കാടിനെ അറിയുക എന്നു പറയുന്നത്  ചില്ലറക്കാര്യമല്ലെന്ന് അടുത്തിടെ പറമ്പിക്കുളത്തേയ്ക്ക് യാത്ര പോയപ്പോഴാണ് ശരിക്കും തോന്നിയത്. പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ രണ്ടുദിവസം ചെലവഴിച്ചപ്പോള്‍ ഇനിയും കാടുകയറണമെന്ന ആഗ്രഹം ശക്തമായി. തമിഴ്നാട് - കേരള അതിര്‍ത്തിയിലൂടെയുള്ള ഒരിക്കലും മറക്കാത്ത യാത്രയാണ് രണ്ടുദിവസം ഞങ്ങള്‍ നടത്തിയത്.

കോളേജില്‍നിന്ന് രാവിലെ എട്ടുമണിയ്ക്കാണ് യാത്ര തുടങ്ങിയത്. 21പേരും മൂന്നധ്യാപകരും സംഘത്തിലുണ്ടായിരുന്നു. പുറപ്പെട്ടപ്പോള്‍ ബസ് ശാന്തമായിരുന്നുവെങ്കിലും കിലോമീറ്ററുകള്‍ പിന്നിട്ടതോടെ പാട്ടും മേളവും തമാശകളും തുടങ്ങി. പാലക്കാടിന്റെ വഴികളിലൂടെ വണ്ടി ഓടിത്തുടങ്ങി. കൂടെ ആകാംഷയുള്ള മനസ്സോടെ ഞങ്ങളും. നെന്മാറയും പൊള്ളാച്ചിയുംകടന്ന് ബസെത്തിയത് 'വെല്‍കം ടു കേരള' എന്ന ബോര്‍ഡിനെ ലക്ഷ്യമാക്കിയായിരുന്നു. അതൊരു സര്‍പ്രൈസായിരുന്നു.

വളഞ്ഞവഴിയിലൂടെ 'കേരള'ത്തിലെത്തിയ ഞങ്ങളെ പറമ്പിക്കുളത്തിന്റെ പച്ചപ്പും തണുപ്പുള്ള കാഴ്ചകളും വരവേല്‍ക്കാന്‍ തുടങ്ങി. നാട്ടിലൊരുപാട് ആനകളെ കാണുന്നുണ്ടെങ്കിലും കാട്ടില്‍ അതിനെ കണ്ടപ്പോള്‍ എന്തോ പ്രത്യേകത തോന്നി. അങ്ങനെ ഒരുകൂട്ടം ആനകളെ കണ്ടപ്പോള്‍ ത്രില്ലടിച്ചു പോയി. ആനയും കാട്ടുപോത്തും ഒന്നിച്ചു നില്‍ക്കുന്ന കാഴ്ചയും ഞങ്ങള്‍ക്ക് അത്ഭുതമായി. അതൊരു തുടക്കമായിരുന്നു. ക്രമേണ മയില്‍, മാന്‍, മലയണ്ണാന്‍, കാട്ടുപോത്ത്, കരിങ്കുരങ്ക്, ഹനുമാന്‍ ലംഗൂര്‍ പിന്നെ മുളംകാടുകള്‍, തുരുത്തുകള്‍, അണക്കെട്ട്........തുടങ്ങി ഒരുപാട് കാഴ്ചകള്‍. തുള്ളിക്കളിച്ചുകൊണ്ടൊഴുകിയിരുന്ന പുഴയെ മനുഷ്യനിര്‍മ്മിതികൊണ്ട് തടയിട്ട കാഴ്ച കണ്ടപ്പോള്‍ പുഴയൊന്നു തേങ്ങിയോ എന്ന് തോന്നി. 

asmabi college 2

ഗൈഡ് ശരവണന്‍ചേട്ടനായിരുന്നു ഞങ്ങള്‍ക്ക് വഴി തെളിച്ചത്. അവിടത്തെ മലനിരയെ ചൂണ്ടി 'ആ മലനിരകളെ കണ്ടിട്ട് എന്തുപോലെ തോന്നുന്നു?' എന്ന് ചേട്ടന്‍ ചോദ്യമെറിഞ്ഞു. അവയെ മലനിര മാത്രമായാണ് ഞങ്ങളില്‍ പലര്‍ക്കും തോന്നിയത്. എന്നാല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ വിശ്രമിക്കുന്ന ദൃശ്യത്തെ മലനിരയുമായി അദ്ദേഹം ഉപമിച്ചപ്പോഴാണ് അങ്ങനെയൊരു സാമ്യം ഞങ്ങളും കണ്ടത്. പ്രകൃതിയുടെ മറ്റൊരു വികൃതി തന്നെ.

