കുറച്ചുദിവസമായി വല്ലാത്തൊരു മടുപ്പ്. നഗരദൃശ്യങ്ങളുടെ ചിരപരിചിതത്വമുണ്ടാക്കുന്ന മടുപ്പാവണം. ഇതുവരെ ഞാൻ പോയ മിക്ക സ്ഥലങ്ങളും ചെയ്ത കാര്യങ്ങളും നഗരപ്രകൃതിയുമായി ബന്ധപ്പെട്ടവയായിരുന്നു. കാരണം നഗരങ്ങൾ എന്നും എന്നെ പ്രലോഭിപ്പിച്ചിരുന്നു. എന്നാൽ ഹൃദയം കൊണ്ട് ഇന്നും ഞാനൊരു നഗരവാസിയല്ല. വരിവരിയായി നിൽക്കുന്ന കടകളും തെരുവിലെ നിലയ്ക്കാത്ത തിരക്കും ഏറെ നേരം എന്നെ ആവേശഭരിതയാക്കാറില്ല. ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള അനുവാദം എനിക്കായിരുന്നെങ്കിൽ തീർച്ചയായും ഒരു നാട്ടിൻ പുറത്തേക്കാവും ഞാനെന്നെ അയയ്ക്കുക. ഗ്രാമങ്ങളാവും ലക്ഷ്യമിടു. ഉറപ്പ്.
പത്തു വർഷം മുമ്പ്, യാദ്യശ്ചികമായാണ് ഞാൻ സസ്സെക്സ് കണ്ടെത്തുന്നത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. വൈകുന്നേരം, ലണ്ടനിലെ വിക്ടോറിയാ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് ഉൾനാടൻ ഇംഗ്ലണ്ടിലെ സസ്സെക്സിലേക്കു പോകുന്ന തീവണ്ടി യിലിരിക്കുകയായിരുന്നു ഞാൻ. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് അൽപ്പം മുമ്പ് അമ്പരപ്പിക്കുന്ന വർണക്കൂട്ടുകളിൽ നീരാടിനിൽ ക്കുന്ന ഒരു പ്രകൃതി ദൃശ്യത്തിലൂടെ ഞാൻ കടന്നു പോയി. അത്ഭുതത്തോടൊപ്പം വല്ലാത്ത ഒരു പരി ചിതത്വവും എന്നിലുണർത്തിയ കാഴ്ചയായിരുന്നു അത്. തീവണ്ടി ഒറ്റപ്പാലം സ്റ്റേഷനോടടുക്കുന്ന സമയത്ത് എന്നും എന്നിലുണരാറുള്ള വികാരവായ്പ് പോലെ എന്തോ ഒന്ന് പൊടുന്നനെ ഉള്ളിൽ നിറഞ്ഞു. ഒരാലിംഗനം പോലെ ചുറ്റും പൊതിയുന്ന വിശ്രാന്തി ഞാനറിഞ്ഞു. വീടിനോടടുക്കുന്നു എന്ന തോന്നൽ പോലെ. സൗമ്യവും ശാന്തവുമായ ഒരിടത്തിലേക്കു പ്രവേശിക്കുന്നതു പോലെ. ഘടികാരസൂചികളുടെ കൊളുത്തില്ലാത്ത ദിനരാത്രങ്ങളിലേക്കു സഞ്ചരിച്ചെത്തുന്നതു പോലെ. അച്ഛനമ്മമാരുടെ അടുത്തേക്കല്ല എന്ന ഒരു വ്യത്യാസം മാത്രം. ആ സ്ഥലം സേനിങ്ടണാ (Storington)യിരുന്നു. ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ സസ്സെ കസിലുള്ള ഒരു ഗ്രാമപ്രദേശം.
ഇത്തവണ ഞാൻ സ്റ്റോറിങ്ടൺ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. വിശ്രാന്തിയിലേക്കൊരു മടക്കം. കുറച്ചു ദിവസം വെറുതെ, നിശ്ശബ്ദമായി പ്രകൃതിയിൽ ചിലവഴിക്കണം.
