ര്‍ണങ്ങളുടെ 'ഇല'ക്കാലം...  ഫാള്‍ എന്ന് വിളിപ്പേരുള്ള ശരത് (Autumn) - നമുക്ക് സുപരിചിതമല്ലാത്ത കാലാവസ്ഥ. ഇലകളുടെ വര്‍ണക്കാഴ്ച അതാണ് കാനഡയിലെ ഒക്ടോബര്‍. നോര്‍ത്ത് അമേരിക്ക മുഴുവന്‍ ഈ പ്രകൃതിയാണെങ്കിലും തടാകങ്ങളുടെയും വിശാലമായ ഭൂപ്രകൃതിയുടെയും നാടായ കാനഡയിലെ ഈ കാലം അതുല്യ സൗന്ദര്യമാണ്. ഒക്ടോബര്‍ ആദ്യവാരത്തെ കാലാവസ്ഥ നല്ല സുഖമയം. പുതച്ചുറങ്ങാം, നടക്കാം, പ്രകൃതിയുടെ വര്‍ണാഭയിലേക്ക് ഊളിയിടാം. ശ്വസിക്കുന്ന വായുപോലും നമ്മളറിയുന്ന സുഖം അതെങ്ങനെ എഴുതും എന്നെനിക്കറിയില്ല. മൂക്കില്‍ ചെറിയ ജലകണങ്ങള്‍ ഉണ്ടാക്കുന്ന തരം ശ്വസനം. ആദ്യമായാണ് അത് അനുഭവപ്പെടുന്നത്. നാളെരാവിലെ ദൂരെ ഒരു ഡ്രൈവ്  പോകാം. നിനക്ക് പറ്റിയ കാഴ്ചകളാണ്. സുഹൃത്തും സഹപാഠിയുമായ പ്രസാദ് നായര്‍ കാര്‍ ഗാരേജിന് പുറത്തേക്കിറക്കിക്കൊണ്ട് പറഞ്ഞു. എനിക്ക് പെരുത്ത് സന്തോഷം.

Canada 2

മിസ്സിസാഗയിലെ വീട്ടില്‍നിന്ന് യാത്ര നേരെ 'അല്‍ഗോഗ്വിന്‍ ഹൈ ലാന്‍ഡ്‌സ്'എന്ന മനോഹരമായ പ്രദേശത്തേക്ക്. പ്രൊവിഷണല്‍ പാര്‍ക്ക് ആണിത്. ഹൈവേ II-ലൂടെ പ്രസാദ് നായര്‍ കാര്‍ കത്തിച്ചുവിട്ടു. കൊടും മഴയാണ്. പ്രസാദും ഭാര്യ ബിന്ദുവും തനി കാനഡക്കാരായിരിക്കുന്നു. മാപ്പ് നോക്കുന്നു. കാലാവസ്ഥ നോക്കുന്നു. അതിനനുസരിച്ച് വിടുന്നു. എനിക്ക് പുറത്തേക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല. കോളേജില്‍ എന്റെ സീനിയര്‍ ആണ് രണ്ടുപേരും. പ്രസാദ് നായര്‍ ഇപ്പോള്‍ മിസ്സി സാഗാ കേരള അസോസിയേഷന്‍ പ്രസിഡന്റുമാണ്. വഴികളും ഊടു വഴികളുമെല്ലാം പ്രസാദിന് കൃത്യമായറിയാം. പോരാത്തതിന് എന്റെ ക്യാമറയ്ക്ക് ഉണരാന്‍ പാകത്തിലുള്ള വഴികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരുപാട് സന്തോഷമായി. കുറച്ച് ചിത്രങ്ങളെ ഇവിടെ കാണിക്കാന്‍ പറ്റുള്ളൂ എന്നതാണ് സങ്കടം. 'കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം' എന്ന ചൊല്ലുണ്ടല്ലോ, അല്ലേ... ചെറു പട്ടണങ്ങളും തടാകങ്ങളും താണ്ടിയുള്ള യാത്ര. കുഞ്ഞു കുഞ്ഞ് കടകളില്‍ നിന്ന് ഭക്ഷണം. പെട്രോള്‍ പമ്പുകളിലെ ഫുഡ് കോര്‍ട്ടുകളും കയറിയിറങ്ങാം.

