നീണ്ടു പോകുന്ന ഇടുങ്ങിയ തെരുവുകൾ. ഇരുവശത്തും കെട്ടിടങ്ങൾ. കല്ലു പതിച്ച വഴിയിലേക്കു തുറക്കുന്ന വാതിലുകൾ. താഴെ നില മുഴുവൻ കടകളാണ്, മുകളിൽ വീടുകളും. കടകളിൽ നിറയെ പഴയ സാധനങ്ങൾ. ലോഹചിത്രങ്ങൾ, കലാരൂപങ്ങൾ, പരവതാനികൾ, കളിമൺ പാത്രങ്ങൾ, റേഡിയോകൾ, മാപ്പുകൾ, ആയുധപ്പെട്ടികൾ, ഫർണിച്ചർ, സ്യൂട്ട്കേസുകൾ.. ഇതാണ് വിയാ കൊറേനാരി. റോമിലെ പുരാവസ്തു വിൽപ്പനത്തെരുവ്. ഈയാഴ്ചയിലെ എന്റെ സങ്കേതം.

ഡിസംബർ ആണെങ്കിലും അസഹ്യമായ തണുപ്പില്ല. ശൈത്യകാലത്ത് തണുപ്പു കുറയുന്നത് അപകട സൂചനയാണ്. ഒരു സ്ത്രീ എന്നോടു പറഞ്ഞു. ഭൂമിക്കടിയിൽ എന്തോ നടക്കുന്നുണ്ട്. ഒരു ഭൂകമ്പം എപ്പോഴും ഉണ്ടാവാം.

ഭൂകമ്പങ്ങളുടെ കഠിനചരിത്രമുള്ള മണ്ണാണ് റോം. എ.ഡി 477ൽ നാൽപ്പതു ദിവസമാണ് തുടർച്ചയായി ഇവിടെ ഭൂമി ചലിച്ചത്. ഈയടുത്ത കാലത്തും ഒരു വലിയ ഭൂകമ്പം പ്രവചിക്കപ്പെട്ടിരുന്നു. 2011 മെയ് 10ന്. നഗരത്തിലെ 18% ജീവനക്കാരും അന്ന് അസുഖബാധിതരായി! എന്നാൽ ഒന്നും സംഭവിക്കാതെ ആ ദിനം ശാന്തമായി കടന്നുപോയി. നഗരം പഴയതു പോലെ നിൽക്കുന്നു. പക്ഷെ ഇവിടെ ഏതു സംഭാഷണത്തിനിടയിലും എപ്പോഴും ഭൂകമ്പം ഒരു വിഷയമായി കടന്നു വരാം .

ഈ പ്രഭാതം ഏതായാലും ഭൂകമ്പഭീഷണി ഇല്ലാത്തതാണെന്നു തോന്നുന്നു. നഗരം ഒന്നടങ്കം വിയാ കൊറോനാരിയിലെ തെരുവിലെത്തിയിട്ടുണ്ട്. കടകളുടെ ചില്ലുജാലകങ്ങളിലൂടെ സൂക്ഷ്മാവലോകനം നടത്തിക്കൊണ്ട് വൃദ്ധന്മാർ മെല്ലെ നീങ്ങുന്നു. ഒരമ്മ പാം തള്ളുന്നു. അരികിൽ തുള്ളിച്ചാടി നടക്കുന്നു കുഞ്ഞുമകൾ. ഉയരം കൂടിയ ഒരാൾ വളരെ ഉയരം കുറഞ്ഞ പട്ടിയെ നടത്തിക്കൊണ്ടു പോകുന്നു. കട്ടിബൂട്ടു ധരിച്ച് വിനോദസഞ്ചാരികൾ നിവർത്തിപ്പിടിച്ച് മാപ്പുമായി അലഞ്ഞുതിരിയുന്നു. ഒരു കടയുടെ വാതിൽനടയിൽ നിന്ന് ഒരു സ്ത്രീ സിഗരറ്റു തീപ്പിടിപ്പിക്കുന്നു. നേരെ എതിരെ, വഴിക്കപ്പുറം ഒരു മനുഷ്യൻ തന്റെ സൈക്കിൾ നന്നാക്കുന്ന തിരക്കിലാണ്.