സ്റ്റോറിങ്ടൺ. ഹൃദയം കവരുന്ന ഒരനുഭവമാണ് അത്. ഒരു ഗ്രാമത്തേക്കാൾ അൽപ്പം മാത്രം വലുത്. പട്ടണത്തിന്റെ എല്ലാ സൗകര്യങ്ങളും തികഞ്ഞ ഒരു ഗ്രാമം എന്നും പറയാം. കഫേ, റെസ്റ്റോറന്റ് , ബാങ്ക്, സൂപ്പർ മാർക്കറ്റ് ഒക്കെയുണ്ട്. തൊട്ടടുത്തു തന്നെ പഴയ രീതിയിലുള്ള കടകളുമുണ്ട്. ഇറച്ചിവെട്ടുകാരും ബേക്കർമാരും ഇരുമ്പു കച്ചവടക്കാരും തിങ്ങിനിറഞ്ഞ കടകൾ. സകലമാന സാധനങ്ങളും കിട്ടുന്ന വേറെ ചില കടകളും കൂട്ടത്തിലുണ്ട്. ചൂടുവെള്ളം നിറച്ച ബാഗ് കൊണ്ടുപോകാനുള്ള വലസഞ്ചി പോലും ഞാനവിടെ കണ്ടു സ്റ്റോറിങ്ടണിലെ ഒരു ചെറിയ റോഡിൽ ഒരു ആന്റിക് ഷോപ്പ്. അതിന്റെ പേര്: സ്റ്റേബ്ൾ ആന്റിക്സ്!
നാലു സന്ദർശനങ്ങളായിട്ടാണ് എന്റെ സ്റ്റോറിങ്ടൺ യാത്ര വിഭജിക്കപ്പെട്ടത്. ആദ്യത്തേത് ഈ സ്റ്റേബ്ൾ ആന്റിക്സിലേക്കായിരുന്നു. ഒരു പഴയ കോട്ടേജ്. കല്ലുപാകിയ നിരപ്പില്ലാത്ത തറ. വീതി കുറഞ്ഞ ഗോവണി. ഇരുണ്ട തടവറയെ ഓർമ്മിപ്പിക്കുന്ന മുറികൾ. അതിൽ പ്രദർശിപ്പിച്ചിരിക്കുന്ന കാ ക്കത്തൊള്ളായിരം വസ്തുക്കൾ. കല്ലിൽ കൊത്തിയ ലോക്കറ്റ്, പോർസലീൻ പാത്രങ്ങൾ, പലതരം കത്തികൾ, പെട്ടികൾ, ഫർണിച്ചർ, പുസ്തകങ്ങൾ, പൂന്തോട്ടസാമഗ്രികൾ, ഘടികാരങ്ങൾ. ആർക്കും വേണ്ടാത്തതും ആർക്കും വിലയില്ലാത്തതുമായ എന്തിനും ഇവിടെ സ്ഥലമുണ്ട്. വിലയുമുണ്ട്. ഓരോ തവണ പോയപ്പോഴും ഓരോ സാധനങ്ങളുമായാണ് ഞാൻ മടങ്ങിയത്. എന്റെ വീട്ടിൽ ഒരു സ്ഥാനം ഉറപ്പുള്ള ഓരോ നിധികളുമായി...
ഇത്തവണ ഒരു റോയൽ ഡൂൾട്ടൺ വിവാഹത്തളികയും അതിമനോഹരമായ ഒരു ക്രീം ജഗ്ഗുമാണ് ഞാൻ കണ്ടെത്തിയത്. എന്റെ വീട്ടിൽ അതിരിക്കുന്ന കാഴ്ച ഞാനപ്പോഴേ മനസ്സിൽ കണ്ടുകഴിഞ്ഞു. രണ്ടാമതൊന്നാലോചിക്കാതെ ഞാനതിന്മേൽ ചാടിവീണു. അതോടെ എന്റെ ആന്റിക് തീർഥയാത്ര പൂർണമായി. സ്റ്റോറിങ്ടൺ വെച്ചുനീട്ടുന്ന മറ്റാഹ്ലാദങ്ങൾ രുചിച്ചു നോക്കാൻ എനിക്കിനി മനസ്സമാധാനത്തോടെ പോകാം.