Canada 3
നാഷണല്‍ പാര്‍ക്കിലേക്ക് പോവുമ്പോഴുള്ള വഴിയോരക്കാഴ്ച | ഫോട്ടോ: എസ്.എല്‍. ആനന്ദ്|മാതൃഭൂമി

ചെന്നിറങ്ങിയത് സീഗള്‍ പക്ഷികളുടെ ഇടയിലേക്ക്. Graven hurst എന്ന ചെറുപട്ടണം അതിമനോഹരമായ പ്രഭാതം. സീഗളുകള്‍ക്ക് അടുത്ത് ചെന്നിട്ടും ഒരു കൂസലുമില്ല. അടുത്ത് തന്നെ മക്‌ഡൊണാള്‍ഡിന്റെ കഫെ. നല്ല കാപ്പി. ആ തണുപ്പിന് പറ്റിയത്. പുറത്ത് കുറെ പഴയ കാറുകള്‍ നിറുത്തിയിട്ടിരിക്കുന്നു. ഞാനടുത്ത് ചെന്ന് നോക്കി. വിന്റേജ് കളക്ഷന്‍ എന്ന് പറയാന്‍ പറ്റുന്നവ. ഷെവര്‍ലെയുടെതെന്ന് തോന്നിക്കുന്ന കവിള്‍ വീര്‍ത്ത ഒരു കാറുമുണ്ട് കൂട്ടത്തില്‍. 'They are real steels' അമരീഷ് പുരിയുടെ ശബ്ദത്തില്‍ ഒരു വൃദ്ധന്‍ എന്റെയടുത്ത് വന്ന് പറഞ്ഞു. പ്രസാദിന്റെ കാര്‍ നോക്കിയിട്ട് അയാള്‍ 'Not like this modern plastics' എന്ന് പറഞ്ഞു. മനുഷ്യന്‍മാരുടെ താരതമ്യം ഏത് രാജ്യത്തും ഒരു പോലെയാണെന്ന് മനസ്സിലായി. Have a nice day എന്ന് പറഞ്ഞ് അദ്ദേഹം കണ്ണിറുക്കിക്കാട്ടി വണ്ടിയെടുത്ത് പോയി.

Canada Bird

ഹൈവേയില്‍ നിന്ന് അല്പം ഒന്നു മാറി കേരളത്തിലെ ഹൈവേയുടെ വീതിയുള്ള റോഡാണിത്. എന്റെ ക്യാമറയ്ക്ക് വിരുന്നൊരുക്കാനാണ് ഈ റോഡിലൂടെയുള്ള യാത്ര. വാഹനങ്ങള്‍ നന്നെ കുറവ്. Muskoka region നിലൂടെയാണ് യാത്ര. തടാകങ്ങള്‍ ഇഷ്ടംപോലെയുണ്ട്. Muskoka lakes എന്ന് ബോര്‍ഡുകള്‍ കാണാം. അതിശയമായി... 2000-ല്‍ താഴെയുള്ള സംഖ്യയാണ് ഓരോ ചെറുപട്ടണത്തിന്റെയും ജനസംഖ്യയായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകൃതി അതിന്റെ മനോഹരമായ വര്‍ണത്തില്‍ ചുറ്റിനും. റോഡിനു മാത്രമെയുള്ളൂ കറുപ്പ്. മറ്റെല്ലാം ഒരു വര്‍ണ ക്യാന്‍വാസാണ്.

