നവംബര്‍ 17

മലേഷ്യയിലേക്കൊരു യാത്ര തരപ്പെട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് സഞ്ചാരസാഹിത്യ കുലപതിയായ എസ്.കെ. പൊറ്റെക്കാട്ടിനെയാണ്. അദ്ദേഹത്തിന്റെ 'മലയാനാടുകളില്‍' ഒന്നുകൂടി എടുത്ത് വായിച്ചതും ഒരു മുന്നൊരുക്കമായിരുന്നു. കപ്പലില്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് മലേഷ്യയിലെത്തിയതും അവിടത്തെ ചരിത്ര വര്‍ത്തമാനങ്ങളിലൂടെ സഞ്ചരിച്ചതും യാത്രാവേശത്തെ ജ്വലിപ്പിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അപഗ്രഥനങ്ങളും എത്ര ശരിയാണെന്നും ഈ യാത്രയില്‍ ബോധ്യമായി. 
 
ടൂറിസം മലേഷ്യയുടെ മെഗാ ഫെമിലറൈസേഷന്‍ പ്രോഗ്രാം, അഥവാ മലേഷ്യയെ വിദേശമാധ്യമങ്ങള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പരിചയപ്പെടുത്തുന്ന വിപുലമായ ചടങ്ങ്. അതിന്റെ ഭാഗമായിരുന്നു യാത്ര.
 
ആതിഥേയത്വത്തിന് പേരുകേട്ടവരാണ് മലേഷ്യക്കാര്‍. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്നുതന്നെ അത് മനസ്സിലാവും. രാത്രി 12.50-ന് കൊച്ചിയില്‍നിന്നാണ് യാത്ര തുടങ്ങിയത്. കോലാലംപൂരിലെത്തുമ്പോള്‍ പിറ്റേന്നു കാലത്ത് 7.30. ഏഴുമണിക്കൂര്‍ എന്ന് തെറ്റിദ്ധരിക്കേണ്ട. മലേഷ്യന്‍ സമയം നമ്മുടെതിനെക്കാള്‍ മുന്നോട്ടായതിനാലുള്ള സമയത്തിന്റെയും വേഗത്തിന്റെയും ഒരു കളിയാണത്. ഫലത്തില്‍ നമുക്ക് രണ്ടരമണിക്കൂര്‍ നഷ്ടമായെന്നു പറഞ്ഞാല്‍മതി. 
 
കോലാലംപൂര്‍, മുകളില്‍നിന്നു നോക്കുമ്പോള്‍ നഗരത്തില്‍ സംഗമിക്കുന്ന രണ്ട് നദികള്‍ നാടപോലെ കിടക്കുന്നതിനിടയില്‍  എണ്ണപ്പനത്തോട്ടങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും വൃത്തിയും വെടിപ്പുമുള്ള റോഡുകളുമെല്ലാം ചേര്‍ന്നൊരു ചിത്രപടം. വിമാനമിറങ്ങി. പുറത്ത് ടൂറിസം മലേഷ്യയുടെ ഗൈഡ് ലിസ കാത്തിരിപ്പുണ്ടായിരുന്നു. അവള്‍ വന്ന കാറിന്റെ ഡ്രൈവറാണെങ്കില്‍ തമിഴനും. സന്തോഷായി. എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ. 

 

ഞങ്ങള്‍ നഗരത്തിലേക്കുള്ള യാത്ര തുടങ്ങി. ഒരുമണിക്കൂര്‍ ഡ്രൈവ് എന്നാണ് ഡ്രൈവര്‍ മോഗന്‍ പറയുന്നത്. മോഗന്‍ നമ്മുടെ മോഹനാണ്. മലയക്കാരുടെ നാവില്‍ വഴങ്ങാത്തതുകൊണ്ട് പേര് അങ്ങനെയായെന്നു മാത്രം. 'ഞാന്‍ കല്യാണം കഴിച്ചതൊരു ചീനക്കാരിയെയാണ്. എന്റെ മക്കളിപ്പോള്‍ ചിന്ത്യന്‍സാണ്. അവര്‍ക്ക് തമിഴറിയില്ല. മലയാ ഭാഷയും ഇംഗഌഷും. സംസാരത്തിനിടയില്‍ മോഹന്‍ പറഞ്ഞു. ഇന്ത്യനുമല്ല ചീനനുമല്ലാത്ത ചിന്ത്യന്‍. ഇങ്ങനെ പലതരം സങ്കരവര്‍ഗങ്ങള്‍തന്നെ ഇപ്പോള്‍ മലേഷ്യയിലുണ്ട്. ട്രൂലി ഏഷ്യ എന്ന മലേഷ്യയുടെ മുദ്രാവാക്യത്തിന് അങ്ങനെയൊരു അര്‍ഥവും ഉണ്ടോ ആവോ. 

 

ബ്രേക്ഫാസ്റ്റിനായി  വഴിക്കൊരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിര്‍ത്തി. മലേഷ്യയില്‍ ചെന്നാല്‍ മലേഷ്യന്‍ ഭക്ഷണംതന്നെ കഴിക്കണമെന്നു വിചാരിച്ചിരുന്നതാണ്. സത്യം പറയാലോ രാവിലെതന്നെ ഇഡ്ഡലിയും സാമ്പാറും കണ്ടപ്പോള്‍ ചടച്ചുപോയി. ഇനി ഉച്ചയ്ക്ക് മലേഷ്യന്‍ഭക്ഷണം നോക്കാമെന്നുറച്ച് കിട്ടിയതും തട്ടി യാത്രതുടര്‍ന്നു. കോലാലംപൂര്‍ നഗരത്തില്‍, പ്രിന്‍സ് ഹോട്ടലിലായിരുന്നു താമസം. ആദ്യം നഷ്ടപ്പെട്ട രണ്ടരമണിക്കൂര്‍ ഉറക്കം വീണ്ടെടുക്കാമെന്നുവെച്ചു. ലിസ എനിക്കു വേണ്ട നിര്‍ദേശങ്ങളെല്ലാം തന്ന് അടുത്ത യാത്രയ്ക്ക് വണ്ടിയുമായെത്തിക്കോളാമെന്നു പറഞ്ഞ് പോയി. 

 

അന്ന് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഉറക്കം കഴിഞ്ഞ് വൈകീട്ട് നഗരവീഥികളിലൂടെ ഒറ്റയ്ക്ക് നടന്നു. മാളുകളും കടകമ്പോളങ്ങളും ആലക്തികദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ചീനനും തമിഴനും മലയനും എല്ലാം ചേര്‍ന്നൊരു സങ്കരലോകം ഒഴുകിനടക്കുന്നു. കുഞ്ഞുകുട്ടികളെ പേരാമ്പുലേറ്ററിലേറ്റി അമ്മമാരും അച്ഛന്മാരുമെല്ലാം ഷോപ്പിങ് ലഹരിയിലാണ്. കോലാലംപൂരിന്റെ അഭിമാനസ്തംഭം പെട്രോണാസ് ടവറും വൈദ്യതിവെളിച്ചത്തില്‍ അലംകൃതയായി നില്‍ക്കുന്നതൊന്ന് കാണേണ്ടതുതന്നെ. 

