പാരീസ്, ലണ്ടന്‍, ആംസ്റ്റര്‍ഡാം.. ഒരു യൂറോപ്യന്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഏവരുടെയും മനസ്സില്‍ തെളിയുന്ന നഗരങ്ങളാണിവ. ആംസ്റ്റര്‍ഡാമില്‍ വരുന്നവരില്‍ ഏറിയപങ്കും ആംസ്റ്റര്‍ഡാം സെന്‍ട്രലിലെ വീഥികളില്‍ കറങ്ങി, കനാലുകളിലൂടെ നഗരംചുറ്റി, സാംസെഷാന്‍സില്‍ പോയി വിന്‍ഡ്മില്ലുകളും കണ്ട് മടങ്ങുകയാണ് പതിവ്. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ അതിലേറെ കാണുവാനുള്ള സമയവും ഉണ്ടാകാറില്ല. പക്ഷേ, കലാസ്വാദകരുടെ പട്ടികയില്‍ ഒരിടംകൂടി ഉണ്ടാകും. മ്യൂസിയം പ്ലെയിന്‍.
ആംസ്റ്റര്‍ഡാം നഗരത്തിലെ ഒരു പ്രധാന ചത്വരമാണ് മ്യൂസിയംപ്ലെയിന്‍. വിശാലമായ പുല്‍ത്തകിടി. ഉത്സവാഘോഷവേളകളില്‍ വാണിജ്യപ്രദര്‍ശനങ്ങളും സംഗീതമേളകളും ഇവിടെ അരങ്ങേറുന്നു. മൈതാനത്തിന്റെ ചുറ്റുമുള്ള കെട്ടിടങ്ങളില്‍ ഭൂരിഭാഗവും സ്ഥിരം പ്രദര്‍ശനശാലകളാണ്. പടിഞ്ഞാറുവശത്തായി റോയല്‍ കണ്‍സെര്‍ട് ഹാള്‍, വടക്കുപടിഞ്ഞാറെ മൂലയില്‍ സ്റ്റഡിലിക് മ്യൂസിയം, അതിനോടുചേര്‍ന്നു വാന്‍ഗോഗ് മ്യൂസിയം, പിന്നെ മൊക്കോ മ്യൂസിയം, ഡയമണ്ട് മ്യൂസിയം, കിഴക്കുവശത്തു വിശാലമായ റിക് മ്യൂസിയം. കലാകാരന്മാര്‍ക്ക് ആവശ്യമായ കാന്‍വാസ്, പെയിന്റ്, ബ്രഷ് തുടങ്ങിയ സാധനസാമഗ്രികള്‍ വില്‍ക്കുന്ന ആര്‍ട്ട് ഡീലര്‍മാരുടെ കടകളുമുണ്ടിവിടെ.
നെതര്‍ലാന്‍ഡ്‌സിന്റെ ഹോളണ്ട് എന്നാണ് ഈ രാജ്യം നേരത്തെ അറിയപ്പെട്ടിരുന്നത്, സാംസ്‌കാരികകേന്ദ്രമാണ് ആംസ്റ്റര്‍ഡാം. ശതാബ്ദങ്ങളുടെ കഥ പറയുന്ന ഒരു ചരിത്രമുണ്ട് ഹോളണ്ടിന്റെ ഈ തലസ്ഥാന നഗരിയ്ക്ക്. വിശ്വപ്രശസ്ത ചിത്രകാരന്മാരായ വാന്‍ഗോഗ്, റം ബാന്‍ഡ്, വെര്‍മീര്‍ തുടങ്ങി അനേകം പേര്‍ ഡച്ച് ജനതയുടെ അഭിമാനമാണ്. ഇവരുടെയെല്ലാം കലാസൃഷ്ടികളുടെ നല്ലൊരു ഭാഗം നമുക്കിവിടെ കാണാം.