കാഴ്ചകള്‍ക്കൊണ്ട് സത്ക്കരിച്ച്, ആതിഥ്യമര്യാദ കാണിച്ച് പറമ്പിക്കുളം ശരിക്കും സന്തോഷിപ്പിച്ചു. പക്ഷിമൃഗാദികളെപ്പോലെ രാത്രിയുടെ തണുപ്പില്‍ കൂടണയാന്‍ ഞങ്ങളും പറമ്പിക്കുളം ഹോണ്‍ബില്‍ ഡോര്‍മെട്രിയിലെത്തി. രാത്രി മിന്നാമിനുങ്ങുകളും ഞങ്ങള്‍ക്കു കൂട്ടായി.

പിറ്റേന്നു രാവിലെ ചൂളക്കാക്കയുടെ(Malabar Whistling Thrush) അതിമനോഹരമായ പാട്ടുകേട്ടാണ് ഉണര്‍ന്നത്. ഉറക്കംവിട്ട് ചുറ്റുവട്ടത്തെ പ്രകൃതിയെ നിരീക്ഷിച്ചപ്പോള്‍ മയിലുകളെയും കണ്ടു. സൗന്ദര്യംകൊണ്ട് അഹങ്കരിക്കേണ്ടെന്നു കരുതിയാകും അവയ്ക്ക് കാതടപ്പിക്കുന്ന ശബ്ദമാണ് ദൈവം നല്‍കിയിരിക്കുന്നത്. ചെറിയൊരു ബേഡ് വാച്ചിങ്ങുണ്ടായിരുന്നു പിന്നീട്.      

ശബ്ദംകൊണ്ടും നിറംകൊണ്ടും വൈവിധ്യത്തോടെ ഒളിഞ്ഞും തെളിഞ്ഞും പറക്കുന്നവരെ അന്വേഷിച്ച് ഞങ്ങളിറങ്ങി. ശരവണന്‍ ചേട്ടന്റെ അനുഭവങ്ങളും യാത്രയ്ക്ക് രസം പകര്‍ന്നു. ബേഡ് വാച്ചിങ്ങും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് അടുത്ത ഘട്ടമായ ട്രക്കിങ്ങിനിറങ്ങി. പല ജീവികളും മുന്നില്‍വരാതെ ഞങ്ങളെക്കണ്ട് മറഞ്ഞിരുന്നു. മറഞ്ഞിരുന്നവരെ കണ്ടുപിടിച്ചു തുടര്‍ന്ന യാത്രയില്‍ മറ്റൊരുകാര്യം അത്ഭുതമായി.

കരിയന്‍ ചോലമലയുടെ രണ്ടു മുഖഭാവങ്ങളിയിരുന്നു അത്. വെയില്‍കൊണ്ടു പൊള്ളിയ മലയില്‍ കയറിയപ്പോഴേക്കും ഇനിയെങ്ങനെ താഴെയിറങ്ങുമെന്ന ആധിയാണുണ്ടായിരുന്നത്. എന്നാല്‍ താഴെ കണ്ടത് കണ്‍കുളിരുന്ന കാഴ്ചയാണ്. താഴേക്കിറങ്ങിയത് നിറയെ മരങ്ങളുള്ള, സൂര്യപ്രകാശം വീഴാത്ത നിത്യഹരിതവനത്തിലേയ്ക്കായിരുന്നു. പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങളും കൗതുകങ്ങളും അടുത്തറിയാന്‍ ഭാഗ്യമുള്ള അവിടത്തെ ആദിവാസി കുടുംബങ്ങളോട് അല്‍പ്പം അസൂയതോന്നിയെന്നത് സമ്മതിക്കാതെ വയ്യ.