ലക്ഷ്യം തീരുമാനിച്ചു കഴിഞ്ഞവന്റെ ചലനങ്ങളുമായി ഒരു യുവപുരോഹിതൻ പുറകിൽ ബാഗും തൂക്കി അതിവേഗം നടന്നു പോകുന്നു. ഞാൻ മു മ്പു കണ്ടിട്ടേയില്ല. ഇങ്ങിനെ ഒരു റോം നഗരത്തെ. പത്തു വർഷം മുമ്പാണ് ഞാനാദ്യമായി റോമിൽ പോകുന്നത്. അന്ന് ഈസ്റ്റർ തിങ്കളാഴ്ചയായിരുന്നു. ഇറ്റലിയുടെ പരിഛേദമായിരുന്നു അന്ന് കണ്ട റോം. രാജ്യത്തെ എല്ലാ നഗരങ്ങളും എല്ലാ ഗ്രാമങ്ങളും അടച്ചു പൂട്ടി എല്ലാവരും റോമിലെത്തിയതു പോലെ. അടുപ്പുകൾ കെടുത്തി, വാതിലടച്ചു കുറ്റിയിട്ട്, മീനിനു തീറ്റ കൊടുത്ത്, പട്ടികളെ കൂട്ടിലടച്ച്, കുട്ടികളും മുതിർന്നവരും പെണ്ണുങ്ങളും എല്ലാവരും കൂടി കെട്ടിപ്പെറുക്കി എത്തിയിരിക്കുകയാണ്. ജപ്പാൻകാരും അമേരിക്കക്കാരും തീർഥാടകരും കന്യാസ്ത്രീകളും പാതിരിമാരുമൊക്കെയുണ്ട്. പിന്നെ ഞാനും. എല്ലാവരും കൂടി എല്ലായിടത്തും തിക്കിത്തിരക്കുന്നു. ടൂറിസ്റ്റ് മാപ്പിൽ ചുവന്ന വൃത്തം വരച്ചിട്ടുള്ള ഓരോ ഇഞ്ചിലും സഞ്ചാരികളുടെ ബഹളം. ഐവി ഫൗണ്ടൻ തൊട്ട് വത്തിക്കാൻ സിറ്റി, ഫോറം, കൊളീസിയം, മ്യൂസിയങ്ങൾ, ഗ്യാലറികൾ, തെരുവുകൾ, കഫേകൾ എല്ലായിടത്തും ടൂറിസ്റ്റുകൾ. ഒരിഞ്ചു സ്ഥലം പോലും ഒഴിവില്ല.

എന്നാൽ ഡിസംബർ പ്രഭാതത്തിലെ ഈ റോം മറ്റേതോ നഗരം പോലെ. ചുറ്റിലും ക്രിസ്മസ് ലഹരി പടർന്നിരിക്കുന്നു. തോരണങ്ങൾ ഓരോ വാതിലുകളെയും അലങ്കരിക്കുന്നു. മാലാഖ വിളക്കുകൾ ഓരോ മരച്ചില്ലകളിലും പുഞ്ചിരിച്ചാടുന്നു. റോമക്കാർക്ക് ഇത് ഷോപ്പിങ് കാലമാണ്. ബേക്കറികളിലും പുഷ്പശാലകൾക്കു മുന്നിലുമാണ് തിരക്ക്. പൂക്കൾ ഡെലിവറി ചെയ്യുന്ന വണ്ടികൾ പാതകളിൽ നിറഞ്ഞിരിക്കുന്നു. റോമാക്കാർക്ക് ഈസ്റ്റർ എന്നത് ആസ്വാദനമാണെങ്കിൽ ക്രിസ്മസ് ഒരാഘോഷമാണ്.

