കോട്ടകളുടെ ചക്രവർത്തിയാണ് അജ്ലൂൺ കോട്ട. പ്രവാചകഭൂമിയുടെ സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കും നിത്യസാക്ഷിയായ കോട്ടകളുടെ തമ്പുരാൻ. ജോർദാൻ ദേശീയവൃക്ഷമായ പൈൻ മരങ്ങളാലും ഒലീവ് തോട്ടങ്ങളാലും പ്രകൃതി തീർത്ത നിത്യഹരിതമായ അജ്ലൂണിൽ ആകാശത്തിൻ്റെ അപാരതയെ പോലും അസൂയപ്പെടുത്തുന്ന ഖലാത്ത് എറബാദ് എന്ന ഹിൽടോപ്പ് കാസിൽ വിസ്മയമാണ്.  അറബിക്കഥയുടെ, ആയിരത്തൊന്നു രാവുകളുടെ  നിറം മങ്ങാത്ത ഓർമകൾ താലോലിക്കുന്ന ചരിത്രപേടകമാണത്. 

ജോർദാൻ തലസ്ഥാനമായ അമ്മാനിൽനിന്ന് നിമ്നോന്നതങ്ങളായ പർവ്വതശിഖരങ്ങളും ആകാശഗംഗയെ പോലും അത്ഭുതപ്പെടുത്തുന്ന അതിവിസ്തൃതമായ ഹരിതസുന്ദരമായ താഴ്‌വരകളും പിന്നിട്ട് പശ്ചിമേഷ്യയുടെ ഹൃദയഭൂമിയായ അജ്ലൂണിൽ എത്തുമ്പോൾ അറേബ്യയുടെ സൈനിക സങ്കേതത്തിന് പ്രകൃതിയും ഹാർദിയൻ ഭരണാധികാരികളും ചേർന്ന് ഒരുക്കിയ കോട്ട ദൃശ്യമാവും. 1200 മീറ്റർ ഉയരത്തിലുള്ള കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ശത്രുസൈന്യത്തിൻ്റെ ആക്രമണത്തിൽനിന്ന് രക്ഷ നേടാനും അതിസമ്പന്നമായ  ധാതുലവണങ്ങളുടെ സംരക്ഷണത്തിനുമായി പണി തീർത്ത പ്രതിരോധ കോട്ട കാലം ഏൽപ്പിച്ച മുറിവു പോലും അതിജീവിച്ച്‌ 21-ാം നൂറ്റാണ്ടിലും  തലയെടുപ്പോടെ നിൽക്കുന്നു.

Ajloun Castle
അജ്ലൂൺ കോട്ടയുടെ വിദൂരദൃശ്യം

കുരിശുയുദ്ധക്കാരുടെ അധിനിവേശത്തെ ആവോളം ചെറുത്ത കർമ്മമഹിമയുടെ മഹാസ്തംഭമായാണ് അറബ് ജനത ഈ  കോട്ടയെ കാണുന്നത് എന്ന് ജോർദാൻ ചരിത്ര രേഖകൾ പറയുന്നു. അതിഗംഭീരമായ ഏഴ്  ഗോപുരങ്ങൾ, അസാധ്യമെന്നു തോന്നിക്കുന്ന ആകാരത്തിലുളള പടുകൂറ്റൻ  കല്ലുകൾ അടുക്കി വെച്ച് നിർമ്മിച്ച സുശക്തമായ ചുമർ ഭിത്തികൾ, കോട്ടക്കു ചുറ്റും 16 മീറ്റർ വീതിയിയിലും 15 മീറ്റർ ആഴത്തിലും ഒരുക്കിയ ട്രഞ്ചുകൾ, അതിഭീമാകാരമായ കല്ലുകൾ അത്യുന്നതിയിലേക്ക് ഉയർത്തിയത് അടിമ തുല്യരായ പച്ച മനുഷ്യർ...... അന്തരീക്ഷത്തിൽ കാലമേറെ കഴിഞ്ഞിട്ടും ആ വിയർപ്പുതുള്ളികളുടെ മണം തളം കെട്ടി നിൽക്കുന്നു.

