സ്‌കൂള്‍ കാലത്തെപ്പോഴോ മനസ്സില്‍ കയറിക്കൂടിയതാണ് പ്രാചീന ഗ്രീക്ക് സംസ്‌കാരവിശേഷങ്ങളും ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ആതന്‍സ് എന്ന ഗ്രീസിന്റെ തലസ്ഥാനനഗരവും. സാമൂഹിക പാഠപുസ്തകത്തില്‍നിന്ന് വെട്ടിയെടുത്ത അക്രൊപൊളിസ് എന്ന പുരാതന കോട്ടകൊത്തളത്തിന്റെ ചിത്രം കുറേക്കാലം കൂടി ഡയറിക്കുള്ളില്‍ ഇരുന്നിരുന്നു. 

Athens 1
പാര്‍ലമെന്റ്‌

കൊച്ചിയില്‍നിന്ന് ഫ്‌ളൈറ്റ് കയറി ഏകദേശം പന്ത്രണ്ട് മണിക്കൂറിനുശേഷം ആതന്‍സിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ATH) ചെന്നിറങ്ങുമ്പോള്‍ സമയം ഉച്ചകഴിഞ്ഞിരുന്നു. മുന്‍പ്രധാനമന്ത്രിയായ എലിഫ്ത്തീരിയസ് വെനിസിലോസിന്റെ (Eleftherios Venizelos) പേരിലുള്ള എയര്‍പോര്‍ട്ടിന്റെ ടെര്‍മിനലിലെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍നിന്ന് സൗജന്യ സിറ്റിമാപ്പും മറ്റു അവശ്യവിവരങ്ങളും ശേഖരിച്ച് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അവിടെ നിന്നിരുന്ന ആള്‍ എയര്‍പോര്‍ട്ടിനുള്ളിലെ മ്യൂസിയം കണ്ടിരുന്നോ എന്ന് ചോദിച്ചത്. പ്രധാന ടെര്‍മിനലിലെ മൂന്നാംനമ്പര്‍ പ്രവേശനകവാടത്തിനടുത്തായി വിപുലമായി ഒരുക്കിയിരിക്കുന്ന പുരാവസ്തുമ്യൂസിയത്തിലെ പല പ്രദര്‍ശനവസ്തുക്കളും എയര്‍പോര്‍ട്ടിന്റെ നിര്‍മാണവേളയില്‍ കണ്ടെടുത്തവയാണത്രെ.

Athens 2
 
മൂന്നുദിവസത്തേക്കുള്ള താമസം മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത് ആതന്‍സിലെ പ്രധാന ചത്വരങ്ങളില്‍ ഒന്നായ സിന്ധ്ടാഗ്മ (Syntagma) സ്‌ക്വയറിനടുത്തൊരു ബജറ്റ് ഹോട്ടലിലാണ്. ഒറ്റയ്ക്കുള്ള യാത്രകളില്‍ സുരക്ഷിതമെന്ന് ഉറപ്പുള്ളതും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലേക്ക് വാഹനസൗകര്യമുള്ളതുമായ താമസസ്ഥലങ്ങള്‍ ആണ് കഴിവതും തിരഞ്ഞെടുക്കാറുള്ളത്. എയര്‍പോര്‍ട്ടില്‍നിന്നും ഭൂഗര്‍ഭമെട്രോയില്‍ (Metro Line 3) സിന്ധ്ടാഗ്മ സ്റ്റേഷനിലേക്ക് ഏകദേശം 45 മിനിറ്റ് യാത്രയുണ്ട്. സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് കടന്നപ്പോള്‍ ആദ്യം തന്നെ കണ്ണില്‍പ്പെട്ടത് Jesus please save Greece എന്ന മുദ്രവാക്യപ്പലക പിടിച്ചുനിന്നിരുന്ന ഒരല്പം പ്രായമായ മനുഷ്യനാണ്. സാമ്പത്തികപ്രതിസന്ധിയില്‍നിന്നും രാജ്യം പതിയെ കരകയറുന്നതേയുള്ളുവെങ്കിലും കാര്യങ്ങള്‍ ശരിയായിവരുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും ജനങ്ങള്‍ക്കിടയില്‍ പ്രകടമാണ്. പ്രതിസന്ധിക്കാലത്ത് ഓസ്ട്രേലിയയിലേക്കും ജര്‍മനിയിലേക്കും മറ്റും കുടിയേറിയ പലരും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണെന്ന് ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആന്‍ഡ്രിയാന പറയുന്നുണ്ടായിരുന്നു. പിന്നീട് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു രസകരമായ കാര്യം ചിത്രലിപിപോലെ മനോഹരമാണെങ്കിലും ഗ്രീക്കുഭാഷയില്‍ എഴുതിയിരിക്കുന്നതൊന്നും വായിക്കുകപോയിട്ട് ഊഹിച്ചെടുക്കാന്‍പോലും പറ്റുന്നില്ല. സ്ഥലത്തിന്റെയും കടകളുടെയും മറ്റും പേരുകള്‍ മിക്കവാറുമൊക്കെ ഇംഗ്ലീഷില്‍കൂടി എഴുതിയിട്ടുണ്ടെന്നതിനാല്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

