യുനെസ്‌കോ അംഗീകരിച്ച ലോക പൈതൃകസ്മാരകങ്ങളിൽ പ്രഥമസ്ഥാനം ലോകാദ്ഭുതങ്ങളിലൊന്നായ കംബോഡിയയിലെ അങ്കൊർ വാട്ടിനാണ്. വാസ്തുവിദ്യയും ശില്പകലാചാതുരിയും ഒത്തുചേർന്ന അങ്കൊർ വാട്ട്. ലോകത്തെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലമെന്ന ഖ്യാതിയും അങ്കൊർ വാട്ടിനാണ്. ഞങ്ങൾ അങ്കൊർ വാട്ടിലേക്കു പോകുമ്പോൾ സൂര്യോദയം കണ്ട് തിരിച്ചുവരുന്നവരുടെ വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നു. സൂര്യോദയം കാണാൻ കഴിയാഞ്ഞതിലുള്ള നിരാശ മനസ്സിലടിഞ്ഞുകിടന്നു. 

അങ്കൊർ വാട്ടിലേക്ക് പ്രവേശിക്കാൻ പ്രത്യേകമായി ഫീസ് കൊടുത്ത് പ്രവേശന പാസ് എടുക്കണം. കംബോഡിയൻ തലസ്ഥാനമായ സിയെംറീഫിന്റെ വടക്കേയറ്റത്ത് ഏകദേശം 400 കിലോമീറ്ററോളം ചുറ്റളവിൽക്കിടക്കുന്ന അങ്കൊർ, ഖമർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. കംബോഡിയൻ ഭാഷയായ ഖമീറിൽ 'വാട്ട്' എന്നാൽ ക്ഷേത്രമെന്നാണർഥം. സൂര്യവർമന്റെ ശേഷക്രിയാക്ഷേത്രമാണ് ഇതെന്നും ഒരു വിശ്വാസമുണ്ട്. സാധാരണ ഹിന്ദുക്ഷേത്രനിർമിതിയിൽനിന്ന് വ്യത്യസ്തമായി ഇടത്തുനിന്ന് വലത്തോട്ട് ദർശനമെന്ന രീതിയിൽ പണിത ഈ ക്ഷേത്രം സൂര്യാസ്തമനത്തിന് പ്രാമുഖ്യം നൽകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മരണത്തിന്റെ പ്രതീകമായി ഇതിനെ കണക്കാക്കിവരുന്നു.

12-ാം നൂറ്റാണ്ടിൽ പണിത അങ്കൊർ വാട്ടിന്റെ പണി പൂർത്തിയാക്കാൻ 30 വർഷമെടുത്തു. അങ്കൊർ വാട്ടിന്റെ നിർമാണം അവസാനഘട്ടത്തിലെത്തിയപ്പോൾ ഭരണാധികാരിയായിരുന്ന സൂര്യവർമൻ രണ്ടാമൻ അന്തരിച്ചു. പിന്നീട് മാറിമാറി ഭരണത്തിലേറിയ രാജാക്കന്മാരിലൂടെ, സൂര്യവർമൻ വിഭാവനംചെയ്തതുപോലെയുള്ള അങ്കൊർ വാട്ട് ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ മൂന്നുപതിറ്റാണ്ടോളം വേണ്ടിവന്നു.16-ാം നൂറ്റാണ്ടിൽ ക്ഷേത്രം ബുദ്ധസന്ന്യാസിമാരുടെ അധീനതയിലായി. അതിനുശേഷം അങ്കൊർ വാട്ട് ബുദ്ധക്ഷേത്രമായി മാറി.

Angkor Wat 2

അനേകവർഷം വനത്തിനു നടുവിൽ നശിച്ചുകിടന്നിരുന്ന ക്ഷേത്രത്തെക്കുറിച്ച് പല ദുരൂഹതകളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. 1990-ഓടെ ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികൾ അങ്കൊർ വാട്ട് സന്ദർശിക്കാൻ തുടങ്ങി. 1992-ൽ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ അങ്കൊർവാട്ട് ഉൾപ്പെടുത്തി.  

