ദ്യമായ് ആംസ്റ്റര്‍ഡാം  യാത്രയ്ക്ക് തയ്യാറെടുത്തു കൊണ്ടിരുന്നപ്പോള്‍ കുട്ടിക്കാലത്ത് വായിച്ച 'കിറ്റി'യെന്നു പേരുള്ള ഡയറിയായിരുന്നു മനസ്സില്‍. പാറിപ്പറക്കുന്നതിനിടെ ഒരൊളിത്താവളത്തില്‍ അകപ്പെട്ടതായിരുന്നു ആ ഡയറിയെഴുത്തുകാരി. ഒരു കൊച്ചു മുറിയില്‍ പുറംലോകം കാണാനാവാതെ വീര്‍പ്പുമുട്ടിയ അവള്‍ തന്റെ ഡയറിയുമായി കൂട്ടുകൂടി. അതവള്‍ക്ക് അവളുടെ അച്ഛന്‍ കൊടുത്ത സമ്മാനമായിരുന്നു. 'പ്രിയപ്പെട്ട കിറ്റി'... എന്ന വിളിയോടെ അവള്‍ അവളെ അതില്‍ പകര്‍ത്തി. ഒരു പതിമൂന്നുകാരിയുടെ വിചാര വികാരങ്ങള്‍..!

ഡയറിക്കുറിപ്പുകളെക്കുറിച്ച് ആന്‍ തന്നെ പറഞ്ഞത് 'എന്നെപ്പോലൊരാള്‍ക്ക് ഡയറിയെഴുത്ത് തീര്‍ത്തും അപരിചിതമായ അനുഭവമാണ്. ഞാന്‍ ഇതിനുമുമ്പ് ഒന്നും എഴുതിയിട്ടില്ല എന്നതുകൊണ്ട് മാത്രമല്ല, പിന്നീട് എനിക്കുതന്നെയോ മറ്റാര്‍ക്കെങ്കിലുമോ ഒരു പതിമൂന്നുകാരി സ്‌കൂള്‍ കുട്ടിയുടെ ജല്‍പനങ്ങളില്‍ എന്തു താല്‍പര്യമുണ്ടാകാനാണ് എന്നതു കൊണ്ടും'. ഈ കുറിപ്പെഴുതാനിരുന്ന എന്റെ മനസ്സിലും അതേ വികാരമുണ്ട്. എന്നാല്‍ ഒരു ജനത ഏറ്റിയ വേദനയുടെ കാഠിന്യം മുഴുവന്‍ പില്‍ക്കാലത്തേക്കു പകര്‍ത്തിയ പുസ്തകമായി മാറി അത്. ആ ചരിത്രം അരങ്ങേറിയ നൊമ്പരങ്ങളുടെ വസതിയില്‍ ഞാനുമെത്തി. കൂടെ എന്റെ മകനുമുണ്ട്.

1945 മാര്‍ച്ചില്‍ ഹോളണ്ടിന്റെ മോചനത്തിന് തൊട്ടു മുമ്പ് നാസിത്തടവറയില്‍ ടൈഫോയ്ഡ് പിടിപെട്ട ആന്‍ മരണത്തിനു കീഴടങ്ങി. പിന്നെയാണ് ഒളിത്താവളത്തില്‍ നിന്നും ഡയറി കണ്ടെടുക്കപ്പെട്ടതും അതു വെളിച്ചം കണ്ടതും. 1947-ല്‍ ആംസ്റ്റര്‍ഡാമിലായിരുന്നു ആ പ്രകാശനം. 'ദി ഡയറി ഓഫ് എ യങ് ഗേള്‍ ' എന്ന പേരില്‍. 

Anne Frank Annex 1ആനും കുടുംബവും പാര്‍ത്തിട്ടുള്ള ആ പഴയ വീട്ടിലേക്കു മകനെയും കൊണ്ട് പോകുമ്പോള്‍ ഒരു കൊച്ചു ഡയറിയുടെ താളുകളില്‍ കോറിയ അര്‍ത്ഥമറിയാത്ത, വടിവൊത്ത കുറേ ഡച്ച് ലിപികളാണ് ഉള്ളിലൂറിയത്. അതിലാകമാനം ഒരു പതിമൂന്ന് വയസ്സുകാരിയുടെ അതിജീവനത്തിനായുള്ള ആശങ്കങ്ങളാണ് തുടിച്ചു നിന്നിരുന്നത്. പിന്നീടൊരിക്കല്‍ ആസ്റ്റര്‍ ഡാമിലെ പരസ്പരം ബന്ധിച്ചു കിടക്കുന്ന, എണ്ണിയാലൊടുങ്ങാത്ത കനാലുകള്‍ക്കിരുവശത്തും ഒരു ഡച്ചുകാരന്റെ അടുക്കോടെയും ചിട്ടയോടെയും നിരനിരയായി കാണപ്പെട്ട ചെങ്കല്‍ ഭവനങ്ങളുടെ പിന്നാമ്പുറങ്ങളിലെല്ലാം ഒരു ഒളിവീട് (Secret Annex) ഉണ്ടോ എന്നായി കൗതുകം. ഇരുണ്ട ഇടനാഴികളും കുത്തനെയുള്ള കോണിപ്പടികളുമുള്ള വീതി കുറഞ്ഞ ഒരു 'Extention House' എന്റെ മനസ്സില്‍ ഉറച്ചു പോയിരുന്നു. 

