ജീവിതം പോലെ തന്നെ കൗതുകമുണര്‍ത്തുന്നതാണ് സ്ത്രീകളുടെ യാത്രകളും. കരിമഷി പുരണ്ട കണ്‍കോണുകളില്‍ പറ്റിച്ചേരുന്ന കാഴ്ചകള്‍.. കാറ്റിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്ന മുടിയിഴകള്‍. അതിലുപരി സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും മധുരം കിനിയുന്ന നിമിഷങ്ങള്‍.

sahayathrika 2
                                                                        ഫോട്ടോ: സിറാജുദ്ദീന്‍ എന്‍.

ഇത്തരമൊരു യാത്രയാണ് 33 സ്ത്രീകള്‍ ചേര്‍ന്ന് ''മലബാറിന്റെ മൊഞ്ചത്തി''കക്കാടംപൊയിലിലേക്കു നടത്തിയത്. സഹയാത്രികയെന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണിവര്‍. മണ്‍സൂണ്‍ മാഡ്നെസ് എന്നായിരുന്നു ക്യാമ്പിന്റെ പേര്. നിറഞ്ഞു പെയ്യുന്ന കര്‍ക്കടകമഴയില്‍ നടത്തുന്ന ക്യാമ്പിന് മണ്‍സൂണ്‍ മാഡ്നസ് എന്നല്ലാതെ വേറെന്തു പേരാണ് ചേരുക?

sahayathrika 1
മണ്‍സൂണ്‍ മാഡ്‌നസ് ക്യാമ്പിനെ കുറിച്ച് ഫേസ്ബുക്കില്‍ നല്‍കിയ പരസ്യം

സഞ്ചാരിയെന്ന യാത്രാസ്നേഹികളുടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ സ്ത്രീ വിഭാഗമാണ് സഹയാത്രിക. ഫേസ്ബുക്കില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് മണ്‍സൂണ്‍ മാഡ്നസിലേക്ക് യാത്രാസ്നേഹികള്‍ എത്തപ്പെട്ടത്. ജൂണ്‍ 23-ാം തീയതി ഉച്ചയോടെ ആരംഭിച്ച ക്യാമ്പ് 24ാം തീയതി ഉച്ചയോടെയാണ് അവസാനിച്ചത്. കക്കാടംപൊയിലിലെ ചക്രവാളം കോട്ടേജിലായിരുന്നു മണ്‍സൂണ്‍ മാഡ്നസിന്റെ ക്യാമ്പ്. 

സഹയാത്രികയുടെ മണ്‍സൂണ്‍ മാഡ്‌നസ് ക്യാമ്പിനെ കുറിച്ച് 
സംഘാംഗമായ 
രമ്യാ കണ്ണന്റെ വാക്കുകളിലൂടെ 

നിതാ സഞ്ചാരികളുടെ മാത്രം ഒരു ഗ്രൂപ്പ്..!  ആദ്യം കേട്ടപ്പോള്‍ അത്ഭുതവും അതിലുപരി ഒരുപാട് ചോദ്യങ്ങളുമാണ് മനസ്സില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ഈ കഴിഞ്ഞ ജൂലായ് 23 ന് എന്റെ മനസ്സില്‍ അലയടിച്ച ചോദ്യങ്ങള്‍ക്ക്  ഉത്തരം കിട്ടി.

'സഹയാത്രിക'യുടെ പ്രകൃതി പഠന ക്യാമ്പില്‍ (monoosn madness) പങ്കെടുക്കാന്‍ അങ്ങനെ ഞാനും പുറപ്പെട്ടു. സന്തോഷവും അതിലേറെ ആകാംക്ഷയും ആയിരുന്നു മനസ്സില്‍. ഇതുവരെ നേരിട്ട് കാണാത്തവരുടെ കൂടെ രണ്ടുദിവസം ചിലവഴിക്കാന്‍ പോകുന്നു. ഏതായാലും ഒരുപാട് അനുഭവങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ടാവും എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.

ഉറക്കം വരാതെ നേരം വെളുപ്പിച്ച് 23 നു രാവിലെ കണ്ണൂരുനിന്ന് അനഘയും ഞാനും ട്രെയിന്‍ കയറി. ട്രെയിനില്‍ കയറി ശീലം ഇല്ലാത്ത ഞങ്ങള്‍ ചുരുങ്ങിയത് മന്നുപേരോടെങ്കിലും സംശയം ചോദിച്ചു. ഒടുവില്‍ 6.30 നു ഞങ്ങള്‍ കാലിക്കറ്റ് സ്റ്റേഷനില്‍ എത്തി. അവിടെനിന്ന് സ്വാതിയെ പരിചയപ്പെട്ടു. പിന്നീട് കെ എസ് ആര്‍ ടി സി  സ്റ്റാന്‍ഡില്‍നിന്ന് നജ്മയെയും അശ്വതിയെയും കണ്ടുമുട്ടി. 