 

Malaysia

 

നവംബര്‍ 18

പിറ്റേദിവസം നഗരം ചുറ്റലായിരുന്നു പെട്രൊണാസ്, സിറ്റി സെന്റര്‍. സിറ്റി ഗ്യാലറി, ബാത്തുകേവ്‌സ് എന്നിങ്ങനെ പ്രധാനപ്പെട്ട നഗരക്കാഴ്ചകളിലൂടെ ഒരു യാത്ര. ഷോപ്പിങ് മാളുകളില്‍നിന്ന് വല്ലതും വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ രൂപയും മലേഷ്യന്‍ റിങ്കറ്റും തമ്മിലുള്ള വ്യത്യാസവും അത് അടിക്കടി കൂട്ടിനോക്കുന്നതുകൊണ്ടും ഒന്നും വാങ്ങാന്‍ തോന്നുന്നില്ല. പക്ഷേ, മാറുന്ന ലോകത്തിന്റെ മുഖങ്ങളിലൂടെ, കച്ചവടസാധനങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു അത്.
 
കോലാലംപൂരില്‍ ടൂറിസം മലേഷ്യയുടെ ഔദ്യോഗിക പരിപാടികള്‍ കഴിഞ്ഞാല്‍ ഞങ്ങളുടെ യാത്ര കുച്ചിങ്ങിലേക്കായിരുന്നു. എല്ലാവരും കാത്തിരുന്നത് അതാണ്. കാരണം കോലാലംപൂര്‍ നഗരമുഖം അനാവരണംചെയ്യുമ്പോള്‍ കുച്ചിങ് മലേഷ്യയുടെ മറ്റൊരു മുഖം കാണിച്ചുതരുമെന്ന പ്രതീക്ഷ. 

Malaysia

 

നവംബര്‍ 19

മൂന്നാംദിവസം രാവിലെ ഞങ്ങള്‍ വീണ്ടും കോലാലംപൂര്‍ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് രാവിലെ എട്ടുമണിക്കായിരുന്നു വിമാനം. സാരാവാക്ക് എന്ന സ്റ്റേറ്റിലാണ് കുച്ചിങ്, മലേഷ്യയുടെ ഭാഗമാണെങ്കിലും സാരാവാക്കിനും ഒരു കൊടിയുണ്ട്. മലേഷ്യയുടെ കൊടിയുടെ കീഴില്‍ അതും കെട്ടിയിരിക്കും. തെക്കന്‍ ചൈനാകടലിന്റെ അപ്പുറം ബോര്‍ണിയോ ദ്വീപിന്റെ ഭാഗമാണ് സാരാവാക്ക്. ഇവിടെ സബയാണ് മറ്റൊരു സംസ്ഥാനം.കോട്ട കിനാബാലും സബയിലാണ് ഇടയില്‍ ബ്രൂണെ രാജ്യവും.
 
കുച്ചിങ്ങില്‍ വിമാനം താഴുമ്പോള്‍ കാടും മലനിരകളും ചെറിയൊരു പട്ടണവും കാഴ്ചയിലെത്തുന്നു. വിമാനമിറങ്ങി ഹോട്ടലിലേക്കുള്ള യാത്രയില്‍ തന്നെ നഗരസ്വഭാവം പിടികിട്ടും. ഒരു കടലാസ് തുണ്ടുപോലും റോഡിലില്ലാത്ത, അലങ്കാരച്ചെടികള്‍കൊണ്ട് സമൃദ്ധമായ, ആരും ഹോണടിക്കാത്തതിനാല്‍ ശബ്ദമലിനീകരണമില്ലാത്ത, ആധുനിക വാഹനങ്ങള്‍ മാത്രമായതിനാല്‍ പുകശല്യമില്ലാത്ത, ജനപ്പെരുപ്പമില്ലാത്തതിനാല്‍ ആളും ബഹളവും അധികമില്ലാത്ത പ്രശാന്തമായൊരു പട്ടണം. അതാണ് കുച്ചിങ്. 
 
കുച്ചിങ് എന്നാല്‍ പൂച്ചയെന്നാണ് അര്‍ഥമെന്ന് ലിസ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ കുച്ചിങ്ങില്‍ ഞങ്ങളെ കൂട്ടാന്‍വന്ന ആദം അതിനോട് അത്രയ്ക്കങ്ങ് യോജിക്കുന്നില്ല. തന്റെ നാടിനെ വെറുമൊരു മാര്‍ജാരദേശമാക്കുന്നതില്‍ അയാള്‍ക്കെന്തോ വൈമുഖ്യമുള്ളതുപോലെ. പൂച്ചയാണിന്നെന്റെ ദുഖം എന്ന മട്ടില്‍ ബ്രിട്ടീഷുകാര്‍ കൊച്ചിയില്‍നിന്നാണ് കുച്ചിങ് ഉണ്ടാക്കിയതെന്നൊക്കെ പേരുകള്‍ക്ക് അയാള്‍ പല കാരണങ്ങളും കണ്ടെത്തുന്നുണ്ടായിരുന്നു. എന്തായാലും പൂച്ചകള്‍ക്ക് ഈ പട്ടണത്തില്‍ ചില കാര്യങ്ങളുണ്ട്. അത് വഴിയേ പറയാം.
 
അക്കോര്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ പുള്‍മാന്‍ ഹോട്ടലിലായിരുന്നു താമസം. മുറിയില്‍നിന്ന് സാരാവാക്ക് നദിയും കരയിലെ പട്ടണവും കാണാം. എങ്ങും ശാന്തത. അധോലോക സാന്നിധ്യമില്ലാത്ത നഗരം. പിടിച്ചുപറിയും കളവും ഉണ്ടാകുമോ, ആദമിനോട് ഞാന്‍ ചോദിച്ചു. തീരെ ഇല്ലാതെയില്ല. ബൈക്കില്‍ വന്ന് ബാഗ് തട്ടിപ്പറിക്കുന്ന ചില സംഘങ്ങള്‍ ഉണ്ട്. പക്ഷേ, പലയിടത്തും മഫ്ടി പോലീസുകാരുണ്ടായിരിക്കും. പിന്നെ ഫുട്പാത്തിന് വേലി കെട്ടിയും കാല്‍നടയാത്രക്കാരെ ഇത്തരക്കാരില്‍നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നിരുന്നാലും ഒരു ജാഗ്രത എപ്പോഴും നല്ലതാണ്.

Malaysia

നഗരം ചുറ്റി പൂച്ചകളുടെ ലോകത്തേക്ക്

ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങള്‍ നഗരം ചുറ്റാനിറങ്ങി. സാരാവാക്ക് മ്യൂസിയത്തിലേക്കായിരുന്നു ആദ്യം. അകത്ത് ഫോട്ടോഗ്രാഫി നിരോധിച്ചതിനാല്‍ എല്ലാം മനസ്സിന്റെ ക്യാമറയില്‍ പകര്‍ത്തുകയേ നിവൃത്തിയുള്ളൂ. ബോര്‍ണിയോയുടെ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളിലൂടെ, ജൈവവൈവിധ്യ സമ്പന്നതകളിലൂടെ ഒരു യാത്രയായിരുന്നു മ്യൂസിയ സന്ദര്‍ശനം.