Ajloun 5

കമാനാകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ചെങ്കുത്തായ ചവിട്ടു പടികളിലൂടെ കോട്ടക്കകത്ത് എത്തുന്നവരെ കാത്തിരിക്കുന്നത് വാസ്തുവിദ്യയുടെ ഒരു വലിയ കലവറ തന്നെയാണ്. 1200 മീറ്റർ ഉയരത്തിലുള്ള കോട്ടയുടെ മുകളിൽ കിണറുകളും മഴവെള്ള സംഭരണിയും നിർമ്മിച്ച നിർമ്മാണ വൈദ​ഗ്ധ്യം അതിശയിപ്പിക്കുന്നതാണ്. കോട്ടയുടെ എല്ലാ ഭാഗത്തേക്കും ശുദ്ധജലം എത്തിക്കാൻ അതിനൂതനമായ സാങ്കേതികവിദ്യ സ്വായത്തമാക്കിയവരായിരുന്നു  കോട്ടയുടെ ശിൽപ്പികൾ. 

കൊട്ടാരത്തിൻ്റെ  ഉൾഭാഗം ശീതികരിക്കുകയും എല്ലാ അറകളിലേക്കും സൂര്യപ്രകാശം എത്തുന്നതിനാവശ്യമായ ജാലക വാതിലുകൾ ക്രമീകരിക്കുകയും ചെയ്തിരുന്നു.  ആക്രമണകാരികൾക്ക് നേരെ തീപ്പന്തുകൾ എറിയുന്നതിനും കോട്ടയിലേക്ക് പോകുന്ന എല്ലാ റോഡുകളും നിരീക്ഷിക്കുന്നതിനും കൂറ്റൻ ടവറുകൾ കാലങ്ങൾക്ക് മുമ്പേ ഒരുക്കിയിരുന്നു.

Ajloun 2

ജോർദാൻ - പാലസ്തീൻ ഭൂപ്രദേശത്തെ അരുവികളും നീരുറവകളും ശ്രദ്ധാപൂർവ്വം വഴി തിരിച്ച് കോട്ടക്കകത്തേക്ക് വെള്ളം എത്തിച്ചതിൻ്റെ ശേഷിപ്പുകൾ ഇന്നും വിസ്മയമായി അവശേഷിക്കുന്നു. അരുവിയിൽനിന്ന്  ജലം ശുദ്ധമാക്കി ഭൂഗർഭ പൈപ്പുകളിലൂടെ കോട്ടമതിലുകൾക്കുള്ളിൽ  പൊതിഞ്ഞ് വലിയ ജലസംഭരണികളിലെത്തിക്കുന്ന സാങ്കേതിക വിദ്യ അതിശയം തന്നെയാണ്. അത്യാഡംബരമായ കൊട്ടാരമുറികൾ, ഭക്ഷണഹാളുകൾ, തടവുകാരെ പാർപ്പിക്കുന്ന ജയിലറകൾ, ആയുധങ്ങളും പടക്കോപ്പുകളും സൂക്ഷിക്കുന്ന അതീവ സുരക്ഷാ അറകൾ എന്നിവയും കോട്ടയുടെ പ്രത്യേകതകളാണ്.  പ്രാചീന നാണയങ്ങൾ, പുരാതനകാലത്തെ ജീവൽ തുടിപ്പുള്ള ശേഷിപ്പുകൾ, നാടൻ ബോംബുകൾ... എല്ലാം കോട്ടയിൽ ഇന്നും ഭദ്രം.

Ajloun 4

ഇതിലെല്ലാം ഏറെ കൗതുകം പ്രാവുകളെ ഉപയോഗിച്ച് നടപ്പാക്കിയ തപാൽ സംവിധാനമായിരുന്നു. മാമെലൂക്ക് ഭരണകാലത്ത്, വെറും 12 മണിക്കൂറിനുള്ളിൽ ഡമാസ്‌കസിൽനിന്ന് കെയ്‌റോയിലേക്ക് പ്രാവുകളെ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറാനുള്ള ഒരു ഇടത്താവളമായി അജ്ലൂൺ കോട്ട വർത്തിച്ചു. യുദ്ധസന്ദേശങ്ങളും ചാരവർത്തമാനവും മുതൽ അറബിനാടിൻ്റെ  പ്രണയകഥകൾ വരെ കൊക്കിലൊതുക്കി ആകാശത്തിലൂടെ പറന്ന വെള്ളരിപ്രാവുകൾ ഇന്നും ഗൃഹാതുരമായ ഓർമയായ്  ദൈവത്തിൻ്റെ പൂന്തോട്ടം ഹൃദയത്തിലേറ്റുന്നു.