അങ്ങനെ ഞങ്ങള്‍ അഞ്ച് കാലിക്കറ്റുകാര്‍ ഒത്തുചേര്‍ന്നു. അവിടെ നിന്നും 7.30 നു കക്കാടംപൊയില്‍ ബസ് കിട്ടി. 9.30 നു കക്കാടംപൊയിലില്‍ എത്തി. അങ്ങനെ ആദ്യം കക്കാടംപൊയില്‍ എത്തിയതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ കാലിക്കറ്റുകാര്‍ സ്വന്തമാക്കി. പിന്നീടാണ് അറിഞ്ഞത് നിലമ്പൂര്‍ ടീം എത്താന്‍ ഒരുമണി ആവുമെന്ന്. അങ്ങനെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവിടെ അടുത്തു ഒരു വെള്ളച്ചാട്ടം ഉണ്ടെന്നു അറിയുകയും ഒരു  ജീപ്പ് പിടിച്ച് അങ്ങോട്ട് പോവുകയും ചെയ്തു.

തണുപ്പും നിശബ്ദതയും നിറഞ്ഞു നിന്ന ആ സ്ഥലത്തെ വെള്ളച്ചാട്ടവും ആസ്വദിച്ചു 12.30 വരെ ഞങ്ങള്‍ ചിലവഴിച്ചു. അതിനിടയില്‍ ഒരു അനുഗ്രഹം പോലെ വന്ന മഴയും ഞങ്ങള്‍ ആസ്വദിച്ചു. അവിടുന്ന് കക്കാടംപൊയിലില്‍ എത്തി കുറച്ച് സമയത്തിനുള്ളില്‍ നിലമ്പൂര്‍ ടീം എത്തിച്ചേര്‍ന്നു. ആദ്യം കാലിക്കറ്റ് ടീം മെമ്പേഴ്‌സിന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ചത് കൊണ്ടാണോ എന്നറിയില്ല ഈ പറഞ്ഞ നിലമ്പൂര്‍ ടീമിലുള്ളവരെ കണ്ടപ്പോള്‍ ആദ്യം വല്ലാത്തൊരു അപരിചിതത്വം തോന്നി. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അവരെയും പരിചയപ്പെടാന്‍ കഴിഞ്ഞു. 

ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയവരെല്ലാം വളരെ പെട്ടന്ന് അടുക്കുന്നവരാണെന്നു എനിക്ക് തോന്നി. അവിടെനിന്നു ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ തോട്ടപ്പള്ളിയിലേക്ക് ജീപ്പില്‍ യാത്ര തിരിച്ചു. അവിടെനിന്നും ക്യാമ്പിനെക്കുറിച്ചുള്ള ആമുഖവും നിര്‍ദേശങ്ങളും ക്യാമ്പ് സംഘാടകര്‍ പറഞ്ഞുതന്നു. പിന്നീട് ഞങ്ങളെ നാലു സംഘങ്ങളാക്കി തിരിച്ചു. ഗ്രൂപ്പിന് പേരിടലും അത് ഒരോ ഗ്രൂപ്പ് ആയി അവതരിപ്പിക്കലും ആയിരുന്നു അടുത്ത പരിപാടി. 

അതിലൂടെയാണ് ഞങ്ങള്‍ ക്യാമ്പിന്റെ ശരിക്കുമുള്ള മൂഡിലേക്ക് മാറിയത്. അങ്ങനെ 'സഹപാഠി', 'she', ''നെയ്യപ്പം' , 'മഴ' എന്നീ ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. അവിടുന്ന് ഞങ്ങള്‍ ചക്രവാളം എന്ന ഞങ്ങളുടെ ക്യാമ്പ് സൈറ്റിലേക് കാല്‍നടയായി യാത്ര  ആരംഭിച്ചു. 'അട്ട' എന്ന മഹാന്റെ കടന്നു വരവ് അവിടെ ആരംഭിച്ചു. എനിക്ക് ഏറ്റവും വിഷമകരമായി അനുഭവപ്പെട്ടത് അട്ടകളുടെ സാന്നിധ്യമായിരുന്നു. 

sahayathrika 4
                                                                          ഫോട്ടോ: സിറാജുദ്ദീന്‍ എന്‍.

