കൊച്ചുവെളുപ്പാൻകാലത്ത് ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടങ്ങനെ തീവണ്ടിക്കായി കാത്തിരുന്നപ്പോൾ മുൻപും ഇതനുഭവിച്ചിട്ടുള്ളതുപോലെ. എന്നാലും, ഭൂമിയുടെ വടക്കേ അറ്റത്ത്, ഉത്തരധ്രുവം കൈയെത്തും ദൂരത്താകുന്ന അലാസ്‌ക എന്ന അമേരിക്കൻ സംസ്ഥാനത്തിലെ ആങ്കറേജിൽനിന്ന് (Anchorage) പുറപ്പെടുന്ന ഈ യാത്രയ്ക്ക് ചില പ്രത്യേകതകളുണ്ട്. 'ദ കോസ്റ്റൽ ക്ലാസിക്' (The Coastal Classic) എന്ന് വിളിക്കുന്ന തീവണ്ടി എന്നെ ആങ്കറേജിൽനിന്ന് സുവേർഡ് (Seward) എന്ന തുറമുഖനഗരത്തിലേക്കെത്തിക്കും. 

എന്നെ കാപ്പി മുഴുമിക്കാനനുവദിക്കാതെ, അവിടെയുള്ളൊരു ഉദ്യോഗസ്ഥൻ, വണ്ടി തയ്യാറായെന്നും വരിയായി നിൽക്കണമെന്നും അറിയിച്ചു. അവിസ്മരണീയമായ കാഴ്ചകളുള്ളൊരു റൂട്ടാണിതെന്ന് വായിച്ചറിഞ്ഞതിനാൽ ഏറെ പ്രതീക്ഷയോടെയാണ് തീവണ്ടിക്കരികിലേക്ക് നടന്നത്. മഞ്ഞവരകൾ കൊണ്ടലങ്കരിച്ച് നീലനിറത്തിലുള്ള വണ്ടിയിലേക്ക് എളുപ്പത്തിൽ കയറാനായി റാമ്പ് ഒരുക്കിയിരിക്കുന്നു. ബോഗിയോടനുബന്ധിച്ചുള്ള അക്ഷരങ്ങളുള്ള പതാകകൾ അതിരാവിലത്തെ തണുപ്പുള്ള കാറ്റിൽ പറക്കുന്നു. പകുതി ഭാഗം ഇരുൾമറഞ്ഞൊരു കൊച്ചു മ്യൂസിയം പോലെ കാണപ്പെട്ട ആ റെയിൽവേസ്റ്റേഷനോട് മെല്ലെ വിടപറഞ്ഞു. തീവണ്ടി മുന്നോട്ടുനീങ്ങിത്തുടങ്ങി.

Alaska 2
ടേൺ എ​ഗൈൻ ആം

അമേരിക്കൻ ഭാഷാസംസ്‌കൃതിയിൽ 'ഒടുവിലെ ലക്ഷ്യസ്ഥാനം' (Final Frontier) എന്നറിയപ്പെടുന്ന അലാസ്‌ക, ഈ ഭൂഖണ്ഡത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഓർമിപ്പിക്കും. ഇന്ന് അമേരിക്ക പോലുള്ള വികസിതരാജ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ മണ്ണ് പണ്ടെങ്ങോ ഇന്നത്തെ അലാസ്‌കപോലെ വിജനമായിരുന്നിരിക്കാം; കണ്ണെത്തും ദൂരം വരെ വന്യസൗന്ദര്യം നിറഞ്ഞു നിന്നിരിക്കാം. സ്വതവേ പാശ്ചാത്യസ്വഭാവവും അതിനൊപ്പം വരുന്ന ചിട്ടകളും ചടങ്ങുകളും കണ്ടുമടുത്തവർ, താരതമ്യേന പ്രകൃതിയോട് കുറച്ചധികം ഇണങ്ങിനിൽക്കുന്ന അലാസ്‌ക സന്ദർശിച്ചാൽ ആശ്ചര്യപ്പെടും. അലാസ്‌കയെ അമേരിക്കയുടെ നാട്ടിൻപുറമെന്ന് അഭിസംബോധന ചെയ്താൽ തെറ്റില്ല.