203 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന ക്ഷേത്രത്തിനുചുറ്റിലും 203 മീറ്റർ വീതിയുള്ള കിടങ്ങാണ്. കിടങ്ങ് കഴിഞ്ഞാൽ ഒരു മീറ്റർ വീതിയിലും അഞ്ചുമീറ്റർ ഉയരത്തിലുമുള്ള ചുറ്റുമതിലാണ്. കോട്ടപോലെ, അങ്കൊർവാട്ടിനെ സംരക്ഷിക്കുന്ന മതിൽ കടന്നാൽ ക്ഷേത്രനഗരത്തിലെത്താം. കിടങ്ങിനു മുകളിൽ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും കെട്ടിയ പാലങ്ങളിലൂടെ മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. പാലങ്ങൾക്കരികിലുള്ള ഗോപുരങ്ങൾ ക്ഷേത്രമാണെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. അബദ്ധധാരണ ഉണ്ടാക്കുന്ന വിധത്തിലുള്ള ഈ ഗോപുരനിർമാണം ശത്രുക്കളിൽനിന്ന് രക്ഷനേടാനായി മനഃപൂർവം ചെയ്തതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിലെ കൊത്തുപണികളിൽ തെക്കെ ഇന്ത്യയിലെ വാസ്തുശില്പകലകളുടെ സ്വാധീനം നിറഞ്ഞുകാണാം. ചോളരാജാക്കന്മാരുടെയും പല്ലവരാജാക്കന്മാരുടെയും ഭരണകാലത്ത് കംബോഡിയയുമായി വ്യാപാരബന്ധം പുലർത്തിയിരുന്നു. 

നാലുവശത്തും ഗോപുരങ്ങളുള്ള ക്ഷേത്രത്തിലേക്ക് കിഴക്കുവശത്തുനിന്നും പടിഞ്ഞാറുവശത്തുനിന്നും പ്രവേശിക്കാമെങ്കിലും പടിഞ്ഞാറുള്ള പ്രവേശനഗോപുരമാണ് പ്രധാനം. ഏറ്റവും വലിയ ഈ ഗോപുരം മൂന്നു കൊത്തളങ്ങളോടുകൂടിയതാണ്. ഗജദ്വാരങ്ങൾ എന്നറിയപ്പെടുന്ന ഗോപുരത്തിന്റെ ബൃഹത്തായ പ്രവേശനകവാടങ്ങൾ ആനകൾക്ക് നിഷ്പ്രയാസം ഉള്ളിലേക്കു പ്രവേശിക്കാൻ കഴിയുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. ഈ ഗജകവാടങ്ങൾക്കു നടുവിലായി വിശാലമായൊരു മണ്ഡപം കാണാം. മണ്ഡപത്തിന്റെ ഉള്ളിലെ ചുവരിൽനിന്ന് മുന്നോട്ടു തള്ളിനിൽക്കുന്നവിധത്തിൽ നിരവധി വലിയ കരിങ്കൽത്തൂണുകളുണ്ട്. പൂവുകളും വൃക്ഷലതാദികളും നൃത്തരൂപങ്ങളും ദേവന്മാരുടെ രൂപങ്ങളും കൊത്തിവെച്ചിരിക്കുന്ന, ചിത്രത്തൂണുകളോടുകൂടിയ ഈ മണ്ഡപം അക്ഷരാർഥത്തിൽ ചിത്രമണ്ഡപം എന്ന പേരിന് അർഹമാണ്.