പക്ഷെ ചുറ്റുമുള്ള പ്രകൃതിഭംഗി അട്ടയുടെ ഓര്‍മകളെ മനസ്സില്‍നിന്ന് ഇറക്കി വിട്ടു. ചക്രവാളത്തില്‍ എത്തിയ ഞങ്ങളെ ഹമീദലി മാഷും കുടുംബവും അവിടുത്തെ ആകര്‍ഷണീയമായ ചുറ്റുപാടും സ്വാഗതം ചെയ്തു. അവിടെനിന്നുള്ള യാത്ര പുഴയിലേക്കായിരുന്നു. ഐസ് വാട്ടറിനെ വെല്ലുന്ന തണുത്ത ജലം എന്നെ അത്ഭുതപ്പെടുത്തി. ഒരു നിമിഷം വെള്ളത്തില്‍ ഇറങ്ങാന്‍ മടിച്ചെങ്കിലും പിന്നീട് വല്ലാത്തൊരു ആവേശമായിരുന്നു. ആര്‍ത്തുല്ലസിച്ച് ഒരുപാട് സമയം ഞങ്ങള്‍ പുഴയില്‍ ചിലവഴിച്ചു.

പിന്നീട് തിരികെ വീട്ടിലേക്ക്. അവിടെ സ്വാദുള്ള കപ്പയും ചമ്മന്തിയും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കൂടെ ഇതുവരെ രുചിച്ചിട്ടില്ലാത്ത ചാപ്പിയും. പിന്നീട് ഗ്രൂപ്പ് അംഗങ്ങളെ പരിചയപ്പെടലും പരിചയപ്പെടുത്തലും ആയിരുന്നു. വിദ്യാര്‍ത്ഥികളും ജോലിക്കാരും കൊച്ചു കുട്ടികളും എല്ലാം നമ്മുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. പിന്നീട് ഹമീദലി മാഷിന്റെ പശ്ചിമഘട്ടത്തെയും ആവാസ വ്യവസ്ഥയെയും കുറിച്ചുള്ള ക്ലാസ് നടന്നു. 

ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വഴികളിലൂടെ എന്റെ മനസിനെ സഞ്ചരിപ്പിക്കാന്‍ തക്കതായിരുന്നു മാഷിന്റെ ക്ലാസ്. മുന്നിലുണ്ടായിട്ടും നാം അറിയാതെ പോകുന്ന, ഒരുപക്ഷെ  നാം അറിയാന്‍ ശ്രമിക്കാതെ പോകുന്ന എത്ര സത്യങ്ങളാണ് നമുക്ക് ചുറ്റുമുള്ളതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കാടും കാട്ടുജീവികളും നമ്മുടെ നിലനില്‍പ്പിനു ആധാരമാണെന്ന സത്യത്തെ നാം ഇന്നും മറന്നു കൊണ്ടിരിക്കുകയാണ്. 

രാത്രിഭക്ഷണത്തിനുള്ള സമയം ആയപ്പോള്‍ മാഷ് ക്ലാസ് അവസാനിപ്പിച്ചു. കഞ്ഞിക്കും പയറിനും വീട്ടില്‍ കഴിക്കുമ്പോള്‍ കിട്ടാത്ത രുചി അന്ന് അവിടെ കിട്ടിയത് പോലെ തോന്നി. പിന്നെ കലാപരിപാടികളുടെ അരങ്ങേറ്റം ആയിരുന്നു. ക്യാമ്പിലെ അമ്മമാരില്‍ ഒരാള്‍ ആയ ലതേച്ചിയുടെ നേതൃത്വത്തില്‍ ഒരു ചെറിയ ഗാനമേള തന്നെ നടന്നു. എല്ലാവരും സ്വയം മറന്നു പാട്ടുപാടി രസിച്ചു. ഒടുവില്‍ രാവിലെ എഴുന്നേല്‍ക്കേണ്ടതിന്റെ  ചിന്ത മനസ്സില്‍ വന്നതിനാല്‍ ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു. കിടന്നിട്ടും തീരാത്ത അടക്കിപ്പിച്ച തമാശ പറച്ചിലും ചിരിയും എപ്പോഴോ പതിയെ ഇല്ലാതായി. അന്ന് എന്റെ സ്വപ്നത്തില്‍ കൂടുതലും കടന്നു വന്നത് അട്ടകള്‍ ആയിരുന്നു. 
  
പിറ്റേന്ന് പുലര്‍ച്ചെ ആറുമണി കഴിഞ്ഞാണ് ഞങ്ങള്‍ എഴുന്നേറ്റത്. ആദ്യം എഴുന്നേറ്റവര്‍ മടിയന്മാരെ പുതപ്പു നീക്കി എഴുന്നേല്‍പ്പിച്ചു. പല്ലുതേപ്പൊക്കെ കഴിഞ്ഞ് റെഡി ആവുമ്പോഴേക്കും ഉപ്പുമാവും ചാപ്പിയും തയ്യാറായിരുന്നു. അതും കഴിച്ച് രണ്ടാം ദിവസത്തെ യാത്രയ്ക്ക് ഞങ്ങള്‍ തയ്യാറായി. ചെമ്പോത്തിമലയിലേക്കാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. കുറേ ദൂരം നടക്കാനുണ്ടെന്നു പറഞ്ഞപ്പോള്‍ നല്ല ആവേശം തോന്നിയെങ്കിലും ഇന്നലത്തേക്കാള്‍ കൂടുതല്‍ അട്ട ഇന്നുണ്ടാവും എന്ന മുന്നറിയിപ്പ് എന്നെ തളര്‍ത്തി. 

sahayathrika 5
                                                                         ഫോട്ടോ: സിറാജുദ്ദീന്‍ എന്‍.