ഒരു വിളിപ്പാടകലെ, കനാലിന്റെ ഒരറ്റത്ത് വളരെ പതിഞ്ഞ് നിന്നിരുന്ന ആ നിഗൂഢ ഭവനത്തിലേക്ക് കയറിച്ചെല്ലാനുള്ള ധൈര്യം പിന്നെയും ഒരു വ്യാഴവട്ടം കഴിഞ്ഞാണ് ഞാന്‍ സംഭരിച്ചെടുത്തത്. മുന്‍കൂട്ടി ബുക്ക് ചെയ്ത് ക്ഷമയോടെ നില്‍ക്കുന്ന വിവിധ ദേശക്കാരായ സന്ദര്‍ശകരുടെ നീണ്ട നിരയില്‍ കാത്തു നില്‍ക്കുമ്പോള്‍ അകാരണമായി എന്റെ മനസ്സ് ആകുലപ്പെട്ടുകൊണ്ടിരുന്നു. അവസാനം 'secret annex' ലേക്കുളള നന്നേ ഇടുങ്ങിയതും കുത്തനെയുളളതുമായ പടികള്‍ക്കു മുമ്പില്‍ ഒരു 'Book Shelf' എന്ന് തോന്നിക്കും വിധം പകുതി ചാരിവെച്ച ഒരു പഴകിയ വാതിലിനു മുമ്പില്‍ ഞാന്‍ പരിഭ്രമിച്ചു നിന്നു. അപ്പോള്‍ നിഷ്‌കളങ്കതയോടെയും ആകാംക്ഷയോടെയും, ഒരു പതിനൊന്ന് വയസ്സുകാരന്‍, എന്റെ മകന്‍, എന്റെ മുന്നിലൂടെ ആ പടികള്‍ അനായേസം ചാടിക്കയറിപ്പോയി.

ആദ്യമായി ഈ പടികള്‍ കയറുമ്പോള്‍ കൃത്യമായി പറഞ്ഞാല്‍ 1942-ജൂലൈ 6-ാം തീയതി രാവിലെ എന്തായിരിക്കും ആന്‍ ചിന്തിച്ചിരിക്കുക? പ്രിയപ്പെട്ട എല്ലാത്തിനെയും താല്‍കാലികമെന്നോണം ഉപേക്ഷിച്ച്, കൂട്ടുകാരെ കാണാനാവാതെ, പ്രിയപ്പെട്ട മാര്‍ബിള്‍ ടിന്നിനെയും പൂച്ചക്കുട്ടിയെയും ട്യുഷ്യെ എന്ന കൂട്ടുകാരിയെ ആകുലതയോടെ ഏല്‍പിച്ച് തന്റെ ഒരു പിടി പേപ്പര്‍ കട്ടിംഗ്സുമായി കിറ്റിയോടൊപ്പം ഈ പടി കയറുമ്പോള്‍ ഒരു നാള്‍ സ്വാതന്ത്രത്തിലേക്ക് തിരിച്ചിറങ്ങിപ്പോകുന്നതു തന്നെയാവാം അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക. സംഘര്‍ഷ ഭരിതമായ രണ്ടു വര്‍ഷകാലം ആ ഒളി ജീവിതത്തില്‍ അവള്‍ക്ക് ആകെ കൈമുതലായുണ്ടായത് നാളെയെ കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമായിരിക്കണം. 1944- ആഗസ്റ്റിലെ ഒരു നശിച്ച സുപ്രഭാതത്തില്‍ നാസിപ്പടയുടെ  തോക്കിന്റെ മുനയിലൂടെ അനാഥത്വത്തിന്റെയും വെറുപ്പിന്റെയും വംശഹത്യയുടെയും നരകമായ ബര്‍ഗണ്‍-ബെല്‍സണിലെ കോണ്‍സന്റ്രേഷന്‍ കാമ്പിലേക്ക് ഒരു ഇറങ്ങിപ്പോക്ക് അവളൊരിക്കലും ചിന്തിച്ചു കാണില്ല.  