Athens 3
ആതന്‍സ് നഗരം

ഏതുനേരവും ആളുകളൊത്തുകൂടുന്ന ആതന്‍സിന്റെ മുഖ്യവാണിജ്യ, സാമൂഹിക, രാഷ്ട്രീയകേന്ദ്രമാണ് സിന്ധ്ടാഗ്മ സ്‌ക്വയര്‍. തൊട്ടടുത്തായുള്ള പാര്‍ലമെന്റ് മന്ദിരം പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇവിടുത്തെ പ്രധാന ആകര്‍ഷണം എല്ലാ ഒരോ മണിക്കൂറിലും നടക്കുന്ന എവ്സെന്‍സ് (Evzones) എന്നറിയപ്പെടുന്ന പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകളുടെ ചേഞ്ചിങ് ഓഫ് ദ ഗാര്‍ഡ് ചടങ്ങാണ്. മന്ദിരത്തിന്റെ വലതുഭാഗത്തായാണ് 38 ഏക്കറോളം പരന്നുകിടക്കുന്ന മനോഹരമായ ദേശീയോദ്യാനം. ബ്രിട്ടീഷ് കവിയും രാഷ്ട്രീയക്കാരനുമായ ലോര്‍ഡ് ബൈറോന്റെയും (Lord Byron) ഗ്രീക്ക് ആരാധ്യപുരുഷനായ ഇയോനീസ് വര്‍വകിസിന്റെയും (Ioannis Varvakis) പൂര്‍ണകായ പ്രതിമകളും പനമരങ്ങളും ചെറിയകുളങ്ങളും ഒക്കെയുള്ള ഉദ്യാനത്തിന്റെ ഒരുവശത്താണ്. ആധുനിക ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ ചെയ്ത സാപ്പാസ് സഹോദരന്മാര്‍ 1878-ല്‍ പണികഴിപ്പിച്ച സാപ്പിയന്‍ (Zappion) എന്ന് വിളിക്കപ്പെടുന്ന എക്സിബിഷന്‍ ഹാള്‍. സാപ്പിയണില്‍നിന്ന് റോഡ് മുറിച്ചുകടന്നാല്‍ മുഴുവനായും മാര്‍ബിളില്‍ത്തീര്‍ത്ത പനാത്തിനയ്ക്ക (Panathenaic) ഒളിമ്പിക് സ്റ്റേഡിയത്തിലെത്താം. സ്റ്റേഡിയം ആദ്യമായി പണികഴിപ്പിച്ചത് 330 ബി.സി.യില്‍ ആണത്രേ. സ്റ്റേഡിയം നടന്നുകണ്ടുകഴിഞ്ഞപ്പോഴേക്കും ക്ഷീണം തോന്നിത്തുടങ്ങിയിരുന്നെങ്കിലും ഒളിമ്പ്യന്‍ സിയൂസിന്റെ മന്ദിരവും (emple of Olympian Zeus) ഹദ്രിയന്റെ കമാനവും (Arch of Hadrian) കൂടി കാണാനുണ്ടായിരുന്നതിനാല്‍ അവിടെനിന്നും വേഗം ഇറങ്ങി. ഏതാണ്ട് 750 മീറ്റര്‍ അകലെമാത്രമാണ്. ഹദ്രിയന്‍ ചക്രവര്‍ത്തി 131 എ.ഡി.യില്‍ പണിത ഒളിമ്പ്യന്‍ സിയൂസിന്റെ മന്ദിരത്തിന്റെ ശേഷിപ്പുകളായ പതിനഞ്ച് നെടുകൂറ്റന്‍ തൂണുകളും 132 എ.ഡി.യില്‍ പണിത ബൃഹത്തായ ഹദ്രിയന്റെ കമാനവും. പ്രവേശനസമയം വിന്ററില്‍ വൈകീട്ട് മൂന്നുമണിവരെയേയുള്ളുവെങ്കില്‍ വേനല്‍ക്കാലത്ത് ഏഴരവരെയാണ്. ഹോട്ടലിലേക്കുള്ള മടക്കയാത്രയില്‍ കണ്ടൊരു ഭക്ഷണശാലയില്‍നിന്ന് വൈനും ചിക്കന്‍ ഒര്‍സോയും കഴിച്ച് പോരുമ്പോള്‍ സിന്ധ്ടാഗ്മ സ്‌ക്വയര്‍ രാത്രിഭംഗികളിലേക്ക് ഉണര്‍ന്നുതുടങ്ങിയിരുന്നു.