മനോഹരമായ പിയാസ്സ നൊവോന സ്ക്വയറിൽ ചെന്നപ്പോൾ അതൊരു ക്രിസ്മസ് മാർക്കറ്റായി മാറിയിരിക്കുന്നു. റോമിലെ ഏഴു മലകളിലൊന്നായ കാംപിഡോഗ്ലിയോവിലായിരുന്നുവത്രെ ആദ്യം ഈ സിറ്റി മാർക്കറ്റ്. 15ാം നൂറ്റാണ്ടിന്റെ അവസാനമാണ് അത് ഇവിടേക്കു മാറ്റുന്നത്. സാധാരണ നഗരചത്വരമായി മാത്രം വിഭാവനം ചെയ്യപ്പെട്ട പിയാസ്സ നൊവോന 17ാം നൂറ്റാണ്ടാവുമ്പോഴേക്കും റോമൻ ബാരോക്ക് നിർമാണകലയുടെ ഉജ്വല ഉദാഹരണമായി മാറി. ശിൽപ്പകലയുടെയും വാസ്തുകലയുടെയും സുന്ദര മാതൃക. ചത്വരത്തിന്റെ ഒത്ത നടുക്കുള്ള ക്വാത്രോ ഫമിയർ ഫൗണ്ടൻ (നാലു നദികളുടെ ജലധാര) മനോഹരമായ കാഴ്ചയാണ്. 1651ൽ വിഖ്യാതനായ ജിയാൻ ലൊറെൻസോ ബെർനീനി രൂപകൽപ്പന ചെയ്തതാണ് ഇത്. മുകളറ്റത്തുള്ള ഡൊമീഷ്യൻ സ്തൂപം ദൂരെയുള്ള സർക്കസ് ഓഫ് മാക്സൻഷ്യസിൽ നിർമിച്ച് കഷണങ്ങളാക്കി കൊണ്ടുവന്ന് സംയോജിപ്പിച്ചതാണ്. തൊട്ടടുത്ത് അഗോണിലെ സെയ്ന്റ് ആഗ്നസ് ദേവാലയം.

Rome 2
റോമിലെ പിയാസ്സ നൊവേന സ്‌ക്വയറിലെ ക്രിസ്മസ് ചന്ത

പിയാസ്സ നൊവോനയിൽ ഇന്ന് ഒന്നിലേറെയുണ്ട് ജലധാരകൾ. തെക്കേ അറ്റത്ത് പൊണ്ടാന ഡെൽ മോറോ എന്ന ജലധാര. ഇത് 1575ൽ ദിയാകോമോ ദെല്ലാ പോർട്ട് രൂപകൽപ്പന ചെയ്തതാണ്. ഒരു തളികയിൽ വെച്ചതുപോലെ നാലു ത്രിമൂർത്തി ശിരസ്സുകൾ. അതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടി. ഇതിനോട് ഒരു ആഫ്രിക്കൻ മൂറിന്റെ പ്രതിമ കൂടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു. 1673ൽ. ഡോൾഫിനോടു യുദ്ധം ചെയ്യുന്ന ഈ മൂറിന്റെ ശിൽപ്പി ബെർനിനിയായിരുന്നു. വടക്കേയറ്റത്തുമുണ്ട് ഒരു ജലധാര. ഫൗണ്ടൻ ഓഫ് നെപ്ട്യൂൺ (1574). ഇതും ദിയാകോമോ ദെല്ലാ പോർട്ട നിർമ്മിച്ചതാണ്. തെക്കേ തലയ്ക്കലെ ഡെൽ മോറോ ഫൗണ്ടനുമായി സാമ്യം തോന്നിക്കുന്നതിനായി ഇവിടെയും പിന്നീടൊരു ശിൽപ്പം കൂട്ടിച്ചേർക്കപ്പെട്ടു. 1878ൽ. അന്റോണിയോ ദെല്ലാ ബിട്ട നിർമ്മിച്ച നെപ്ട്യൂണിന്റെ ഒരു പ്രതിമ. സ്ക്വയറിന്റെ തെക്കു പടിഞ്ഞാറെ അറ്റത്തുമുണ്ട് ഒരു ശിൽപ്പം. പാസ്പിനോ സൃഷ്ടിച്ച പുരാതനമായ സംസാരിക്കുന്ന ശിൽപ്പം. റോമക്കാർക്ക് കൂട്ടംകൂടി നിന്ന് രാജപരിഹാസങ്ങളുതിർക്കാനും ഭരണകൂടത്തോടു ള്ള പ്രതിഷേധാത്മക ആക്ഷേപങ്ങളും സാമൂഹ്യ വിമർശനങ്ങളും ചൊരിയാ നുമുള്ള ഇടമായിട്ടാണ് 1501ൽ നിർമ്മിക്കപ്പെട്ട സംസാരിക്കുന്ന ശിൽപ്പം സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നത്.