ഒന്നിനൊന്ന് വ്യത്യസ്തമായ ഉയരത്തിൽ മൂന്നുനിലകളായാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പ്രദർശന ഇടനാഴികളെല്ലാം (ഗാലറികൾ) ഒന്നാമത്തെയും രണ്ടാമത്തെയും നിലയിലായാണ് പണിതിരിക്കുന്നത്. വലിയ കരിങ്കൽത്തൂണുകൾക്കു മീതെ നിറയെ കൊത്തുപണികളോടെ നിർമിച്ചിരിക്കുന്ന കരിങ്കൽത്തട്ടുകളും ചുമരുകളും ഈ ഗാലറികളുടെ പ്രത്യേകതയാണ്. ഇവയോരോന്നും നിർമിച്ചിരിക്കുന്നത്, വരാന്തകളിൽനിന്ന് നേരിട്ട് പ്രവേശിക്കാൻ കഴിയുന്ന വിധത്തിലാണ്.  

മൂന്നാമത്തെ നില അഞ്ചുഗോപുരങ്ങളോടെയാണ് പണിതിരിക്കുന്നത്. നാലു കോണുകളിൽ ഓരോന്നും നടുവിലായി മറ്റൊരു ഗോപുരവും. 700 അടിയോളം ഉയരമുള്ളതാണ് നടുവിലത്തെ ഗോപുരം. വരിവരിയായി താമരപ്പൂക്കളുടെ ആകൃതിയിൽ ഉയർന്നുനിൽക്കുന്ന ഗോപുരങ്ങളിൽ നടുവിലുള്ള ഗോപുരമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ക്ഷേത്രത്തിന്റെ ചില കോണുകളിൽനിന്ന് നോക്കിയാൽ മാത്രമേ അഞ്ചു ഗോപുരങ്ങളും ഒരേസമയത്ത് ദർശനയോഗ്യമാകൂ. 

കിടങ്ങിനുമുകളിലായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ 820 അടി നീളത്തിലും 39 അടി വീതിയിലും നിർമിച്ചിരിക്കുന്ന കരിങ്കൽപ്പാലം കടന്നാൽ അങ്കൊർ വാട്ടിലെത്താം. മുന്നോട്ടു നടന്നാൽ പ്രധാന പ്രവേശനകവാടമായ കിഴക്കേ ഗോപുരനട. തറയിൽനിന്ന് വലിയ കരിങ്കൽപ്പടവുകൾ കയറിയാലെത്തുന്നത്  കിഴക്കേ ഗോപുരവാതിൽക്കലാണ്. ഗോപുരവാതിലിലൂടെ നടപ്പന്തലും കഴിഞ്ഞ് ക്ഷേത്രപൂമുഖത്തിലേക്ക് പ്രവേശിക്കാം. 235 മീറ്റർ വിസ്തീർണമുള്ള വിശാലമായ ഈ പുമുഖത്തിൽ നിറയെ അലങ്കാരക്കൊത്തുപണികളുണ്ട്. വാതിൽ കടന്നാൽ വലതുവശത്തായി 3.25 മീറ്റർ ഉയരമുള്ള, മഹാവിഷ്ണുവിന്റെ വിഗ്രഹം കാണാം. ഈ രൂപം തീർത്തിരിക്കുന്നത് ഒറ്റക്കല്ലിലാണ്. എട്ടു കൈകളുള്ള വിഷ്ണുവിഗ്രഹം അത്യാകർഷകമാണ്. ചെങ്കോലും വേലും ചക്രവും ശംഖും കൈകളിലേന്തിയ ഈ വിഷ്ണുവിഗ്രഹം അത്യപൂർവമാണ്. ഈ വിഗ്രഹത്തിനു മുന്നിൽ യുവതീയുവാക്കൾ നല്ല വിവാഹബന്ധം ലഭിക്കാനായി മുടിയിഴകൾ സമർപ്പിക്കുന്നത് ഒരു വഴിപാടാണ്. അങ്ങനെ ചെയ്താൽ നല്ല ജീവിതപങ്കാളിയെ ലഭിക്കുകയും ജീവിതം ഐശ്വര്യപൂർണമാകുകയും ചെയ്യും എന്നാണ് കംബോഡിയക്കാരുടെ വിശ്വാസം. ഇവിടെനിന്നാണ് ഓരോ നിലകളിലുമുള്ള ഗാലറികളിലേക്ക് പ്രവേശിക്കുന്നത്. കൽത്തൂണുകൾക്കിടയിൽ ഇടവിട്ടിടവിട്ട് കമാനാകൃതിയിലും സമചതുരത്തിലും മാറിമാറി പണിതിരിക്കുന്ന ഈ വലിയ കരിങ്കൽ താങ്ങുകൾ ഖമീർ വാസ്തുവിദ്യയുടെ പ്രത്യേകതയാണ്.