ആംസ്റ്റല്‍വിനില്‍ നിന്ന് മെട്രോയില്‍ പുറപ്പെട്ട് ഞങ്ങള്‍ ആംസ്റ്റര്‍ഡാം സെന്‍ട്രലില്‍ ഇറങ്ങി നടന്നു. അടുത്ത് ഡാമാര്‍ക്കില്‍ ഒരു ഹാളില്‍ ഡാവിഞ്ചിയുടെ സൃഷ്ടികളുടെ പ്രദര്‍ശനം നടക്കുന്നു. കുറച്ചുകൂടി ചെന്നപ്പോള്‍ ഡാം സ് ക്വയറില്‍ മാഡം തുസാഡ്‌സ്. മെഴുകുപ്രതിമകളുടെ മ്യൂ സിയം. ഇവയെല്ലാം പിന്നിട്ട് നഗരകാഴ്ചകള്‍ കണ്ടുകൊ ണ്ട് ഞങ്ങള്‍ നീങ്ങി. അധികം ദൂരെയല്ലാത്ത മ്യൂസിയം പ്ലെയിന്‍ ആണ് ഞങ്ങളുടെ ലക്ഷ്യം. ഇടുങ്ങിയ വീഥികള്‍, അവയെ മുറിച്ചുകൊണ്ട് ഒഴുകുന്ന ജലപാതകള്‍, വിനോദ സഞ്ചാരികളെ നഗരം കാണിക്കുന്ന ബോട്ടുകള്‍ അവയിലൂ ടെ ഒഴുകിനടക്കുന്നു. കനാലുകള്‍ക്കു കുറുകെ കമാനരീ തിയില്‍ നിര്‍മിച്ചിരിക്കുന്ന പാലങ്ങളുടെ കൈവരിയില്‍ പൂച്ചട്ടികള്‍, അവയിലെല്ലാം നിറയെ പൂക്കള്‍. റോഡിന്നി രുവശത്തും വിവിധ നിറങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന പഴയ കെട്ടിടങ്ങള്‍, നമുക്ക് തികച്ചും അന്യമായ അന്തരീക്ഷം. നടന്ന് നടന്ന് മ്യൂസിയം പ്ലെയിന്‍ എത്തിയത് അറിഞ്ഞില്ല. അവിടെ വാന്‍ഗോഗ് മ്യൂസിയത്തിലേക്കാണ് ആദ്യം ഞങ്ങള്‍ പോയത്.
വാന്‍ഗോഗ് മ്യൂസിയം
പത്തൊന്‍പതാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ചിത്രകലാ രംഗത്തു വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഒരു ഡച്ച് കലാകാരന്‍ ആയിരുന്നു വിന്‍സെന്റ് വില്യം വാന്‍ഗോഗ്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കലാസൃ ഷികള്‍ക്കോ വേണ്ടത്ര അംഗീകാരമോ പ്രസിദ്ധിയോ കിട്ടിയിരുന്നില്ല. ചിത്രങ്ങളുടെ വില്പനയും താരതമ്യേന കുറവായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളുടെ ഫലമായു ണ്ടായ മാനസിക സംഘര്‍ഷത്തില്‍നിന്നും കരകയറുവാ നും വാന്‍ഗോഗിനു കഴിഞ്ഞില്ല. മുപ്പത്തിയേഴാം വയസ്സില്‍, സ്വയം ഏല്പ്പിച്ച നെഞ്ചിലെ മുറിവിനെ തുടര്‍ന്ന് 1890 ജൂലായ് 29-ന് വാന്‍ഗോഗ് നിര്യാതനായി.
നിറങ്ങളും സൗന്ദര്യവും വൈകാരികതയും നിറഞ്ഞ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശൈലി പിന്നീട് വന്ന തല മുറകള്‍ പിന്‍തുടര്‍ന്നു. അക്കാലത്ത് ബൈബിള്‍ കഥകളും ഭരണകര്‍ത്താക്കളും എല്ലാമായിരുന്നു ചിത്രങ്ങള്‍ക്കു വിഷ യമായിരുന്നത്. അതില്‍നിന്നു വ്യത്യസ്തമായി സാധാരണ മനുഷ്യരും അവരുടെ പ്രവൃത്തികളും ചുറ്റുപാടുകളും ജീവിതവും പ്രകൃതിയും പൂക്കളുമെല്ലാം വാന്‍ഗോഗ് ചിത്രങ്ങളില്‍ നിറഞ്ഞു. ഓയില്‍ പെയിന്റിങ്ങും വാട്ടര്‍കളറും സ്‌കെച്ചസും ആയി രണ്ടായിരത്തോളം ചിത്രങ്ങള്‍. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച റംബാന്‍ഡിനുശേഷം ലോകപ്രശസ്ത ചിത്രകാരനായി വാന്‍ഗോഗ് വളര്‍ന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പിക്കാസോവിന്റേതുപോലെ, കലാരംഗത്തു വിലപിടിപ്പുള്ള വസ്തുക്കളായി മാറി.
ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയത്തിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരമുള്ളത്. കൂടാതെ മറ്റു ഡച്ച് കലാകാരന്മാരുടെ ചിത്രങ്ങളും ഇവിടെയുണ്ട്. വര്‍ഷത്തില്‍ 365 ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും വെള്ളിയാഴ്ചകളില്‍ രാത്രി 10 വരെയുമാണ് സന്ദര്‍ശകസമയം. 17 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് 17 യൂറോ (ഏകദേശം 1290 രൂപ) ആണ് പ്രവേശനഫീസ്. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങിയാല്‍ വരി ഒഴിവാക്കാം. സന്ദര്‍ശകരില്‍ ആവശ്യക്കാര്‍ക്ക് വേണ്ട സഹായമായി വീല്‍ചെയറും ലിഫ്റ്റ് സൗകര്യവും ഉണ്ട്. മ്യൂസിയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രവേശനക വാടത്തിനരികെയുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ നിന്നും ലഭിക്കും. ഇംഗ്ലീഷ്, ഡച്ച് തുടങ്ങി 10 ഭാഷകളിലുള്ള മള്‍ട്ടി മീഡിയ ഗൈഡിന് അഞ്ച് യൂറോ ആണ് ഫീസ്. മ്യൂസിയ ത്തിനകത്തു വൈഫൈ സൗജന്യമാണ്. ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്, ഒരിടത്തൊഴികെ. അവിടെ വാന്‍ഗോഗി ന്റെ വലിയൊരു ചിത്രമുണ്ട്. ആ ചിത്രം പശ്ചാത്തലമാക്കി ചിലര്‍ സെല്‍ഫി എടുക്കുന്നു. മ്യൂസിയത്തില്‍ ആളൊഴിഞ്ഞ മൂലയില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം. മധ്യവയസ്‌കയായ ഒരു സ്ത്രീ നിലത്തിരുന്ന് സംസാരിക്കുന്നു. ചുറ്റും ആറ്, പന്ത്രണ്ട് വയസ്സുകാരായ കുറെ കുട്ടികള്‍, കേള്‍വിക്കാരായി അവരുടെ രക്ഷകര്‍ത്താക്കളും ഉണ്ട്. ചിത്രകലയെയും വാന്‍ ഗോഗിനെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്താനായി മ്യൂസിയം അധികൃതര്‍ നടത്തുന്ന ഒരു പരിപാടിയാണത്.
വാന്‍ഗോഗ് മ്യൂസിയത്തിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. പ്രധാന കെട്ടിടത്തിലാണ് മ്യൂസിയം, രണ്ടാമത്തേത് എക് സിബിഷന്‍ വിങ് ആണ്. ഇവ രണ്ടും കൂട്ടിയിണക്കിക്കൊണ്ട് നടുവില്‍ സ്ഥിതിചെയ്യുന്ന ഗ്ലാസ് എന്‍ട്രന്‍സ് ഹാളിലാണ്, ഇന്‍ഫര്‍മേഷന്‍ ഡസ്‌കും പ്രധാന മ്യൂസിയം ഷോപ്പും. ഇതുകൂടാതെ സുവനീര്‍ വില്‍ക്കുന്ന മറ്റൊരു കടയും പുസ്തകശാലയും കഫേയും മ്യൂസിയം വിങ്ങില്‍ ഉണ്ട്. വാന്‍ ഗോഗിന്റെ ചിത്രങ്ങളുടെ പ്രിന്റുകളും പോസ്റ്റ് കാര്‍ഡുകളും തുടങ്ങി വാന്‍ഗോഗിന്റെ ഓര്‍മയ്ക്കായി സൂക്ഷിച്ചുവെക്കാവുന്ന നിരവധി വസ്തുക്കളും മ്യൂസിയം ഷോപ്പില്‍ വില്പനയ്ക്കുണ്ട്. എല്ലാ വെള്ളിയാഴ്ചയും രാത്രി 10 വരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ആ വൈകുന്നേരങ്ങളില്‍ എക്‌സിബിഷന്‍ വിങ്ങില്‍ ഗാനമേള, മറ്റു കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം, ചര്‍ച്ചകള്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ ഉണ്ടാകും.