Athens 4

പിറ്റേന്ന് രാവിലെ പ്രാതലിനുശേഷം എട്ട് മണിയോടുകൂടി അക്രൊപൊളിസ് കാണാനിറങ്ങി. മെട്രോയില്‍ (Line 2) അക്രൊപൊളിസ് സ്റ്റേഷനില്‍ ഇറങ്ങി കുറച്ച് മുന്നോട്ട് നടന്നപ്പോള്‍ത്തന്നെ ചെങ്കുത്തായ മലയുടെ മുകളില്‍ നീലാകാശത്തെ തൊട്ടുനില്‍ക്കുന്ന പുരാതനനഗരാവശിഷ്ടങ്ങള്‍ കണ്ടുതുടങ്ങി. കാണാനും അറിയാനും ഒരുപാടാഗ്രഹിച്ച ചരിത്രനഗരി ഏതാനുംവാരമാത്രം അകലയാണല്ലോഎന്ന കൗതുകത്തോടെയാണ് പ്രവേശനകവാടത്തിലെ കൗണ്ടറിലെ നീണ്ട ക്യൂവില്‍നിന്ന് ടിക്കറ്റ് എടുത്തത്. അക്രൊപൊളിസ് മാത്രം കാണുന്നതിനുള്ള ടിക്കറ്റിന് ഏകദേശം 1600 രൂപയും മറ്റ് ആറ് ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍കൂടി കാണുന്നതിനുള്ള സംയുക്തടിക്കറ്റിന് 2400 രൂപയുമാണ് വില. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അക്രൊപൊളിസ് സമുച്ചയത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുകളിലേക്കുള്ള കയറ്റത്തില്‍ ആദ്യമെത്തുക ലോകത്തിലെതന്നെ ആദ്യത്തെ തിയേറ്റര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡയണിഷ്യസ് തീയേറ്ററിലാണ് (Theater of Dionysus). ഒന്‍പത് ഘട്ടങ്ങളായി പണിതീര്‍ത്ത അര്‍ധവൃത്താകൃതിയിലുള്ള തിയേറ്ററില്‍ പതിനേഴായിരം ആളുകള്‍ക്കുവരെ ഇരിക്കാമായിരുന്നത്രെ.

Theater of Dionysus
ഹെറോഡിയോണ്‍

വീണ്ടും മുകളിലേക്ക് കയറുമ്പോള്‍ എത്തുന്നത് തദ്ദേശവാസികള്‍ക്കിടയില്‍ ഹെറോഡിയോണ്‍ (Odeon of Herodes Atticus) എന്നറിയപ്പെടുന്ന അക്രൊപൊളിസ് കുന്നിന്റെ കിഴക്കുപടിഞ്ഞാറെചരിവിലുള്ള ആംഫി തിയേറ്ററിന് മുകള്‍ത്തട്ടിലാണ്. എ.ഡി. 160-നും എ.ഡി. 174-നും ഇടയില്‍ റോമന്‍വാസ്തുശൈലിയില്‍ പണിത ഹെറോഡിയോണില്‍ ഇപ്പോഴും സംഗീത-നൃത്ത-നാടകോത്സവങ്ങള്‍ നടത്തപ്പെടുന്നുണ്ട്. കയറ്റം അവസാനിക്കുന്നത് പ്രൊപ്പീലിയാ (Propylaea) എന്ന ഭീമാകാരമായ കവാടത്തിലാണ്. വഴുക്കലുള്ള മാര്‍ബിള്‍തറയിലൂടെ വരിവരിയായി കയറുമ്പോള്‍ പലരും തെന്നിവീഴാതിരിക്കാന്‍ പരസ്പരം കൈപിടിക്കുന്നുണ്ടായിരുന്നു. ഒട്ടുംപ്രതീക്ഷിക്കാതെ ഹിന്ദികേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു ഇന്ത്യന്‍കുടുംബമാണ്. കുട്ടികള്‍ രണ്ടുപേരും കയറ്റംകയറി മുകളിലെത്തിയതിന്റെ ആവേശത്തിലാണെങ്കിലും ഇടിഞ്ഞുവീഴാറായ ഈ പഴയ ബില്‍ഡിങ്ങുകള്‍ കാണാനാണോ നമ്മള്‍ വന്നതെന്നും ദാഹിക്കുന്നുവെന്നും എപ്പോഴാണ് തിരിച്ചിറങ്ങുന്നതെന്നും ഒക്കെ ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