സ്റ്റഫ് ചെയ്തു വെച്ച മൃഗങ്ങളുടെയും പക്ഷികളുടെയും ശേഖരം, ആദിവാസികളുടെ വീടുകളും ജീവിതവും അങ്ങനെ വിവിധ കാഴ്ചകള്‍. നമ്മുടെ വരാല്‍ മീനിനെയും കൂട്ടത്തില്‍ കണ്ടു. ഒറ്റാലും അമ്പും വില്ലും കൃഷി ഉപകരണങ്ങളും തല കൊയ്ത് തലയോട്ടി തൂക്കിയ ആദിവാസി വീടുകളുമെല്ലാം അവിടെയുണ്ട്. തലകൊയ്ത്ത് ഹോബിയായി കൊണ്ടുനടന്നിരുന്ന ആദിവാസികള്‍ ബോര്‍ണിയോയുടെ ഒരു ചരിത്രമാണ്. അന്ന് എത്ര തല കൊയ്തവന്‍ എന്നതായിരുന്നു വീരത്വത്തിന്റെ അടയാളം. സ്ത്രീകളെ ആകര്‍ഷിക്കാന്‍, നായകപരിവേഷത്തിന് അതാവശ്യമായിരുന്നത്രെ. 

ഇതാ ഇതു കണ്ടോ ഇത് ജപ്പാനീസുകളുടെ തലയോട്ടിയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍കാരുടെ തലയറുത്തു കൊള്ളാന്‍ ഇത്തരം തലകൊയ്ത്തുകാര്‍ക്ക് മൗനാനുവാദം കൊടുത്തിരുന്നത്രെ അന്നത്തെ വൈറ്റ് രാജാക്കള്‍. 

''ജപ്പാനീസ് വിനോദസഞ്ചാരികള്‍ വരുമ്പോള്‍ ഞാനിത് പറയാറില്ല കേട്ടോ''
ആദം കൂട്ടിച്ചേര്‍ത്തു. ''അവരെങ്ങാനും കേറി എന്റെ തലയറുത്താലോ?''
മ്യൂസിയവളപ്പില്‍തന്നെ ഒരു അക്വേറിയവും ഉണ്ട്. വര്‍ണമത്സ്യങ്ങളും അപൂര്‍വയിനം ആമകളും മുതലയുമെല്ലാം അവിടെയുണ്ട്.

മീനുലകത്തില്‍നിന്ന് പുറത്തു കടന്ന് നഗരത്തിലെ ഇന്ത്യന്‍ തെരുവിലേക്ക് യാത്രയായി. തെരുവ് എന്ന് അതിനെ വിളിക്കാമോ എന്നറിയില്ല. കാരണം നമ്മുടെ വീടിന്റെ കോലായയെക്കാള്‍ വൃത്തിയാണിവിടെ. തുണിയും ബാഗും സ്വര്‍ണവും കരകൗശല വസ്തുക്കളുമെല്ലാം കിട്ടും. ഇന്ത്യക്കാരുടെ കടകള്‍ ധാരാളമുണ്ടായിരുന്നു ഒരു കാലത്ത്. ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു തഞ്ചാവൂര്‍ കുടുംബത്തിന്റെ കട മാത്രം. എന്നാലും പേര് ഇപ്പോഴും ഇന്ത്യന്‍ സ്ട്രീറ്റ് എന്നുതന്നെ. ടൂറിസത്തിന്റെ ഭാഗമായി അത് പഴയപടി തന്നെ സംരക്ഷിക്കുകയുമാണ്. കൈകോര്‍ത്തു നീങ്ങുന്ന കാമുകീകാമുകന്‍മാരും ചാരുബെഞ്ചില്‍ വിശ്രമിക്കുന്ന വയോധികരും. തെരുവുജീവിതവും വളരെ ശാന്തം, സ്വസ്ഥം. തെരുവിനപ്പുറം പുഴയാണ്. ആ നദിയോരത്തും അലസരായി നടന്നുനീങ്ങുന്ന വിനോദസഞ്ചാരികള്‍. അവരെ കാത്തിരിക്കുന്ന ബോട്ടുകള്‍. വില്‍ക്കാന്‍വെച്ച സുവനീറുകളും ചെറിയ കടകളും. അക്കരെ ബാസ്‌കറ്റ് ആകൃതിയിലൊരു കെട്ടിടം. സാരാവാക്കിന്റെ ഭരണകേന്ദ്രമാണത്. നദി മുറിച്ചുകടക്കുന്ന കൊച്ചുവള്ളങ്ങളും. സഞ്ചാരികളെയുംകൊണ്ടൊഴുകുന്ന വലിയ ബോട്ടുകളും. നിശ സംഗീതസാന്ദ്രമാക്കാന്‍ തയ്യാറെടുക്കുന്ന മ്യൂസിക് ട്രൂപ്പുകളും. ഞങ്ങള്‍ നടന്നു. അതുവഴി ഹോട്ടലിലേക്ക്. രാത്രി വീണ്ടും വന്നു. സാരാവാക്ക് നദിയോരത്തെ രാത്രികാഴ്ചകള്‍ കാണാന്‍. ദീപാലംകൃത കെട്ടിടങ്ങള്‍ നദിയില്‍ പ്രതിഫലിക്കുന്നു. എങ്ങും വര്‍ണങ്ങള്‍.

രാത്രി ഭക്ഷണം ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലായിരുന്നു. വെയിറ്റര്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നു. കണ്ടപ്പോള്‍ ഒരു ഇന്ത്യന്‍ ലുക്ക്. സന്തോഷം ഒരു ഇന്ത്യക്കാരനെ കണ്ടല്ലോ. ഇന്ത്യയിലെവിടെയാണ്? കേരളത്തില്‍. എനിക്ക് സന്തോഷം ഇരട്ടിച്ചു. കാരണം മലയാളിയായി ഞാന്‍ മാത്രമേ സംഘത്തിലുണ്ടായിരുന്നുള്ളൂ. ഇനി കേരളത്തിലെവിടെയാണെന്നേ ചോദിക്കാനുള്ളൂ. കോട്ടയം, കോട്ടയത്ത്? ചിങ്ങവനം... കാഷ് കൗണ്ടറിനടുത്ത് ഒരു തൃശ്ശൂര്‍പൂരചിത്രംകൂടി കണ്ടപ്പോള്‍ കടല്‍ കടന്നെത്തിയ പൂരമഹിമയെക്കുറിച്ച് അഭിമാനപൂരിതമായി അന്തരംഗം. അപ്പോഴതാ ഹോട്ടലുടമ വരുന്നു. വെയിറ്ററോട് ചോദിച്ചു ''ഹോട്ടലുടമ ഏതു നാട്ടുകാരനാണ്?''

''പുള്ളി തൃശ്ശൂരാണ്''. 
എന്നാപിന്നെ ഒരു തൃശ്ശൂര്‍ഭാഷ കൂടി കേട്ടുകളയാലോ എന്നു കരുതി ചോദിച്ചു. 
''തൃശ്ശൂരെവിടാ വീട്?''
''സംവേര്‍ ഇന്‍ തൃശ്ശൂര്‍.''
 
ഛെ എല്ലാം നശിപ്പിച്ചു. വളരെ നിസ്സംഗമായി തന്റെ നാടിനെ അയാള്‍ സര്‍വപുച്ഛത്തിലൊതുക്കിക്കളഞ്ഞു. മലയാളിയെന്നു തോന്നിയ എല്ലാ അഭിമാനവും ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്കു മുന്നില്‍ പൊലിഞ്ഞുപോയി. 