കിഴക്കുദിച്ച സൂര്യനിൽ നിന്നൊളിക്കാനെന്ന പോലെ തീവണ്ടി പടിഞ്ഞാറോട്ട് പുറപ്പെട്ടു. സൂര്യരശ്മികൾ ചുറ്റുമുണരുന്ന പ്രകൃതിക്ക് സ്വർണനിറം പൂശി. കാലുകൾ നീട്ടിവെച്ച് ഞാൻ വലിയ ചില്ലുജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ജെന്നി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു പെൺകുട്ടി പുറത്ത് കണ്ടേക്കാവുന്ന കാഴ്ചകളെപ്പറ്റി വെളുപ്പാൻകാലത്തെ വെല്ലുന്ന ചുറുചുറുക്കോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കാഴ്ചകൾ ഒന്നൊന്നായി കൺമുന്നിലേക്ക് വരാൻ തുടങ്ങി. ആദ്യം കണ്ടത് വീടുകൾക്കു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന ചെറിയ വിമാനങ്ങളായിരുന്നു; അലാസ്‌കയിലെ ചില വിദൂരസ്ഥലങ്ങളിലേക്കെത്താൻ വിമാനമല്ലാതെ വേറെ മാർഗങ്ങളില്ലെന്ന് വായിച്ചതോർത്തു. എന്റെ ലക്ഷ്യസ്ഥാനമായ സുവേർഡിലേക്കാണെങ്കിലോ ഏറെക്കുറെ ഒന്നിച്ച് യാത്രചെയ്യുന്ന റോഡും റെയിൽവേയുമുണ്ട്. റൂട്ടിന്റെ ആദ്യപകുതി കടലോരത്തിലൂടെയാണ്. തീവണ്ടി 'ടേൺഎഗൈൻ ആം' (Turnagain Arm) എന്ന് പേരുള്ള, അലാസ്‌കൻ ഉൾക്കടലിന്റെ വീതികുറഞ്ഞ ഒരു ഭാഗത്തിന്റെ ഇടതുവശത്തിലൂടെ പോകുമ്പോൾ, ഇരുവശത്തുമുള്ള മഹാപർവതങ്ങൾ കാവൽക്കാരെപ്പോലെ നിൽക്കുന്നതായി തോന്നി. ഒരുവശം ചതുപ്പുനിലമാണ്. അവിടെ പേരറിയാത്ത ഏതൊക്കെയോ പക്ഷികൾ വിഹരിക്കുന്നു. ചതുപ്പിന്റെ പേര് 'പോട്ടേഴ്സ് മാർഷ്' (Potter's Marsh) ആണെന്ന് പിന്നീട് മനസ്സിലായി.

Seward Station
സുവേർഡ് സ്റ്റേഷന് പുറത്തെ ദൃശ്യം

ശരിക്കുള്ളതും പ്രതിബിംബവും തമ്മിൽ തിരിച്ചറിയാനാകാത്തവിധം ശാന്തമായി കിടക്കുന്ന കടൽ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് എന്തോ ഒന്ന് ഇളകിയപോലെ. ''അതാ, ഒരു ബെലൂഗ തിമിംഗിലം (Beluga Whale)'' എന്ന് ജെന്നി ഉത്സാഹത്തോടെ പറഞ്ഞു. അതിന്റെ ശരീരത്തിന്റെ രണ്ടാംപകുതി വെള്ളത്തിലേക്കമരുന്നതും അതിന്റെ മുങ്ങാങ്കുഴിമൂലമുണ്ടായ അലകളും നോക്കിയിരുന്നു. കാഴ്ചകൾ ഇനിയും നല്ലരീതിയിൽ കാണാനുള്ള പ്രയത്‌നത്തിൽ ഞാൻ 'വിസ്ത ഡോം' (Vista Dome) ബോഗി തേടി പുറപ്പെട്ടു. ഇവിടെ സീറ്റിന് നമ്പറില്ലാത്തതുകൊണ്ട് കുറച്ചുനേരം ഇരുന്നിട്ട് നല്ല നാഗരികരെപ്പോലെ ആവശ്യമുള്ളവർക്ക് വിട്ടുകൊടുക്കണം. തിരക്കുള്ളതുകൊണ്ട് കുറച്ചുനേരം ഇരുന്നുകൊണ്ട് ഏതാണ്ട് സമ്പൂർണമായും ചില്ലുകൊണ്ട് പണിത മേൽക്കൂരയിലൂടെ കാഴ്ചകൾ കണ്ടാസ്വദിച്ചു. ഇതിനിടയിൽ തീവണ്ടി ഗെർഡ്വുഡ് (Girdwood) എന്നൊരിടത്ത് കുറച്ചുനേരം നിറുത്തിയിട്ടു. അതൊരു സ്‌കി റിസോർട്ട് (മഞ്ഞിനരികിലെ വിശ്രമകേന്ദ്രം) ആയിരുന്നു.