Athens 6
ദേശീയോദ്യാനം


 കുന്നിനു മുകളിലാണ് ആതന്‍സിന്റെ നഗരദേവതയായ അഥീനയുടെ കൂറ്റന്‍ പാര്‍ഥിനോണ്‍ദേവാലയം (Parthenon). ഇതുകൂടാതെ, അഥീനയുടെയും (Altar of Athena Polias) അഗസ്റ്റസിന്റെയും യജ്ഞവേദികള്‍ (Augustus Altar), സിയുസ് പോളിയസിന്റെ(Zeus Polieus) സാങ്ച്വറി, വടക്കുഭാഗത്തായി ഇറക്തിയോണ്‍ (Erechtheion) ദേവാലയം, അഥീന നൈക്ക് ദേവതയുടെ ദേവാലയം (Temple of Athena Nike) എന്നിവയുടെ അവശേഷിപ്പുകളും ഏതാണ്ട് ഏഴ് ഏക്കറുകളിലായി പരന്നുകിടക്കുന്നു. മുകളില്‍നിന്ന് കാണുന്ന ആതന്‍സ് നഗരത്തിന്റെ വിശാലദൃശ്യം ക്യാമറയിലാക്കുന്നവരുടെ തിക്കും തിരക്കുമാണെങ്ങും. സോളോയാത്രകളുടെ ഒരു വലിയപോരായ്മ നമ്മുടെ ഫോട്ടോകളെടുക്കാന്‍ സെല്‍ഫിസ്റ്റിക്കിനെ ആശ്രയിക്കണമെന്നുള്ളതാണ്. കുന്നിറങ്ങി നേരെ പോയത് അക്രൊപൊളിസ് മ്യൂസിയത്തിലേക്കാണ്. വിശന്നുതുടങ്ങിയിരുന്നതിനാല്‍ ഏകദേശം 400 രൂപയുടെ പ്രവേശനടിക്കറ്റ് എടുത്തശേഷം മ്യൂസിയത്തിന്റെ രണ്ടാം നിലയിലുള്ള ലഘുഭക്ഷണശാലയില്‍നിന്ന് ഒരു എഗ്ഗ്പ്ലാന്റ് പാസ്ത സാലഡും ഗ്രീക്ക് കോഫിയും കുടിച്ച് പ്രദര്‍ശനം കാണാന്‍ കയറി. അവിടെവച്ച് പരിചയപ്പെട്ട രണ്ട് അമേരിക്കന്‍ വിദ്യാര്‍ഥികളായിരുന്നു കൂട്ട്. 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച മ്യൂസിയത്തില്‍ മൂന്ന് നിലകളിലായിട്ടാണ് പുരാതന-മധ്യകാലഘട്ടത്തിലെ പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ ഭൂനിരപ്പിലുള്ള നിലയുടെ ഗ്ലാസ് തറയിലൂടെ താഴേയ്ക്കുനോക്കിയാല്‍ ആ പ്രദേശത്ത് നടത്തിയ പുരാവസ്തുഖനനത്തിന്റെ ബാക്കിപത്രങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നത് കാണാം. ഇന്ത്യയില്‍ കാണാറുള്ളതുപോലെ അവിടെയുണ്ടായിരുന്ന ഒരു കുളത്തിന്റെ അവശേഷിപ്പുകളിലേക്ക് ആളുകള്‍ നാണയം വലിച്ചെറിയുന്നുണ്ടായിരുന്നു. ഒരു യൂറോ എറിഞ്ഞാല്‍ അത് 83 രൂപ എറിഞ്ഞതുപോലെയാകുമല്ലോ എന്നോര്‍ത്തപ്പോള്‍ ആ രസം വേണ്ടന്ന തീരുമാനത്തില്‍ പെട്ടന്നുതന്നെയെത്തി.