''അയാളൊരു ടൈപ്പാ''
 
വെയിറ്റര്‍ എന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു. 
കക്ഷി ഇവിടത്തുകാരിയെയും കെട്ടി ഇവിടെ പൊറുതിയാക്കിയതാ. പിന്നെ പൂരത്തിന്റെ പടം. അത് വെറും ബിസിനസ്സിന്റെ ഭാഗം. 
എന്തായാലും കൊള്ളാം. അങ്ങനെയെങ്കിലും അയാള്‍ നാടിനെ തന്നോട് ചേര്‍ത്തു വെച്ചിട്ടുണ്ടല്ലോ...
ഭക്ഷണവും അയാളെപ്പോലെ തികച്ചും അരസികമായിരുന്നു...

 

നവംബര്‍ 20

മൂക്കന്‍ കുരങ്ങിനെ കാണാന്‍
 
Malaysiaപിറ്റേദിവസം കാലത്ത് ബക്കാവോ ദേശീയപാര്‍ക്കിലേക്കായിരുന്നു ആദം ഞങ്ങളെ നയിച്ചത്. ആദ്യം വാന്‍, പിന്നെ ബോട്ട് അതു കഴിഞ്ഞാ ട്രെക്കിങ്. ഫോര്‍ബോസിസ് മങ്കി എന്ന മൂക്കന്‍ കുരങ്ങിനെ കാണാന്‍ വേണ്ടിയാണീ യാത്ര. ഈ കുരങ്ങാണ് ഈ വര്‍ഷം ടൂറിസം മലേഷ്യയുടെ ഭാഗ്യമൃഗം. പോയ വര്‍ഷങ്ങളില്‍ വേഴാമ്പലും ഉറാങ് ഉട്ടാനുമെല്ലാമായിരുന്നു ആ സ്ഥാനത്ത്.
 
പോവുംവഴി ആദമിനോട് ഞാന്‍ ചോദിച്ചു. ഇവിടെ റെയില്‍ സര്‍വീസില്ലേ. ഉണ്ടായിരുന്നു ഒരു പതിന്നാല് കിലോമീറ്റര്‍ നീളത്തില്‍ മരത്തടികള്‍ കൊണ്ടുപോകാനായി ബ്രിട്ടീഷുകാര്‍ പണിത ഒരു കുഞ്ഞുറെയില്‍. അതിന്റെ അവശിഷ്ടങ്ങള്‍പോലും ഇന്നില്ല. അത് അതേപടി സംരക്ഷിച്ചിരുന്നെങ്കില്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടായേനെ. 
 
ബസ്സിറങ്ങി ബോട്ടില്‍ കയറുന്നതിനു മുന്‍പുതന്നെ ബക്കാവോ ദേശീയപാര്‍ക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചതെല്ലാം പകര്‍ത്തി. ഒരു മുതലയെ ശസ്ത്രക്രിയ ചെയ്യുന്ന ഫോട്ടോ കണ്ടു. മനുഷ്യനെ തിന്നുന്ന മുതലകളാണിവിടെയുള്ളത്. ഒരിക്കല്‍ ഒരാളെ കാണാതായപ്പോള്‍ സംശയം തോന്നി. മുതലയെ പിടിച്ച് വയറ് കീറിനോക്കി. മനുഷ്യന്റെ തലയോട്ടിയും മുടിയും റിസ്റ്റ് വാച്ചുമെല്ലാം കണ്ടെടുത്തു. അതിന്റെ ഫോട്ടോയാണിത്. തലേദിവസം കുച്ചിങ് മ്യൂസിയത്തില്‍ ഈ വാച്ചും തലയോട്ടിയും പ്രദര്‍ശനത്തിനു വെച്ചിരുന്നതും ഓര്‍മയിലെത്തി. 
 
ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് രണ്ട് സ്പീഡ് ബോട്ടുകളിലായി ഞങ്ങളുടെ സംഘം യാത്ര തുടങ്ങി. മത്സ്യബന്ധനക്കാരുടെ വീടുകള്‍ ഫ്‌ളോട്ടിങ് ഹൗസുകള്‍ എന്നിവ കാണാം. ഇടയ്ക്ക് വെള്ളം വലിഞ്ഞ് കരയായി കിടക്കുന്നിടത്ത് കക്ക പെറുക്കുന്ന പരിസരവാസികളെയും കണ്ടു. പുഴയില്‍നിന്ന് ബോട്ട് കടലിലേക്കു കയറി. കടല്‍ത്തീരത്തൊരിടത്ത് അത് അടുത്തു. ഞങ്ങളിറങ്ങി. വെള്ളാരം മണലിലൂടെ നടന്നു. വലിയ പാറക്കെട്ടുകള്‍, പിന്നില്‍ കൊടുംകാട്. നാഷണല്‍ പാര്‍ക്കിന്റെ കവാടത്തിനരികില്‍ ഞങ്ങളെ സ്വാഗതം ചെയ്യാനെന്ന മട്ടില്‍ മൂക്കന്‍ കുരങ്ങുകളുടെ കൂട്ടമുണ്ടായിരുന്നു. മരത്തിനു മുകളില്‍ ചാടിയും കരണം മറിഞ്ഞും കായ പറിച്ചും അവ കളിച്ചുതിമിര്‍ക്കുകയാണ്. സൂക്ഷിക്കണം പനിനീര് കുടയാന്‍ സാധ്യതയുണ്ട് ആദം മുന്നറിയിപ്പു തന്നു. മൂത്രമൊഴിക്കും എന്നര്‍ഥം. 
 
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതിയുടെ ചുവപ്പുപട്ടികയില്‍ പെട്ട ഈ കുരങ്ങുകളെ ഇപ്പോള്‍ ബ്രൂണെ, ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ മാത്രമാണ് കാണുന്നത്. കടല്‍ത്തീരത്തും നദിയോരത്തുമാണിവ വസിക്കുന്നത്. മോണ്‍യെറ്റ് ബെലാന്റ. ഒറാങ് ബോലാന്റെ എന്നിങ്ങനെയാണ് മലയാഭാഷയില്‍ ഇവയെ പറയുന്നത്. ഡച്ച് മങ്കിയെന്നര്‍ഥം. ഡച്ചുകാരുടെതു പോലെ നീണ്ട മൂക്കും ചാടിയ വയറുമായതിനാല്‍ ഞങ്ങളിതിനെ അങ്ങനെയാണ് വിളിക്കാറ്.  പക്ഷേ, ഡച്ച് സഞ്ചാരികള്‍ വരുമ്പോള്‍ മാത്രം ഇതിന്റെ ശാസ്ത്രീയനാമമേ പറയാറുള്ളൂ. ആദം തന്റെ മറ്റൊരു ബിസിനസ് സീക്രട്ട് കൂടി വെളിപ്പെടുത്തി.  ജ്ഞാനവൃദ്ധനെപ്പോലെ മറ്റൊരുതരം കുരങ്ങിനെയും അവിടെ കണ്ടു. നമ്മുടെ നാടന്‍ കുരങ്ങ് താടിവെച്ചതുപോലെ. അതാ അവിടെയൊരു പാമ്പുണ്ട്. ദേശീയപാര്‍ക്കിലെ ജീവനക്കാരന്‍ ആ കാഴ്ചയിലേക്ക് ക്ഷണിച്ചു. പച്ച മരത്തിനിടയില്‍ പച്ചനിറമാണ്ട് ചുറ്റിപ്പിണഞ്ഞു കിടന്നുറങ്ങുന്ന അണലിവര്‍ഗത്തില്‍പെട്ട പാമ്പ്. 
 