മ്യൂസിയം എല്ലാം നടന്നുകണ്ട്, കഫേയില്‍നിന്ന് ഒരു കാപ്പിയും കുടിച്ചശേഷം പ്രവേശനഹാളിലെ മ്യൂസിയം ഷാപ്പില്‍ എത്തി വാന്‍ഗോഗിന്റെ പ്രധാന ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിട്ടുള്ള കുറച്ചു കപ്പുകളും വാങ്ങിയാണ് ഞങ്ങള്‍ അവിടം വിട്ടത്.
റിക്‌സ് മ്യൂസിയം
നെതര്‍ലാന്‍ഡ്‌സിന്റെ കലാശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ദേശീയ മ്യൂസിയമാണ് റിക്‌സ്. 10 ലക്ഷത്തോളം വരുന്ന അവരുടെ ശേഖരത്തില്‍നിന്നു തിരഞ്ഞെടുത്ത കലാചരിത്ര പ്രാധാന്യമുള്ള 8000 വസ്തുക്കളാണ് ഇവിടെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഡച്ച് ചരിത്രത്തിന്റെ കഴിഞ്ഞുപോയ ആറ് നൂറ്റാണ്ടിലേറെ കാലത്തേക്ക് വെളിച്ചം വീശുന്ന ഈ മ്യൂസിയത്തില്‍ 2016-ല്‍ മാത്രം എത്തിയത് 22 ലക്ഷം സന്ദര്‍ശകരാണ്. ഡച്ച് സുവര്‍ണകാലഘട്ടത്തിലെ കലാകാരന്മാരുടെ മാസ്റ്റര്‍പീസുകളടക്കം രണ്ടായിരത്തോളം പെയിന്റിങ്ങുകളുണ്ടിവിടെ. ഡച്ച് ചരിത്രത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന വസ്തുക്കളെ കൂടാതെ ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയുടെ ഒരു ഏഷ്യന്‍ പവലിയനും റിക്‌സില്‍ ഉണ്ട്. ഭാരതത്തില്‍നിന്നുള്ള നടരാജനെയും നന്ദികേശ്വരനെയും ക്ഷേത്രപാലനെയും അവിടെ കണ്ടു.
കാലവര്‍ഷം 1800-ല്‍ ഹെയ്ഗ് നഗരത്തില്‍ സ്ഥാപിച്ച റിക് മ്യൂസിയം 1808 ല്‍, അന്ന് രാജ്യം ഭരിച്ചിരുന്ന ലൂയിസ് ബോണപ്പാര്‍ട്ട് (നെപ്പോളിയന്റെ സഹോദരന്‍) ഇറക്കിയ ഉത്തരവ് അനുസരിച്ച് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റി. 1885-ല്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. റിക്‌സ് മ്യൂസിയം ഇന്നത്തെ ആധുനിക സൗകര്യ ങ്ങളോടെ 2013-ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നത് 10 വര്‍ഷം നീണ്ടുനിന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമായിരുന്നു.
നമ്മുടെ നാട്ടിലെ എട്ടുകെട്ടിന്റെ ഒരു ഏകദേശ രൂപമാണ് റിക് മ്യൂസിയത്തിന്. നടുമുറ്റങ്ങള്‍ കോര്‍ത്തിണക്കി ഒരു ബേസ്‌മെന്റ്, അത് പ്രവേശന ഹാളാക്കി അവിടെ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്കും ടിക്കറ്റ് കൗണ്ടറും ലോക്കര്‍ മുറിയും ടോയ്‌ലെറ്റും എല്ലാം ഒരുക്കിയിരിക്കുന്നു. 140 ഇരിപ്പിടങ്ങള്‍ ഉള്ള വിശാലമായ ഒരു റെസ്റ്റോറന്റും ഈ പ്രവേശനഹാളില്‍ത്തന്നെ ഉണ്ട്.