സ്റ്റോറിങ്ടണിൽ നിന്ന് മുപ്പതു കിലോമീറ്റർ ചുറ്റളവിലാണ് നഗരവും മലകളും കടലുമെല്ലാം. ചരിത്രഭൂമിയായ സപ്ലെക്സസ് പ്രവിശ്യയിലെ പടിഞ്ഞാറൻ സസെക് സിൽ ഒരു കത്തീഡ്രൽ നഗരമുണ്ട്. ചിച്ചസ്റ്റർ. രണ്ടാമത്തെ എന്റെ സന്ദർശനസ്ഥലം. ഒരു കുടിയേറ്റഭൂമിയുടെ സുദീർഘമായ ചരിത്രം പേറുന്ന മണ്ണ്. റോമൻ ചരിത്രത്തോളമെത്തുന്ന ഭൂതകാലവും ആംഗ്ലോ-സാക്സൺ കാലത്തെ പ്രാധാന്യവുമൊക്കെ അതിന്റെ ഗതകാലകഥകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
എന്നാൽ എന്നെ ചിച്ചസ്റ്ററിലേക്കാകർഷിച്ചത് അതൊന്നുമായിരുന്നില്ല. തീയേറ്ററും കലയും. അതായിരുന്നു ബ്രിട്ടനിൽ പോകുമ്പോഴൊക്കെ എന്തുവന്നാലും ലണ്ടനിൽ പോകണമെന്ന് എനിക്കുണ്ടായിരുന്ന നിർബന്ധത്തിനു പിന്നിലെ കാരണവും. എന്നാൽ ചിച്ചസ്റ്റർ കണ്ടെത്തിയതോടെ അതുമാറി. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ ചിലവഴിക്കണമെന്നില്ലാതായി. എന്റെ ഈ രണ്ട് ഇഷ്ടങ്ങളും നിറവേറ്റാൻ ചിച്ചസ്റ്റർ തന്നെ ധാരാളം. ഇത്തവണയും കൃത്യസമയത്തു തന്നെയാണ് ഞാനവിടെ എത്തിയത്. തീയേറ്റർ ഫെസ്റ്റിവലുകൾ പൊടി പാറുന്ന കാലം.
പ്രകൃതിസുന്ദരമായ ഓക്ക്ലാൻഡ് പാർക്സിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിച്ചസ്റ്റർ ഫെസ്റ്റിവൽ തീയേറ്റർ ബ്രിട്ടനിലെ പുകൾപെറ്റ തീയേറ്ററുകളിലൊന്നാണ്. അന്താരാഷ്ട്ര കീർത്തിയാർജിച്ചതാണ് ഇവിടത്തെ വാർഷികാഘോഷം. 'ഫെസ്റ്റിവൽ ത്രസ്റ്റ്' വേദിയും 'മിനർവ സ്റ്റുഡിയോയും കാണികൾക്ക് വിഭിന്നവും വിരുദ്ധവുമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. 1962ൽ ഇതാരംഭിച്ച കാലം മുതൽ ചിച്ചസ്റ്ററിനും പുറത്തുമുള്ള മുഴുവൻ ആസ്വാദകരുടെയും ഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുള്ളതാണ് ഈ ഫെസ്റ്റിവൽ അനുഭവങ്ങൾ. എല്ലാം തികഞ്ഞ ഒരു വെള്ളിയാഴ്ച ആ കാണികൾക്കിടയിൽ ഒരാളായി ഞാനും ഇരുന്നു. മഴയിൽ ഒരു പാട്ട് (Singing in the Rain) എന്ന പേരിലുള്ള മ്യൂസിക്കൽ കോമഡി ഷോ ആയിരുന്നു അന്ന് അരങ്ങേറിയത്. നിശ്ശബ്ദ സിനിമകളിൽ നിന്ന് ശബ്ദബഹളങ്ങളിലേക്കുള്ള ഹോളിവുഡ് സിനിമയുടെ യാത്രയെ ഹാസ്യാത്മകമായി അടയാളപ്പെടുത്തുന്ന നാടകമായിരുന്നു അത്.