ഇവിടെ താമസിക്കാന്‍ കോട്ടേജുകളുണ്ട്. മിക്കതിലും വിദേശ വിനോദസഞ്ചാരികള്‍ താമസിക്കുന്നുമുണ്ട്. അതെല്ലാമൊന്ന് ചുറ്റിയടിച്ചു കണ്ട് ഞങ്ങള്‍ കാട്ടിലൂടെ നടത്തം തുടങ്ങി. ഇത് മൊബൈല്‍ ടവര്‍. ആധുനിക വാര്‍ത്താവിനിമയ സൗകര്യം. ഇനി ഇവിടത്തെ ലോക്കല്‍ ടവറ് കാണിച്ചുതരാം. പനവര്‍ഗത്തില്‍പെട്ട ഒരു ചെടിയുടെ അടുത്തേക്ക് ആദം നയിച്ചു. ഇതില്‍ ഓരോതരം താളത്തില്‍ കൊട്ടി ശബ്ദമുണ്ടാക്കിയാണ് ഇവിടത്തുകാര്‍ സന്ദേശം കൈമാറിയിരുന്നത്. ഒരാള്‍ കാട്ടില്‍ അകപ്പെട്ടാല്‍ അടിക്കുന്നത്, മരണപ്പെട്ടാല്‍ അടിക്കുന്നത്, കുഞ്ഞു ജനിച്ചാല്‍ അടിക്കുന്നത് എന്നിങ്ങനെ ആ കമ്പിയില്ലാകമ്പി അയാള്‍ പരിചയപ്പെടുത്തിത്തന്നു.

വീണ്ടും കടല്‍ത്തീരത്തിനടുത്തുള്ള കണ്ടല്‍കാടുകളിലൂടെയായി നടത്തം. അവിടെയൊരാള്‍ കൂറ്റന്‍ ക്യാമറയുമേന്തി തപസ്സിലാണ്, മലേഷ്യയിലെ എന്‍.എ. നസീറായിരിക്കാം. സൂക്ഷ്മജീവികളെയാണ്  പകര്‍ത്തുന്നത്. അയാള്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു ജീവിയെ ഞാനും ക്യാമറയിലാക്കി. മഡ് സ്‌കിപ്പര്‍ എന്ന ഉഭയജീവി. കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന അവയുടെ തല കണ്ടാല്‍ തവളയെപ്പോലെയും ഉടലു കണ്ടാല്‍ മീനിനെപ്പോലെയും തോന്നും. മാര്‍ചിറക് ഉപയോഗിച്ച് കരയില്‍ നടക്കാനും വെള്ളത്തില്‍ തുഴയാനും അവയ്ക്കു കഴിയും. ഇന്ത്യയില്‍ ബംഗാളിലെ സുന്ദര്‍ബന്‍സില്‍ ഇവയെ കാണാം. 

കടുവയും പുലിയുമുണ്ടോ ഈ കാട്ടില്‍. പണ്ട് പണ്ട് കടുവയുണ്ടായിരുന്നത്രെ. ഞങ്ങളുടെ മുന്‍ഗാമികള്‍ അതിനെയെല്ലാം കൊന്നൊടുക്കി. ഇപ്പോ ടൈഗറൊക്കെ ടിന്നുകളില്‍ മാത്രമാണ്. വെയ്‌സ്റ്റ ബാസ്‌കറ്റിലെ ടൈഗര്‍ ബിയറിന്റെ ഒഴിഞ്ഞ കുപ്പികള്‍ ചൂണ്ടികാട്ടി ആദം പറഞ്ഞു. ഇതൊരെണ്ണം അടിച്ചാല്‍ നിങ്ങള്‍ക്ക് കടുവയെ പോലെ മുരണ്ട് നടക്കാം.
 
ഞങ്ങള്‍ക്കൊപ്പവും മുന്നിലും പിന്നിലുമെല്ലാമായി നിരവധി സഞ്ചാരികള്‍ എത്തിത്തുടങ്ങി. പല ദേശങ്ങളില്‍നിന്നുള്ളവര്‍ പലതരം ഭാഷകള്‍. പ്രകൃതിക്കു മാത്രം ഭാഷാഭേദമില്ല. ചെറുതേനിന്റെ കൂട്, കുന്തിരിക്കം, ഇരപിടിയന്‍ ചെടി, ചെറിയ ഗുഹകള്‍, കയറ്റിറക്കങ്ങള്‍ അങ്ങനെ കാഴ്ചകള്‍ പിന്നിട്ട് നടന്നു. വീണ്ടും കടല്‍ത്തീരത്തെത്തി. അവിടെ ചുട്ടുപൊള്ളുന്ന വെയിലാറ്റാന്‍ കടല്‍ക്കാറ്റുണ്ട്. ഊഞ്ഞാലാടാന്‍ വള്ളികളുണ്ട്. കാടിന്റെ തണുപ്പിലിരുന്ന് കടല്‍ക്കാറ്റ് ആസ്വദിക്കാം. കടല്‍ പക്ഷേ, കലങ്ങിയിരിക്കുന്നു. ചെളിവെള്ളത്തിന്റെ നിറം. അവിടത്തെ മണ്ണിന്റെ പ്രത്യേകതയാവാം.
 
തിരിച്ചു നടന്ന് വീണ്ടും ബോട്ടില്‍ കയറുമ്പോഴേക്കും കടല്‍ ക്ഷുഭിതയായിരുന്നു. അതുകൊണ്ടാവാം, നിര്‍ബന്ധമായും ലൈഫ്ജാക്കറ്റ് ധരിക്കാന്‍ അവരാവശ്യപ്പെട്ടു. അല്ലെങ്കിലും ഏത് ജലയാത്രയ്ക്കും അത്തരം മുന്‍കരുതലുകള്‍ നല്ലതാണ്. ഓളങ്ങളില്‍ ചാഞ്ചാടിയാടി ഒരു വിധം കരപറ്റി. 
 
ഇനി ഉച്ചയൂണാണ്. അത് മലേഷ്യന്‍ സമുദ്രവിഭവങ്ങളോടെയാണ്. ഭക്ഷണകാര്യത്തില്‍ എന്തുകൊണ്ടും സമ്പന്നമാണ് മലേഷ്യ. അത് സമുദ്രവിഭങ്ങളായാലും പച്ചക്കറിയായാലും. കേള്‍ക്കാത്ത, കാണാത്ത ഒരു ഭക്ഷണലോകം. സാരാവാക് സാംസ്‌കാരികഗ്രാമത്തിന് എതിരില്‍ മനോഹരമായൊരു ദമായി ബീച്ച് റിസോര്‍ട്ടിലായിരുന്നു മീന്‍വിഭവങ്ങള്‍ നിറഞ്ഞ ഉച്ചയൂണ്. 
 
