രിത്രവും വിശ്വാസവും ഒരുപോലെ ഇഴചേര്‍ന്നുനില്‍ക്കുന്നയിടങ്ങളാണ് ഗുഹാക്ഷേത്രങ്ങള്‍. ഇന്ത്യയിലെ മറ്റിടങ്ങള്‍പോലെ ഗുഹാക്ഷേത്രങ്ങള്‍ അത്രയധികം കണ്ടെത്തിയിട്ടില്ല കേരളത്തില്‍. പക്ഷേ കേരളത്തില്‍ കണ്ടിരിക്കേണ്ട ഗുഹാക്ഷേത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാവും തിരുവനന്തപുരം വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറപ്പെട്ട് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വിഴിഞ്ഞത്തെത്താം. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് അടുത്തുനിന്നും ഏതാണ്ട് അമ്പത് മീറ്റര്‍ ദൂരം മാത്രമേ ഗുഹാക്ഷേത്രത്തിലേക്കുള്ളൂ. ഒരു ചെറിയ ഇരുമ്പുഗേറ്റ്.  റോഡില്‍ നിന്ന് നോക്കിയാല്‍ത്തന്നെ ഗുഹകാണാം. ഗുഹയ്ക്കടുത്ത് കുടവിരിച്ചെന്ന പോലെ തണലേകി നില്‍ക്കുന്ന പടുകൂറ്റന്‍ ആല്‍മരം. ഗുഹയ്ക്കടുത്തേക്ക് ചെല്ലാന്‍ കല്ലുപാകിയ നടവഴിയുണ്ട്. 

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമാണിത്. തിരുവനന്തപുരത്തുനിന്നും 17 കിലോമീറ്റര്‍ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ആയ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു. പാണ്ഡ്യരാജാവുമായുണ്ടായ നിരന്തരമായ ബന്ധം കൊണ്ട് ശില്പകലകളില്‍ പാണ്ഡ്യന്മാരുടെ സ്വാധീനം വളരെ പ്രകടമാണ്. ഒറ്റക്കല്ലിലാണ് ഗുഹാക്ഷേത്രം തീര്‍ത്തിരിക്കുന്നത്. ലളിതമാണ് നിര്‍മാണരീതി. പാറതുരന്നുണ്ടാക്കിയ ശ്രീകോവില്‍ മാത്രമേ ക്ഷേത്രത്തിനുള്ളൂ. എട്ടാം നൂറ്റാണ്ടില്‍ തീര്‍ത്തെന്ന് കരുതപ്പെടുന്ന വീണാധര ദക്ഷിണാമൂര്‍ത്തിയുടെ ശില്പമാണ് പ്രതിഷ്ഠ.

Vizhinjam Cave Temple

ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിന്റെ ഇരുവശത്തും പൂര്‍ത്തിയാകാത്ത കൊത്തുപണികളുണ്ട്. ത്രിപുരാന്തക മൂര്‍ത്തിയും നടരാജ മൂര്‍ത്തിയും പാര്‍വതിയുമാണിതെന്ന് കവാടത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. നാല് കൈകളുമായി അമ്പും വില്ലുമേന്തി നില്‍ക്കുന്ന ത്രിപുരാന്തകമൂര്‍ത്തി അപസ്മാരമൂര്‍ത്തിയെ ചവിട്ടിപ്പിടിച്ചുനില്‍ക്കുന്ന തരത്തിലാണ് കൊത്തിവച്ചിട്ടുള്ളത്.

ഇരുകൈകളിലും അമ്പും വില്ലുമേന്തി നില്‍ക്കുന്ന ത്രിപുരാന്തക മൂര്‍ത്തിയുടെ ശില്പം 8-ാം നൂറ്റാണ്ടിലെ ചോള ശില്പമാതൃകയ്ക്കുദാഹരണമാണെന്നും ഇവിടെ എഴുതിവയ്ക്കപ്പെട്ടിരിക്കുന്നു. 1965-ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ഈ ഗുഹാക്ഷേത്രം ഇപ്പോള്‍ കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്. തിങ്കളൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ആറുവരെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. 

Vizhinjam Cave Temple

ശ്രദ്ധിക്കേണ്ടത്

ക്ഷേത്രത്തിന്റെ വീഡിയോ എടുക്കാന്‍ പുരാവസ്തു വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ചിത്രങ്ങളെടുക്കുന്നതിന് തടസമില്ല.

എങ്ങനെയെത്താം

തിരുവനന്തപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് ബസിലോ ടാക്‌സിയിലോ എത്താം. വിഴിഞ്ഞം പോലീസ് സ്‌റ്റേഷനില്‍ നിന്നും ഏതാണ്ട് അമ്പത് മീറ്റര്‍ അടുത്ത് തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.