പതിമൂന്ന് വയസ്സായ ഒരു പെണ്‍കുട്ടിക്ക് നാളെയെക്കുറിച്ച് എന്തൊക്കെ പ്രതീക്ഷകളായിരിക്കും ഉണ്ടായിരിക്കുക? കലുഷിതമായ ഒരു യുദ്ധാന്തരീക്ഷത്തിലൂടെ ദിവസവും കടന്നു പോകുന്ന ഒരു ബാല്യത്തിന്റെ ആകുലതകള്‍ എന്തൊക്കെയായിരിക്കും? എനിക്കതിനോട് താദാത്മ്യപ്പെടുവാന്‍ ആകുന്നില്ലല്ലോ! യുദ്ധങ്ങള്‍ കുട്ടികളുടെ ബാല്യത്തെ ചീന്തിയെടുത്ത് അവരെ പെട്ടന്നു തന്നെ മുതിര്‍ന്നവരും വൃദ്ധരുമാക്കുന്നുണ്ടാകണം. അല്ലെങ്കില്‍ വെറും പതിമൂന്നു വയസ്സായ ഒരു പെണ്‍കുട്ടിക്ക് നീണ്ട രണ്ടു വര്‍ഷ കാലം ഈ ഇരുണ്ട നാലു ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായി മാത്രം സംസാരിച്ചു തള്ളി നീക്കാനാകുമോ? കനാലിന്റെ അരികിലൂടെ നടക്കുന്ന മനുഷ്യരെ കാണാനായി മാത്രം അവള്‍ പലവുരു ആരുമറിയാതെ കര്‍ട്ടണ്‍ പതിയെ നീക്കി കൊതിയോടെ നോക്കുമായിരുന്നത്രെ! അവളുടെ ടീനേജ് ആകുലതകളും രോഷങ്ങളും എങ്ങനെയായിരിക്കും അവള്‍ നിശബ്ദമായി പ്രകടിപ്പിച്ചിട്ടുണ്ടാവുക?

ലോകമെമ്പാടുമുള്ള യുദ്ധത്തിലൂടെ കടന്നു പോകുന്ന ബാല്യങ്ങള്‍ നിത്യേനെ ചുറ്റുപാടുകളോടും, തങ്ങളോടു തന്നെയും നിരന്തരം പൊരുതിക്കൊണ്ടിരുന്നിരിക്കണം. ഏകാന്ത വാസങ്ങളും ഉറ്റവരുടെ വിയോഗങ്ങളും വംശീയ ശുദ്ധീകരണ അജണ്ടകളും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിലും അധികമായിരിക്കും. അഭയാര്‍ത്ഥി ക്യാമ്പുകളിലെ ചെറിയ മുറ്റത്ത് സദാസമയവും കാല്‍പന്ത് തട്ടിക്കൊണ്ട് അവന്റെ നിസ്സഹായ അവസ്ഥയോട് പ്രതിഷേധിച്ചു കൊണ്ടിരുന്ന ലൂക്കാമോഡ്രിച്ച് എന്ന കൊച്ചു ക്രൊയേഷ്യന്‍ ബാലന്‍ പെട്ടന്ന് എന്റെ മുന്നില്‍ തെളിഞ്ഞു. ഭാഷയുടെയും വിശ്വാസത്തിന്റെയും വംശത്തിന്റെയും വിഭാഗീയതകള്‍ക്കിടയില്‍ പേരറിയാത്ത ഇനിയും എത്രയോ ബാല്യങ്ങളാണ് ഉരുകിത്തീര്‍ന്നിട്ടുണ്ടാവുക?

Anne FRank Annex 2മാതൃരാജ്യത്തില്‍ അനാഥരായും അവകാശങ്ങളൊന്നും ഇല്ലാത്തവരും അന്യരായും  മുദ്ര കുത്തപ്പെടുന്നതിലും വലിയൊരു അനാഥത്വം അനുഭവിക്കാനുണ്ടോ? ജനിച്ചു വളര്‍ന്ന നാട്ടില്‍ പൗരത്വം നഷ്ടപ്പെട്ട് 'stateless' ആയി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആനിന്റെ ഉള്ളിലും ഒരു 'കുടിയിറക്കം' അനുഭവപ്പെട്ടിട്ടുണ്ടാകണം. ഒരു പ്രവാസിയോ, കുടിയേറ്റക്കാരനോ അവന്റെ വേരുകള്‍ അത്രയും പ്രിയപ്പെട്ടതായി ചേര്‍ത്തു പിടിച്ച് പുതിയൊരു നാട്ടില്‍ വേരുറപ്പിക്കാന്‍ നോക്കുമ്പോള്‍ സ്വന്തം നാട്ടില്‍ തിരസ്‌കരിക്കപ്പെട്ട് പലായനം ചെയ്യേണ്ടി വരുന്ന അവസ്ഥ എത്ര ഭീകരമാണ്. നാലാം വയസ്സില്‍ ജര്‍മനിയില്‍ നിന്നും ആനിന്റെ കുടുംബം ഈ ആകുലതകള്‍ പേറിയാകണം ഡച്ച് മണ്ണില്‍ വന്ന് ചേര്‍ന്നത്. ചിന്തകള്‍ കാടു കയറുമ്പോള്‍ മുകളില്‍ നിന്നും എന്റെ മകന്‍ അക്ഷമയോടെ എന്നെ വിളിച്ചു കൊണ്ടിരുന്നു.