ഒരു മീന്‍ നിര്‍ത്തിപ്പൊരിച്ച് അതിനു മുകളില്‍ ആപ്പിളും മുന്തിരിയുമെല്ലാം തൊങ്ങലു ചാര്‍ത്തി കിടക്കുന്നത് കാണുമ്പോള്‍ കഴിക്കുന്നതിനെക്കാള്‍ ആ ഭക്ഷണാലങ്കാരത്തെ നോക്കി നില്‍ക്കാന്‍ തോന്നുന്നു. പിന്നെ വിശപ്പിന്റെ വിളിയില്‍ എല്ലാ സൗന്ദര്യാസ്വാദനവും മാറ്റി നിര്‍ത്തി ഒരു പിടി പിടിച്ചു. കക്കയും കടലിലെപടിതന്നെയാണ് ടേബിളിലെത്തുന്നത്. ഇവിടത്തെതുപോലെ തൊലികളഞ്ഞിട്ടല്ല. കത്തിയും മുള്ളും ഉപയോഗിച്ച് അതില്‍ നിന്ന് മാംസം എടുത്ത് കഴിക്കണം. കടലില്‍ നേരെ കാണുന്നത് ഒരു കുന്നിന്‍ തുരുത്താണ്. അവിടെ പോകാന്‍പറ്റുമോ?

ആദമിനോട് ഞാന്‍ ചോദിച്ചു. 

'പിന്നെന്താ അതൊരു സ്വകാര്യഭൂമിയാണ്. അവിടെ കടലാമകളെ സംരക്ഷിക്കുന്നുമുണ്ട്. അതിന്റെ കെയര്‍ടേക്കര്‍മാര്‍ മാത്രമാണ് താമസിക്കുന്നത്.' 
തൊട്ടടുത്ത് ഒരു കപ്പല്‍രൂപം ദൂരക്കാഴ്ചയായി കാണാം.
'അതെന്താണ്?'
 
'അതൊരു ടൈറ്റാനിക്കാണ്. അടിയിലെ പാറയില്‍ തട്ടി തകര്‍ന്ന് മുങ്ങിയതാണ്. അണിയം മാത്രം പൊങ്ങിക്കാണുന്നു. കുറെനാളായി അതവിടെ കിടക്കുന്നു.'
 
ഭക്ഷണശേഷം സാംസ്‌കാരികഗ്രാമത്തിലേക്ക് കടന്നു. ഒരു സംസ്ഥാനത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ഒരിടത്ത് കുടിയിരുത്തിയിരിക്കുകയാണ് അവിടെ. തെക്കന്‍ ചീനാകടലിന് അഭിമുഖമായി സാരാവാക്കിലെ ഇതിഹാസ പര്‍വതം സാന്റുബോങ്ങിന്റെ താഴ്‌വരയില്‍ 17 ഏക്കര്‍ ഭൂമിയില്‍. കൃത്രിമ താടാകത്തിനു ചുറ്റും ഏഴ് വര്‍ഗങ്ങളുടെ ലോകം, ബിദായു, ഇബാന്‍സ പെനാന്‍, ഒറാങ് ഉലു, മെലാനു, മലയാസ്, ചൈനീസ് വംശജരുടെ ജീവിതവും സംസ്‌കാരവും കലാരൂപങ്ങളും ഇവിടെ പരിചയപ്പെടാം, ടിക്കറ്റിനൊപ്പം ഒരു പാസ്‌പോര്‍ട്ടും കിട്ടി. ഓരോ ഗ്രൂപ്പിന്റെ അരികിലെത്തുമ്പോഴും നമ്മളുടെ പാസ്‌പോര്‍ട്ടിലവര്‍ സീല്‍ ചെയ്തുതരും. ആ പാസ്‌പോര്‍ട്ടില്‍നിന്ന് ഓരോ വിഭാഗത്തിന്റെ ജീവിത ചിത്രവും  കിട്ടും. ബ്രിട്ടീഷ് കോളനിവത്കരണകാലത്ത് എത്തിയ ചൈനീസ് വര്‍ഗത്തിന്റെ ലോകംവരെ അവിടെയുണ്ടെങ്കിലും ഇന്ത്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ചിത്രം അവിടെയില്ല. ഇവിടെയാണ് എസ്.കെ.യുടെ നിരീക്ഷണം പ്രസക്തമാവുന്നത്. അത് മറ്റൊന്നുമല്ല, മറ്റു ദേശക്കാര്‍ പ്രത്യേകിച്ചും ചൈനക്കാര്‍ അവിടെ ജോലിക്കു വരുകയും അവിടെ തങ്ങളുടെതായ ഒരു അസ്തിത്വം സ്ഥാപിച്ചെടുക്കയും ആ ദേശത്തിന്റെ ശക്തിയായി മാറുകയും ചെയ്തപ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ പണം സമ്പാദിക്കാനും അത് ഇന്ത്യയിലേക്ക് എത്തിക്കാനും മാത്രമാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ ചൈനക്കാരെപ്പോലെ ഒരു സാമ്പത്തിക ശക്തിയാവാന്‍ ഇന്ത്യക്കാര്‍ക്ക് ഇവിടെ കഴിഞ്ഞില്ല.

വര്‍ണാലംകൃതമായ വസ്ത്രമണിഞ്ഞ മലേഷ്യന്‍ സുന്ദരിമാര്‍ സ്വാഗതഗാനമോതി സ്വീകരിച്ചു. നീളത്തില്‍ പണിത കൂട്ടുകുടുംബ ജീവിതം, ശത്രുക്കളുടെ കുന്തമുനകള്‍ എത്താത്തവിധം ഉയരത്തില്‍ പണിത ഉന്നതഗൃഹങ്ങള്‍, സംഗീതോപകരണങ്ങള്‍, ഒറ്റ ഊത്തിന് ലക്ഷ്യത്തില്‍ തറപ്പിക്കുന്ന അമ്പുകള്‍, ബഌക് മാജിക്ക് വിശ്വാസത്തിന്റെ ലോകം, കരിമ്പിന്‍ ജ്യൂസെടുക്കുന്ന പ്രാചീന ഉപകരണം, നെല്ലില്‍നിന്ന് അരി വേര്‍തിരിച്ചെടുക്കുന്ന ഉപകരണം, മരവുരികൊണ്ടുള്ള വസ്ത്രം, തുണിനെയ്ത്ത്, മണിയറ, പാചകം, ഏത് ജോലി ചെയ്യുമ്പോഴും തടസ്സം വരാതിരിക്കാന്‍ ആത്മാക്കള്‍ക്ക് ഭക്ഷണമൊരുക്കുന്ന സമ്പ്രദായം അങ്ങനെ കാണാനും കേള്‍ക്കാനും ചുറ്റിവരാനും ഒരുപാടുണ്ടിവിടെ.  

എല്ലാം കഴിയുമ്പോഴും തിയേറ്ററിനകത്ത് ഒരു നൃത്തവിരുന്നുണ്ടാവും.  പരമ്പരാഗത രീതിയിലുള്ള താളമേളങ്ങളും നൃത്തവും അരങ്ങ് കൊഴുക്കുമ്പോള്‍ നമുക്കും അതിന്റെ ഭാഗമാകാം. മണ്‍സൂണ്‍ സംഗീതോത്സവത്തിന് വേദിയാവുന്നതും ഇവിടമാണ്. മടക്കയാത്രയില്‍ മനസ്സു നിറയെ സുന്ദരികളുടെയും സുന്ദരന്‍മാരുടെയും നൃത്തമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ഇപ്പോഴോര്‍ക്കുമ്പോള്‍ ആ സാംസ്‌കാരിക ലോകത്തിന്റെ ചിത്രങ്ങളും തെളിഞ്ഞുവരുന്നു.