എന്നാല്‍ ഉപ്പ് കയ്യിലുണ്ടെന്ന സമാധാനത്തില്‍ ഞങ്ങള്‍ വീണ്ടും മുന്നോട്ട്. മലകയറ്റം ശരിക്കും ആസ്വദിച്ചു. വഴിയില്‍ പുതിയ പല സസ്യങ്ങളെയും ജീവികളെയും കണ്ടു മുട്ടി. അവയെ ഹാമിദലിമാഷ് പരിചയപ്പെടുത്തി. മുകളില്‍ കാണുന്ന കോട മൂടിയ മലകള്‍ ഞങ്ങളെ മാടി വിളിച്ചുകൊണ്ടിരുന്നു. നടന്നും ഇടയ്ക്കിടെ വിശ്രമിച്ചും ഞങ്ങള്‍ കുന്നിന്‍ മുകളില്‍ എത്തി.  

അവിടെ എത്തി,അവിടുത്തെ തണുത്ത കാറ്റേറ്റപ്പോള്‍ അനുഭവപ്പെട്ട സുഖം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്തായിരുന്നു. അവിടെ വച്ചായിരുന്നു മാഷിന്റെ ക്ലാസിന്റെ രണ്ടാം ഭാഗം. പ്രകൃതിയും മനുഷ്യനും തമ്മില്‍ നിലനിന്നു പോരേണ്ട, അമൂല്യമായ ബന്ധത്തെ ഊട്ടിയുറപ്പിക്കേണ്ടതിന്റെ  ആവശ്യകത ഞങ്ങളെ ബോധ്യപ്പെടുത്താന്‍ മാഷിന്റെ ക്ലാസിനു കഴിഞ്ഞു. 

sahayathrika 6
                                                                           ഫോട്ടോ: സിറാജുദ്ദീന്‍ എന്‍.

മറന്നു പോകുന്ന നമ്മുടെ ജീവിതദൗത്യങ്ങളെ ഓര്‍ത്തെടുക്കാന്‍ നാം ശ്രമിക്കാത്ത പക്ഷം സംഭവിക്കാന്‍ പോകുന്നത് ഈ പ്രകൃതിയുടെ നാശമാണെന്നു ഓരോരുത്തരും അറിയണം. മനുഷ്യന്റെ മാറുന്ന ജീവിത സങ്കല്‍പങ്ങള്‍ക്ക് പലപ്പോഴും ഇരകളാവുന്നത് പ്രകൃതിയാണ്. സ്വാര്‍ത്ഥതയും വെട്ടിപ്പിടിക്കലും പ്രകൃതിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നതിന്റെ ഉദാഹരണം ചെമ്പോത്തിമലയില്‍ തന്നെ മാഷ് ഞങ്ങള്‍ക്ക് കാട്ടിത്തന്നു.

ഒടുവില്‍ സമയപരിമിധി ഞങ്ങളെ പരിപാടി നിര്‍ത്തി മലയിറങ്ങാന്‍ പ്രേരിപ്പിച്ചു. തണുത്ത മഴയും ആസ്വദിച്ചു ഞങ്ങള്‍ മലയിറങ്ങി. ജീപ്പിൽ കക്കാടംപൊയിലിലേക്ക് വന്നു. അവിടെ നിന്നും ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ യാത്രപറച്ചില്‍ ആരംഭിച്ചു. പോയി വരാം എന്ന ഉപചാര വാക്കിനു പകരം എല്ലാവരും പറഞ്ഞത് അടുത്ത ട്രിപ്പിള്‍ കണ്ടുമുട്ടാം എന്നായിരുന്നു. തീര്‍ച്ചയായും അത് സൂചിപ്പിച്ചത് ഞങ്ങള്‍ സഹയാത്രികമാര്‍ ഇനിയും ഒരുപാടൊരുപാട് യാത്രകളില്‍ കണ്ടുമുട്ടും എന്ന് തന്നെയാണ്. യാത്ര ഇഷ്ടപ്പെടുന്ന പ്രകൃതിയെ സ്‌നേഹിക്കുന്ന ഞാനും ആഗ്രഹിക്കുന്നത് മറ്റൊന്നുമല്ല, പുതിയ സൗഹൃദങ്ങളും കാഴ്ചകളും തേടിയുള്ള യാത്രകള്‍ തന്നെ.....