Canada 4
പാര്‍ക്കിലേക്കുള്ള ദേശീയപാത  | ഫോട്ടോ: എസ്.എല്‍. ആനന്ദ് | മാതൃഭൂമി

ഓക്‌സ്ടങ് റിവര്‍ എന്നെഴുതിയിരിക്കുന്നു. കാളനാവ് പോലെയുള്ള ആകൃതിയില്‍ നദി ഒഴുകുന്നുണ്ടാവും അതായിരിക്കാം ആ പേര്. അതിനടുത്തുതന്നെ ഒരു വെള്ളച്ചാട്ടം Ragged falls എന്ന് പേര്. 

നല്ല അടുക്കും ചിട്ടയുമായി വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ഒരുപാട് വണ്ടികള്‍. പക്ഷേ, ആര്‍ക്കും എപ്പോഴും എടുത്ത് പോകുന്ന രീതിയിലാണ്. വെള്ളച്ചാട്ടത്തില്‍ വെള്ളം തീരെ കുറവ്. ഒഴുക്കും കാര്യമായില്ല. നടുവിലെ പാറകള്‍ക്ക് മുകളിലാണ് ആളുകളുടെ ഇരിപ്പ്. നല്ല സുഖം... കാലാവസ്ഥ 14 ഡിഗ്രി സെല്‍ഷ്യസ്. ഒഴുകുന്ന വെള്ളത്തില്‍ കാലുകള്‍ നനച്ച്... അങ്ങനെ... പോകാന്‍ തോന്നില്ലെങ്കിലും നമ്മുടെ ഡെസ്റ്റിനേഷന്‍ ഇനിയും അകലെയാണ്. പലതും കാണാനുണ്ട്, ഈയൊരു ദിവസംകൊണ്ട്.

Canada 5

ഡോര്‍സെറ്റ് എന്ന സ്ഥലത്ത് പ്രകൃതിഭംഗി മൊത്തമായി ഒരു ഏരിയല്‍ വ്യൂവില്‍ കാണാം. ഡോര്‍സെറ്റ് ലുക്ക്ഔട്ട് ടവര്‍ പാര്‍ക്ക് എന്നാണ് ഈ ലുക്ക്ഔട്ടിന്റെ പേര്. 142 മീറ്റര്‍-ഏതാണ്ട് 465 അടി ഉയരത്തില്‍നിന്ന് പ്രകൃതിയെ കാണാം. സെനിക് ലുക്ക്ഔട്ട് ടവര്‍ ഇന്ന് കാണുന്ന രീതിയില്‍ തുറന്നുകൊടുത്തത് 1967 മുതലാണ്. ഫുള്‍ സീസണില്‍ മാത്രം 60,000 സന്ദര്‍ശകര്‍ വരുന്നുണ്ടെന്നാണ് കണക്ക്. സ്റ്റീലില്‍ നിര്‍മിച്ച ടവറില്‍ കയറാന്‍ നല്ല തിരക്ക്. മുഴുവന്‍ ചൈനക്കാര്‍. അവരത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണോ എന്ന് തോന്നും, ദൂരെനിന്ന് കണ്ടാല്‍. പടവുകള്‍ എല്ലാം വലക്കണ്ണികള്‍ പോലെയാണ്. അതുകൊണ്ട് കയറുമ്പോള്‍ താഴേക്ക് കാണാം. ഉയരത്തിലേക്ക് പോകുംതോറും ചെറിയ ഒരു കുലുക്കവുമുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ പതുക്കെയാണ് കയറുന്നത്, നല്ല തിരക്കും. ചില കുട്ടികള്‍ അലറിക്കരയുന്നുണ്ട്, ഭയന്നിട്ട്. അതുകേട്ട് കുട്ടികളെ പിടിച്ചിരിക്കുന്നവര്‍ക്കും ഭയം. ക്യൂ അനങ്ങുന്നില്ല.