എന്നാൽ ഈ പ്രഭാതത്തിൽ പിയാസ്സ നൊവോനയിലേക്ക് റോമാക്കാർ ഒഴുകുന്നത് തീർത്തും വ്യത്യസ്തമായ കാരണം കൊണ്ടാണ്. മുത്തശ്ശന്മാരും മുത്തശ്ശിമാരും മുലകുടി മാറാത്ത കുഞ്ഞുങ്ങളുള്ള അമ്മമാരും പ്രേമാതുരരായ യുവതീയുവാക്കളും എല്ലാവരും ഒരേ ലക്ഷ്യത്തോടെയാണ് അവിടേക്കു കുതിക്കുന്നത്. പിയാസ്സ നൊവോനയിലെ ക്രിസ്മസ് ചന്തയാണ് എല്ലാവരുടെയും ലക്ഷ്യം. ഓരോ സ്റ്റാളും ക്രിസ്മസ് വസ്തുക്കളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പശ്ചാത്തലത്തിൽ ഒരു സംഗീത സംഘത്തിന്റെ ഗാനാലാപനം അരങ്ങുതകർക്കുന്നുണ്ട്. ഒരു കുഞ്ഞിന്റെ ക്രിസ്മസ് സ്വപ്നം സത്യമായതു പോലെ തോന്നും, ഇപ്പോൾ ഈ നഗരചത്വരം കണ്ടാൽ.

Rome 3
റോമിലെ പിയാസ്സ നൊവേന സ്‌ക്വയര്‍

ഞാനാ ചന്തയിലൂടെ വെറുതെ നടന്നു. കടകളിലെ അലങ്കരിച്ച ക്രിസ്മസ് വിളക്കുമരങ്ങൾ തൊട്ടു നോക്കിക്കൊണ്ട്. ഇടയ്ക്കൊരു കാൻഡി കെ യ്ൻ വാങ്ങി നുണച്ചു കൊണ്ട്. അട്ടിയിട്ടിരിക്കുന്ന പ്രാദേശിക വിൽപ്പന വസ്തുക്കൾ നോക്കി ആസ്വദിച്ചുകൊണ്ട്. ഇതൊക്കെ എവിടെ നിന്നു വരുന്നു? ഞാൻ ഒരു കടക്കാരനോടു ചോദിച്ചു. ഇറ്റലിയിലെ ഏതെങ്കിലും അറിയപ്പെടാത്ത ഒരുൾഗ്രാമത്തിന്റെ പേരാണ് ഞാൻ മറുപടിയായി പ്രതീക്ഷിച്ചിരുന്നത്. ''ഫിലിപ്പെൻസ്'' അയാൾ പറഞ്ഞു. എന്റെ മനസ്സ് ഇടിഞ്ഞു പോയി. കഴിഞ്ഞ വർഷവും ഉണ്ടായിട്ടുണ്ട് ഇതുപോലെ ഒരനുഭവം. ടൂറിനിൽ വെച്ച്. മാർക്കറ്റിൽ രണ്ടിടത്തായി കുന്നു പോലെ പൈൻ നട്സ് കൂട്ടിയിട്ടിരിക്കുന്നത് കണ്ട് അന്വേഷിച്ചതായിരുന്നു. ഒരു കൂന പിസാ നട്സിന്റേതായിരുന്നു. മറ്റേത് ചൈനയിൽ നിന്നും കൊണ്ടു വന്ന നട്സായിരുന്നു. ചൈനീസ് നട്സിന് വില കുറവാണ്. ഇറ്റാലിയൻ പെസ്തോ ഉണ്ടാക്കുന്നത് ചൈനീസ് നട്സ് കൊണ്ടാണെന്നു കേട്ടപ്പോഴുണ്ടായ അതേ നിരാശയാണ് എണ്ണമറ്റ ഈ ക്രിസ്മസ് അലങ്കാരങ്ങളുടെ കാര്യം കേട്ടപ്പോഴും ഉണ്ടായത്.

