിടെത്തിരിഞ്ഞാലും ക്ഷേത്രം. വീടുകളില്‍ കുടുംബ ക്ഷേത്രങ്ങളുണ്ട്. നാട്ടിന്‍പുറങ്ങളില്‍ കാവുകളും ആഭിചാരക്രിയകളുമൊക്കെയുണ്ട്. ക്ഷേത്രാചാരക്രമങ്ങളും പൂജകളുമൊക്കെ നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് സമാനം. ബാലിയില്‍ ക്ഷേത്രത്തിന് പുര എന്ന് വിളിക്കും. പരമ്പരാഗതശില്പകലാവൈദഗ്ധ്യത്തിന് ഇണങ്ങുന്ന രീതിയിലാണ് നിര്‍മിതി. ആയിരം പുരകളുടെ ദ്വീപ് എന്നും ബാലിക്ക് വിളിപ്പേരുണ്ട്. അതിമനോഹരമായ ചുമര്‍ചിത്രങ്ങളും ശില്പനിര്‍മിതികളുംകൊണ്ട് അലങ്കരിച്ച ചുമരുകള്‍ക്കകത്താണ് ക്ഷേത്രങ്ങള്‍. 

Bali Island
പുരാബേസാകി ക്ഷേത്രം

ടാനാ ലോട്ട് ക്ഷേത്രം ബാലിയുടെ പ്രതീകങ്ങളിലൊന്നാണ്. കടലിലെ ഭൂമി എന്നാണ് ഈ പദത്തിനര്‍ഥം. നമ്മുടെ കന്യാകുമാരിയെ അനുസ്മരിപ്പിക്കും. എന്നാല്‍ അതിലും പ്രാചീനത വിളിച്ചറിയിക്കുന്ന മന്ദിരമാണിത്. ഡെന്‍പസാറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ടബാനണിലാണ് ടാനാ ലോട്ട് ക്ഷേത്രം. കടലിനകത്ത് വലിയൊരു പാറക്കുന്നില്‍ ഒരു പ്രാചീനക്ഷേത്രം. തിരമാലകളുടെ ശക്തമായ അടിയേറ്റ് പാറകളില്‍ രൂപംകൊണ്ട തനതുശില്പങ്ങള്‍ ഇവിടത്തെ പ്രത്യേകത. വേലിയിറക്കസമയത്ത് തീരത്തുനിന്ന് ക്ഷേത്രത്തിലേക്ക് നടന്നുപോകാം. വേലിയേറ്റസമയത്ത് വഞ്ചിയില്‍ കയറേണ്ടിവരും. 16-ാം നൂറ്റാണ്ടില്‍ ഹിന്ദുപുരോഹിതനും സഞ്ചാരിയുമായ ദങ്യാങ് നിരര്‍ഥയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ചരിത്രം. വരുണഭഗവാനെയാണ് ആരാധിക്കുന്നത്, ഒപ്പം സ്ഥാപകനായ നിരര്‍ഥയെയും. കടല്‍പ്പാമ്പുകള്‍ ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വാസം. പാറക്കെട്ടുകള്‍ക്കടിയിലെ ഗുഹകളിലൊന്നില്‍ ഒരു കടല്‍പ്പാമ്പിനെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്, ഇതിനെ കാണണമെങ്കില്‍ കാവല്‍ക്കാരനായ ബാലിവൃദ്ധന് കാശ് കൊടുക്കണം.

Bali Island 1
ടാനാ ലോട്ട് ക്ഷേത്രം

മധുവിധു ഭൂമിക എന്നാണ് ബാലിയുടെ വിളിപ്പേര്. എവിടെയും യുവമിഥുനങ്ങളായ വിനോദസഞ്ചാരികളെ കാണാം. വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും ഓസ്ട്രേലിയക്കാരാണ്. 60 ശതമാനത്തിലേറെ പേര്‍ അവരെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യക്കാര്‍ പൊതുവേ കുറവ്, ഉള്ളവരിലേറെയും ഉത്തരേന്ത്യക്കാര്‍. ഇടയ്ക്കിടെ ചില തമിഴ്നാട്ടുകാരെയും മലേഷ്യയില്‍നിന്നുള്ള തമിഴരെയും കണ്ടാലായി. ചന്ദ്രനില്‍ പോയാല്‍പോലും മലയാളിയുടെ ചായക്കട എന്ന വചനം ഇവിടെ അത്ര ശരിയായി കണ്ടില്ല. മലയാളികള്‍ ബാലിയില്‍ അപൂര്‍വം. ഒരു മലയാളിയെ കണ്ടെത്താന്‍ ടൂര്‍ഗൈഡിന്റെ സഹാ
യത്തോടെ നടത്തിയ ശ്രമം വിഫലമായി. 