Athens 7

രാവിലെത്തുടങ്ങിയ നടപ്പായതിനാല്‍ ഒരല്‍പ്പം മടുപ്പുതോന്നി തുടങ്ങിയിരുന്നെങ്കിലും ഇനിയും കാണാനുള്ള കാഴ്ചകള്‍ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു. നമ്മുടെയൊക്കെ എല്ലായാത്രകളിലും 'ഇന്നിത്രയും മതി' എന്നുതോന്നുന്ന നിമിഷങ്ങള്‍ ഉണ്ടാവുമല്ലോ! ആ തോന്നലിനെ കവച്ചുവെച്ച് മുന്നോട്ടുപോകുമ്പോള്‍ എത്തിപ്പെടുക അപ്രതീക്ഷിതസന്തോഷങ്ങളിലേക്കാവും എന്നാണ് മുന്നനുഭവങ്ങള്‍. ആ ഒരു പ്രതീക്ഷയുടെ അറ്റത്തുപിടിച്ച് എത്തിപ്പെട്ടത് പ്ലാക്ക (Plaka) എന്ന ആതന്‍സിന്റെ ഏറ്റവും മനോഹരമായ ഇടത്താണ്. ബൊഗെയ്ന്‍വില്ല ചെടികള്‍ അതിരിട്ട ഇടുങ്ങിയ പൊതുവഴികള്‍ക്കിരുവശവും തിങ്ങിനിറഞ്ഞ് ഭംഗിയുള്ള പൊക്കം കുറഞ്ഞ എടുപ്പുകളോടുകൂടിയ വീടുകളും അവിടവിടെയായി ഭക്ഷണശാലകളും. എല്ലായിടവും ഒരുപോലെ തോന്നിക്കുന്ന കരിങ്കല്‍പാകിയ ആവഴികളില്‍ എവിടെനിന്നുനോക്കിയാലും കുന്നിനുമുകളിലെ ചരിത്രനഗരത്തിന്റെ ശേഷിപ്പുകള്‍ കാണാം. മിക്കയിടങ്ങളിലും വാഹനങ്ങള്‍ക്ക് നിരോധനം ഉണ്ടെന്നതിനാല്‍ സാവധാനം നടന്ന് കാഴ്ചകള്‍ കാണാനും രസകരമായ സുവനീറുകള്‍ വില്‍ക്കുന്ന കടകളില്‍കയറി പോസ്റ്റ്കാര്‍ഡുകളോ മറ്റ് ഗിഫ്റ്റുകളോ ഒക്കെ വാങ്ങാനും കഴിയുമെന്നതാണ് ഏറ്റവും വലിയ സൗകര്യം. 

Athens 8

പ്ലാക്കയില്‍ നിന്ന് ഇടുങ്ങിയ കല്‍പ്പടവുകളിലൂടെ മുകളിലേക്ക് നടന്നുകയറിയാല്‍ അക്രൊപൊളിസ് കുന്നിന്റെ തൊട്ടുതാഴ്വരയിലുള്ള, കാഴ്ചയില്‍ ഗ്രീക്ക് ദ്വീപുകള്‍ക്ക് സമാനമായ, അനഫയോട്ടിക്ക (Anafiotika) എന്ന സ്ഥലത്തെത്താം. ഇവിടത്തെ ആദ്യകാല നിവാസികള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആതന്‍സിന്റെ പുനര്‍നിര്‍മാണത്തിനായി അനാഫി എന്ന ദ്വീപില്‍ നിന്ന് വന്ന കല്‍പ്പണിക്കാരായിരുന്നു. ഗ്രീക്ക് ദ്വീപസമൂഹമായ സൈക്ലാഡസിലെ (Cyclades)തനതായ വാസ്തുശൈലിയില്‍ പണിതവീടുകളില്‍ സ്ഥിരതാമസമാക്കിയ അവരാണത്രെ ഈ സ്ഥലത്തിന് അനഫയോട്ടിക്ക എന്നപേരിട്ടത്. തൂവെള്ളച്ചുവരുകളും കടുംനീലജനാലകളുമുള്ള അനഫയോട്ടിക്കയിലെ വീടുകളെല്ലാം വലുപ്പം കുറവുള്ളതും തൊട്ടുതൊട്ടിരിക്കുന്നവയുമാണ്. ഇടുങ്ങിയവെള്ളപൂശിയ പടിക്കെട്ടുകള്‍ വൃത്തിയുള്ളതും ചിലപ്പോഴൊക്കെ വീടുകളുടെ ടെറസുകളില്‍ ചെന്നവസാനിക്കുന്നവയുമാണ്. പടികളിലും ബൊഗെയ്ന്‍വില്ല തണലുകളിലുമൊക്കെ വിശ്രമിച്ചിരുന്ന സുന്ദരന്മാരും സുന്ദരികളുമായ കൊഴുത്തുരുണ്ട പൂച്ചകളില്‍ ചിലരൊക്കെ ഒട്ടൊരു മടിയോടെയാണെങ്കിലും ക്യാമറയ്ക്ക് പോസുചെയ്യുകയും അതുകഴിഞ്ഞ് കണ്ണുകളടച്ച് ഉറക്കം നടിക്കുകയും ചെയ്തു. അനഫയോട്ടിക്കയില്‍ നിന്ന് തിരിച്ചിറങ്ങിയത് സൗന്ദര്യ/കലാപരമായ ചിത്രങ്ങള്‍ മുതല്‍ രാഷ്ട്രീയസ്വഭാവമുള്ള ചിത്രങ്ങളും ചുവരെഴുത്തുകളുംകൊണ്ട് നിറഞ്ഞ ഊടുവഴികളിലൂടെയാണ്. റോമന്‍കാലഘട്ടത്തിലെ വാണിജ്യ-രാഷ്ട്രീയ കേന്ദ്രമായ ആഗോറയും അതിന്റെ പടുകൂറ്റന്‍ പ്രവേശനകവാടത്തിന്റെ അവശിഷ്ടങ്ങളും ക്ലോക്ക് ടവറും തൊട്ടടുത്തുതന്നെയുള്ള പതിനേഴാം നൂറ്റാണ്ടിലെ ഓട്ടോമന്‍പള്ളിയും (Fethiye Mosque), ഹാദ്രിയാന്‍ ചക്രവര്‍ത്തിയുടെ ഗ്രന്ഥപ്പുരയും കൂടിക്കണ്ട് നേരെ മൊണാസ്തിരാക്കിയിലേക്ക് (Monastiraki) നടന്നു. പലപ്പോഴും ഗൂഗിള്‍മാപ് പണിമുടക്കിയതുകൊണ്ട് സാഗര്‍ കോട്ടപ്പുറം പറഞ്ഞതുപോലെ 'ചോദിച്ച് ചോദിച്ച്' പോകേണ്ടിവന്നു.