നവംബര്‍ 21

Malaysiaപിറ്റേദിവസം സെമ്മന്‍ഗോ നാഷണല്‍ പാര്‍ക്കില്‍ പോയി ഉറാങ് ഉട്ടാനെ കണ്ടു. ഒരു ഷോപ്പിങ് മാളില്‍ പോയി. ഉച്ചയൂണിന് ഇന്ത്യന്‍ കറി റെസ്‌റ്റോറന്റിലേക്ക് പോയി. നല്ല ഭക്ഷണം, അതിലേറെ നല്ല ആതിഥേയത്വം. ഇതും ഒരു ഇന്ത്യന്റെ വകയായിരിക്കുമല്ലോ എന്നു കരുതി ഉടമയെ പരിചയപ്പെട്ടു. ആള് ഹൈദരാബാദില്‍ ജനിച്ച് തായ്‌ലന്‍ഡില്‍ വളര്‍ന്ന് അവിടത്തെ പൗരനായി മാറിയ ആളാണ്. അവിടത്തെ ഭക്ഷണത്തിന് ആതിഥേയത്വത്തിന്റെ മേമ്പൊടി കൂടിയുള്ളതുകൊണ്ട് രുചി കൂടുതലായിരുന്നു.

 ഉച്ചയ്ക്കുശേഷം ഐരാവതി ഡോള്‍ഫിനുകളെ കാണാനായി വീണ്ടും ജലയാത്രയായിരുന്നു. ആദത്തിന്റെ ടൂര്‍ കമ്പനിയായ സി.പി.എച്ചിന്റെ ജെട്ടിയില്‍ നിന്ന് ബോട്ട് യാത്ര തുടങ്ങി. ആദ്യം അല്‍പനേരം നദി. പിന്നെ കടല്‍. കടലില്‍ നിന്ന് നേരിട്ടങ്ങ് കുന്നുകള്‍ തുടങ്ങുകയാണ് പലയിടത്തും. കുന്നിനെ പൊതിഞ്ഞ് കൊടും കാടും. അവിടവിടെയായി മീന്‍ പിടിത്തക്കാരുണ്ട്. മീന്‍ പിടിത്തക്കാരുടെ അടുത്ത് ഡോള്‍ഫിന്‍ വരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ നമുക്ക് അങ്ങോട്ട് പോകാം. ആദം സ്പീഡ് ബോട്ടിന്റെ സാരഥിയോട് പറഞ്ഞു. കാറ്റില്‍ ഓളങ്ങള്‍ ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങി. സ്പീഡ് ബോട്ട് ഉയര്‍ന്നു പൊങ്ങി ഓളങ്ങളുമായി ചേര്‍ന്നൊരു താളത്തിലങ്ങനെ കുതിച്ചു. ഇവിടെയാണ് ഡോള്‍ഫിന്‍ വരാന്‍ സാധ്യത. ഇനി കാണാന്‍ പറ്റിയില്ലെങ്കില്‍ എന്നെ കുറ്റപ്പെടുത്തരുത്. എപ്പോഴും അവയെ കാണാന്‍ ഭാഗ്യമുണ്ടായിക്കൊള്ളണമെന്നില്ല. 

 ചിലയിടത്ത് കണ്ടല്‍ക്കാടുകളാണ്. അവിടെ മുതലകളെ കാണാന്‍ സാധ്യതയുണ്ട്. അതാ അങ്ങകലെ വെള്ള മണലില്‍ കറുത്ത പാറപോലെ എന്തോ കാണുന്നില്ലേ. ക്യാമറയിലൊന്ന് സൂംചെയ്തുനോക്കൂ. അത് ചിലപ്പൊ മുതലയായിരിക്കും. സൂം ചെയ്തിട്ടും അതിങ്ങ് അടുക്കുന്നില്ല. ബോട്ട് അല്‍പം കൂടി മുന്നോട്ടുപോയപ്പോഴാണ് അവന്‍ അടുത്തത്. മുതല തന്നെ. ഈര്‍ച്ചവാളുപോലത്തെ വാലറ്റവും കരിമ്പാറ പോലത്തെ ഉടലും വെയിലു കൊള്ളിക്കാനായി മണല്‍പരപ്പില്‍ അലസമായി കിടക്കുകയാണവന്‍. ബോട്ട് അടുത്തടുത്തെത്തിയതും അവന്‍ മെല്ലെ ഇഴഞ്ഞ് ഉപ്പിലേക്കിറങ്ങി.

 ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. ഇരുവശത്തും മീന്‍പിടിത്തക്കാരുടെ ഗ്രാമം. ഇവര്‍ക്ക് വലയും വള്ളവും സര്‍ക്കാര്‍ നല്‍കും. പഠിക്കാന്‍ അഞ്ചാംകഌസ്‌വരെ സൗകര്യമുള്ള സ്‌കൂളും ഉണ്ട്, അതു കഴിഞ്ഞാല്‍ നഗരത്തിലേക്കു  പോകണം. വീടുകളെല്ലാം ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വെള്ളം പൊങ്ങിയാലും പ്രശ്‌നമില്ല. 

 ബോട്ടിന്റെ സീറ്റിനടിയില്‍ നിന്ന് ആദം ഒരു പെട്ടി പുറത്തെടുത്തത് അപ്പോഴാണ്. എല്ലാവരും കൗതുകത്തോടെ നോക്കി. ബോര്‍ണിയന്‍ പൈനാപ്പിളായിരുന്നു അത്. വെയില്‍ചൂടും ദാഹവും തണുപ്പിക്കാന്‍ അതൊരാശ്വാസമായി. കുറ്റിപ്പനംകാടുകളാണിപ്പോള്‍ കരയില്‍ കാണുന്നത്. അതിന്റെ കൂമ്പ് കഴിക്കാറുണ്ട്. അതില്‍ നിന്ന് കള്ളെടുക്കാറുമുണ്ട്.
 ഇടയ്ക്കിടെ ചെറിയ കപ്പലുകളും ബാര്‍ജുകളും മത്സ്യബന്ധനക്കാരുടെ തോണികളും ഞങ്ങളെ കടന്നു പോകുന്നുണ്ട്. ഇനി നമുക്ക് മടങ്ങിപ്പോയ്ക്കൂടേ കൂട്ടത്തില്‍ യാത്രകൊണ്ട് അവശനായ മനീഷ് അഗര്‍വാള്‍ ചോദിച്ചു. ഞങ്ങളാരും ആ ചോദ്യം കേട്ട ഭാവം കാണിച്ചില്ല. കാരണം ഈ യാത്ര ഇനിയൊരിക്കല്‍ തരപ്പെട്ടോളണമെന്നില്ല. 