തെക്കൻ ജോർദാനും സിറിയയും തമ്മിലുള്ള എല്ലാ ആശയവിനിമയ മാർഗങ്ങളും സംരക്ഷിച്ചതും  അജ്ലൂൺ കോട്ട തന്നെയായിരുന്നു. യൂഫ്രട്ടീസിൽനിന്ന് കെയ്റോ വരെയുള്ള ഗതാഗത മാർഗത്തിൻ്റെ  തരം​ഗങ്ങൾ കൈമാറാൻ രാത്രിയിൽപോലും കോട്ടക്ക് മുകളിൽ പ്രകാശഗോപുരങ്ങൾ തീർത്തിരുന്നു. കോട്ടയുടെ  മുകളിൽനിന്ന്  സിറിയ, ഈജിപ്റ്റ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ ദൂരക്കാഴ്ചയും അറബിനാടിൻ്റെ  അതിമനോഹരമായ പ്രകൃതി കാഴ്ചയും സാധ്യമാക്കുന്ന അജ്ലൂൺ കോട്ട ഒരു മായക്കൊട്ടാരം തന്നെയാണ്..

Ajloun 3

കാഴ്‌ചകൾ കണ്ട് കുന്നിറങ്ങുമ്പോൾ നിത്യഹരിതമായ ഖസാക്കിൻ്റെ ഇതിഹാസഭൂമി പോലെ  ഒരു സംരക്ഷിത വനപ്രദേശം കാണാം. സമ്പന്നമായ വൃക്ഷമുത്തശ്ശിമാരും മൃതസഞ്ജീവനികളായ ഫോണയും ഫ്‌ളോറയും... കുറുക്കനും കുറുനരിയും കാട്ടാമകളും എല്ലാം ഇഴ ചേർന്ന് കഴിയുന്നു അജ്ലൂൺ കാടുകളിൽ.  സംരക്ഷിത വനപ്രദേശത്തിൻ്റെ ഏറെ ദൂരെ വെച്ചു തന്നെ വനപാലകർ മാന്യമായ് പറയും.. കാട് നമ്മുടേതാണ്, അത് കേടാക്കരുത്. പ്ലാസ്റ്റിക് അരുതേ  അരുത്.

നിരീക്ഷണ ക്യാമറകളുടെ സുരക്ഷാവലയത്തിൽ  മരുപ്പച്ചയിലെ ഒറ്റയടിപ്പാതയിലൂടെ നടന്നു നീങ്ങുമ്പോൾ വനപാലകർ ഓർമ്മിപ്പിക്കും, അത്യുഗ്ര വിഷമുള്ള പാലസ്തീനിയൻ വിഷപ്പാമ്പുകകളുണ്ടെന്ന്. കാട്ടിനുള്ളിലെ കുടിലുകളും നിറഞ്ഞു നിൽക്കുന്ന പൂക്കളും തരുന്ന നയനാനന്ദകരമായ കാഴ്ചകൾ കണ്ട് പൊതീനയിട്ട അറബി ചായ കുടിച്ച്, തിരികെ ദൂരക്കാഴ്ച നൽകിയവർക്ക് നന്ദി പറഞ്ഞ്  യാത്രയാവുമ്പോൾ നമ്മൾ പറയും..  അജ്ലൂൺ ജമീൽ എന്ന്.. അതെ അജ്ലൂൺ സുന്ദരമാണ്. 

Content Highlights: Ajloun Castle Ajloun Forest Reserve Jordan Travel King Of Castles Mathrubhumi Yathra