Road Alaska
റെയിൽപ്പാതയ്ക്ക് സമാന്തരമായി പോകുന്ന റോഡ്

നമ്മൾ പൊതുവായി അമേരിക്ക എന്ന് വിളിക്കുന്ന പ്രദേശം കാനഡയ്ക്കും മെക്സിക്കോയ്ക്കും നടുവിലാണെങ്കിൽ, അലാസ്‌ക സ്ഥിതിചെയ്യുന്നത് കാനഡയ്ക്ക് വടക്കുപടിഞ്ഞാറായിട്ടാണ്. അമേരിക്കയിൽനിന്ന് ഇങ്ങോട്ടെത്താൻ വിമാനത്തിൽ അല്ലെങ്കിൽ കടൽവഴി കപ്പലിൽ വരണം. റോഡ് വഴി വരാനുദ്ദേശിക്കുന്നവർ കാനഡയുടെ വിസാ നിയമങ്ങൾ അന്വേഷിച്ചുറപ്പുവരുത്തിയിട്ടേ പുറപ്പെടാവൂ. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു കാര്യം എന്താണെന്നുവെച്ചാൽ, അലാസ്‌കയുടെ വലുപ്പമാണ്. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌ക 17 ലക്ഷം ചതുരശ്ര കിലോമീറ്ററുകൾ വിസ്താരമുണ്ട്. അതായത് നമ്മുടെ ഭാരതത്തിന്റെ പകുതിയേക്കാൾ കൂടുതൽ. ഇവിടെയുള്ള കാടുകളും നദികളും പർവതശ്രേണികളും കൊടുമുടികളും തീവ്ര കാലാവസ്ഥയും അതിനെ ചെറുക്കാൻ പഠിച്ച പക്ഷിമൃഗാദികളെയും എല്ലാം അറിഞ്ഞുകാണാൻ ഒരു ജന്മംതന്നെ എടുത്തെന്നുവരാം. അതുകൊണ്ട് ഈ യാത്രയിൽ മുഖ്യമായി കാണാനുദ്ദേശിച്ചത് ഹിമാനികളെയാണ്. ഗെർഡ്‌വുഡ് പിന്നിട്ട് ഹിമാനികളുടെ സാമ്രാജ്യത്തിലേക്കാണ് ഇനിയുള്ള യാത്ര നീങ്ങുന്നത്. പുഴയെന്നും നദിയെന്നും നാം വിളിക്കുന്നവ വെള്ളം നിറഞ്ഞവയാണെങ്കിൽ, നമ്മുടെ പ്രകൃതിചരിത്രത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായ ഹിമാനികൾ, പതുക്കെയൊഴുകുന്ന മഞ്ഞുപുഴകളാണ്. പേരുകേട്ട എത്രയോ പുഴകളുടെ സ്രോതസ്സ് ഹിമാനികളാണുതാനും. ഗംഗോത്രിയും യമുനോത്രിയുമാണ് നമ്മുടെ നാട്ടിലെ ഉദാഹരണങ്ങൾ. ലോകത്തിലെ ശുദ്ധജലത്തിന്റെ 70 ശതമാനവും ഹിമാനികളിലായതുകൊണ്ട് ഇവ നമ്മുടെ അസ്തിത്വത്തെതന്നെ സാരമായി ബാധിക്കുന്നു. മാത്രമല്ല, മന്ദഗതിയാണെങ്കിലും വളരെ ശക്തിപൂർവമായ ഹിമാനികൾ അവയുടെ ചലനത്താൽ ചുറ്റുമുള്ള ഭൂമിയിൽനിന്ന് മലഞ്ചെരിവുകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂപ്രകൃതി രൂപപ്പെടുത്തിയെടുക്കുന്നു.