 പക്ഷേ, പെട്ടെന്നാണ് പ്രകൃതിയുടെ മട്ടും ഭാവവും മാറിയത്. അതുവരെ വെയില്‍ തെളിഞ്ഞുനിന്ന ആകാശം പെട്ടെന്നിരുണ്ടു. കാര്‍മേഘങ്ങള്‍ എവിടെനിന്നാണ് പറന്നു വന്നതെന്നറിയില്ല. തുള്ളികളായി തുടങ്ങിയ മഴ പേമാരിയായി മാറിയതും പെട്ടെന്നായിരുന്നു. സ്പീഡ് ബോട്ട് പെട്ടെന്നുതന്നെ തിരിച്ചു. മേലെനിന്ന് മഴയും താഴെനിന്ന് ബോട്ടിനോടു മല്ലിടുന്ന കടലും ഞങ്ങളെ കുളിപ്പിക്കാന്‍ തുടങ്ങി. മനസ്സും ശരീരവും നനഞ്ഞൊലിച്ചു. ഞാനപ്പഴേ പറഞ്ഞില്ലേ എന്ന ഭാവത്തില്‍ അഗര്‍വാള്‍. ക്യാമറ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുവെച്ചു. ജെട്ടിയിലെത്തുമ്പോഴേക്കും ഒന്നു കുളിച്ചുകയറിയതുപോലെയുണ്ടായിരുന്നു. വാനില്‍ നഗരത്തിലേക്ക് തിരിക്കുമ്പോഴും മഴ ആഞ്ഞുപെയ്തുകൊണ്ടിരുന്നു. എന്നാല്‍ നഗരം അടുത്തപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ മഴ പിന്‍വാങ്ങി.

 

പൂച്ച മ്യൂസിയം

 

പൂച്ചകളുടെ മ്യൂസിയത്തിലേക്കായിരുന്നു അടുത്ത യാത്ര. അത് നഗരത്തില്‍തന്നെയാണ്. നഗരത്തിന്റെ പേരിനു പിന്നിലും ഈ പൂച്ചപ്രേമമാണ്. നഗരപ്രതീകമായുള്ള പ്രതിമയും പൂച്ചയുടെതാണ്. നഗരഭരണകാര്യാലയവും അതിനോട് ചേര്‍ന്നുതന്നെയാണ്. സാരാവാക്ക് പ്രധാനമന്ത്രി പെഹിന്‍ ശ്രീഹജും ഭാര്യ ലൈലാതൈബുമാണ് ഇത്തരമൊരു മ്യൂസിയത്തിന്റെ ആശയത്തിനു പിന്നില്‍. ലൈല ഒരു പൂച്ചപ്രിയയായിരുന്നു. അവര്‍ പലതരം പൂച്ചകളെ വളര്‍ത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിട്ടുന്ന പൂച്ചസാഹിത്യവും കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന പൂച്ചകളും പൂച്ചകൗതുകവസ്തുക്കളുമെല്ലാം ശേഖരിച്ചു. കോടികള്‍ വിലമതിക്കുന്ന ആ ശേഖരമാണ് കണ്‍മുന്നില്‍. ലോകത്തിലെ ആദ്യത്തെ ക്യാറ്റ് മ്യൂസിയം. കാഴ്ചകള്‍ കണ്ടുകഴിയുമ്പോള്‍ നമുക്കുമൊരു പൂച്ചയാവാം. കുടുംബം കൂടെയുണ്ടെങ്കില്‍ പൂച്ചക്കുടുംബംതന്നെയാവാം. അതിന്റെ ഫോട്ടോയെടുക്കാം. ആ നിശ്ചലചിത്രങ്ങളില്‍ ഈ യാത്രയുടെ ഓര്‍മകള്‍ തുടിച്ചു നില്‍ക്കും.

നവംബര്‍ 22 

 കാലത്ത് കുച്ചിങ്ങില്‍നിന്ന് വിമാനം. കോലാലംപൂരിലേക്ക് ഒന്നരമണിക്കൂര്‍. അവിടെനിന്ന് രാത്രി പത്തുമണിക്കാണ് കൊച്ചിക്കുള്ള വിമാനം. വിമാനത്തിനകത്തിരുന്ന് സാരാവാക്കിന്റെ മാപ്പ് ഒന്നു നോക്കി. ഒരു വിശാലമായ ഭൂവിഭാഗത്തിന്റെ ഒരു കുഞ്ഞുമൂല മാത്രമേ ഈ യാത്രയില്‍ കണ്ടിട്ടുള്ളൂ.  പല പ്രത്യേകതകളുമുള്ള  എത്രയോ സ്ഥലങ്ങള്‍ ഇനിയും കിടക്കുന്നു. ഏതായാലും ഒരാശ്വാസം. എസ്.കെ. കാണാത്തൊരു സ്ഥലമെങ്കിലും ജീവിതത്തില്‍ കണ്ടല്ലോ.

 ഡൊമസ്റ്റിക് വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓരോ രണ്ടു മിനുട്ട് ഇടവിട്ട് ട്രെയിനുണ്ട്. മൂന്നു ബോഗികളുള്ള കൊച്ചു ട്രെയിന്‍. അതില്‍ കയറി കൊച്ചിക്കു പോവാനുള്ള വിമാനം പുറപ്പെടുന്ന ഇടത്തെ ഡോര്‍ നമ്പറും സമയവുമെല്ലാം ഉറപ്പിച്ചു. ലോഞ്ചിലിരുന്ന് വിശ്രമിച്ചു. പിന്നെ വിമാനത്താവളത്തിനകത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഷോപ്പിങ് സെന്ററുകളിലും അലഞ്ഞുനടന്ന് സമയം നീക്കി. അവിടെയുമുണ്ടായിരുന്നു കൗതുകങ്ങള്‍. ഒരു മദ്യവില്‍പ്പനശാലയില്‍ കയറി കുപ്പിച്ചന്തം നോക്കിക്കൊണ്ടിരിക്കെ ഒരു മലയാളി ഫാമിലി കുപ്പിക്കരികില്‍നിന്ന് ഫോട്ടോയെടുക്കുന്നു. ഒന്നങ്ങോട്ട് ചെന്നുനോക്കി. ആ മദ്യക്കുപ്പിയുടെ വില രണ്ടരലക്ഷം ഇന്ത്യന്‍ രൂപ. ഈശ്വരാ ഇത് ബാങ്കില്‍ പണയംവെക്കാലോ എന്ന് ഞാന്‍ പറഞ്ഞതും കൂടെയുള്ള രാജ് എന്നെ മറ്റൊരു കുപ്പിക്കരികിലേക്ക് കൊണ്ടുപോയി. അതിന്റെ വില ഏതാണ്ട് ഒമ്പതുലക്ഷം. മൂക്കില്‍ വിരല്‍വെച്ചുപോയി. ആരാണാവോ ഇതൊക്കെ വാങ്ങി കുടിക്കുന്നത്!

 ഞങ്ങള്‍ പേഴ്‌സിനൊതുങ്ങുന്ന കുറച്ച് ചോക്‌ളേറ്റുകളും വാങ്ങി ഷോപ്പിങ് അവസാനിപ്പിച്ചു. പത്തുമണിക്കുതന്നെ വിമാനം പുറപ്പെട്ടു. കൊച്ചിയിലെത്തുമ്പോള്‍ പന്ത്രണ്ടുമണിയായിട്ടേയുള്ളൂ. അങ്ങോട്ട്  പറന്നപ്പോള്‍ നഷ്ടപ്പെട്ട രണ്ടരമണിക്കൂര്‍ ഇങ്ങോട്ട് പറന്നപ്പോള്‍ തിരിച്ചുകിട്ടി. ഏത് നഷ്ടത്തിനപ്പുറവും ഒരു നേട്ടം കാത്തിരിപ്പുണ്ടാവും. എല്ലാംകൊണ്ടും സന്തോഷം. ശുഭം.