Canada 6
ടവറിലേക്ക് കയറുന്നു | ഫോട്ടോ: എസ്.എല്‍. ആനന്ദ് | മാതൃഭൂമി

Canada 7മുകളിലെത്തുന്നവരാകട്ടെ പേടി എന്ന വികാരം അതിജീവിച്ച മട്ടാണ്. അത്രയ്ക്ക് മനംകുളിര്‍ക്കുന്ന കാഴ്ചയാണ് അവിടെനിന്ന് നോക്കിയാല്‍, ക്യാമറകളുടെ ഷട്ടര്‍ അടയുന്ന ശബ്ദം മാത്രമേയുള്ളൂ. നിശബ്ദത... കുട്ടികളും നിലവിളി നിര്‍ത്തിയിരിക്കുന്നു. മറക്കാനാകാത്ത കാഴ്ചയുടെ സൗന്ദര്യം എത്രത്തോളം ക്യാമറയിലാക്കാന്‍ കഴിഞ്ഞു എന്നറിയില്ല. ഡോര്‍സെറ്റ് പാര്‍ക്ക് പിക്‌നിക് സ്‌പോട്ടുകളും ഹൈക്കിങ് ട്രെയില്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷനും റെസ്റ്റ് റൂം സൗകര്യങ്ങളുമുണ്ട്. പ്രകൃതിഭംഗി കാത്തുസൂക്ഷിച്ചിരിക്കുന്നു. ട്രെക്കിങ് നടത്തിയാല്‍ മാത്രമേ പൂര്‍ണമായി ഈ പ്രകൃതിയെ അടുത്തറിയാനാവൂ എന്ന തിരിച്ചറിവോടെ വീണ്ടും യാത്ര. ലക്ഷ്യം അല്‍ഗോഗ്വിന്‍ പാര്‍ക്ക്. നമ്മുടെ സ്ഥലം അവിടെയാണ്.

Canada 8
 
അല്‍ഗോഗ്വിന്‍ പാര്‍ക്ക് ഒരു പാര്‍ക്ക്  ആയിട്ടാണ് അറിയപ്പെടുന്നത്. ജനസംഖ്യ സൂചികയില്‍ രണ്ടായിരത്തിന് താഴെയാണ്. ഏതാണ്ട് 1976 പേരാണ് എന്ന് ബോര്‍ഡുകളില്‍ കാണാം. പലര്‍ക്കും ഇവിടെ അവധിക്കാല വസതികളുണ്ട്. പലതരം ട്രെക്കിങ്  ട്രെയ്ലുകളാണ് അവിടെയുള്ളത്. പാര്‍ക്കിന് സംരക്ഷകരായി ഒത്തിരി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. അതിലൊന്നാണ് 'ഫ്രണ്ട്‌സ് ഓഫ് അല്‍ഗോഗ്വിന്‍ പാര്‍ക്ക്'. അവരുടെ വൊളന്റിയേഴ്സാണ് വണ്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. Ontario പാര്‍ക്‌സിന് കീഴിലാണ് ഈ പാര്‍ക്ക്. ഏതാണ്ട് 7630 സ്‌ക്വയര്‍ കിലോമീറ്ററാണ് വിസ്തീര്‍ണം. പിക്‌നിക് നടത്താം, ചെറുതോണിയില്‍ (Canoe) യാത്ര ചെയ്യാം. സൈക്കിള്‍, ട്രെക്കിങ് ട്രെയ്ലുകളുണ്ട്. ഇനി, മഞ്ഞുകാലത്ത് സ്‌നോ ട്രെയില്‍സ് ഉണ്ട്... ഈ പാര്‍ക്ക് വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ക്ക് സൗഹൃദഹസ്തവുമായി മുന്നിലുണ്ട്. ഒരുപാട് സമയമെടുത്തു വണ്ടി പാര്‍ക്ക്‌ചെയ്യാന്‍. ഇവിടെയും പ്രകൃതിയുടെ വര്‍ണങ്ങള്‍...