ഹൃദയം ഒരു ഞൊടി നിലപ്പിക്കുന്ന ആ കാഴ്ചയിലേക്ക് ഞാൻ ചെന്നുവീണത് അപ്പോഴാണ്. വട്ടം ചുറ്റുന്ന ഒരു യന്ത്ര ഊഞ്ഞാൽ! കുട്ടിക്കാലം മുതൽ ഞാൻ സ്വപ്നം കണ്ടിരുന്നത്. കുതിച്ചു ചാടുന്ന കുതിരകളെ കെട്ടിയ വണ്ടിയും തന്ത്രികൾ മീട്ടുന്ന മാലാഖമാരും ബാർലി ധാന്യമണികൾ വളച്ചുവെച്ചുണ്ടാക്കിയ പോസ്റ്റുകളും ചേർന്ന മുദ്രയുള്ളത്. ഈ അടയാളം എവിടെ കണ്ടാലും എനിക്കറിയാം. അതൊരു പുരാതനമായ, 18ാം നൂറ്റാണ്ടിലോ മറ്റോ നിർമിക്കപ്പെട്ട, ജർമൻ യന്ത്ര ഊഞ്ഞാലാണ്. ഈ സീസണു വേണ്ടി പെട്ടെന്ന് ഇവിടെ തട്ടിക്കൂട്ടിയതാവണം. ഒരേ ഒരു കുട്ടിയേ അതിലുള്ളൂ. എന്നിട്ടും അതങ്ങിനെ തിരിഞ്ഞു കൊണ്ടിരിക്കുന്നു. ആ ഒറ്റക്കുട്ടിയാവണമെന്ന് അപ്പോൾ അകാരണമായി എന്റെ മനസ്സ് കൊതിച്ചു. ഒരു നിമിഷത്തിന്റെ മതിഭ്രമത്തിൽ ഞാൻ നേരെ ടിക്കറ്റ് കൗണ്ടറിലേക്കോടി. ഇത് എനിക്കു വേണ്ടിയുള്ള എന്റെ മാത്രം നിമിഷം. എന്റെ മനസ്സിലെ ആ കുട്ടിക്കു വേണ്ടി. കുഞ്ഞുസന്തോഷങ്ങളിൽ ഒരിക്കലും മടുപ്പനുഭവപ്പെടാത്ത കുട്ടിക്ക്..