പിറ്റേന്ന് മെക്സിക്കൻ ആർട്ടിസ്റ്റായ ഫ്രിദ കാലോയുടെ ഒരു ചിത്രപ്രദർശനം കാണാനും എനിക്കവസരം കിട്ടി. പാലന്റ് ഹൗസ് ഗ്യാലറിയിലെ തണുപ്പു പുതച്ചു നിൽക്കുന്ന മുറികളിലൂടെ സഞ്ചരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ലയം ഞാൻ അനുഭവിച്ചു. ചുട്ടു പൊള്ളുന്ന വികാരങ്ങളും തിളച്ചു പൊങ്ങുന്ന നിറങ്ങളും തണുത്തുറഞ്ഞ ചുമരുകളും കൂടിക്കലർന്ന ഒരു വിചിത്രാനുഭവം. ഞാനേറെ ആരാധിക്കുന്ന ഒരു കലാകാരിയുടെ ലോകത്തിലൂടെയുള്ള ആത്മസഞ്ചാരം. മെക്സിക്കോയിൽ (ഫിദ കാലോയുടെ ചിത്രങ്ങൾ ദേശീയതയുടെയും ഗോത്രത്തനിമയുടെയും ആഘോഷപൂർണമായ പ്രതിരൂപങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. സ്ത്രൈണാനുഭവങ്ങളുടെയും രൂപങ്ങളുടെയും കർക്കശമായ ചിത്രണമായി ഫെമിനിസ്റ്റുകൾ ഫിദയുടെ രചനകളെ വാഴ്ത്തുന്നു. മെക്സിക്കൻ സംസ്കാരവും അമേരിന്ത്യൻ പാരമ്പര്യവും അവരുടെ ചിത്രങ്ങളിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നുണ്ട്. ഏറെക്കുറെ പ്രാകൃതമെന്നോ അശിക്ഷിതമെന്നോ തോന്നിപ്പിക്കുന്ന നാടോടി ശൈലിയിലാണ് അവരുടെ രചന. സറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായ ആന്ദ്രേ ബ്രൈറ്റൻ 1938ൽ തന്നെ മികച്ച സറിയലിസ് രചനകളുടെ പട്ടികയിൽ ഇതും രേഖപ്പെടുത്തിയിട്ടുണ്ട്. കാലോയുടെ രചനകളെ 'ബോംബിൽ മെടഞ്ഞിട്ട റിബൺ' എന്നാണ് ബ്രൈറ്റൻ വിശേഷിപ്പിച്ചത്.
മെക്സിക്കോയിലെ മറ്റൊരു പ്രസിദ്ധ കലാകരനായ ഡീഗോ റിവേറയെയാണ് ഫിദ വിവാഹം കഴിച്ചിരുന്നത്. കൗമാരത്തിൽ നേരിട്ട ഒരു വാഹനാപകടത്തെത്തുടർന്ന് അവർ ജീവിതത്തിലുടനീളം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. അവരുടെ ചിത്രങ്ങളിൽ അതിന്റെ നിഴലടയാളങ്ങൾ വീണുകിടക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം. മിക്കതും പല രൂപത്തിലും ഭാവത്തിലുമുള്ള സ്വന്തം ചിത്രങ്ങൾ തന്നെയാണ്. 'ഞാൻ എന്നെത്തന്നെ വരക്കുന്നത് ഞാനൊറ്റയ്ക്കായതു കൊണ്ടാണ്. എനിക്ക് ഏറ്റവും നന്നായറിയാവുന്ന വിഷയം ഞാനായതു കൊണ്ടുമാണ്' എന്ന് ഫ്രിദ തന്നെ പറഞ്ഞിട്ടുണ്ട്.