Athens 9

വഴിയില്‍ ആതന്‍സ് യൂണിവേഴ്‌സിറ്റിയുടെ ചരിത്രമ്യൂസിയം കണ്ടെങ്കിലും സമയം വൈകുമെന്നതിനാല്‍ കയറിയില്ല. ഈ പ്രദേശത്തുത്തന്നെയാണ് ഗ്രീക്ക് പരമ്പരാഗത വാദ്യോപകരണങ്ങളുടെയും, നാടന്‍കലകളുടെയും, മണ്‍പാത്ര നിര്‍മാണകലയുടെയും മ്യൂസിയങ്ങള്‍. ഇതിനിടയില്‍ പേരുകൊണ്ട് ആകര്‍ഷകമായ സോര്‍ബാസ് (Zorbas, the Greek) എന്ന റെസ്റ്റോറന്റ് കണ്ടപ്പോള്‍ അതുവരെ മറന്നിരുന്ന വിശപ്പും ദാഹവുമൊക്കെ ഓടിവന്നു. ലഘുഭക്ഷണവും പുതിനയിട്ടൊരു നാരങ്ങാവെള്ളവും അവിടത്തെ ടേപ്പ്റെക്കോഡറില്‍ വെച്ചിരുന്ന പതിഞ്ഞസംഗീതവും കൂടിയായപ്പോള്‍ വീണ്ടും ഉഷാറായി.
തുണിത്തരങ്ങള്‍, ആന്റിക്ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍, ലെതര്‍ഉല്‍പ്പന്നങ്ങള്‍, കറിക്കൂട്ടുകള്‍, പഴം-പച്ചക്കറികള്‍ അങ്ങനെയെല്ലാം വില്‍ക്കുന്ന ആതന്‍സിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളില്‍ ഒന്നാണ് മൊണാസ്തിരാക്കി ഗ്രാന്‍ഡ് മാര്‍ക്കറ്റ്. ഞായറാഴ്ചകളില്‍ നടക്കുന്ന ആഴ്ചച്ചന്ത വിദേശീയരുടെയും തദ്ദേശീയരുടെയും ഒരുപോലെയുള്ള സാന്നിധ്യംകൊണ്ട് പ്രസിദ്ധിയാര്‍ജിച്ചതാണ്. വീണ്ടും നടക്കാന്‍ മടിതോന്നിയതുകൊണ്ട് അടുത്തുപോകേണ്ടസ്ഥലമായ കേരമൈകോസിലേക്ക് (Kerameikos) മൊണാസ്തിരാക്കിയില്‍നിന്നും മെട്രോയിലാണ് പോയത്. തിസിയോ സ്റ്റേഷനില്‍ (Thiseio) ഇറങ്ങി ഹെഫാസ്റ്റിയോണ്‍ (Temple of Hephaisteion) എന്ന 450 ബി.സി.യില്‍ പണികഴിപ്പിച്ച ഗ്രീക്ക്‌ദേവാലയവും തൊട്ടടുത്തുത്തന്നെയുള്ള മറ്റൊരു പുരാതനഗ്രീക്ക് അഗോറയും കൂടിക്കണ്ട് കേരമൈകോസിലേക്ക് നടന്നു.