Canada 9
ജലവിമാനം | ഫോട്ടോ: എസ്.എല്‍. ആനന്ദ് | മാതൃഭൂമി

ഒരാഴ്ച കഴിഞ്ഞാല്‍ ഇലപൊഴിച്ച് മരങ്ങള്‍ വിവസ്ത്രരാവും. പിന്നെ മഞ്ഞുകാലത്തിന്റെ ഉറക്കത്തിലാവും പ്രകൃതി. ഒക്ടോബര്‍ പകുതിവരെയും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് സഹിക്കാവുന്ന തണുപ്പേയുള്ളൂ. അതുകഴിഞ്ഞ് വരുമ്പോള്‍ ഒരുപാട് കരുതണം. പ്രത്യേകിച്ച് കാനഡയിലെ കാലാവസ്ഥ മാറാന്‍ അധികസമയമൊന്നും വേണ്ട. ഇവിടെ കാലാവസ്ഥ വിവരണങ്ങള്‍ അറിയാതെ ജീവിതമില്ല. പാര്‍ക്കിലെ ഒരു ചെറിയ റൂട്ട് എടുത്ത് ഞങ്ങള്‍ കറങ്ങി. പ്രകൃതി ആസ്വദിച്ച് ചെന്നുപെട്ടത് അതിശയിപ്പിക്കുന്ന ഒരു തടാകത്തിന് മുന്‍പില്‍. പക്ഷേ, കരയായിരുന്ന സ്ഥലത്ത് പെട്ടെന്ന് വെള്ളം കയറിക്കിടക്കുന്നതുപോലെ തോന്നി. പ്രസാദാണ് അതിനെക്കുറിച്ച് പറഞ്ഞത്. ഇത് ബീവറിന്റെ പണിയാണ്. ബീവറിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആ ജീവി ഒരു അദ്ഭുതമായി തോന്നി. കഠിനാധ്വാനി, തികഞ്ഞ കുടുംബസ്ഥന്‍, ഒരു മികച്ച എഞ്ചിനിയര്‍...അതാണ് ബീവര്‍ എന്ന ആ ചെറുജീവി.

Canada 10
ബീവറിന്റെ വാസസ്ഥലം | ഫോട്ടോ: എസ്.എല്‍. ആനന്ദ് | മാതൃഭൂമി

ഡാം നിര്‍മാണമാണ് മുഖ്യ തൊഴില്‍. അതിനുവേണ്ടി വലിയ മരങ്ങള്‍ കടിച്ചുമുറിച്ച് വെള്ളത്തിലേക്കിട്ട് വെള്ളം തടഞ്ഞ് നിറുത്തുന്നു. വെള്ളം ഒഴുകിപ്പോകാതിരിക്കാന്‍ മരങ്ങള്‍ക്കിടയില്‍ ചെളിയും പായലും മരച്ചില്ലകളും ചേര്‍ത്തുവെച്ച് തടയണയ്ക്ക് ബലമുണ്ടാക്കുന്നു. ബീവറിന്റെ പല്ലുകള്‍ എപ്പോഴും വളരുന്നു. മരം കരളുമ്പോള്‍ അതും ചെറുതാകുന്നു. ചെറിയ ജീവിയെന്നുവെച്ച് അവനെ കുറച്ചുകാണണ്ട. ആര്‍ച്ച് ഡാം ടെക്‌നോളജി നമ്മള്‍ ഈ ജീവിയില്‍ നിന്ന് പഠിച്ചതാവാനാണ് സാധ്യത. ഇടുക്കി അണക്കെട്ട് നില്‍ക്കുന്ന പോലെയല്ലേ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നത്. ആ വെള്ളത്തിനടിയിലാണ് അവന്റെ വീട്. ലോഡ്ജ് എന്ന് അറിയപ്പെടുന്ന ഈ വീടിനെക്കുറിച്ച് വളരെ വര്‍ഷത്തിനുശേഷമാണ് മനുഷ്യന്‍ പഠിച്ചത്. ഒരൊറ്റ ഇണയേ ഉള്ളൂ ജീവിതത്തില്‍. കൂട്ടമായി ജീവിക്കുന്നു. കുട്ടി ജനിച്ചാല്‍ പെണ്‍ബീവര്‍ വീട്ടുകാര്യം നോക്കും. ആണ്‍ബീവര്‍ ശത്രുക്കളില്‍നിന്നും അവരെ സംരക്ഷിക്കുകയും ചെയ്യും.