ഫ്രിദയുടെ ക്ഷോഭത്തിന്റെ നേർരൂപം പോലെയാണ് ഫെറിങ്ങിലെ കടലോരം. ഇഷ്ടപ്പെട്ടു പോയിക്കാണാൻ മാത്രം ഒന്നുമില്ലാത്ത ഒരു ചെറിയ നഗരപ്രാന്തം. എന്റെ മൂന്നാമത്തെ സസ്സെക്സ് ഡെസ്റ്റിനേഷൻ. കടലല്ല, അമ്പരപ്പിക്കുന്ന സൗന്ദര്യമുള്ള അതിന്റെ തീരമാണ് ആ കാഴ്ചയെ ഉദാത്ത തയിലേക്കുയർത്തുന്നത്. വെള്ളാര ങ്കല്ലുകൾ ചിതറിക്കിടക്കുന്ന മനോഹരമായ ആ ബീച്ചിലൂടെ നടക്കുമ്പോൾ കാറ്റ് നിങ്ങളെ വന്നു വട്ടം പിടിക്കും. തീരത്ത് കടൽക്ഷോഭം നേരിടാൻ വെച്ചിട്ടുള്ള മരവേലിയുടെ കൈകളിൽ മുറുക്കിപ്പിടിക്കണം. ഇവിടെ ആകാശത്തിനും മറ്റെങ്ങുമില്ലാത്ത സൗന്ദര്യമുണ്ട്. അപാരതയോളമെത്തുന്ന ഇത്രയും വിശാലമായ ആകാശം മറ്റൊരു കടൽത്തീരത്തും ഞാൻ കണ്ടിട്ടില്ല. വന്യതയുടെ പശ്ചാത്തലദൃശ്യം പോലെ സസ്സെക്സിനെ ചൂഴ്ന്നു നിൽക്കുന്ന കുന്നുകൾ പോലും ആ നാടിന്റെ മെരുങ്ങാത്ത വൈകാരികതയെ ഇത്ര ശക്തമായി രേഖപ്പെടുത്തുന്നില്ല.
സൗത്ത് ഡൗൺസ് എന്നറിയപ്പെടുന്ന പച്ചപ്പുൽ വിരിച്ച കുന്നിൻ ചെരിവുകളാണ് നാലാമത്തെ സസ്സെക്സ് അനുഭവം. 260 ചതുരശ്ര കിലോമീറ്ററിൽ തെക്കു കിഴക്കൻ കടലോരത്തെ കൗണ്ടി സ്റ്റേറ്റുകളിലാകെ വ്യാപിച്ചു കിടക്കുന്നു, ഈ കുന്നുകളുടെ നിര. മലകളിലാകെ ഒരിനം പരുക്കൻ ചുണ്ണാമ്പുപാറകൾ. വെട്ടിനിരത്തിയതു പോലെ തട്ടുകളായ ഭൂമിയും ഊഷരമായ താഴ് വരകളും ഉരുണ്ടു വീഴുന്ന പാറകളും നിറഞ്ഞ സൗത്ത് ഡൗൺസ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചുണ്ണാമ്പു മലയായിട്ടാണ് അറിയപ്പെടുന്നത്. സൗത്ത് ഡൗൺസ് എന്ന വാക്കു കേട്ടാൽ പക്ഷെ ആദ്യം മനസ്സിലെത്തുന്ന ചിത്രം ഒരു വിശാലമായ പുൽമൈതാനത്തിന്റേതാണ്. നേർത്തതും വെള്ളം കെട്ടിനിൽക്കാത്തതുമായ പ്രതലം. ഉയരം കുറഞ്ഞ് ദൃഢതയുള്ള പച്ചപ്പുല്ലുകൾ തീർക്കുന്ന പട്ടുമെത്ത വിരിച്ച താഴ് വര. (Old Chalk Grassland).