രുചിയുടെ നാട്

നാവില്‍നിന്ന് മായാത്ത രുചി സമ്മാനിക്കുന്ന വിഭവങ്ങള്‍ ബാലിയുടെ സ്വന്തം. എരിവേറിയ വിഭവങ്ങള്‍ താത്പര്യപ്പെടുന്നവര്‍ക്ക് അതാവാം, അല്ലാത്തവര്‍ക്ക് അതിനനുസരിച്ചുള്ളവയുമുണ്ട്. പൊതുവേ മാംസഭക്ഷണശീലക്കാരാണ് ബാലിക്കാര്‍. എന്നാല്‍ ഫലഭൂയിഷ്ടമായ മണ്ണും ഉയര്‍ന്ന മഴലഭ്യതയും പച്ചക്കറിലഭ്യതയില്‍ ബാലിയെ മുന്നില്‍ നിര്‍ത്തുന്നു. അതുകൊണ്ടുതന്നെ സമ്പന്നമായ സസ്യവിഭവനിരയുമുണ്ട്. ബാലിയാത്രയില്‍ രുചിച്ചുനോക്കിയ ചില വിഭവങ്ങള്‍ ഇതാ:

സതായ് - മാംസഭക്ഷണപ്രിയര്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട വിഭവം. നമ്മുടെ ഗ്രില്‍ഡ് ചിക്കന്റെ രീതിയില്‍ വിവിധ ഇറച്ചിക്കഷണങ്ങള്‍ ചെറിയ മുളച്ചീളില്‍ കോര്‍ത്ത് പ്ലേറ്റിനെ അലങ്കരിക്കും. കോഴിയും ആടും മാട്ടിറച്ചിയും പന്നിയിറച്ചിയും മത്സ്യവും മുട്ടയും എന്തിന് ആമയിറച്ചിവരെ ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് സതായ് ആയി തീന്‍മേശയിലെത്തും. മുക്കിക്കഴിക്കാന്‍ ഒപ്പം എരിവാര്‍ന്ന സോസും.

നാസി ആയം - ബാലിയിലെ ഇറച്ചിച്ചോറ്. പച്ചക്കറികള്‍ വേവിക്കാതെയും വേവിച്ചതുമായി ഒരു ലോഭവുമില്ലാതെ ഒപ്പമുണ്ടാകും. കൂടെ സാമ്പാല്‍ എന്ന് പേരുള്ള കറിയും. പേര് നമ്മുടെ സാമ്പാറിനെ അനുസ്മരിപ്പിക്കുമെങ്കിലും അത് പേരില്‍ മാത്രമേയുള്ളൂ, മുളകിന്റെ ഓളമാണ് ഈ കറിയില്‍.

ഗാഡോ ഗാഡോ - സസ്യഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമാണിത്. പ്രത്യേകതരം സാലഡ്. ലെറ്റിയൂസും കാബേജ് ഇലകളും ആവിയില്‍ പുഴുങ്ങിയ കാരറ്റും ഉരുളക്കിഴങ്ങുമൊക്കെ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. കപ്പലണ്ടിസോസും ഒപ്പമുണ്ടാകും. സാദാ ചോറിനൊപ്പം കഴിക്കാം.

നാസി ഗോരംഗ് - ബാലിയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിലൊന്ന്. ഒരു പ്ലേറ്റ് ഫ്രൈഡ് റൈസാണിത്. ഇറച്ചിയും മത്സ്യവും മുട്ടയുമൊക്കെ ചേര്‍ത്തിരിക്കും. സസ്യഭുക്കുകള്‍ക്കാണെങ്കില്‍ പച്ചക്കറി ചേര്‍ത്തായിരിക്കും തയ്യാറാക്കുന്നത്.

Content Highlights: Bali Travelogue, Temples in Bali, Bali Foods, Bali Tourism, Indonesian Tourism