Canada 11
ബീവര്‍ നിര്‍മിച്ച അണക്കെട്ട് | ഫോട്ടോ: എസ്.എല്‍. ആനന്ദ് |മാതൃഭൂമി

നോര്‍ത്ത് അമേരിക്കയില്‍ 60 മില്യണ്‍ ഉണ്ടായിരുന്ന ഈ അദ്ഭുതജീവി കാലക്രമേണ മനുഷ്യന്റെ വേട്ടയാടലില്‍ 12 മില്യണ്‍ ആയി കുറഞ്ഞു. ബീവറിന്റെ രോമവും Gland-ഉം മനുഷ്യന്‍ വന്‍തോതില്‍ എടുത്തു. വംശനാശ ഭീഷണി നേരിടുന്നവയാണ് പാവം ബീവറുകളും. ഒരെണ്ണത്തിനെയെങ്കിലും പുറത്തുകാണാന്‍ പറ്റിയെങ്കിലെന്നോര്‍ത്ത് ഞാന്‍ ഒരുപാട് കാത്തിരുന്നു. ദൂരെ അവന്റെ ലോഡ്ജിനുള്ളില്‍ നിന്നുള്ള തിരയിളക്കമല്ലാതെ വേറൊന്നും കണ്ടില്ല. നാഷണല്‍ ജിയോഗ്രഫിക് ചാനല്‍  തന്നെ ശരണം അവനെയൊന്നു ശരിക്കറിയാന്‍ എന്നു വിചാരിച്ചു. അത്രയ്‌ക്കേ എനിക്ക് ക്ഷമയുള്ളൂ.

Canada 12
ബോട്ട് ജെട്ടി | ഫോട്ടോ: എസ്.എല്‍. ആനന്ദ് | മാതൃഭൂമി

അല്‍ഗോഗ്വിന്‍ പാര്‍ക്കില്‍നിന്ന് പോരുമ്പോള്‍ രാത്രിയായിരുന്നു. ചീവീടുകളുടെ സംസ്ഥാന സമ്മേളനം...ആശീര്‍വാദം പൊഴിച്ചുകൊണ്ട് ഇലകള്‍ ധാരാളമായി വീണുകൊണ്ടിരുന്നു... നല്ല നിലാവ്...ഒപ്പം നനുത്ത മഴയും... മനസ്സും ക്യാമറയും നിറഞ്ഞു. നനുത്ത മഴയില്‍ വീണ്ടും നഗരത്തിലേക്ക്...വര്‍ണക്കാഴ്ചകളും സമര്‍ഥനായ ബീവറും എന്നും മനസ്സില്‍...

Algonquin Provincial Park

Algonquin, the first provincial park in Ontario, protects a variety of natural, cultural, and recreational features and values. Park is located in south-central Ontario, Canada and covers 7,630 square kilometers. It is about 300 km north of Toronto, Ontario and about 260 km west of Ottawa, Ontario, Canada's capita-l.

Get There

Highway 60, the Park's only major highway, runs through the south end of Park as is easily accessible by car. The East Gate is located just west of the town of Whitney, Ontario. The West Gate is located just east of the town of Dwight, Ontario. There are many other Access Points to the Park that run off Highway 17 to the north of the Park. Other Access Points run off Highway 11 to the west of the park and others run off of Highway 60 to the east of the Park. A direct bus shuttle from Toronto is being run by Parkbus, a non-profit initiative.

Yathra Cover
യാത്ര വാങ്ങാം

Stay

There are variety of accommodations in the Park including developed campgrounds, yurts, backcountry campsites, rustic ranger cabins and lodges.
Contact: Algonquin Park Information centre  & (705) 633-5572
Useful link: http://www.algonquinpark.on.ca/

(മാതൃഭൂമി യാത്ര 2016 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Algonquin  Provincial  Park, Destination Abroad, Canada Tourism, Mathrubhumi Yathra