Angkor Wat 3 
 
ഒന്നാംനിലയിലെ പടിഞ്ഞാറുഭാഗത്തുനിന്ന് തുടങ്ങുന്ന ഇടനാഴിയിൽ മഹാഭാരത കഥകളാണ് കൊത്തിവെച്ചിരിക്കുന്നത്. ശരങ്ങൾകൊണ്ട് തീർത്ത ശയ്യയിൽ കിടക്കുന്ന ഭീഷ്മരും, മുകളിലേക്ക് അമ്പെയ്ത് ഗംഗാജലം എത്തിച്ച് പിതാമഹന് നൽകുന്ന അർജുനനും ശ്രേഷ്ഠമായ സൃഷ്ടികളാണ്. നീണ്ട വിശാലമായ ആ ഇടനാഴിയിൽനിന്ന് അടുത്ത പ്രദർശന ഇടനാഴിയിലേക്കാണ് പ്രവേശിക്കുന്നത്. ഇടനാഴിയുടെ വലിയ വാതിലിനുമുകളിൽ മാരീചവധം കൊത്തിവെച്ചതുകാണാം. വാതിൽ കടന്ന് എത്തുന്നത് രാമായണ കഥകൾ ആലേഖനം ചെയ്തിരിക്കുന്ന ഇടനാഴിയിലേക്കാണ്. അടുത്ത ഇടനാഴിയിലേക്കുള്ള വാതിൽ കടന്ന് എത്തുന്നത് കൃഷ്ണാവതാര കഥകളുടെ ലോകത്തേക്കാണ്. ഇത്തരം ഹൃദ്യമായ കൊത്തുപണികൾ കാണുമ്പോൾ ഇതെല്ലാം കൊത്തിയെടുത്ത കൈകളെ ഓർത്തുപോകും. കംബോഡിയയുടെ ചരിത്രവും അങ്കൊറിൽ കൊത്തിവെച്ചിട്ടുണ്ട്. ഖമർ രാജവംശ രാജാക്കന്മാരുടെ രൂപങ്ങൾ. അങ്കൊറിന്റെ നിർമാതാവായ സൂര്യവർമൻ രണ്ടാമന്റെ രൂപം നടുക്കായി വളരെ ഭംഗിയോടെ കൊത്തിവെച്ചിരിക്കുന്നു. കൂടെ ആനകളും അമ്പാരികളും പോരാളികളായ സൈന്യങ്ങളുമെല്ലാമുണ്ട്.  