ഒരു വലിയ ആവാസവ്യവസ്ഥയായിരുന്നു അത്. നൂറ്റാണ്ടുകളായി ചെമ്മരിയാടുകളും മുയലുകളും മേയുന്ന പുൽമേട്. കണ്ണെത്താദൂരം ചോളവയലുകൾ. 20-ാം നൂറ്റാണ്ടിന്റെ പകുതിവരെയും ഡൗൺലാൻഡ് കർഷകർക്കിടയിൽ 'ഷീപ് ആൻഡ് കോൺ ഫാമിങ്' എന്നറിയപ്പെട്ടിരുന്ന ഒരു പ്രത്യേക കൃഷിരീതി തന്നെ നിലനിന്നിരുന്നു. സൗത്ത് ഡൗണിൽ മാത്രം കാണുന്ന ഇനം ചെമ്മരിയാടുകളെ പ്രത്യേകം വേർതിരിച്ച് ചോളവയലുകളിൽ കെട്ടിയിട്ട് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുകയും പിന്നീട് മേയാൻ സമതലത്തിലേക്കഴിച്ചുവിടുകയും ചെയ്യുന്ന രീതിയായിരുന്നു അത്. 1940കൾ വരെ ഇതു നിലനിന്നിരുന്നുവത്രെ. രണ്ടാം ലോക മഹായുദ്ധ കാലത്ത് ആഭ്യന്തര ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കാൻ ഗവണ്മെന്റ് പുതിയ പദ്ധതികൾ ആ സൂത്രണം ചെയ്തതോടെ ഇത്തരം കൃഷിരീതികൾക്കും അന്ത്യമായി. 1950കളാവുമ്പോഴേക്കും കൃഷി എന്നാൽ കാർഷികവിളകൾ മാത്രമായി. ആടുമാടുകളും ഫലവർഗങ്ങളും അപ്രത്യക്ഷമായി. ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും അതോടെ അടിസ്ഥാനപരമായി തന്നെ വമ്പിച്ച മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു.
സർഗാത്മകമായ ഉല്ലാസം തേടുന്നവർക്ക് ഡൗൺലാൻഡ് പോലെ അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമില്ല. ഇവിടത്തെ നീണ്ടുനീണ്ടു പോകുന്ന നാട്ടുപാതകളും അനന്തവിസ്തൃതമായ പുൽമേടുകളും വലിയ പ്രലോഭനമാണ്. പ്രത്യേകിച്ച് അലസസഞ്ചാരികൾക്കും കുതിരസവാരിക്കാർക്കും മൗണ്ടൻ ബൈക്കേഴ്സിനും. ഇംഗ്ലണ്ടിൽ സൗത്ത് ഡൗൺസിന്റെ പ്രശസ്തി തന്നെ അതാണ്. വെറുതെ പ്രകൃതിയിലൂടെ അലഞ്ഞു നടക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സ്ഥലം. 3200 കിലോമീറ്ററോളം നീളത്തിൽ ശൃംഖലയായി വ്യാപിച്ചു കിടക്കുന്നതും വൃത്തിയായി പരി പാലിക്കപ്പെടുന്നതുമായ ഗ്രാമീണ നടപ്പാതകളുണ്ട് ഇവിടെ.

അത്തരം പാതകളിലൊന്നിലൂടെ നടക്കുകയായിരുന്നു ഞാൻ. പൊടുന്നനെ വിസ്മയിപ്പിക്കുന്ന ഒരു പ്രകൃതിദൃശ്യം എനിക്കു മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. ഒരറ്റത്ത് പർപ്പിൾ നിറമുള്ള ഹെതർ (ഒരു തരം പുൽമേട്). മറ്റേ അതിരിലെ ഉയർന്നു താഴ്ന്ന പ്രതലങ്ങളിൽ കൂട്ടമായി മേയുന്ന ചെമ്മരിയാടുകൾ. ഉയരെ മാനത്ത് ഒരു വാനമ്പാടി താരസ്ഥായിയിലുള്ള സംഗീതം മുഴക്കി നീലമേഘങ്ങളെ കീറിമുറിച്ച് കടന്നുപോകുന്നു! ഞാൻ നിന്നു. പാറകളുടെ ഒരു കൂമ്പാരത്തിൽ ചാരി അൽപ്പനേരം, അനങ്ങാതെ. അപ്പോൾ പൊടുന്നനെ എവിടെ നിന്നെന്നില്ലാതെ ഒരു ചാറ്റൽ മഴ പൊട്ടിവീണു. മേലോട്ടുയർത്തിയ എന്റെ മുഖത്തു നിറയെ മഴത്തുള്ളികൾ വീണു. കലർപ്പില്ലാത്ത ആനന്ദത്തിനു തുല്യമായ എന്തോ ഒന്ന് എന്നിലൂടെ പ്രവഹിച്ചു. എനിക്കു തോന്നി, എത്ര തവണ നടന്നാലും ഈ വഴികൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇവിടെ ഓരോ ദിവസവും പുതിയതാണ്.
(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Anita Nair, Chichester Festival, Sussex Travel, Mathrubhumi Yathra