മ്യൂസിയം കാണാന്‍ എത്തുന്നവര്‍ക്കായി അധികൃതര്‍ വിവിധ രീതിയിലുള്ള പാക്ക് ടൂറുകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു. ഇവയില്‍ മള്‍ട്ടിമീഡിയ ടൂര്‍ ആണ് എല്ലായ്‌പ്പോളും ലഭ്യമായിട്ടുള്ളത്. മ്യൂസിയത്തേക്കുറിച്ച് നമുക്ക് അറിയേണ്ടതെല്ലാം ഇതുവഴി നമുക്ക് കിട്ടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളവര്‍ക്ക് ആപ്പ് വഴി ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാം. വൈ ഫൈയും സൗജന്യമാണ്, അല്ലാത്തവര്‍ക്ക് അഞ്ച് യൂറോ (ഏകദേശം 380 രൂപ) കൊടുത്ത് മള്‍ട്ടിമീഡിയ ഉപകരണം വാടകയ്ക്ക് എടുക്കാം.
ചിത്രകലയില്‍ കൂടുതല്‍ താത്പര്യമുള്ളവര്‍ക്കായി ഒരു ഡ്രോയിങ് ടൂറുണ്ട്. കലാകാരന്മാരായ മ്യൂസിയം ജീവനക്കാരുടെ സാങ്കേതിക സഹായത്തോടെ നമുക്ക് ചിത്രങ്ങള്‍ പകര്‍ത്താം. സമയം ഉച്ചയ്ക്ക് ശേഷം രണ്ടുമുതല്‍ മൂന്നുവരെ. ഈ ടൂറില്‍ പങ്കെടുക്കുവാന്‍ പ്രത്യേകം ഫീസൊന്നും ഇല്ല. ശനിയാഴ്ച ഇവിടെ ഡ്രോയിങ്‌ഡേ ആണ്. അന്ന് ടൂറില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌കെച്ച് ബുക്കും പെന്‍സിലും ലഭിക്കും. ലോകപ്രശസ്തരായ മറ്റു ചിത്രകാരന്മാരുടെ മാസ്റ്റര്‍പീസുകളിലൂടെ ഉള്ള ഒരു യാത്രയാണ് ഹൈലൈറ്റ്‌സ് ഓഫ് ദ മ്യൂസിയം. കലാസൃഷ്ടികളെക്കൂടാതെ പ്രധാന ചരിത്രവസ്തുക്കളെയും പരിചയപ്പെടാന്‍ ഉതകുന്ന ഈ ടൂര്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസേന രണ്ടുതവണ, രാവിലെ 11 നും ഉച്ചതിരിഞ്ഞ് മൂന്നിനുമുണ്ട്. ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും വിവരണം നല്‍കുന്ന ഈ ടൂറിന്റെ ടിക്കറ്റ് നിരക്ക് അഞ്ച് യൂറോയാണ്.

റിക്‌സ് മ്യൂസിയം വിശദമായി കാണുവാന്‍ ഒരു ദിവസംതന്നെ മാറ്റിവെക്കണം. ഞങ്ങള്‍ നാല് മണിക്കൂര്‍കൊണ്ട് ഒരോട്ടപ്രദക്ഷിണം നടത്തി. സാല്‍വദോര്‍ ദാലി, പിക്കാസോ തുടങ്ങിയവരുടെ ചിത്രങ്ങ ളുമായി കൊക്കോ മ്യൂസിയം, ആന്‍ഫ്രാങ്കിന്റെയും റംബാന്‍ഡിന്റെയും ഭവനങ്ങള്‍... ഇങ്ങനെ നീളുന്നു ചുറ്റുവട്ടത്തെ പ്രധാന ലക്ഷ്യങ്ങള്‍. അതിനായി വീണ്ടും എവിടെ വരണം എന്ന ചിന്തയോടെ, ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി.
(മാതൃഭൂമി യാത്ര 2017 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Amsterdam Travel, Museums in Amsterdam, Women Travel, Mathrubhumi Yathra