വിവിധ രാജ്യങ്ങളിൽനിന്നെത്തിയ സന്ദർശകവൃന്ദങ്ങൾ. അവർക്കിടയിലൂടെ അടുത്ത ഇടനാഴിയിലേക്ക്. മൂന്ന് നിരകളിലായി സ്വർഗവും നരകവും കൊത്തിവെച്ചിരിക്കുന്നത് ഇവിടെയാണ്. 37 സ്വർഗരൂപങ്ങളും 32 നരകരൂപങ്ങളും ഇവിടെ കൊത്തിവെച്ചിരിക്കുന്നു. അങ്കൊറിലെ ഏറ്റവും പ്രശസ്തമായ കൊത്തുപണികളിലൊന്നായ പാലാഴിമഥനം ഇവിടെയാണ്. ഒരറ്റത്ത് 92 അസുരന്മാരെ വ്യക്തമായി കാണാം. മറുവശത്ത് 88 ദേവന്മാരുടെ രൂപങ്ങൾ. വായിലൂടെ വിഷംതുപ്പുന്ന വാസുകി. പരമശിവന്റെ കാളകൂടപാനം, മൂന്ന് തലയുള്ള ഐരാവതമെന്ന ആന, മഹാലക്ഷ്മി, മഹാവിഷ്ണുവിന്റെ മായാരൂപത്തിലുള്ള മോഹിനി, ദേവന്മാരുടെ അടുത്ത് സഹായിയായി നിൽക്കുന്ന ഹനുമാൻ... അങ്ങനെ ബൃഹത്തായി കൊത്തിവെച്ചിരിക്കുന്ന പാലാഴിമഥനം. പാലാഴി മഥനം കഴിഞ്ഞെത്തുന്നത് മറ്റൊരു നിരയിലേക്കാണ്. ശ്രീകൃഷ്ണകഥകൾ, കൈലാസം, ശിവപാർവതിമാർ, സ്‌കന്ദൻ, ഗണേശൻ, തുടങ്ങി വലിയൊരു നിരതന്നെ ഇവിടെ കാണാം. ദേവാസുരയുദ്ധങ്ങളും വിശദമായിത്തന്നെ കൊത്തിവെച്ചിട്ടുണ്ട്. ഇടതുവശത്തായി 'മാറ്റൊലികളുടെ ഇടനാഴി' എന്നറിയപ്പെടുന്ന പ്രത്യേകമായൊരു ഇടനാഴി കാണാം. വിശാലമായ ഈ ഇടനാഴിയിലെ കരിങ്കൽ തൂണുകളിൽ പ്രത്യേക രീതിയിൽ സ്പർശിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദങ്ങളും അവയുടെ മാറ്റൊലികളും ഈ ഇടനാഴിയുടെ പ്രത്യേകത. സന്ദർശകരിൽ ചിലർ ഗൈഡുകളുടെ നിർദേശപ്രകാരം അത് പരീക്ഷിച്ച് നോക്കുന്നുണ്ട്. ഈ ഇടനാഴിയിൽനിന്ന് നോക്കിയാൽ അങ്കൊറിന്റെ മുകൾതട്ടുവരെ കാണാം.
 
Angkor Wat 4രണ്ടാംനിലയിലേക്കുള്ള കുത്തനേയുള്ള പടവുകൾ കയറിയാലെത്തുന്ന ആദ്യത്തെ ഹാളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. ആ ഹാളിനുള്ളിൽ ബുദ്ധസന്ന്യാസിമാർ പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം 400 അടിയോളം നീളത്തിലുള്ള  പ്രാർഥനാഹാളിന്റെ പുറംചുമരുകളിൽ കൊത്തുപണികളൊന്നും ചെയ്തിട്ടില്ല.  പല ബുദ്ധ-ജൈന-ക്ഷേത്രങ്ങളിലും പ്രാർഥനാ സ്ഥലത്ത് കൂടുതൽ കൊത്തുപണികൾ കാണാറില്ല. രണ്ടാനിലയിൽ വീണ്ടും മുന്നോട്ടുനടന്നാൽ നമ്മളെത്തുന്നത് അങ്കൊർ വാട്ടിന്റെ മറ്റൊരു ലോകത്തിലാണ്.  ഈ ഇടനാഴിയുടെ പുറംചുമരുകളിൽ ആയിരത്തി അഞ്ഞൂറിലധികം അപ്സര നർത്തകിമാരെയാണ് കൊത്തിവെച്ചിരിക്കുന്നത്. ആരേയും മോഹിപ്പിക്കുന്ന സുരസുന്ദരിമാരായ അപ്സരകന്യകകൾ. ഇതൊരു സ്വർഗലോകംതന്നെയാണ്. അങ്കൊറിലെസന്ദർശകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്.