Rome 4
റോമിലെ പിയാസ്സ നൊവേന സ്‌ക്വയര്‍റിലെ വട്ടംചുറ്റുന്ന യന്ത്ര ഊഞ്ഞാല്‍

ആ നിമിഷം എന്റെ ഈ യാത്രയുടെയും ലക്ഷ്യം തീരുമാനിക്കപ്പെട്ടു. അപ്പോൾ മുതൽ ഒരു കുട്ടിയുടെ കണ്ണുകളോടെ റോമിനെ നോക്കിക്കാണാൻ ഞാനാരംഭിച്ചു. മുതിർന്നവരുടെ റോം ആയിരുന്നില്ല അത്. കലയുടെയും വാസ്തുകലയുടെയും റോമായിരുന്നില്ല, കുഞ്ഞുസന്തോഷങ്ങളുടെ കുഞ്ഞു റോം. ഒരു കുട്ടിക്ക് ഇറ്റലി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആനന്ദം ഐസ്ക്രീമുകളാണ്. ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്തായിരുന്നു ഐസ്ക്രീമുകളുടെ തീയേറ്റർ. ഗലറ്റേറിയാ ഡി തിയോ. ഒരു പുതിയ ബോധോദയം കൊണ്ടെന്നപോലെ ഞാൻ അങ്ങോട്ടു നടന്നു. ഇടുങ്ങിയ തെരുവുകളിലൂടെ നടന്ന് നേരെ അതിനകത്തു പ്രവേശിച്ചു. ഐസ്ക്രീമുകളുടെ ഒരദ്ഭുത ലോകം. ജീവിതത്തിലൊരിക്കലും ഞാനങ്ങിനെയൊന്ന് കണ്ടിട്ടില്ല. അസാധാരണവും മദിപ്പിക്കുന്നതുമായ രുചികളിൽ. ആപ്പിൾ, സിനമൺ, പിയർ, കാരമൽ, ചീസ്, ചെറി, സേജ്, റാപ്സ്ബെറി.. അങ്ങിനെ പല രുചികൾ. സോർബെറ്റ്സ് കഴിക്കാൻ പച്ച പിടിയുള്ള സ്പൂണുകൾ, മിൽക്ക് ക്രീം കഴിക്കാൻ വെള്ളപ്പിടിയുള്ളവ. ഐസ്ക്രീമുകളുടെ ആ തീയേറ്ററിന്റെ മാനേജരും മധുരമുള്ള ഒരു കഥാപാത്രമായിരുന്നു. പെറുവിൽ നിന്ന് പത്തു വർഷം മുമ്പ് റോമിലേക്കു കുടിയേറിയ കാർലോസ്.

എന്റെ ഓരോ യാത്രയും അവിസ്മരണീയമാക്കുന്നത് ഇത്തരം ഓരോ കഥാപാത്രങ്ങളാണ്. യാദൃശ്ചികമായി മുന്നിൽ വന്നു പെടുന്നവർ. ഒരി ക്കലും മുൻകൂട്ടി നിശ്ചയിച്ചുള്ള ഒരു കണ്ടുമുട്ടലല്ല അത്. കാർലോസും അങ്ങിനെയായിരുന്നു. ഐസ്ക്രീം ഉരുട്ടിയെടുത്തു കോണിലാക്കി തരു ന്ന സെയിൽസ്മാനിൽ നിന്ന് ഒരു പരിചയക്കാരനായും സുഹൃത്തായും അയാൾ വളർന്നത് അതിവേഗമായിരുന്നു. കഥകളുടെ ഒരു നിധി തന്നെയായിരുന്നു അയാൾ. തുടർന്നുള്ള ദിവസങ്ങളിൽ അയാൾ തരുന്ന ഐസ്ക്രീം എനിക്ക് ഐസ്ക്രീം മാത്രമല്ലാതായി. അതൊരു വിവരശേഖ രണത്തിനുള്ള ഉപകരണമായി മാറി. പ്രത്യക്ഷത്തിൽ എനിക്ക് ഒരാവശ്യവുമില്ലാത്ത, എന്നാൽ എന്നെ അങ്ങേയറ്റം ആകർഷിച്ച കൊച്ചു കൊച്ചു കാര്യങ്ങൾ. പിസ്താച്ചിയോ ഗ്രീൻ എന്നു വിളിക്കുന്ന ഐസ്ക്രീം യഥാർഥത്തിൽ ഗ്രീനല്ല, ജപ്പാൻകാർ അധികം ചോദിക്കുക തിരാമിസു ഫ്ളേവറാണ്.. അങ്ങിനെ കുറെയേറെ വിവരങ്ങൾ...