പതുക്കെ  ആ പടികള്‍ ഓരോന്നായി ഞാന്‍ കയറി. മനപൂര്‍വ്വം വേഗം നടന്ന് ഞാനവന്റെ കൂടെക്കൂടാന്‍ നോക്കി. അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള മനസ്സില്ലാതെ എന്റെ ധിഷണ തളര്‍ന്നു. ആനിന്റെ മുറിയുടെ ചുവരുകള്‍ മുഴുവന്‍ അവള്‍ പതിച്ചു വെച്ച പോസ്റ്റ് കാര്‍ഡുകളുടെയും സിനിമാ താരങ്ങളുടെയും നിറമുള്ള ചിത്രങ്ങളായിരുന്നു. ഈ ഏകാന്തതയില്‍ അവരായിരിക്കണം അവള്‍ക്ക് കൂട്ടിരുന്നത്. Attic ന്റെ മുകളിലെ  ഒരു ചെറിയ ചതുരത്തിലൂടെ ആകാശവും പള്ളി ഗോപുരവും വ്യക്തമായി കാണാമായിരുന്നു. അനേക ദിവസങ്ങളില്‍ നിര്‍ന്നിമേഷയായി അവളിവിടെ നോക്കി നിന്നിരിക്കണം. 

നാസിപ്പട കണ്ടെടുത്ത ആ പുലരിയിലെ ഹാനോവറിലേക്കുള്ള യാത്രയില്‍ അവള്‍ എന്നേക്കുമായി ഡച്ച് മണ്ണിനോട് വിട പറുമ്പോള്‍ ഈ ഏകാന്ത വാസം എങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് അവള്‍ ആശിച്ചു കാണും. ഡച്ചു മണ്ണിലേക്കൊരു മടങ്ങി വരവ് ഇല്ലാതെ അവള്‍ ജര്‍മന്‍ മണ്ണില്‍ 'statelsse' ആയി  തന്നെ അലിഞ്ഞു ചേരുകയും ചെയ്തു.

മ്യൂസിയത്തില്‍ ആനിന്റെ അച്ഛന്‍ ഓട്ടോ ഫ്രാങ്കിന്റെ വരികള്‍ മുഴങ്ങിക്കേട്ടു. ''ഒരു മാതാവിനും, പിതാവിനും അവരുടെ കുട്ടിയെ ഒരിക്കലും പരിപൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ല''. ഓട്ടോ ആനിനെ പൂര്‍ണ്ണമായും മനസ്സിലാക്കി എന്ന് കരുതിയിരുന്നെങ്കിലും, മരണാനന്തരം അവളുടെ ഡയറി വായിച്ചപ്പോള്‍ മാത്രമാണ് അവള്‍ എത്രമാത്രം അപരയായിരുന്നെന്ന് മനസ്സിലായത്. ആദ്യമായി പരിഭാഷയുടെ സഹായമില്ലാതെ അവളുടെ ഡച്ച് ലിപികളിലേക്ക് ഞാന്‍ കണ്ണോടിച്ചു.

ഈ ഭാഷ മുഴുവന്‍ സ്വായത്തമാക്കിയാലും, അവളുടെ വിചാരങ്ങള്‍ ഒരിക്കലും എനിക്കു വായിച്ചെടുക്കാനാവില്ലല്ലോ... ഞാനെന്റെ മകനെ തിരഞ്ഞു. എന്നില്‍ നിന്ന് കുരുത്തതെങ്കിലും എത്രമേല്‍ വ്യത്യസ്തവും, വിശാലവുമാണ് അവന്റെ  ചിന്തകളെന്ന് ഞാനറിഞ്ഞു. അവ എനിക്ക് പിടിതരാതെ എനിക്ക് ചുറ്റിലും തിരിഞ്ഞു. ഞാനവനോട്  ചേര്‍ന്നു നില്‍ക്കാന്‍ വെറുതെ ശ്രമിച്ചു.

Content Highlights: Anne Frank secret annex visiting, the diary of a young girl, mathrubhumi yathra