പിന്നെ എത്തുന്നത് പുരാണേതിഹാസ സന്ദർഭങ്ങൾ കൊത്തിവെച്ചിരിക്കുന്ന ഇടനാഴിയിലേക്കാണ്. അടുത്ത ഇടനാഴിയിൽ ജലകന്യകമാരുടെ വിവിധ ശ്രേണികളിലുള്ള രൂപങ്ങളാണ് കൊത്തിവെച്ചിരിക്കുന്നത്.  ശ്രദ്ധിച്ച് നോക്കിയാൽ ഓരോരുത്തരുടെയും ഭാവങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാവും. ആഭരണങ്ങളുടെ മാതൃകകൾ അറിയാനും പഠിക്കാനുമായി ധാരാളം ജൂവലറി ഡിസൈനേഴ്സ് അങ്കൊർവാട്ട് സന്ദർശിക്കാറുണ്ട്. ഈ ഇടനാഴിയുടെ ചുമരിലെ അപ്സരശില്പങ്ങളെല്ലാം സംഘനർത്തകരെപ്പോലെയാണ് കൊത്തിവെച്ചിരിക്കുന്നത്. ആധുനിക ലോകത്തിന്റെ ത്രിമാന ചിത്രീകരണ രീതി (ത്രീ ഡി ഇഫക്റ്റ്)  അടിസ്ഥാനമാക്കിയാണ് ചില രൂപങ്ങൾ.

എണ്ണിയാലൊടുങ്ങാത്ത വിധം ഏറ്റവും കുത്തനെയുള്ള പടികൾ കയറിയാലേ മൂന്നാംനിലയിലെത്തുകയുള്ളൂ. ബാകൻ (Bakan) എന്നറിയപ്പെടുന്ന ഈ നില കുറച്ചുകാലം സന്ദർശകർക്ക് തുറന്നുകൊടുത്തിരുന്നില്ല. ഇപ്പോഴും വളരെ കുറച്ച് സന്ദർശകർക്ക് മാത്രമെ ഇവിടേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. നീണ്ട ക്യൂവിൽനിന്ന് ഭാഗ്യപരീക്ഷണം നടത്തിയാൽ കിട്ടുന്ന അസുലഭമായ അവസരം.  എന്തോ ഒരു ഭാഗ്യംപോലെ കുറച്ചുപേരെ അപ്പോൾ ഒടുവിൽ മുകളിലേക്ക് പോകാനുള്ള അനുവാദം ലഭിച്ചു. ചവിട്ടുപടികൾക്ക് കഷ്ടിച്ച് പാദം വെക്കാനുള്ള വീതിയേയുള്ളു. രണ്ടുമൂന്ന് പേർക്ക് ഒന്നിച്ച് കയറാനും ഇറങ്ങാനും കഴിയുന്നവിധത്തിൽ രണ്ടുഭാഗങ്ങളായി ചങ്ങലകൾ കെട്ടി വേർതിരിച്ച കോണിപ്പടികൾ. മുകളിലെത്തിയപ്പോൾ കുളിർകാറ്റിന്റെ അകമ്പടിയോടെ അങ്കൊറിന്റെ വിശാലമായ ദൂരദൃശ്യം. എല്ലാ ക്ഷീണവും മറന്നുപോയി. അത്രയ്ക്കും മനോഹരമായൊരു ദൃശ്യവിരുന്നാണിത്.

ഫോട്ടോഗ്രാഫിക്ക് കർശനമായ വിലക്കുള്ള സ്ഥലമാണിത്. വളരെ കുറച്ച് സമയമേ അവിടെ നിൽക്കാൻ അനുവാദമുള്ളൂ. ഈ ലോകവിസ്മയ കാഴ്ചയുടെ ഒരു ശതമാനംപോലും പൂർണമായിട്ടില്ല എന്ന അറിവോടെ ഞാൻ മൂന്നാം നിലയിലെ പടവുകളിറങ്ങി.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: angkor wat, angkor wat history, angkor wat architecture, angkor wat sculpture