Himani
ഹിമാനികളുടെ സമീപദൃശ്യം

തീവണ്ടി പതുക്കെയാണെങ്കിലും ഒരു ക്ഷീണവുമില്ലാതെ ഉയരങ്ങളിലേക്ക് കയറാൻ തുടങ്ങിയത് ഞാനറിഞ്ഞു. ഇനിയുള്ള യാത്ര പർവതനിരകൾക്കിടയിലൂടെയാണ്. ബോഗികളുടെ അറ്റങ്ങളിലുള്ള ഒരു വാതിൽക്കൽ ആരുമില്ലെന്ന് കണ്ടപ്പോൾ അവിടെ സ്ഥലംപിടിച്ചു. മുന്നോട്ടുനോക്കിയാൽ തീവണ്ടിയുടെ മുക്കാൽ ഭാഗം ഒരു പാമ്പിനെപ്പോലെ ഇഴഞ്ഞിഴഞ്ഞ് കയറുന്നതുകാണാം. ചുറ്റുവട്ടത്തെല്ലാം കടുംപച്ചപിടിച്ച പർവതങ്ങൾ. അവയുടെയെല്ലാം തലഭാഗം മഞ്ഞുമൂടിയിരുന്നു. കെനായി പർവതശ്രേണി (Kenai Mountain Range) എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും, കാണാൻ ഇത്രയും ഭീമമായിരിക്കും എന്ന് കരുതിയില്ല. ഇടയ്ക്കുവെച്ച് ഒന്നോ രണ്ടോ വെള്ളച്ചാട്ടങ്ങളും കണ്ടു. ദൂരെ ആയതുകൊണ്ടും, ചുറ്റും മഞ്ഞുള്ളതുകൊണ്ടും, ഒരു വെളുത്ത നൂലുപോലെ മാത്രം. ഈ കാണുന്നതെല്ലാം ചുഗാച്ച് നാഷണൽ ഫോറസ്റ്റിന്റെ (Chugach National Forest) ചെറിയ അംശം മാത്രമെന്ന് ജെന്നി സ്പീക്കറിലൂടെ അറിയിച്ചു. തീവണ്ടിയുടെ വേഗം കുറവായതുകൊണ്ട് ക്യാമറയിൽ കുറെ ചിത്രങ്ങൾ പകർത്തി.

ഒരായിരം വളവുകളും തിരിവുകളും താണ്ടിയതിനാൽ പശ്ചാത്തലം ശ്രദ്ധിച്ചില്ല. തീവണ്ടി നീങ്ങിക്കൊണ്ടിരിക്കുന്ന ദിക്കിൽ ദൂരത്ത് വെള്ള നിറമാണ് ആദ്യം കണ്ണിൽ പതിഞ്ഞത്. ഹിമാനിതന്നെ. പിന്നെയങ്ങോട്ട് ഹിമാനി ദർശനമായിരുന്നു. ഞാൻ ക്യാമറയും ബൈനോക്കുലറും മാറിമാറി ഉപയോഗിച്ചുകൊണ്ടിരുന്നു. ചില ഹിമാനികളുടെ താഴേക്കുള്ള ഭാഗം മാത്രമേ വ്യക്തമുള്ളൂ എങ്കിൽ ചിലത് ചെറുതും ദൂരത്തിലും ആയിരുന്നു. ഹിമാനികളെപ്പറ്റി പ്രഖ്യാപനം നടത്തിക്കൊണ്ടിരുന്ന ജെന്നി, അവ പണ്ടെന്നോ ഈ തീവണ്ടി റൂട്ടിന്റെ വളരെ അടുത്തായിരുന്നു എന്ന് അറിയിച്ചു. മനുഷ്യന്റെ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുള്ള ആഗോളതാപനവുമാണ് ഇതിന് കാരണമെന്നറിയിച്ചു. ഇതുകേട്ടപ്പോൾ ദുഃഖിച്ചെങ്കിലും, ആദ്യമായിട്ടാണ് ഇത്രയും അടുത്ത് നിന്ന് വ്യക്തതയോടെ ഹിമാനികൾ കാണുന്നത്. കണ്ണിമയ്ക്കാതെ അവയുടെ നേരിയ നീലത്തിളക്കത്തിൽ ആണ്ടിരുന്നു. ചിലത് കണ്ടാൽ അഗ്‌നിപർവതങ്ങളിൽനിന്നുദ്ഭവിച്ച നീല ലാവപോലെ. അവയുടെ ആകാരഭംഗിയോ മാസ്മരികതയോ ഒന്നും ഒരിക്കലും നീതിപുലർത്തിക്കൊണ്ട് ക്യാമറയിൽ പകർത്താൻ കഴിയില്ലെന്ന് തോന്നി.

