യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റാണ് അബുദാബി. ദുബായ് പോലെ വലിയ കെട്ടിടങ്ങളൊക്കെയുള്ള വികസിതനഗരം. അബുദാബിയുടെ ചരിത്രം പരിശോധിച്ചാല്‍ പിന്നിട്ട കാലത്തില്‍ ഈ നാട് കൈവരിച്ച വളര്‍ച്ച കാണാവുന്നതാണ്. 1971-ലാണ് യു.എ.ഇയുടെ പിറവി. അന്നുമുതല്‍ അബുദാബിയാണ് തലസ്ഥാനപട്ടം അലങ്കരിക്കുന്നത്. മറ്റിടങ്ങളേക്കാള്‍ വലിയ എമിറേറ്റ് ആയതിനാല്‍ വളര്‍ച്ചയുടെ കാര്യത്തിലും സാധ്യതകള്‍ ഏറെയാണ്.1958-ല്‍ എണ്ണ നിക്ഷേപം കണ്ടെത്തുന്നതോടെയാണ് അബുദാബിയുടെ മുന്നേറ്റം തുടങ്ങുന്നത്.

Abudhabi 1

ഇന്ന് ടൂറിസത്തിനും അബുദാബി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നിര്‍മാണ മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനത്തിരക്കനുഭവപ്പെടുന്ന ജങ്ഷനുകളിലെല്ലാം അണ്ടര്‍ പാസേജുകളുണ്ട്. നഗരാസൂത്രണത്തിന്റെ കാര്യത്തില്‍ ദുബായിയെപ്പോലെ അബുദാബിയും ഉന്നതനിലവാരം പുലര്‍ത്തുന്നു. നഗരവഴികളില്‍ തീര്‍ത്തിരിക്കുന്ന പച്ചപ്പിനേക്കുറിച്ചും എടുത്തുപറയേണ്ടിയിരിക്കുന്നു.

ഐന്‍ ദുബായിയുടെ അത്ര വലുതല്ലെങ്കിലും ഒരു ഒബ്‌സര്‍വേഷന്‍ വീല്‍ അബുദാബിയിലുമുണ്ട്. അരികെ കണ്ണെത്താദൂരത്തോളം കടലും. ബോട്ട് ക്ലബാണ് ഒരാകര്‍ഷണം. ഒട്ടേറെ കാര്യങ്ങളുടെ സംഗമകേന്ദ്രമാണിതെന്ന് പറയാം. ടിയറ റൊട്ടേറ്റിങ് റെസ്റ്റോറന്റ് ദൂരെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. മറീന മാളിനോടു ചേര്‍ന്നുള്ള നിര്‍മിതി കാഴ്ചയുടേയും രുചിയുടേയും ഉയരങ്ങള്‍ തീര്‍ക്കുന്നു. കടല്‍ത്തീരത്തെ ഒരു പാര്‍ക്കാക്കി മാറ്റിയിരിക്കുകയാണിവിടെ. കടലിന്റെ വിശാലതയിലേക്ക് നോക്കിയിരിക്കാം. യു.എ.ഇയിലേക്ക് വരുന്ന സഞ്ചാരികള്‍ ദുബായിക്ക് നല്‍കുന്ന അതേ പരിഗണന അബുദാബിക്കും നല്‍കുന്നുണ്ട്. സീസണുകളില്‍ അബുദാബിയിലേക്കും സഞ്ചാരികളെത്തുന്നു. വലിയ തിരക്കില്ലാത്തയിടമെന്ന പേരിലും അബുദാബിക്ക് ഏറെ പ്രാധാന്യമുണ്ട്.

Abu Dhabi 2

കാഴ്ചകളും വിശാലമാണ് അബുദാബിയില്‍. അതിലൊന്നാണ് കോര്‍ണിഷെ ബീച്ച്. ഇവിടത്തെ ഏറ്റവും തലയെടുപ്പുള്ള ദൃശ്യമാണ് പാറിപ്പറക്കുന്ന യു.എ.ഇ പതാക. തലസ്ഥാനമെന്ന നിലയില്‍ ഭരണകാര്യങ്ങളിലെല്ലാം ഈ മണ്ണിന് നിര്‍ണായകസ്ഥാനമുണ്ട്. പതാകയ്ക്ക് താഴെ അബുദാബി തീയേറ്റര്‍ കാണാവുന്നതാണ്. കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പേരുകേട്ടയിടമാണ് അബുദാബി തിയേറ്റര്‍. മകുടമൊക്കെയായി വ്യത്യസ്തമായ രീതിയിലാണിതിന്റെ നിര്‍മാണം.

Abu Dhabi Theatre

തീയേറ്ററിന് മുന്നിലൂടെയുള്ള നടപ്പാതയിലൂടെ മുന്നോട്ടുപോയാല്‍ കടല്‍ക്കാഴ്ചകള്‍ നന്നായി കാണാം. അതില്‍ മറുകരയിലെ കെട്ടിടക്കൂട്ടമാണ് പ്രധാന ആകര്‍ഷണം. ആഡംബര ഹോട്ടലുകളും ഫഌറ്റുകളുമാണ് കാണുന്നവയില്‍ അധികവും. കടലിലെ ഓളങ്ങളെ മുറിച്ചുകടക്കുന്ന ഓളങ്ങളും ഇടയ്ക്കിടെ ദൂരക്കാഴ്ചയായി തെളിയും. വാട്ടര്‍ സ്‌പോര്‍ട്‌സിന് അബുദാബി ഏറെ പ്രാധാന്യം നല്‍കിവരുന്നു.

Abu Dhabi Beach

ഈ നാട് അത്രമേല്‍ കടപ്പെട്ടിരിക്കുന്ന ഒരാളുടെ സ്മാരകമുണ്ട് അബുദാബിയില്‍. ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍ എന്നാണിവിടം അറിയപ്പെടുന്നത്. ഈ നാടിന് നിശ്ചയദാര്‍ഢ്യത്തോടെ നേതൃത്വം നല്‍കി ലോകരാജ്യങ്ങളുടെ ഉന്നതശ്രേണിയിലേക്ക് ഉയര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. യു.എ.ഇ സ്ഥാപകനായ അദ്ദേഹമാണ് ഈ സ്മാരകത്തില്‍ സാന്നിധ്യമാവുന്നത്. 2018-ലാണ് ഈ സ്മാരകം നിര്‍മിക്കുന്നത്.

Founders memorial

അദ്ദേഹത്തിന്റെ 100-ാം ജന്മവാര്‍ഷിക വേളയിലാണ് ഇങ്ങനെയൊരു സ്മാരകം ഒരുക്കിയത്.അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങളും ആശയങ്ങളുമെല്ലാം ഇവിടെ നിന്നും പരിചയപ്പെടാം. ഇന്ന് യു.എ.ഇ കൈവരിച്ച നേട്ടങ്ങളെല്ലാം തുടങ്ങുന്നത് ആ കരുത്തനായ ഭരണാധികാരിയില്‍ നിന്നാണ്.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച മാതൃഭൂമി യാത്രയില്‍ നിന്ന്)

Content Highlights: abu dhabi travel, abu dhabi tourism, mathrubhumi yathra