Athens 10

തിസിയോയില്‍നിന്ന് ഏതാണ്ട് അരകിലോമീറ്റര്‍ ദൂരമുണ്ട് കേരമൈകോസിലേക്ക്. വീഞ്ഞിന്റെ ദേവനായ ഡയനീഷ്യസിന്റെ (Dionysios) പുത്രനായ കേരമോസിന്റെ (Keramos) പേരില്‍ അറിയപ്പെടുന്ന ഈ സ്ഥലം ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ശ്മശാനമായി ഉപയോഗിക്കുന്നതാണ്. ഇവിടന്ന് ഖനനംചെയ്തെടുത്ത പല സ്മാരകശിലകളും ദേശീയ പുരാവസ്തുമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് അടുത്തായി ഒരു ജൂതപ്പള്ളിയും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന തുര്‍ക്കിഷ് ഹാമാമും (കുളിപ്പുര) ഉണ്ട്. അന്നത്തെ കറക്കം മതിയാക്കി കേരമൈകോസ് മെട്രോസ്റ്റേഷനില്‍ നിന്നും സിന്ധ്ടാഗ്മ സ്റ്റേഷനില്‍ ഇറങ്ങി അത്താഴവും കഴിച്ച് ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയതും കിടന്നതും മാത്രമേ ഓര്‍മയുള്ളൂ. നീണ്ടൊരു ദിവസത്തിന്റെ തളര്‍ച്ചയില്‍ ഉറക്കത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍, കണ്ടകാഴ്ചകള്‍ ഒരു ചിത്രദര്‍ശിനിക്കുഴലിലെന്നപോലെ മാറിമറിഞ്ഞു പോകുന്നുണ്ടായിരുന്നു.

Athens 11

രാവിലെ ബ്രെഡും ബട്ടറും മുട്ടയും ഒലീവും ഒക്കെയടങ്ങിയ പ്രാതല്‍കഴിച്ച് ഇറങ്ങിയത് ഉദ്ദേശിച്ചതിലും അല്പം താമസിച്ചാണ്. സിന്ധ്ടാഗ്മയില്‍നിന്നും മെട്രോയില്‍ തൊട്ടടുത്ത സ്റ്റോപ്പായ ഇവാന്‍ജെലിസ്‌മോസില്‍ (Evangelismos) ഇറങ്ങിയത് ആതന്‍സിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ലിക്കബെറ്റസിലേക്കായാണ് (Lycabettus Hill). സമുദ്രനിരപ്പില്‍ നിന്നും 277 മീറ്റര്‍ ഉയരത്തിലുള്ള ഈ മലയിലേക്ക് നടന്നുകയറുക എന്നത് സഹനശക്തിശക്തിയെ പരീക്ഷിക്കലായി തോന്നിയതുകൊണ്ട് മെട്രോസ്റ്റേഷന് അടുത്തുള്ള അരിസ്റ്റിപ്പോ (Aristippou) തെരുവില്‍നിന്ന് എല്ലാ അരമണിക്കൂറിലും വരുന്ന കേബിള്‍കാറില്‍ കയറുകയാണ് ചെയ്തത്. ഏഴ് യൂറോയുടെ ടിക്കറ്റ് എടുത്താല്‍ മുകളിലേക്കും താഴേക്കുമുള്ള യാത്രചെയ്യാം. ആതന്‍സ് നഗരത്തന്റെ വിശാലവും പരിപൂര്‍ണവുമായ കാഴ്ച ലിക്കബെറ്റസില്‍ നിന്നുള്ളതാണ്. കുന്നിന്റെ നെറുകയില്‍ നിന്നുകണ്ട അക്രൊപൊളിസിന്റെ വിദൂരദൃശ്യം പഴയഡയറിത്താളില്‍ സൂക്ഷിച്ച ചിത്രത്തെ ഓര്‍മിപ്പിച്ചു. അങ്ങുദൂരെ നഗരത്തിനതിരിടുന്ന ഏഗന്‍കടലും കാണാന്‍പറ്റുന്നുണ്ടായിരുന്നു. കുന്നിന്‍പുറത്തെ മറ്റ് ആകര്‍ഷണങ്ങള്‍ സെയ്ന്റ് ജോര്‍ജിന്റെയും സെയ്ന്റ് ഇസിടോറസിന്റെയും പള്ളികളാണ്. അതിനടുത്തായി ഒരു റെസ്റ്റോറന്റും കഫേയും. കുറച്ചുനേരം കൂടി ഫോട്ടോകള്‍ എടുത്തും ലഘുഭക്ഷണമൊക്കെ കഴിച്ചും അവിടൊക്കെ കറങ്ങി നടന്നതിനുശേഷം തിരികെവീണ്ടും അരിസ്റ്റിപ്പോ തെരുവില്‍ വന്നിറങ്ങി.