അലസ സഞ്ചാരങ്ങൾ തുടരുന്നതിനിടെ ഒരു ദിവസം സ്പാനിഷ് സ്റ്റൈപ്സിനടുത്തുള്ള പടവുകൾക്കരികെ ഞാനൊരു സൈൻ ബോർഡ് കണ്ടു. കീറ്റ്സ് -ഷെല്ലി മെമ്മോറിയൽ ഹൗസ്. ഒരു ഗൈഡ് പുസ്തകത്തിൽ നേരത്തെ ഇതിനെക്കുറിച്ചൊരു പരാമർശം കണ്ടിരുന്നെങ്കിലും അത് എല്ലാ വർക്കും പോകാവുന്ന ഇടമാണോ എന്നൊന്നും നല്ല ഉറപ്പില്ലായിരുന്നു. ഒരാൾ മരിച്ച സ്ഥലം സന്ദർശിക്കുന്നതിൽ എന്തോ അസ്വസ്ഥതയും തോന്നിയിരുന്നു. മാത്രമല്ല, ഒട്ടേറെ പടവുകളും കയറണം. എങ്കിലും കീറ്റ്സ് അപ്പാർട്മെന്റ് എന്ന ഈ വീട് കാണാതെ വയ്യ. കാരണം, റോമിലെഴുത പ്പെട്ട മറ്റൊരു ഇതിഹാസമാണ് അത്. തലമുറകളായി പിയാസ ഡി സ്പാന്യ എന്ന ഈ ചരിത്രസ്ഥലിയിലേക്ക് അണമുറിയാതെ സന്ദർശകർ വരു ന്നു. എത്രയോ പ്രശസ്തരായ വ്യക്തികൾ, വാസ്തുശിൽപ്പികൾ, ചിത്രകാരന്മാർ, ഗായകർ, കവികൾ ഇവിടെ താമസിച്ചു. തോബിയാസ് സ്മോലറ്റ്,
ജോർജ് എലിയറ്റ്, ഗെഥ, കോളറിഡ്ജ്, ഷെല്ലി, ബ്രൗണിങ്, ഹെന്റി ജെയിംസ്, എഡിത് വാർടൺ, ഓസ്കർ വൈൽഡ്, ജെയിംസ് ജോയ്സ്... അങ്ങിനെ എത്രയോ പേർ. ഇറ്റലിയുടെ സാംസ്കാരിക ചരിത്രമുറങ്ങുന്ന ഈ നഗരഹൃദയം പ്രചോദിപ്പിക്കാത്തവരോ ആകർഷിക്കാത്തവരോ ആയി ആരുമില്ല. എങ്കിലും സഞ്ചാരികളുടെ ഇതിഹാസങ്ങളിൽ ഈ സ്ഥലവുമായി ആത്മബന്ധം നേടിയെടുത്തത് കീറ്റ്സായിരുന്നു. കാരണം കീറ്റ്സിന്റെ മരണം ഇവിടെവെച്ചായിരുന്നു. അതും വളരെ യൗവനത്തിൽ.