Sea Plane
തടാകക്കരയിൽ നിർത്തിയിട്ട സീപ്ലെയിൻ

സ്പെൻസർ ഹിമാനിയും (Spencer Glacier), ട്രെയിൽ ഹിമാനിയും (Trail Glacier) പിന്നിട്ട് തീവണ്ടി കടൽത്തീരത്തേക്കുള്ള ഇറക്കത്തിലാണ്. കുറച്ചുനേരമായിട്ട് പിരിഞ്ഞുനിന്ന റോഡ്, അപ്പർ ട്രെയിൽ തടാകം (Upper Trail Lake) ചുറ്റിവന്ന് വീണ്ടും കൂടെച്ചേർന്നു. മൂസ് പാസ് (Moose Pass) എന്ന് വിളിക്കുന്ന, വളരെ കുറച്ചുപേർ താമസിക്കുന്ന ഒരു ടൗണിലൂടെയാണിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. സുവെർഡിനടുത്ത് എക്സിറ്റ് ഗ്ലേസിയർ (Exit Glacier) എന്ന പേരുള്ള ഹിമാനി കാണാനായി അവിടേക്കൊരു നടപ്പാതയുണ്ടെന്ന് വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ യാത്രയിൽ അതും ഉൾപ്പെടുത്തണമെന്നാലോചിച്ചിരിക്കുമ്പോൾ തടാകത്തിന്റെ തീരത്ത് പാർക്ക് ചെയ്ത വിവിധ നിറങ്ങളുള്ള, വെള്ളത്തിൽനിന്ന് പറന്നുയരാനും അതിലേക്കുതന്നെ ഇറങ്ങാനും കഴിയുന്ന ചെറിയ വിമാനങ്ങളെ (Seaplanes) കണ്ടു. ആ തടാകത്തിൽ പെട്ടെന്ന് മറ്റൊരു ദൃശ്യം കണ്ടു. തണുത്ത വെള്ളത്തിൽ നീരാടുന്ന നീർനായയായിരുന്നു അത്. അതിന്റെ കുസൃതികൾ ക്യാമറയിൽ പകർത്തുന്നതിനിടയ്ക്ക് സുവെർഡ് എത്താറായി എന്ന് സ്പീക്കർ വഴി ആരോ അറിയിച്ചു.

Alaska 3
നീന്തിത്തുടിക്കുന്ന നീർനായ
Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

ഉത്സാഹഭരിതനായി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്ന ഞാൻ മെല്ലെ സീറ്റിൽ പോയിരുന്നു. തീവണ്ടി റൂട്ട് സുവെർഡിൽ അവസാനിക്കുമെങ്കിലും ഈ തീവണ്ടിക്കിവിടെ അന്തിയുറക്കമില്ല എന്നാണ് കേട്ടത്. വൈകുന്നേരമാവുമ്പോഴേക്കും ഇത് ആങ്കറേജിലേക്ക് തിരിക്കും. ഞാൻ ലഗേജ് എടുത്ത് തയ്യാറായി നിന്നു. തീവണ്ടി വേഗം കുറച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കടുക്കുകയായിരുന്നു. വാതിൽക്കൽ നിന്ന ഞാൻ അപ്പുറത്തുകാണുന്ന സുവെർഡ് എന്ന ചരിത്രപരമായ നഗരവും അതിനപ്പുറമുള്ള കടലുകളും പിന്നെ പസിഫിക് സമുദ്രവും കൊണ്ടുവരാൻ പോകുന്ന പുതിയ യാത്രാനുഭവങ്ങളെക്കുറിച്ചോർത്ത് പുളകംകൊണ്ടു.

(മാതൃഭൂമി യാത്ര 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Alaska tourism, Best Alaska train route, Alaska train day trips, Mathrubhumi Yathra