Athens 12

ആതന്‍സിലെ വരേണ്യഷോപ്പിങ് മേഖലയായ കൊളോനാക്കിയിലെ (Kolonaki) ആഡംബരകടകളും അന്റൊണീസ് ബെനാകിസ് (Antonis Benakis) എന്ന രാഷ്ട്രീയക്കാരന്‍ തന്റെ പിതാവായ ഇമ്മാനുവേല്‍ ബെനാകിസിന്റെ പേരില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം സ്ഥാപിച്ച ബെനാകി (Benaki) മ്യൂസിയവും നടന്നുകണ്ട് എത്തിയത് ദേശീയപുരാവസ്തു മ്യൂസിയത്തിലേക്കാണ്. ഗ്രീസിലെതന്നെ ഏറ്റവും വലിയ മ്യൂസിയമായ ഇവിടെ ഗ്രീക്ക്‌സംസ്‌കാരസംബന്ധിയായ പതിനായിരത്തിലധികം പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ ഏഴുദിവസവും രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് പ്രവര്‍ത്തനസമയമെങ്കിലും തിങ്കളാഴ്ച മാത്രം ഉച്ചക്ക് ഒരു മണി മുതലാണ് പ്രവേശനം. ഏതാണ്ടൊരു അഞ്ച് അഞ്ചര മണിയായപ്പോഴേക്കും മ്യൂസിയത്തില്‍ നിന്നിറങ്ങി മെട്രോയില്‍ താമസസ്ഥലത്തെത്തി സാധനങ്ങള്‍ ഒക്കെ അടുക്കിവെച്ചതിനുശേഷം വീണ്ടും സിന്ധ്ടാഗ്മ സ്‌ക്വയറിലേക്കെത്തി. അവശേഷിച്ചരാത്രി ചരിത്രം കൂടുകൂട്ടിയ എഥീനിയന്‍ നഗരത്തിലെ അരണ്ടവെളിച്ചത്തില്‍ കണ്ട നിഴല്‍രൂപങ്ങള്‍ക്കൊപ്പം ചെലവിടുമ്പോള്‍ മനസ്സുകൊണ്ട് പറഞ്ഞു, ഓര്‍മകള്‍ പെറുക്കിക്കൂട്ടി അടുത്ത വരവ് വരേയ്ക്കും പ്രിയനഗരമേ വിട!

Athens
 

Named after the Greek goddess Athena, Athens is the capital and the largest city of Greece. It is also one of the oldest cities in the world. Present-day Athens is a bustling modern city with a robust tourism industry and trade. 

Best season: The best times to visit Athens are between March and May and from September to November. Athens has Mediterranean weather with hot and dry summers (June-August) and mild winters with light rains. Winter months of December and January experiences low temperatures and snowfall in the northern suburbs of Athens.
 

Getting there:

By Air: Athens International Airport 'Eleftherios Venizelos' (ATH) is the main airport located in Spata at a distance of 27 km from Athens city centre..
By Rail: Athens is also well connected by rail to major European cities like Belgrade, Istanbul, Budapest, Sofia, Bucharest etc. The most convenient way to commute in Athens is by its underground Attiko Metro that runs the Red, Blue, and Green lines covering the entire urban area. Many of the metro stations have permanent archaeological exhibitions showcasing artefacts that were unearthed during the metro construction. Faster way to get to the suburbs is by the local train networks that connect to the Metro lines at Larisis, Doukissis Plakentias and Nerantziotissa stations.. 
By Road: Local bus networks are another way to explore the city. The blue buses and yellow trolley buses run by the Ethel or Thermal Bus Company cover the entire city and suburbs of Athens. There are many taxi networks as well as private bike rental services in Athens and most of them are reliable. Uber service is also available in Athens.

Useful link: www.visitgreece.gr

Content Highlights: Athens Travel, Eleftherios Venizelos, Syntagma Square, Lycabettus Hill