സങ്കടം അതല്ല, റോമിൽ താമസിച്ചു കൊണ്ട് ഒരു വരി കവിത പോലും കീറ്റ്സ് എഴുതിയിട്ടില്ല. ജോൺ കീറ്റ്സ് റോമിലേക്കു പുറപ്പെട്ട കാലത്തെ അതേ കോലത്തിലാണ് ഇപ്പോഴും കെട്ടിടത്തിന്റെ പുറംമോടി. അകത്തെ മുറികളിൽ ഓരോ ചുമരിലും അംശങ്ങളിൽ പോലും ഘനീഭവിച്ചു നിൽ ക്കുന്ന ദുഖം നമുക്കു തൊട്ടറിയാം. അതിലൂടെ വെറുതെ അലയുമ്പോൾ ആദ്യമായി കീറ്റ്സിന്റെ ശോകാത്മകതയുടെ തലം എനിക്കു തിരിച്ചറിയാൻ കഴിഞ്ഞു. ഒരു ഗ്രീഷ്യൻ ഏണിന്റെ വശങ്ങളിൽ വരച്ചു ചേർത്ത മാന്ത്രിക ചിത്രത്തിൽ നിന്നും കാലാതീതത്വം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കീറ്റ്സിന്റെ മനസ്സ് ഞാനവിടെ വായിച്ചു. അനശ്വരതയെ തേടുന്ന ഒരാളുടെ വേദന. സാധാരണ ഒരാൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയം പോലും തനിക്കില്ലെന്നറിഞ്ഞിട്ടും കീറ്റ്സ് പുലർത്തിയ അമരത്വ മോഹങ്ങൾ...

Yathra Cover August 2020
യാത്ര വാങ്ങാം

അവസാനമായി, റോമിന്റെ ഓർമക്കുറിപ്പുകളിൽ മായാതെ നിൽക്കുന്ന മുഖത്തെക്കുറിച്ചു കൂടി. ഞാൻ താമസിച്ച ഹോട്ടലിലെ നൈറ്റ് ഡെസ്ക് ക്ലാർക്കിന്റേതായിരുന്നു ആ മുഖം. ഏതോ റൊമാനിയൻ ലേബർ ക്യാമ്പിൽ ജനിച്ച ഒരു പീഡിതാത്മാവ്. അയാൾ പറഞ്ഞ കഥകളിൽ തന്റെ അഭിശപ്ത ജനനവും പീഡിതമായ ജീവിതവും കഠിനമായ അധ്വാനത്തിനൊടുവിൽ നേടിയെടുത്ത ഫിസിക്സ് ഡോക്ടറേറ്റിന്റെ തിളക്കവും ഒടുവിൽ സർവവും നഷ്ടപ്പെട്ടവന്റെ എല്ലാം വെടിഞ്ഞുള്ള പലായനവുമൊക്കെ ഉണ്ടായിരുന്നു. ഒരു ജനതയുടെ ഏറ്റവും വലിയ മർദ്ദകർ വിദേശികളല്ല, സ്വന്തം ജനത തന്നെയാണെന്ന വേദനാജനകമായ തിരിച്ചറിവും അതിലുൾച്ചേർന്നിരുന്നു. അവസാന ദിവസം, പുലർച്ചെ നാലു മണിക്ക്, വരാമെന്നേറ്റ ടാക്സി കാത്ത് ഞാനിരിക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു പാഠം കൂടി അയാളെനിക്കു പറഞ്ഞു തന്നു: ജീവിക്കുന്നതിന്റെ സ മ്മർദ്ദം ഓരോ ദിവസത്തെയും നേരിടുന്നതിലല്ല, നാളെ നേരിടേണ്ടതെന്ത് എന്നറിയായ്കയിലാണ്. അറുപതു പിന്നിട്ട ആ മനുഷ്യന് ഓരോ ദിവസവും ഓരോ സമരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ അയാൾ പൊരുതിക്കൊണ്ടേയിരിക്കുന്നു. കാരണം, ഒരു റോമാക്കാരൻ അതാണ്. എന്താണോ വിധിക്കപ്പെട്ടത്, അതിനേക്കാൾ അൽപ്പമെങ്കിലും കൂടുതൽ പൊരുതി തേടുന്നവൻ. ഒരിക്കലും ആരോടും പരാജയം സമ്മതിക്കാത്തവൻ.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights:Anita Nair, Rome Travel, Italy Tourism. Mathrubhumi Yathra